തൊണ്ണൂറാം വയസ്സിൽ ശൈഖ് നിഅ്മതുല്ലാഹ് ഖലീല്‍ ഇബ്‌റാഹീം യൂര്‍ത്ത് വഫാത്തായി - വിടപറഞ്ഞത് വ്യത്യസ്തനായ പണ്ഡിതൻ
സുപ്രസിദ്ധ ഇസ്‌ലാമിക പ്രബോധകനും പണ്ഡിതനുമായ ശൈഖ് നിഅ്മതുല്ലാഹ് ഖലീല്‍ ഇബ്‌റാഹീം യൂര്‍ത്ത് വിടവാങ്ങിയിരിക്കുന്നു. തൊണ്ണൂറ് വയസ്സായിരുന്നു പ്രായം.
ഏഷ്യയിലും യൂറോപ്പിലുമായി വിവിധ രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ശൈഖ് ഖലീലിനെ ഒന്നിലധികം തവണ സന്ദര്‍ശിക്കാനും അനുഭവങ്ങള്‍ ചോദിച്ചറിയാനും അവസരമുണ്ടായിട്ടുണ്ട്.
നിരവധി രാജ്യാന്തര മീറ്റിംഗുകളിലും കോണ്‍ഫറന്‍സുകളിലും ഞങ്ങളൊരുമിച്ച് സംബന്ധിച്ചിരുന്നു.
തുര്‍ക്കിയില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം സുല്‍ത്താന്‍ അബ്ദുല്‍ഹമീദ് രണ്ടാമന്റെ സമകാലിക പണ്ഡിതരില്‍ നിന്നാണ് മതപഠനം നേടിയത്. ഇസ്തംബൂളിലെ ഏറ്റവും വലിയ പള്ളിയായ സുല്‍താന്‍ അഹ്മദ് മസ്ജിദിലടക്കം നിരവധി പള്ളികളില്‍ ഇമാമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് കുടുംബ സമേതം സഊദിയിലേക്ക് താമസം മാറി, പതിനഞ്ച് വര്‍ഷം മദീനയിലും ശേഷം ദീര്‍ഘകാലം മക്കയിലും താമസിച്ചു. മക്കയില്‍ ഹിറാ പര്‍വതത്തിനു സമീപത്തുള്ള മസ്ജിദുന്നൂറിലും ഇമാമായി സേവനം ചെയ്തു. മത പ്രബോധന-സംസ്‌കരണ രംഗത്ത് കൂടുതല്‍ ഇടപെടലുകള്‍ നടത്താനും പരിശീലനം നേടാനും ഇക്കാലയളവില്‍ സാധിച്ചു.
അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളിലെ തന്റെ പരിജ്ഞാനം ഉപയോഗപ്പെടുത്തി ഒരു ആഗോള പ്രബോധകനായി മാറാന്‍ അദ്ദേഹത്തിനു സൗഭാഗ്യമുണ്ടായി. തന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അറുപതിലധികം രാഷ്ട്രങ്ങളില്‍ ശൈഖ് ഖലീല്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
1972-ല്‍ പ്രബോധനാവശ്യാര്‍ത്ഥം ജപ്പാനിലേക്ക് താമസം മാറി. തലപ്പാവും താടിയുമുള്ള ധവള വേഷധാരിയായി ടോക്കിയോയിലടക്കം വിവിധ നഗരങ്ങളിലെ തെരുവീഥികളിലൂടെ സഞ്ചരിച്ച് ആളുകളെ നേരിന്റെ പാതയിലേക്കു ക്ഷണിക്കുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു അദ്ദേഹം നിര്‍വഹിച്ചത്. വിവിധ ഭാഷകളില്‍ സത്യസാക്ഷ്യ വചനമെഴുതിയ പ്രത്യേക കാര്‍ഡുകള്‍ അടിച്ചിറക്കി വിതരണം ചെയ്യുക എന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നു. ഈ കാര്‍ഡുകള്‍ ഒന്നിലധികം തവണ എനിക്കും അദ്ദേഹം തന്നിട്ടുണ്ടായിരുന്നു.
മദ്യശാലകളിലും തിയേറ്ററുകളിലും കടകമ്പോളങ്ങളിലും കയറിയിറങ്ങി ആളുകളെ തന്റെ ഓരം ചേര്‍ത്തുനിര്‍ത്താനും മതകീയ പാഠങ്ങള്‍ അവര്‍ക്കു പകര്‍ന്നുനല്‍കാനും അദ്ദേഹത്തിനു സാധിച്ചു. വെറും മൂന്ന് പള്ളികള്‍ മാത്രമുണ്ടായിരുന്ന ജപ്പാനില്‍ തന്റെ ദഅ്‌വത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും ഫലമായി ഇരുനൂറിലധികം പള്ളികള്‍ തലയുയര്‍ത്തി. തലസ്ഥാന നഗരിയില്‍ തന്നെ ബഹുമുഖ പദ്ധതികള്‍ക്കായി ഇസ്‌ലാമിക് സെന്ററും സ്ഥാപിച്ചു. ഔദ്യോഗികമായി അവിടെ ഇമാമുമായിരുന്നു അദ്ദേഹം.
1981-ല്‍ ചൈനയില്‍ പ്രത്യേക അനുമതിയോടെ ഇരുപതിനായിരത്തിലധികം വിശുദ്ധ ഗ്രന്ഥം വിതരണം ചെയ്യാനും അദ്ദേഹത്തിനു സുവര്‍ണാവസരം ലഭിച്ചു.
സര്‍വ ശക്തന്‍ ശൈഖ് ഖലീല്‍ അവര്‍കളുടെ സേവനങ്ങളത്രയും സ്വീകരിക്കട്ടെ, പാരത്രിക ജീവിതം ധന്യമാക്കട്ടെ, നല്ലൊരു പകരക്കാരനെ നല്‍കി ഉമ്മത്തിനെ അനുഗ്രഹിക്കട്ടെ.
نسأل الله المولى جل ذكره ان يحف الشيخ المرحوم نعمة الله خليل بشآبيب عفوه وغفرانه وان يجمعنا وإياه في فراديس جنانه وان يلهم اهله وعياله وأشقاءه وزملاءه الصبر والسلوان، إنا لله وإنا إليه راجعون
Dr: bahahudheen nadwi
Post a Comment