സാമുദായിക സൗഹാർദ്ദം: കേരള മുജാഹിദുകൾ ശ്രദ്ധിക്കേണ്ടത്
1921ലെ ബ്രിട്ടീഷ് വിരുദ്ധ യുദ്ധാനന്തരം കേരളത്തിൽ ഒരുതരം അരക്ഷിതാവസ്ഥ മുസ്‌ലിംകൾക്കുണ്ടായി. ആ വിടവിലാണ് വഹ്ഹാബീ ആശയവുമായി ചിലർ നുഴഞ്ഞുകയറിയത്. ഐക്യസംഘം എന്ന പേരിൽ തുടങ്ങി 1950 കളിൽ കേരള നദ് വത്തുൽ മുജാഹിദീൻ എന്ന് പേര് സ്വീകരിച്ചു ഇപ്പോൾ എണ്ണിയാലൊടുങ്ങാത്ത ഗ്രൂപ്പുകളായി അവർ നിലകൊള്ളുന്നു.
മുസ്‌ലിംകൾ അധിവസിക്കുന്ന മഹല്ലുകളിൽ പബ്ലിക്കായി പൊതു അങ്ങാടികളിൽ സുന്നികളെ പരിഹസിച്ചും ശിർക്കാരോപിച്ചും കിടിലൻ പ്രസംഗം. തുടക്കം മുതൽ ഇന്നോളം ഇതാണ് കെഎൻഎമ്മിന്റെ പ്രധാന പ്രവർത്തനം. ഖുത്ബിയ്യത്, മുഹ്‌യിദ്ദീൻ മാല, മൻഖൂസ് മൗലിദ്, നാരിയ്യത്തു സ്വലാത്ത് ഇങ്ങനെ ഏതാനും തലക്കെട്ടുകളാണ് എല്ലാ മൗലവീസിന്റെയും പ്രസംഗ വിഷയം. എല്ലാ പ്രസംഗത്തിനും ഒരേ താളം. ഒരേ പരിഹാസം. ഒരേ ആരോപണം. ഒരേ ദുരുദ്ദേശ്യം.
നാട്ടിൽ തേരാപാര നടന്നവൻ വല്ലതും വിറ്റ് വിസയെടുത്ത് പ്രവാസിയാകും. വിദേശത്തു വെച്ച് അവൻ വഹ്ഹാബിക്കെണിയിൽ പെടും. പിന്നെ നാട്ടിൽ വരുമ്പോളോ പ്രവാസത്തിൽ നിന്ന് റിട്ടേർഡാകുമ്പോഴോ നാട്ടിൽ ഒരു സ്റ്റേജ് കെട്ടും. അങ്ങാടിയുടെ നടുവിൽ. നാലു ഭാഗത്തും കാളവും കെട്ടും. സദസ്സിൽ നാട്ടുകാരാരുമുണ്ടാകില്ല. അവർക്കാർക്കും പരിചയമില്ലാത്ത, അന്യ ജില്ലകളിൽ നിന്നും ചിലപ്പോൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി പത്തിരുപതു പേരെ ആണും പെണ്ണുമായി സദസ്സിലെത്തിക്കും. ഇശാ മഗ്‌രിബിന്റെ നേരത്ത് ഏതെങ്കിലുമൊരു കുറിപ്പുപ്രാസംഗികനെക്കൊണ്ട് ശിർക്കു ബിദ്അത്താരോപണ ഹാസ്യപ്രസംഗം നടത്തിക്കും. പ്രസംഗം ഒരു കാഴ്ച വസ്തുവാണെങ്കിൽ ആളുകൾക്ക് കണ്ണടയ്ക്കാം. കേൾവിക്കാര്യമായതുകൊണ്ട് കാതടയ്ക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് അങ്ങാടിക്കാരും യാത്രക്കാരും നിർബന്ധമായും പ്രസംഗം കേട്ടുകൊള്ളും എന്നാണ് കണക്കുകൂട്ടൽ.
'പണ്ഡിതൻമാർ ധന മോഹികളാണ്, ജനങ്ങളെ പിഴപ്പിക്കുന്നവരാണ്, പള്ളിയിലും മദ്രസ്സയിലുമുള്ള ഉസ്താദുമാരെ സൂക്ഷിക്കണം, അവർ ഖുർആനും ഹദീസും വിഴുങ്ങിയവരാണ്, ആളുകളുടെ ആസ്തിയെ അന്യായമായി ഭുജിക്കുന്നവരാണ്' എന്നൊക്കെ പറഞ്ഞാണ് ആരംഭിക്കുക. പ്രസംഗമങ്ങ് കത്തിക്കയറും. പ്രാസംഗികന് സ്ഥല കാല ബോധം നഷ്ടപ്പെടും. ഈ രാജ്യം ഒരു മതേതര രാഷ്ട്രമാണെന്ന ബോധമൊന്നുമുണ്ടാകില്ല.
