ബർത്ത് ഡേ ആഘോഷം, കേക്ക് മുറിക്കൽ സംസ്കാരങ്ങൾ നമുക്ക് വേണോ?
മോളുടെ ബർത്ത് ഡേക്ക് കേക്ക് മുറിക്കാത്തതിന്റെ പരാതി ഇപ്പോഴും തീർന്നിട്ടില്ല.
സുഹൃത്തിന്റെ ഭാര്യവീട്ടുകാർ എല്ലാം കാലത്തിനനുസരിച്ച് ചെയ്യുന്നവരും എല്ലാവരും അങ്ങനെയാവണമെന്ന് ശഠിക്കുന്നവരുമാണ്.
അവർ വീട്ടിലെ എല്ലാ അംഗങ്ങളുടെയും ബർത്ത് ഡേകൾ ,വെഡ്ഡിംഗ് ആനുവേഴ്സറി തുടങ്ങിയവയൊക്കെ മുറതെറ്റാതെ കൊണ്ടാടാറുണ്ട്. അതുകൊണ്ട് തന്നെ അയൽവാസികൾക്കും കുടുംബക്കാർക്കുമിടയിൽ ഇത് അവർക്കൊരു കുറച്ചിലായത്രെ. അതും ഒന്നാമത്തെ ബർത്ത്ഡേക്കുതന്നെ എന്നാൽ സുഹൃത്ത് തന്റെ വീട്ടിൽ വെച്ച് അന്നേദിവസം മൗലിദ് പാരായണവും അന്നദാനവുമൊക്കെ നടത്തിയിരുന്നു. പക്ഷെ അതൊന്നും ആഘോഷമല്ലെന്നും ആരവങ്ങളോടെ ആഘോഷിക്കാതിരുന്നത് തെറ്റായിപ്പോയെന്നുമുള്ള തരത്തിലായിരുന്നു ഭാര്യവീട്ടുകാരുടെ അമർഷത്തോടെയുള്ള പ്രതികരണം. മോന്റെ ബർത്ത്ഡേക്ക് കേക്ക് മുറിക്കാത്തതെന്തെന്ന് നാലാം ക്ലാസിലെ കുട്ടികൾ അന്വേഷിച്ചത് സഹപ്രവർത്തകനായ ഉസ്താദ് പങ്കുവെച്ചതോർക്കുന്നു..
ഇത്തരം ബർത്ത് ഡേ ആഘോഷങ്ങൾ ഇന്ന് എല്ലാലർക്കും സുപരിചിതരാണ്. കേക്ക് മുറിച്ചും മിഠായിയും പായസവും വിതരണം നടത്തിയും ഹാപ്പി ബർത്ത് ഡേ ആശംസിച്ചും മിക്കവരും അത് കൊണ്ടാടുന്നു. മകളുടെയോ മകന്റെയോ പേരക്കുട്ടിയുടെയോ അതുമല്ലെങ്കിൽ സ്വന്തത്തിന്റെ തന്നെയോ ആവാം അത് സാമ്പത്തിക സ്ഥിതി അൽപം മെച്ചപ്പെട്ടവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ ആചാരം ഇന്ന് പട്ടിണിപ്പാവങ്ങളുടെ വീട്ടിൽ വരെ എത്തിനിൽക്കുകയാണ്. പെരുന്നാളിനോ മറ്റേതെങ്കിലും പുണ്യദിനങ്ങളിലോ കാണാത്തത്ര അഹ്ലാദവും ആവേശവുമാണ് ബർത്ത് ഡേ ആഘോഷങ്ങളിൽ നിഴലിച്ചു കാണുന്നത് മരണം പടികടന്നെത്തുന്ന നിമിഷങ്ങളെക്കുറിച്ച് ഒരുവേള ഓർമിക്കാത്തവർ പോലും ജന്മദിനത്തെ മനസ്സിൽ താലോലിച്ചുകൊണ്ട് നടക്കുന്നുവെന്നതാണ് ഇന്നത്തെ സ്ഥിതി. മതിമറന്ന് ആഘോഷിക്കാനുള്ള അവസരങ്ങളോ ഒന്നിനെയും വെറുതെ വിടാത്ത മലയാളിയുടെ പൊതുപ്രകൃതം മുസ്ലിം സമുദായത്തിന്റെ മസ്തിഷ്കങ്ങളിലേക്കും ഒലിച്ചിറങ്ങിയെന്നതാണ് ഇത് വ്യക്തമാക്കുന്നത്. ചെറിയ കുട്ടികൾ വരെ ഇന്ന ദിവസം എന്റെ ബർത്ത് ഡേയാണെന്ന് ദിവസങ്ങളക്ക് മുമ്പേ ഉരുവിട്ടു നടക്കുന്നത് പുതുമയല്ലിന്ന്. എല്ലാം അവരെ ചൊല്ലിപ്പഠിപ്പിച്ച് പുറത്തിറക്കാൻ ആഘോഷാവേശം മൂത്ത് നിൽക്കുന്ന ഉമ്മമാരുണ്ടല്ലോ.!!
