ഖബറിനകത്തുള്ള ഉസ്താദിന്റെപ്രയാസം നീക്കികൊടുത്തപ്പോള്‍...
_🎵 ഖബ്‌റകത്തുസ്താദെ കുറവാക്കി കണ്ടാരെ_
_ഖബ്‌റുങ്ങല്‍ നിന്നത് നീക്കിച്ച് വെച്ചോവര്‍..!!🎵_
ഹിജ്‌റ 499 ശഅ്ബാന്‍ 15 വെള്ളിയാഴ്ച.
മഹാനരായ മുഹിയുദ്ധീന്‍ ശൈഖ്(റ), അവിടുത്തെ ഉസ്താദായ ഹമ്മാദ് ദബ്ബാസിന്റെയും (റ) ഒരു കൂട്ടം അനുയായികളുടെയും കൂടെ യാത്ര പുറപ്പെട്ടു. റൂസാഫ പളളിയില്‍ ജുമുഅ നിസ്‌കരിക്കുക എന്നതായിരുന്നു അവരുടെ യാത്രോദ്ദേശ്യം.
യാത്രാ മദ്ധ്യേ ഒരു പാലത്തില്‍ വെച്ച് ഉസ്താദ് ശൈഖവര്‍കളെ പുഴയിലേക്ക് തള്ളിയിട്ടു. ഘോരമായ തണുപ്പുള്ള സമയമായിരുന്നു അപ്പോള്‍. പുഴയില്‍ വീണതും ശൈഖവര്‍കള്‍ ജുമുഅ കുളിയുടെ സുന്നത്തിനെ കരുതി.
രോമത്തിന്റെ ജുബ്ബയായിരുന്നു ശൈഖവര്‍കള്‍ ധരിച്ചിരുന്നത്. മാത്രമല്ല, ശൈഖവര്‍കളുടെ കയ്യില്‍ ഏതാനും കുറിപ്പുകള്‍ കൂടിയുണ്ടായിരുന്നു. അത് നനയാതിരിക്കാന്‍ ശൈഖവര്‍കള്‍ കൈ ഉയര്‍ത്തിപ്പിടിച്ചു. ശൈഖവര്‍കളെ പുഴയിലുപേക്ഷിച്ച് ആ സംഘം നടന്നു നീങ്ങി.
മഹാനവര്‍കള്‍ കരയ്ക്കു കയറി തന്റെ ജുബ്ബ ഊരി പിഴിഞ്ഞു. ശക്തമായ തണുപ്പിന്റെ പ്രയാസം ശൈഖവര്‍കളില്‍ പ്രകടമായി. ഒന്നും വകവെക്കാതെ ശൈഖവര്‍കള്‍ അവരോട് കൂടെ തന്നെ പിന്തുടര്‍ന്നു.
ആ സംഘത്തിലുണ്ടായിരുന്ന ചിലര്‍ ശൈഖവര്‍കളെ കുറിച്ച് ഉസ്താദിനോട് ആവലാതി പറയാന്‍ ശ്രമിച്ചു. ഉസ്താദ് പറഞ്ഞു: അവനെ ഞാന്‍ തള്ളിയിട്ട് പരീക്ഷിച്ചതാണ്. നിശ്ചയം, അവന്‍ പര്‍വ്വതം പോലെയാണ്. 29 വര്‍ഷങ്ങള്‍ക്കു ശേഷം... (അപ്പോഴേക്കും ഉസ്താദ് മരണപ്പെട്ടിട്ടുണ്ടായിരുന്നു)
ഹിജ്‌റ 529 ദുല്‍ഹിജ്ജ 27 ബുധന്‍
ശൈഖവര്‍കള്‍ ഖബര്‍സ്ഥാൻ സന്ദര്‍ശിക്കാനിറങ്ങിയതാണ്. കൂടെ ധാരാളം പണ്ഡിതരും സൂഫി വര്യരുമുണ്ട്. ഉസ്താദ് ഹമ്മാദ് ദബ്ബാസിന്റെ (റ) ഖബറിനരികില്‍ ചെന്നു. പിറകില്‍ കൂടെയുള്ളവരും നിന്നു. ശൈഖവര്‍കള്‍ അവിടെ കൂടുതല്‍ സമയം ചെലവഴിച്ചു സന്തോഷാവാനായി തിരിച്ചു പോന്നപ്പോള്‍ ജനങ്ങള്‍ക്ക് അത്ഭുതമായി. കൂടുതല്‍ സമയം ഉസ്താദിനരികില്‍ നില്‍ക്കാന്‍ കാരണമെന്തെന്ന് തിരക്കി. ഉസ്താദ് തന്നെ പുഴയില്‍ തള്ളിയിട്ട സംഭവം പറഞ്ഞതിനു ശേഷം പറഞ്ഞു:
_"ഉസ്താദിനെ ഞാനിപ്പോള്‍ മുത്താലുള്ള വസ്ത്രം ധരിച്ച നിലയിലാണ് കണ്ടത്. തലയില്‍ മാണിക്യ കിരീടമുണ്ട്. കയ്യില്‍ സ്വര്‍ണ്ണ വളകളുണ്ട്. കാലില്‍ രണ്ട് സ്വര്‍ണ്ണ ചെരിപ്പുകളുമുണ്ട്. പക്ഷെ, ഉസ്താദിന്റെ വലതു കയ്യിനു സ്വാധീനമില്ല. അതേ പറ്റി ചോദിച്ചപ്പോള്‍, അന്ന് ഉസ്താദ് എന്നെ തള്ളിയിട്ട കൈ ആണ് അതെന്നും എനിക്കു മാപ്പാക്കിയിട്ടില്ലേ എന്നും ഉസ്താദ് പ്രതിവചിച്ചു. ഞാനത് ഉസ്താദിനു പൊരുത്തപ്പെട്ടിരുന്നെന്ന് അറിയിച്ചപ്പോള്‍ തന്റെ കൈയ്യിന് സ്വാധീനം കിട്ടാന്‍ അല്ലാഹുﷻവിനോട് പ്രാര്‍ത്ഥിക്കണമെന്ന് ഉസ്താദ് പറഞ്ഞു. അങ്ങനെ ഞാന്‍ അല്ലാഹുﷻവിനോട് പ്രാര്‍ത്ഥിച്ചു. അയ്യായിരം ഔലിയാക്കള്‍ അവരുടെ ഖബറുകളില്‍ എന്റെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറഞ്ഞു. മാത്രമല്ല, എന്റെ പ്രാര്‍ത്ഥന സ്വീകരിക്കാന്‍ അവരൊക്കെയും ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് അതേ നില്‍പ്പില്‍ നിന്നു കൊണ്ട് തന്നെ അല്ലാഹു ﷻ ഉസ്താദിന്റെ കയ്യിനു സ്വാധീനം തിരിച്ചു നല്‍കി. പൂര്‍ണ്ണ സംതൃപ്തവാനായി കൊണ്ട് ഉസ്താദ് എന്നെ ആ കൈകൊണ്ട് ഹസ്തദാനം ചെയ്തു."_
(അവലംബം: ബഹ്ജത്തുല്‍ അസ്‌റാര്‍)
Post a Comment