മുഹമ്മദും മൂസയും മുഹ്‌യിദ്ദീൻ ശൈഖും ബദ് രീങ്ങളും ഗുരുവായൂരപ്പനും ശബരിമല അയ്യപ്പനും യേശുക്രിസ്തുവും കന്യാമർയമും ഒക്കെ മനുഷ്യർ മാത്രമാണ്. അവരൊക്കെ അധികപേരും മരിച്ചുപോയി. ശവങ്ങളായി മണ്ണിലടയ്ക്കപ്പെട്ടു. മുഹ്‌യിദ്ദീൻ ശൈഖേ കാക്കണേ, ഗുരുവായൂരപ്പാ രക്ഷിക്കണേ, കന്യാ മർയമേ നോക്കണേ ഇതെല്ലാം അവർക്കുള്ള ദുആയാണ്. ഇബാദത്താണ്. അതിനാൽ ശിർക്കാണ്. നരകമാണ്. അത് സ്വന്തം ഉമ്മയെ നടുറോട്ടിലിട്ട് വ്യഭിചരിക്കുന്നതിലേറെ ഭയാനകമാണ്.... ഇങ്ങനെ പോകും പ്രസംഗം. മുസ്‌ലിംകളോടൊപ്പം അന്നാട്ടുകാരായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇതുകേട്ട് സഹികെട്ട് നെടുവീർപ്പിടും. മുസ്‌ലിംകൾക്ക് മുഹമ്മദ് നബിയും മൂസാ നബിയും മുഹ്‌യിദ്ദീൻ ശൈഖുമൊന്നും ദൈവങ്ങളല്ല. റസൂലും വലിയ്യും മാത്രമാണ്. അതിനാൽ ശിർക്കിന്റെ പ്രശ്നമുത്ഭവിക്കുന്നില്ല. ക്രിസ്ത്യനികൾക്ക് യേശുവും കന്യാമർയമും, ഹിന്ദുക്കൾക്ക് ഗുരുവായൂരപ്പനും അയ്യപ്പനുമെല്ലാം ദൈവങ്ങളാണ്; ഭഗവാന്മാരാണ്. എന്നാൽ മൗലവിയുടെ പ്രസംഗം എല്ലാം സമീകരിച്ചുകൊണ്ടാണ്.
മുസ്‌ലിംകൾക്കിടയിൽ സംശയത്തിന്റെയും, അമുസ്‌ലിംക്കിടയിൽ ക്രോധത്തിന്റെയും വിരോധത്തിന്റെയും വിത്തു പാകി മറുനാട്ടുകാരായ പ്രാസംഗികനും സദസ്സ്യരും സ്ഥലം കാലിയാക്കും. സ്വാഭാവികമായി സുന്നികൾ പിറ്റേന്ന് പ്രാമാണികമായി മറുപടിയും ഖണ്ഡനവും നടത്തും, അനിവാര്യമായതു കൊണ്ട്. എന്നാൽ ഹിന്ദു-ക്രൈസ്തവർ രോഷം ഉള്ളിലൊതുക്കും.
ഏതാനും വർഷം മുമ്പ് പെരിന്തൽമണ്ണയിൽ ഒരു മൗലവി ഇമ്മാതിരി പ്രസംഗം നടത്തി തിരിച്ചുപോയി. പിറ്റെന്നാൾ ഒരു അമുസ്‌ലിം ഓട്ടോ ഡ്രൈവർ എന്നോട് ചോദിച്ചു. ഇന്നലെ ടൗണിൽ റോഡ് സൈഡിൽ പ്രസംഗിച്ചിരുന്നതാരാ? ഞാൻ ആളെയും സംഘത്തെയും പറഞ്ഞുകൊടുത്തു. അയാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു: "സ്റ്റേജിൽ കയറി അയാളുടെ ചെപ്പക്കുറ്റിയ്ക്ക് ഒറ്റ അടി കൊടുത്താലോ എന്നു വിചാരിച്ചു. അമ്മാതിരിയല്ലേ അയാൾ പ്രസംഗിക്കുന്നത്. അയാളെന്തിന് ഞങ്ങളുടെ ആളുകളെ പറയുന്നത്?"
രണ്ടത്താണി സൈദ് മൗലവിയും സകരിയ്യാ മൗലവിയും മുജാഹിദ് ബാലുശ്ശേരിയും തുടങ്ങിയുള്ള മൗലവിമാർ തെരുവോരങ്ങളിൽ സാമുദായിക സൗഹാർദ്ദം തകരുന്ന വിധത്തിൽ വിമർശനം നടത്തി. സുന്നികളെ മുജാഹിദാക്കലാണ് ഉദ്ദേശിച്ചതെങ്കിലും സംഭവിക്കുന്നത് എന്തെന്ന് അവർ ആലോചിച്ചില്ല.
കുടുംബ ജീവിതം, മാതാപിതാക്കൾ, സന്താന പരിപാലനം, ധാർമ്മിക ബോധം, പശ്ചാതാപം, പരലോകം, മരണവും മരണാനന്തര ജീവിതവും....എന്നൊക്കെയായിരുന്നു പരമ്പരാഗത മുസ്‌ലിംകളുടെ പബ്ലിക് പ്രസംഗങ്ങൾ. അതുമാറി, മാല മൗലിദുകൾ ശിർക്ക്, ഖുത്ബിയ്യത്ത് കുഫ്ർ, നബിദിനം കരിദിനം, നാരിയ്യത്തു സ്വാലാത്ത് നാറിയ സ്വലാത്ത്....എന്നൊക്കെ വിഷയങ്ങളായി കവലകൾ കലുഷിതമായ കാലമായിരുന്നു 1921 മുതൽ 2000 വരെ. 2000 മുതൽ കെഎൻഎമ്മിന്റെ പിളർപ്പ് പരമ്പര വന്നതോടെയാണ് അതിൽ ഒരു ട്വിസ്റ്റ് ഉണ്ടായത്. തമ്മത്തമ്മിലായി പോർവിളി. കോവിഡ് കാലത്താണ് അതൊക്കെ അമർന്നത്.
പബ്ലിക്കിൽ വെച്ചുള്ള ശിർക്കാരോപണ പ്രസംഗങ്ങൾ സാമുദായിക സ്പർദ്ധയുടെ നിശ്ശബ്ദ വൈറസായിരുന്നോവെന്ന് കേരള മുജാഹിദുകൾ ഒരു ആത്മ പരിശോധന നടത്തുന്നത് അനിവാര്യമാണ്.
എംടി അബൂബക്ർ ദാരിമി
24/09/2021
Post a Comment