തഖ്വ്വയും ദീനീബോധമുള്ള പൂർവീകർ കുട്ടികൾക്ക് വയസ്സ് തികഞ്ഞാൽ ചില നല്ല കാര്യങ്ങൾ ചെയ്തുവന്നിരുന്നു. എന്നാൽ ഈ വയസ്സ് തികയൽ ആഘോഷിച്ചാൽ അതിനെങ്ങനെ പരിഷ്കാരത്തിന്റെ മുഖം കൈവരും ? നല്ല കാര്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുമ്പോഴാണ് അത് പരിഷ്കാരവും ട്രന്റുമാകുന്നത് എന്നതാണല്ലോ ഇന്നത്തെ ഐഡിയോളജി.
ഗ്രീറ്റിംഗ്സും കുന്ത്രാണ്ടവും ഒന്നുമില്ലാത്ത വയസ്സ് തികയൽ എങ്ങനെ ബർത്ത് ഡേയാകും ? കാലത്തിനനുസരിച്ച് കോലം കെട്ടാത്തവരൊക്കെ പഴഞ്ചരാണെന്ന കാഴ്ചപ്പാട് സമൂഹത്തിൽ വർധിച്ചുവരികയാണ്. അപ്പോൾ ബർത്ത് ഡേ അപ്പോൾ ബർത്ത് ഡേ ആഘോഷിക്കാത്തവരെയും സമൂഹം ആ ഗണത്തിൽ ഉൾപ്പെടുത്തും സദുദ്ദേശ്യത്തോടെയും നന്മ കാംക്ഷിച്ചും ജീവിക്കുന്നവർക്ക് സമൂഹം ഒരു വിലയും കല്പിക്കുന്നില്ല അരുതായ്മകളെയും അനാചാരങ്ങളെയും സദുദ്ദേശ്യത്തോടെ തിരുത്താൻ ആരെങ്കിലും ശ്രമിച്ചാൽ അവർ പിന്നെയും പഴഞ്ചനാവുകയാണ് ചെയ്യുന്നത് എന്താ അങ്ങനെയൊക്കെ ചെയ്താൽ? ആരാണിപ്പോ അതൊക്കെ ചെയ്യാത്തത്? എന്തിനെയും ഈ സ്ഥിരം മറുപടികൊണ്ട് പ്രതിരോധിക്കാനും ഉപദേശിക്കുന്നവരുടെ വായ മൂടിക്കെട്ടാനും സമൂഹം പഠിച്ചിരിക്കുന്നു പ്രത്യേകിച്ച് നമ്മുടെ മങ്കമാർ ആരെങ്കിലും തുണിയുരിഞ്ഞാൽ അതും ഫാഷനാവുന്ന രീതിശാസ്ത്രത്തിനാണ് അവർക്കിടയിൽ അംഗീകാരം ആഘോഷങ്ങളെ ആഭാസമാക്കുന്നവരെ സംബന്ധിച്ചാണ് ഇതുവരെ പറഞ്ഞത് എന്നാൽ ഏതവസരത്തിലും നന്മയും മാന്യതയും മുറികെ പിടിക്കുന്നവരെ വിസ്മരിക്കുന്നില്ല നല്ല നിലയിൽ ബർത്ത് ഡേ ആഘോഷിക്കുന്ന ചിലർ നമുക്കിടയിൽ തന്നെയുണ്ട് അവരുടെ ആഘോഷങ്ങൾ മുഴുവനും നന്മയിലധിഷ്ഠിതമാണ് കേക്ക് മുറിക്കാതെയും ഗ്രീറ്റിംഗ്സിന് വേണ്ടി പണം പൊടിപൊടിക്കാതെയും അവർ ആഘോഷിക്കുന്നു ആഘോഷത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് സുതാര്യവും വിശാലവുമാണ് അല്ലാഹു ധാരാളം അനുഗ്രഹങ്ങൾ മനുഷ്യർക്ക് ചൊരിഞ്ഞുതന്നിട്ടുണ്ട് വെള്ളം, വായു ,ആഹാരം തുടങ്ങി ജീവിക്കാനാവശ്യമായ സകലതും അവൻ നമുക്ക് യഥേഷ്ടം നൽകുന്നു ബുദ്ധിയുള്ളവർ അവനു മുന്നിൽ ഇവിടെ കൃതജ്ഞരാകുന്നു അതില്ലാത്തവൻ കൃത്ഘ്നത കാണിക്കുന്നു അതുപോലെ അല്ലാഹു നമുക്ക് നൽകിയത് തന്നെയല്ലേ സന്താനമെന്ന സൗഭാഗ്യം കളിപ്പിച്ചും ചിരിപ്പിച്ചും മടിയിൽ വെച്ചോമനിച്ചും കിന്നരിച്ചും ചുടുമുത്തങ്ങൾ നൽകിയും നാം അവരെ ലാളിച്ചു വളർത്തുന്നു തലയിൽ വെച്ചാൽ പേനരിക്കും നിലത്ത് വെച്ചാൽ ഉറുമ്പരിക്കും എന്ന മട്ടിൽ വർഷങ്ങളായിട്ടും സന്താന സൗഭാഗ്യമില്ലാത്ത ദമ്പതികളുടെ ഉള്ളുരുക്കും