പറ്റിക്കപ്പെടാനും വേണം ഭാഗ്യം, മലയാളിക്കേ പറ്റൂ; ക്യൂനെറ്റ്, ഹലാല്‍ ബിസിനസ്‌, ടൂര്‍, മോറിസ് കോയിൻ

മൾട്ടിലെവൽ മാർക്കറ്റിങ്, ഇ-കൊമേഴ്സ് തുടങ്ങിയവയുടെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോടികളുടെ ബിസിനസ് തട്ടിപ്പ്. ഒരുകാലത്ത് മലയാളികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത് കളംവിട്ട മണി ചെയിൻ തട്ടിപ്പാണ് പുതിയ രൂപത്തിലും ഭാവത്തിലും വ്യാപകമായി വലവിരിച്ചിരിക്കുന്നത്. ലക്ഷങ്ങൾ ഓരോരുത്തരിൽ നിന്നും നിക്ഷേപമായി സ്വീകരിച്ച് ദിവസങ്ങൾക്കുള്ളിൽ ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞാണ് ആളുകളെ കണ്ണി ചേർക്കുന്നത്.

ഓൺലൈൻ വ്യാപരത്തിലൂടെയാണ് ലാഭമുണ്ടാകുക എന്ന പ്രചരിപ്പിച്ച ശേഷം പണം നിക്ഷേപിച്ചവരെ കൊണ്ട് കൂടുതൽ പേരെ കണ്ണികളാക്കാൻ നിർബന്ധിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ആളുകളെ ചേർത്ത് കോടികൾ സമാഹരിച്ച് അതിൽ ചെറിയൊരു പങ്ക് കണ്ണി ചേർത്ത് നൽകിയവർക്ക് നൽകിയാണ് വലിയ തട്ടിപ്പിനായി തുടക്കത്തിൽ വിശ്വാസം വരുത്തുന്നത്.

മലപ്പുറം കോട്ടക്കൽ കേന്ദ്രീകരിച്ചുള്ള ക്യൂനെറ്റ് എന്ന പേരിലുള്ള ഓൺലൈൻ ബിസിനസിലൂടെ കോടികളുടെ തട്ടിപ്പ് നടന്നതായാണ് പുറത്തുവരുന്നത്. വിവിധ ജില്ലകളിൽ മൾട്ടിലെവൽ മാർക്കറ്റിങ്, ഇ-കൊമേഴ്സ് എന്നിങ്ങനെയുള്ള ബിസിനസുകളാണെന്ന് പറഞ്ഞ് ഇതിനോടകം പതിനായിരക്കണക്കിന് കോടികളാണ് പല കമ്പനികളുടേയും പേരിൽ സമാഹരിച്ചിട്ടുള്ളത്. ക്യൂനെറ്റ്, മോറിസ് കോയിൻ, ബിറ്റ് കോയിൻ എന്നിവയെല്ലാം മണി ചെയിൻ തട്ടിപ്പിന്റെ വകഭേദങ്ങളാണ്. ഗൾഫ് നാടുകളിലടക്കം ഇതിന്റെ കണ്ണികൾ സജീവമായതിനാൽ നിരവധി പ്രവാസികളും ഇതിനിരയായിട്ടുണ്ട്.

'കാര്യമായി ജോലിയൊന്നുമില്ലാത്തൊരാൾ ഒരു സുപ്രഭാതത്തിൽ വലിയ ബിസിനസുകരാനായി മാറുന്നു. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിക്കുന്നതിന്റേയും ആഡംബര കാറുകൾക്കൊപ്പം നിൽക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും നിരന്തരം വാട്സാപ്പ് സ്റ്റാറ്റസുകളായി വരുന്നു. വസ്ത്രധാരണത്തിലെല്ലാം മാറ്റം വരുന്നു' മലയാളിയെ ആകർഷിക്കാനും കൊതിപ്പിക്കാനും ഇതെല്ലാം ധാരാളം. എന്താ പരിപാടിയെന്ന് ചോദിച്ചാൽ താൻ ജീവിതത്തിൽ വിജയിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് മാസത്തിൽ തനിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ കണക്കെല്ലാം വിശദീകരിക്കും. തനിക്ക് ലഭിച്ച സൗഭാഗ്യത്തിലേക്ക് ചോദിക്കുന്നവനെ കൂടി പങ്കാളിയാക്കുന്നതോടെ അടുത്ത ആളിലേക്ക്. മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയിലാണ് ജോലി ചെയ്യുന്നത് എന്നൊക്കെയാണ് പറഞ്ഞ് വിശ്വസിപ്പിക്കുക.

ദിവസങ്ങൾക്കൊണ്ട് മെയ്യനങ്ങാതെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന ധാരണയിൽ ഇതിൽ കുടുങ്ങിയ പലരുടേയും പക്കൽ പണം കൈമാറിയതിന്റെ യാതൊരു രേഖകളുമില്ല. തങ്ങൾ ചേർന്നിരിക്കുന്ന സ്ഥാപനത്തിനും കമ്പനിക്കും അംഗീകാരമുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാതെ നിരവധി പേർ തട്ടിപ്പിനിരയാകുകയാണ്. അറിവില്ലായ്മ കൊണ്ട് തട്ടിപ്പിനിരയാകുന്നതിനാൽ കേസ് കൊടുക്കാനും ആളുകൾ മടിക്കുന്നു. ഇത് മുതലാക്കുകയാണ് തട്ടിപ്പ് സംഘങ്ങൾ.