ഒന്നോർത്തുനോക്കിയാൽ മാത്രം മതി നമുക്ക് കിട്ടിയ ഈ അസുലഭ ഭാഗ്യത്തിന്റെ വിലയറിയാൻ ഭാര്യ പ്രസവിച്ചു എന്ന് കേൾക്കുമ്പോൾ ഒരു പുരുഷന്റെ മനസ്സിൽ അലതല്ലുന്ന വികാരം പറഞ്ഞറിയിക്കാനാവില്ലല്ലോ അപ്പോഴത്തെ സന്തോഷത്തിന് അതിരുകളില്ല എന്നാൽ ഈ സന്തോഷത്തിന് നാം പടച്ചറബ്ബിനോട് നന്ദി രേഖപ്പെടുത്തണം അവൻ നൽകിയ ഈ സൗഭാഗത്തിന് ഒന്നും പകരമില്ല എങ്കിലും തന്നാൽ കഴിയുന്നവിധത്തിൽ നന്ദി കാണിക്കുക തന്നെ ഈ ചിന്തയാവണം നമുക്കുണ്ടാവേണ്ടത് അപ്പോൾ നാം ആ കുഞ്ഞിന്റെ ബർത്ത് ഡേ ആഘോഷിക്കും ഒരു വർഷത്തിൽ ഒതുക്കേണ്ടതല്ല അപ്പോൾ നന്ദി പ്രകടമാവണം പക്ഷെ നന്മയിൽ മാത്രം അധിഷ്ടിതമാവണം ആഘോഷങ്ങളെന്നുമാത്രം
ദാനധർമങ്ങൾ അധികരിപ്പിക്കുക കുടുംബങ്ങളെയും മറ്റും വിളിച്ചുവരുത്തി ഭക്ഷണം നൽകുക അതുവഴി അവരുമായുളള ബന്ധം ഊട്ടിയുറപ്പിക്കുക മൗലീദ് പാരായണം ചെയ്യുക തുടങ്ങിയ സദ്പ്രവൃത്തികളാണ് ജന്മദിനത്തിൽ ഉണ്ടാവേണ്ടത് കൂടാതെ കൊഴിഞ്ഞുപോയ വർഷങ്ങളെക്കുറിച്ചുള്ള വിചാരപ്പെടലുകൾ എല്ലാവർക്കുമുണ്ടാകണം തിങ്കളാഴ്ച നോമ്പിനെ സംബന്ധിച്ച് നബി (സ) തങ്ങളോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞത് അന്ന് ഞാൻ പ്രസവിക്കപ്പെട്ട ദിവസമാണ് എന്നാണ് സൽപ്രവർത്തനങ്ങൾക്കാണ് അന്നേദിവസം ഊന്നൽ നൽകേണ്ടത് എന്നതിലേക്ക് ഇത് വിരൽ ചൂണ്ടുന്നു നമ്മുടെ ബാപ്പ കാരണവന്മാരും മറ്റും ഇതേ രൂപത്തിലാണ് ജന്മദിനങ്ങൾ കൊണ്ടാടിയിരുന്നത് ഇന്നും ആ പാരമ്പര്യം നിലനിർത്തിപോരുന്നവർ അപൂർവമെങ്കിലും നമുക്കിടയിലുണ്ട് അവർ സുലൈമാൻ മൗലിദ് ഓതി ഭക്ഷണം വിതരണം നടത്തുന്നതായി കണ്ടുവരുന്നു എന്നാൽ അന്യമതസ്ഥരോടും ഇതര സംസ്കാരങ്ങളോടും സാദൃശ്യമായിക്കൊണ്ടുള്ള ആഘോഷങ്ങൾ ഒരു നിലക്കും നമുക്ക് പാടുള്ളതല്ല അല്ലാഹുവിന് ശുക്റ് ചെയ്യുക എന്ന കടപ്പാടിനപ്പുറമുള്ള ഒരു ആരവങ്ങളും നമുക്ക് അനുഗുണമല്ല അനുഗ്രങ്ങൾക്ക് നന്ദി കാണിക്കാൻ അല്ലാഹു നമ്മോട് വിശുദ്ധ ഖുർആനിലൂടെ ആജ്ഞാപിക്കുന്നുണ്ട്
ലോകത്തു കഴിഞ്ഞുപോയ മിക്ക സമൂഹങ്ങളിലും പിറന്നാൾ ആഘോഷം നിലനിന്നിരുന്നതായി പറയപ്പെടുന്നു പുരാതന ഗ്രീക്ക് - റോമൻ സംസ്കാരങ്ങളിലും ചൈന,ഈജിപ്ത് തുടങ്ങിയ പൗരാണിക സമൂഹങ്ങളിലും പിറന്നാൾ ആഘോഷിച്ചിരുന്നതായി കാണാം അന്നേദിവസം സമ്മാനങ്ങൾ നൽകുന്നതും ആളുകൾ ഒത്തുകൂടുന്നതും പരമ്പരാഗതമായ രീതികളാണ് ഒരു വ്യക്തിക്ക് എത്ര പ്രായമായെന്ന് അറിയിക്കുന്നതിനായി മാത്രമാണ് അവർ പിറന്നാൾ ആഘോഷിച്ചിരുന്നതത്രെ മറ്റു ഉദ്ദ്യേശലക്ഷ്യങ്ങളൊന്നും അതിന് പിറകിലുണ്ടായിരുന്നില്ല സാധാരണഗതിയിൽ ജീവിതകാലത്ത് മാത്രം പിറന്നാൾ ആഘോഷിക്കുന്ന രീതിശാസ്ത്രം അന്നും ഇന്നും ഏറെക്കുറെ സമാനമാണ് എന്നാൽ ചില മഹത് വ്യക്തികളുടേത് ഇതിന് അപവാദമാണ് ഉദാഹരണത്തിന് ഷേക്സ്പിയർ തന്റെ അമ്പത്തി രണ്ടാമത്തെ വയസ്സിൽ അന്തരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഓർമക്കായി ഇന്നും അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷിക്കപ്പെടുന്നു ചില മതങ്ങൾ മതസ്ഥപകരുടെയും സുവിശേഷകരുടെയും ജന്മദിനം ആഘോഷിച്ചുവരുന്നു ബുദ്ധ മതവിശ്വാസികൾ ബുദ്ധന്റെ ജന്മദിനം ഒരു പ്രധാന ആഘോഷമായി കാണുന്നു ക്രിസ്തുവിന്റെ ജന്മദിനം ക്രിസ്തുമസ്സും ലോകം മുഴുവൻ കൊണ്ടാടപ്പെടുന്നു ഗുരുനാനാക്കിന്റേത് സിക്കുകാരും ആഘോഷിക്കുന്നു മുസ്ലിംകൾ മുഹമ്മദ് നബി (സ) യുടെ ജന്മദിനം ലോകം മുഴുവൻ സമുചിതമായി തന്നെ ആഘോഷിക്കുന്നു നബി ദിനം ഇന്ത്യയിൽ ദേശീയ അവധിയാണ് വി.പി .സിങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഇതു സംബന്ധമായ പ്രഖ്യാപനമുണ്ടായത് രാഷ്ട്രമത സാമൂഹിക നേതാക്കന്മാരുടെ ജന്മദിനവും വ്യത്യസ്തമല്ല ജോർജ് വാഷിംഗ്ടണിന്റെ ജന്മദിനം അമേരിക്കയിൽ പ്രസിഡന്റ്സ് ഡേ യായി ആചരിക്കുന്നു നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ഗാന്ധിജയന്തിയായും അഘോഷിക്കുന്നു മാർട്ടിൻ ലൂതർ കിങ്ങിന്റെ ജന്മദിനത്തിൽ അമേരിക്കയിൽ ദേശീയ അവധിയാണ്
പല മതവിശ്വാസികളിലും സമൂഹങ്ങളിലും പലവിധത്തിലാണ് ആഘോഷങ്ങൾ നിലനിൽക്കുന്നത് ചിലർ പ്രത്യേക വയസ്സിന് പ്രാധാന്യം നൽകുന്നു ഹൈന്ദവർ എല്ലാ വർഷവും തങ്ങളുടെ പിറന്നാൾ ആഘോഷിച്ചുവരുന്നു ഹിന്ദക്കളിലെ ബ്രാഹ്മണർ പോലോത്തവരിലെ ഉപനയനം പ്രസിദ്ധമാണ് പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും പിറന്നാൾ അവർ പ്രത്യേക ചടങ്ങുകളോടെ നടത്തുന്നു വയസ്സ് തികയലിലെ പ്രതീകവൽകരിച്ചുകൊണ്ട് പൂണൂൽ അണിയുന്നതാണ് അതിലെ മുഖ്യ കർമ്മം കൂടാതെ അറുപതാം വയസ്സിൽ ഷഷ്ഠിപൂർത്തിയും എഴുപതിൽ സപ്തതിയും എൺപത്തിനാലിൽ ശതാഭിഷേകവും തൊണ്ണൂറിൽ നവതിയും ഹൈന്ദവർക്ക് പ്രാധാനപ്പെട്ടതാണ് ജൂതന്മാർ ആൺകുട്ടികളുടെ പതിമൂന്നാം ജന്മദിനവും പെൺകുട്ടികളുടെ പന്ത്രണ്ടാം ജന്മദിനവും മത കൽപനയെന്ന നിലയ്ക്ക് വ്യാപകമായി കൊണ്ടാടുന്നു കാനഡ, യു.എസ്.എ. എന്നീ രാജ്യങ്ങളിലെ കുടുംബങ്ങൾ മിക്കവാറും പെൺകുട്ടികളുടെ പതിനാറാം വയസ്സ് ഗംഭീരമായിതന്നെ കൊണ്ടാടുന്നു sweet six -treen (മധുരപ്പതിനാറ് ) എന്നാണതിന്റെ പേര് ഫിലിപ്പീൻസുകാർക്ക് ആൺകുട്ടികളുടെ 21 ആം വയസ്സും പെൺകുട്ടികളുടെ 18 ആം വയസ്സും പ്രധാന്യമുള്ളതാണ് യു.കെയിൽ രാജകുടുംബാംഗങ്ങളുടെ 100-105 ബർത്ത് ഡേക്ക് വ്യാപകമായി ജന്മദിന സന്ദേശങ്ങളടങ്ങിയ കാർഡുകൾ അയച്ചുകൊടുക്കുന്നു ഇവക്കെല്ലാം പുറമെ വിദ്യാഭ്യാസ - വ്യാപാര സ്ഥാപനങ്ങളും മറ്റുമൊക്കെ തങ്ങളുടെ സ്ഥാപക ജന്മദിനങ്ങൾ വിപുലമായി തന്നെ ആഘോഷിച്ചുകൊണ്ടിരിക്കുന്നു