ഞാനൊരു പുതിയ ബിസിനസ് തുടങ്ങിയെന്നും ഇനി ജീവിതത്തിൽ തിരിഞ്ഞു നോക്കേണ്ടതില്ല എന്നും എന്റെ കമ്പനിയിൽ ചേർന്നാൽ വലിയ പണക്കാരൻ ആവാം എന്നൊക്കെ പറഞ്ഞാണ് ആകർഷിക്കുന്നതെന്നാണ് ഇരയായവർ പറയുന്നത്. പണം നിക്ഷേപിച്ചാൽ മാത്രം ബിസിനസ് രീതികൾ പറഞ്ഞു നൽകും. ഇൻവെസ്റ്റ് ചെയ്യുന്നവർക്ക് ആകർഷകമായ ടൂർ പാക്കേജുകൾ അടക്കം ലഭിക്കുമെന്നും പറയും. ഇത്തരത്തിൽ പണമിടുന്നതോടെ ഇവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കും. പിന്നീട് നേരിട്ട് മീറ്റിങ്ങിന് വിളിക്കും. ഇവിടെ എത്തുമ്പോഴാണ് മൾട്ടി ലെവൽ മാർക്കറ്റിങ്ങിനെ കുറിച്ച് വിവരിക്കുക.

മൾട്ടിലെവൽ മാർക്കറ്റിങ്ങിന് പുറമെ ബിറ്റ്കോയിൻ, മോറിസ് കോയിൻ എന്നീ പേരുകളിലും മലയാളികളുടെ കോടികൾ തട്ടിയെടുത്തിട്ടുണ്ട്. വ്യാജ വെബ്സൈറ്റുകൾ നിർമിച്ചാണ് ഇതിലൂടെ കോടികൾ കൊയ്തത്. തുടക്കാർക്ക് ആകർഷകമായ വരുമാനം ലഭ്യമാക്കുകയും ഇതിലൂടെ ആയിരക്കണക്കിന് പേരെ കണ്ണികളാക്കുകയും ചെയ്തിരുന്നു. തങ്ങൾക്ക് വരുമാനമെത്തിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന വെബ്സൈറ്റ് ഒരുവേള അപ്രത്യക്ഷമായതോടെ മൂക്കത്ത് വിരൽവെക്കുക മാത്രമായിരുന്നു നിക്ഷേപകർക്ക് ചെയ്യാനുണ്ടായിരുന്നത്.

കോവിഡിൽ ബിസിനസുകൾ തകരുകയും ജോലി നഷ്ടമാകുകയും ചെയ്തവരുടെ പ്രതിസന്ധി മുതലെടുത്താണ് സമീപകാലത്ത് ഇത്തരം തട്ടിപ്പുകൾ കൂടുതൽ വ്യാപിച്ചത്. പ്രവാസികളേയും നാട്ടിലുള്ളവരേയും ഒരു പോലെ വലയിലാക്കാൻ തട്ടിപ്പുകാർക്ക് കഴിഞ്ഞു. സ്വർണ്ണാഭരണങ്ങൾ വിറ്റും വീടിന്റെ ആധാരം പണയംവെച്ചുമാണ് ഭൂരിപക്ഷം പേരും നിക്ഷേപം നടത്തിയിരിക്കുന്നത്.


മൾട്ടിലെവൽ മാർക്കറ്റിങ് കച്ചവടത്തിലൂടെ പണംതട്ടിയെടുത്തെന്ന പരാതിയിൽ കഴിഞ്ഞ ദിവസം രണ്ടുപേർക്കെതിരേ കുറ്റിപ്പുറം പോലീസ് കേസെടുത്തിരുന്നു. നടുവട്ടം സ്വദേശി പരപ്പിൽ അബ്ദുൾജലാലിന്റെ പരാതിയിൽ തിരൂർ വെട്ടം പരിയാപുരം സ്വദേശികളായ പാലക്കവളപ്പിൽ മുഹമ്മദ് റിഷാദ്, ഇടിവെട്ടിയകത്ത് മുഹമ്മദ് സജീഷ് എന്നിവർക്കെതിരേയാണ് കേസെടുത്തത്.

'ക്യുനെറ്റ്' എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഫ്രാൈഞ്ചൈസി എടുത്തുനൽകാമെന്നു വിശ്വസിപ്പിച്ച് പ്രതികൾ 4.5 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അബ്ദുൾജലാലിന്റെ പരാതി. ഇത്തരത്തിൽ ചില കോണുകളിൽ നിന്ന് പരാതികളും വാർത്തകളും വന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ ഇരകളായവരുടെ ചില കൂട്ടായ്മകളും രൂപപ്പെട്ടിട്ടുണ്ട്.