എന്നാൽ നമ്മുടെ ആഘോഷങ്ങൾ എപ്പോഴും വേറിട്ടതായിരിക്കണം അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സദാചാര നിഷ്ഠവും ആത്മീയവുമായിരിക്കണം പരലോക ചിന്തകളാണ് നമ്മുടെ എല്ലാ ആഘോഷങ്ങളിലും കടന്നു വരേണ്ടത് ബർത്ത് ഡേയുടെ കാര്യവും വ്യത്യസ്തമല്ല ഒരിക്കലും അന്യമത സംസ്കാരങ്ങൾ അതിൽ കടന്നുകൂടരുത് കേക്ക് മുറിച്ചും happy birth day to you എന്ന് ആശംസിച്ചുമുള്ള ആഘോഷം നമ്മുടേതല്ല ഇസ്ലാം ഒരിക്കലും അത് അനുവദിക്കുന്നില്ല നമ്മുടെ സംസ്കാരം ആചാരങ്ങൾ എല്ലാം ഇതര മതസ്ഥരിൽ നിന്ന് വ്യത്യസ്ഥമാവാൻ പുണ്യ നബി (സ) നിർദ്ദേശിച്ചിട്ടുണ്ട് പ്രവാചകൻ (സ) അക്കാര്യത്തിൽ എന്നും ശ്രദ്ധ ചെലുത്തിയിട്ടുമുണ്ട് അഞ്ചുവഖ്ത് നിസ്കാരത്തിന് സമയാസമയങ്ങളിൽ വിശ്വാസികളെ ക്ഷണിക്കാനുള്ള മാർഗം അനുയായികളോട് നബി (സ) തങ്ങൾ ആരായുകയുണ്ടായി കൊടി ഉയർത്താമെന്നും ,കുന്നിൻ മുകളിൽ തീ ആളിക്കത്തിക്കാമെന്നും കുഴൽ വിളിക്കാമെന്നും , മണിയടിക്കാമെന്നുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ അനുചരർ പങ്കുവെക്കുകയുണ്ടായി എന്നാൽ മജൂസികളുടെയും യഹൂദ ക്രൈസ്തവരുടെയുമൊക്കെ രീതികളായിരുന്നു അവയെന്നതിനാൽ അവ മുഴുവനും തിരസ്കരിക്കപ്പെടുകയാണുണ്ടായത് ആദ്യത്തെ ഖിബ്ലയായിരുന്ന ബൈത്തുൽ മുഖദ്ദസ് യഹൂദരും ക്രൈസ്തവരും ആദരിക്കുന്ന പുണ്യ സ്ഥലമാണെന്നതിനാൽ മുസ്ലിംകൾക്ക് മാത്രമായി കഹ്ബാലയം ഖിബ്ലയാക്കണമെന്ന് പ്രവാചകൻ (സ) ആഗ്രഹിച്ചതും അതിനുവേണ്ടി പ്രാർത്ഥിച്ചതും ഇതുകൊണ്ട് തന്നെയായിരുന്നു മുഹർറം ഒമ്പതിനു കൂടി നോമ്പനുഷ്ടിക്കുന്ന ചരിത്രവും ഇതിനോട് ചേർത്തുവായിക്കണം
വേഷം, ഭാഷ,ഭക്ഷണം, സംസാരം, ആരാധനാദി കർമ്മങ്ങൾ, ജീവിത രീതികൾ എല്ലാറ്റിനും മുസ്ലിംമിന് അവന്റെതായ സംസ്കാരമുണ്ട് സംസ്കാരങ്ങളുടെ മാറ്റുനോക്കലിൽ എന്തുകൊണ്ടും മികച്ചത് ഇസ്ലാംമാണെന്നത് ആർക്കും കണ്ടെത്താനാവും എന്നിരിക്കെ നാമെന്തിന് മറ്റുള്ളവയോട് സമരസപ്പെടണം ? നമുക്ക് എല്ലാറ്റിലും നമ്മുടെതായ രീതികൾ ഇസ്ലാം നിർണയിച്ചുതന്നിട്ടുണ്ട് നാടോടുമ്പോൾ നടുവെ ഓടുന്ന രീതി മുസ്ലിംമിന് അനുഗുണമല്ല ജാഹിലിയ്യത്തിനെ തകർക്കാനാണ് ഇസ്ലാം കടന്നുവന്നത് എന്നാൽ നാം അത് ഇന്ന് കൂടുതൽ നെഞ്ചേറ്റുന്ന കാഴ്ച ദയനീയം തന്നെ ഇത്തരം ഒരവസ്ഥ സംജാതമാവുമെന്ന് പ്രവാചകൻ (സ) നേരത്തെ മുന്നറിയിപ്പ് തന്നിട്ടുണ്ട് അവിടുന്ന് പറയുകയുണ്ടായി : ചാണിന് ചാണായും മുഴത്തിന് മുഴമായും നിങ്ങളുടെ മുമ്പുള്ള ജനങ്ങളുടെ ചര്യയെ നിങ്ങൾ പിന്തുടരുക തന്നെ ചെയ്യും അവർ ഉടുമ്പിന്റെ മാളത്തിൽ പ്രവേശിച്ചാൽ നിങ്ങളും (അതിലേക്ക് )അവരെ പിന്തുടരും അപ്പോൾ ചോദിക്കപ്പെട്ടു അല്ലാഹുവിന്റെ റസൂലേ യഹൂദികളും നസ്വാറാക്കളുമാണോ (അവർ) ? നബി (സ) പറഞ്ഞു (അവരല്ലാതെ) മറ്റാരാണ് ?(ബുഖാരി, മുസ്ലിം ) ബർത്ത് ഡേ ആഘോഷങ്ങളിലെ കേക്ക് മുറിയും മറ്റും ഇവരെ പിന്തുടരുന്നതിന്റെ നേർക്കാഴ്ച തന്നയല്ലേ എന്ന് നാം ചിന്തിക്കണം
അനുകരണ ത്വര ഒരു മഹാമാരിയായി നമ്മെ പിടികൂടിയിരിക്കുന്നു സമുദായം ഇന്നലെകളിൽ നേടിയെടുത്ത ആത്മീയ - സാംസ്ക്കാരിക അഭിവൃദ്ധിയാണ് ഈ അനുകരണ ഭ്രമത്തിൽ തകർന്നടിഞ്ഞില്ലാതെയാകുന്നത് വളരുന്ന തലമുറയിൽ വരെ അന്യസംസ്കാരങ്ങളെ കുത്തിനിറക്കാൻ രക്ഷിതാക്കൾ മത്സരിക്കുകയാണ് ടി.വിയുടെ സ്വാധീനവും ഇവിടെ എടുത്തുപറയേണ്ടത് തന്നെയാണ് പാശ്ചാത്യന്റെ ചീഞ്ഞളിഞ്ഞ സംസ്കാരങ്ങൾ ഒന്നൊഴിയാതെ അവ വിളമ്പുമ്പോൾ കാര്യമായ ചെലവില്ലാതെ അവ മുഴുവനും നമ്മുടെ മക്കൾ അകത്താക്കുന്നു രക്ഷിതാക്കളുടെ ലാഘവത്തോടെയുള്ള സമീപനമാണ് ഏറ്റവും വലിയ അപകടം ഇവിടെ വെന്തുനീറുന്നത് നമ്മുടെ പൈതൃകങ്ങളാണെന്നത് ഇവർ ചിന്തിക്കുന്നില്ല പൂർവീകർ നല്ലതെന്ന് കരുതിപ്പോന്നവയെ നാം പാടെ അവഗണിക്കുകയും അവർ ചെയ്യാത്തവയെ പരിഷ്കാരത്തിന്റെ പേരിൽ വാരിപ്പുണരുന്നതുമാണ് ഇന്നത്തെ ഏറ്റവും വലിയ ദുരവസ്ഥ നിർബന്ധ കർമമെന്ന നിലയിൽ രക്ഷിതാക്കൾ എല്ലാ വേണ്ടാത്തരങ്ങൾക്കും പ്രചോദനമേകുന്നു മാതാപിതാക്കളാണ് മക്കളെ ജൂതനും ക്രിസ്ത്യാനിയും മജൂസിയുമൊക്കെ ആക്കുന്നത് എന്ന നബി വചനം എത്ര യാഥാർത്ഥ്യമാണ് ബർത്ത് ഡേ പോലുള്ളവ ഇങ്ങനെ ആഘോഷിച്ചില്ലെങ്കിൽ എന്തൊക്കെയോ സംഭവിക്കുമെന്ന തരത്തിലാണ് അവരുടെ നീക്കുപോക്കുകൾ
ഹാപ്പി ബർത്ത് ഡേ റ്റൂ യൂ എന്നത് നാമെന്തിന് വേദവാക്യമായി ഉരുവിടണം ? നമുക്ക് പറയാനും ചെല്ലാനും എത്രയോ പരിശുദ്ധ വചനങ്ങളുണ്ടല്ലോ എന്നതിന്റെ പേരിലാണ് നാം മേൽ വാചകം കൊണ്ടുനടക്കുന്നത് നാമുമായി അതിന് പുലബന്ധം പോലുമില്ല അതിന്റെ ചരിത്രം നാം മനസ്സിലാക്കുന്നത് ഇത്തരുണത്തിൽ നന്ന് ജന്മദിനത്തിൽ ആലപിക്കുന്ന ഇംഗ്ലീഷ് ഗാനമാണ് ഹാപ്പി ബർത്ത് ഡേ റ്റൂ യൂ 1998-ലെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പ്രകാരം ഇംഗ്ളീഷിൽ ഏറ്റവും അംഗീകരിക്കപ്പെട്ട ഗാനമാണിത് ലോകത്തിലെ 18 ഭാഷയിലെങ്കിലും ഈ ഗാനം മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എങ്കിലും ഇംഗ്ലീഷിലുള്ള ഗാനമാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പാറ്റി സ്മിത്ത് ഹിൽ, മിൽ ഡ്രഡ് ജെ. ഹിൽ എന്നീ അമേരിക്കൻ സഹോദരാമാരാണ് ഗാനം രചിച്ചതും സംഗീതം നൽകിയതും പാറ്റി സ്മിത്ത് ഹിൽ കെന്റക്കയിലെ ലൂയിവിൽ എക്സ് പിരിമെന്റൽ കിന്റർ ഗാർട്ടൺ സ്കൂളിന്റെ പ്രിൻസിപ്പലും മിൽഡ്രെഡ് ജെ. ഹിൽ അതേ സ്കൂളിലെ അധ്യാപികയും പിയാനിസ്റ്റുമായിരുന്നു ഗുഡ്മോണിംഗ് റ്റു ഓൾ (good morning to all) എന്ന അവരുടെ മറ്റൊരു ഗാനത്തിന്റെ ഈണം പറ്റിയാണ് ഈ ഗാനം പിറവികൊണ്ടത്
1893 - ലാണ് ഗുഡ് മോണിങ്ങ് ടു ഓൾ അവതരിക്കപ്പെട്ടത് കുട്ടികൾക്കായുള്ള സോങ് സ്റ്റോറീസ് ഫോർ ദ കിന്റർ ഗാർട്ടൻ എന്ന പുസ്തകത്തിലാണ് ആദ്യമായി ഇത് പ്രസിദ്ധീകരിച്ചത് എന്നാൽ ഹൊറേസ് വാട്ടേഴ്സിന്റെ ഹാപ്പി ഗ്രീറ്റിംഗ്സ് ടു ഓൾ (1858) ഗുഡ് നൈറ്റ് ടു യൂ ഓൾ (1875) എ ഹാപ്പി ഗ്രീറ്റിംഗ് ടു ഓൾ (885)തുടങ്ങി മറ്റു ചില ഗാനങ്ങളുടെ ചുവടുപിടിച്ചാണ് ഗാനം സൃഷ്ടിക്കപ്പെട്ടതെന്നും പറയപ്പെടുന്നു ഗാനത്തിലെ ചില വാക്കുകൾ മാറ്റി ജന്മദിനങ്ങളിൽ ഗാനം പാടാൻ തുടങ്ങിയതോടെ ഹാപ്പി ബർത്ത് ഡേ ടു യൂ ജന്മം കൊണ്ടു 1912 -ലാണ് ഗാനത്തിന്റെ വരികളും ഈണവും ഉൾപ്പെടുത്തി ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത് 100 വർഷം കൊണ്ട് ഗാനത്തിന്റെ പകർപ്പവകാശം പലരും കൈമാറി വാർണർ മ്യൂസിക് ഗ്രൂപ്പിനാണ് ഇപ്പോൾ കൈവന്നിരിക്കുന്നത് സിനിമ, ടി.വി ,റേഡിയോ തുടങ്ങി മാധ്യമങ്ങളിൽ ഗാനം ഉപയോഗിച്ചാൽ റോയൽറ്റി ബാധകമാണ് 2008 വർഷത്തിൽ മാത്രം 20 ലക്ഷം ഡോളറാണ് കമ്പനിക്ക് ഈ വകയിൽ വരുമാനമുണ്ടായത് മിൽഡ്രഡ് 1916 -ലും പാറ്റി 1946-ലുമാണ് അന്തരിച്ചത് ഇപ്പോൾ വായനക്കാർക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവും നമുക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് എന്നാൽ എന്തൊക്കെയായാലും ശരി ഇതിനെ പരിശുദ്ധ വചനമായിത്തന്നെ കൊണ്ടുനടക്കുന്നവർ അപ്പോഴുമുണ്ടാകും സ്വന്തം സംസ്കാരത്തിനപ്പുറം അന്യസംസ്കാരത്തിന് പ്രാമുഖ്യം കൽപിക്കുന്നവരാവും അവർ
ആര് ഒരു ജനതയോട് സാദൃശ്യമായോ അവൻ അവരിൽ പെട്ടവനാണ് (അബൂദാവൂദ് ) എന്നാണ് നബി (സ)പറഞ്ഞിട്ടുള്ളത് അപ്പോൾ മറ്റു മതസ്ഥരുടെ രീതികൾ പിന്തുടരുന്നവൻ യഥാർത്ഥ മുസ്ലിംമല്ലെന്ന് വ്യക്തമാണ് കർമശാസ്ത്ര ഗ്രന്ഥങ്ങൾ ഇത് സംബന്ധമായി ധാരാളം ചർച്ച ചെയ്തിട്ടുണ്ട് ക്രിസ്ത്യാനികളുടെയോ യഹൂദരുടെയോ വേഷഭൂഷാദികളും രീതികളും സ്വീകരിക്കുന്നത് മതഭ്രഷ്ട് സംഭവിക്കാനുള്ള കാരണമായി കർമശാസ്ത്ര പണ്ഡിതന്മാർ എണ്ണിയിട്ടുണ്ട് മതഭ്രഷ്ടാവാനുള്ള കാര്യങ്ങൾക്കു ഉദാഹരണം ക്രിസ്ത്യൻ പൗരോഹിത്യ ബെൽറ്റും മറ്റും ധരിച്ചു അവരുടെ വേഷം സ്വീകരിച്ചു ചർച്ചിലേക്ക് നടക്കുംപോലെ (ഫത്ഹുൽ മുഈൻ :444)
അമുസ്ലിംകളെ അനുകരിച്ച് ഒരു മുസ്ലിം ഇത്തരം ചെയ്തികളിലേർപ്പെടുന്നുവെങ്കിൽ അതു കുഫ്രിയ്യത്ത് തന്നെയാണെന്ന് ഇബ്നു ഹജർ (റ) പറയുന്നു ഇക്കാര്യങ്ങൾ (അമുസ്ലിംകളുടെ ആഘോഷദിനങ്ങളിൽ പ്രത്യേക ഭക്ഷണമുണ്ടാക്കുക തുടങ്ങിയവ ) ചെയ്യുന്നത് കുഫ്റിന്റെ ആചാരങ്ങളിൽ അവരെ അനുകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണെങ്കിൽ അത് ഉറപ്പായും കുഫ്റിയ്യത്ത് തന്നെയാണ് കേവലം അമുസ്ലിംകളുടെ ഉത്സവ ദിനങ്ങളിൽ നാമും പങ്കാളികളാവുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ അതുമൂലം കാഫിറാവുകയില്ലെങ്കിലും കുറ്റകരമാണ് (ഫതാവൽ കുബ്റ: 4/239) മറ്റു മതക്കാരോട് ഏത് നിലയിൽ അനുകരിക്കുന്നതും കുറ്റകരമാണെന്ന് ഇതിൽ നിന്ന് വ്യക്തമാവും
അബൂഹുറൈറ (റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം നബി (സ) അരുളി: നിങ്ങൾ മീശ വെട്ടുകയും താടി വളർത്തുകയും ചെയ്യുക ജൂതന്മാരോടും ക്രിസ്ത്യാനികളോടും നിങ്ങൾ സാദൃശ്യമാകരുത് (അഹ്മദ് )
മീശ വെട്ടാത്തവൻ നമ്മിൽ പെട്ടവനല്ല എന്നും നബി (സ)അരുൾ ചെയ്തിട്ടുണ്ട് കാരണം അത് മേൽ സമുദായക്കാരുടെ രീതിയാണെന്നതുതന്നെ കാരണം ഇബ്നു അബീ ശൈബ (റ) അരുളി ; താടി പറ്റെ വടിക്കുകയും മീശ നല്ലതുപോലെ വളർത്തുകയും ചെയ്ത ഒരു മനുഷ്യൻ നബികരീം (സ) യുടെ സമീപത്തു വന്നു അഗ്നി ആരാധകനാണ് അദ്ദേഹം നബി (സ) അദ്ദേഹത്തോട് ചോദിച്ചു : ഇത് എന്ത് ആചാരമാണ് (താടി വടിക്കലും മീശ വളർത്തലും ) അദ്ദേഹം അരുളി : ഇത് എന്റെ മത ശാസനയാണ് ഇതു കേട്ടമാത്രയിൽ നബി (സ) പറഞ്ഞു: ഞങ്ങളുടെ (മുസ്ലിംകളുടെ )മതം കൽപിക്കുന്നത് താടിവളർത്താനും മീശ വെട്ടാനുമാണ് (തുർമുദി)
ബർത്ത് ഡേ ആഘോഷിക്കാം അല്ലാഹുവും അവന്റെ റസൂലും ഇഷ്ടപ്പെടാത്ത കാര്യങ്ങളൊന്നും കടന്നുകൂടരുതെന്ന് മാത്രം സത്യവിശ്വാസികളുടെ കാര്യം അത്ഭുതം തന്നെ അവന്റെ എല്ലാ കാര്യവും അവന് ഗുണകരമാണ് അവന് സന്തോഷമെത്തിയാൽ അവൻ നന്ദി കാണിക്കും അപ്പോൾ അതവന് ഗുണകരമായി അവന് സന്താപമെത്തിയാൽ അവൻ ക്ഷമ കാണിക്കും അപ്പോൾ അതും അവന് ഗുണകരമായി എന്ന് നബി (സ) തങ്ങൾ പഠിപ്പിച്ചിട്ടുണ്ടല്ലോ നാം നല്ല സംസ്കാരത്തിനുടമകളായാലേ മക്കളും ആ വഴിക്ക് നീങ്ങുകയുള്ളൂ അതിനാൽ ഒരു വീണ്ടു വിചാരത്തിന് തയ്യാറാവുക
(കടപ്പാട്)
Post a Comment