“ആദ്യം മുസ്ലിമാവുക പിന്നെ മുസ്ലിം ലീഗാവുക” ബാഫഖി തങ്ങൾ സദാ ഉണർത്തിയ കാര്യം


ഖായിദുൽ ഖൗം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ മുസ്ലിം ലീഗ് പ്രവർത്തകരോട് സദാ ഉണർത്തിയിരുന്ന ഒരു കാര്യം, നിങ്ങൾ ആദ്യം മുസ്ലിമാവുക പിന്നെ മുസ്ലിം ലീഗാവുക എന്നതായിരുന്നു. വിശുദ്ധ പ്രവാചകൻ (സ്വ.അ) യുടെ പരമ്പരയിൽ പെട്ട ആൾ എന്ന നിലയിൽ പ്രവാചക മാതൃക ജീവിതത്തിലുടനീളം പകർത്തിയ ബാഫഖി തങ്ങൾ, തിരു നബി(സ്വ.അ.)യുടെ ഏതാണ്ടെല്ലാ ഗുണഗണങ്ങളും ഒത്തു ചേർന്ന നേതാവ് കൂടിയായിരുന്നു. പ്രവാചകത്വത്തിന് മുമ്പ് തിരുമേനിയും ഒരു കച്ചവടക്കാരനായിരുന്നുവല്ലോ. ശത്രുക്കൾ പോലും വിശ്വസ്തനെന്ന് വിളിച്ച നബി (സ്വ.അ) യുടെ സ്വഭാവ വൈശിഷ്ട്യങ്ങളിൽ പെട്ട സത്യ സന്ധത, ത്യാഗ സന്നദ്ധത, ദീനദയാലുത്വം, അനാഥരിലും ആലംബഹീനരിലുമുള്ള അനുകമ്പ എന്നിവ കൂടാതെ തൻറെ സൃഷ്ടാവിന് 'ഇബാദത്ത്' ചെയ്യാൻ ശാരീരികമായ എന്ത് അവശതയുണ്ടായാലും യാതൊരു വൈമുഖ്യവും കാണിക്കാത്ത പ്രവാചക പുംഗവരുടെ അതേ മാതൃക തന്നെയായിരുന്നു മഹാനായ ബാഫഖി തങ്ങളും ജീവിതത്തിൽ പുലർത്തിയിരുന്നത്.

എത്ര വലിയ തിരക്കുകളുണ്ടായാലും പതിവായുള്ള സുന്നത്ത് നമസ്കാരം പോലും ഒഴിവാക്കാൻ കൂട്ടാക്കാത്ത തങ്ങൾ, അതി കഠിനമായ ശാരീരിക വല്ലായ്മകളുണ്ടായാലും ഇതിന് യാതൊരു മാറ്റവും വരുത്തിയിരുന്നില്ല.

 മുസ്ലിം ലീഗ് സംഘടനയുടെ പല തീരുമാനങ്ങളും തങ്ങൾ പ്രഖ്യാപിക്കുന്നത് രണ്ട് റകഅത്ത് സുന്നത്ത് നിസ്കാരം നിർവ്വഹിച്ചതിന് ശേഷമായിരുന്നു. മാത്രമല്ല, സങ്കീർണ്ണമായ രാഷ്രീയ കാലാവസ്ഥയിലും സ്വത സിദ്ധമായ ശൈലിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള നൈപുണ്യം തങ്ങൾക്ക് ലഭിച്ചത് ഈ അടിയുറച്ച ദൈവ ഭക്തി തന്നെയായിരുന്നുവെന്ന് തങ്ങളുടെ സന്തത സഹചാരികളായവർ പലരും  സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പ്രഥമ നിയമ സഭ തെരഞ്ഞെടുപ്പ് നടന്ന 1957 മുതൽ അദ്ദേഹം വിട പറഞ്ഞ 1973 വരെയുള്ള കാലത്ത് കേരള രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും, സമുദായത്തിനും സമൂഹത്തിനും ഗുണകരമാകുന്ന തരത്തിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് ബാഫഖി തങ്ങളുടെയും മറ്റ് സാത്വികരായ മഹദ് വ്യക്തിത്വങ്ങളുടെയും ഈ വിശ്വാസ ദൃഢതയുടെ ഫലം കൊണ്ട് തന്നെയായിരുന്നു. വിമോചന സമരത്തിൻറെ വിജയം, സീതി സാഹിബിനും സി.എച്ചിനും ലഭിച്ച സ്പീക്കർ പദവി, 1967 ലെ സപ്തകക്ഷി മുന്നണി രൂപീകരണവും അത് വഴി മുസ്ലിം ലീഗ് മന്ത്രിമാരുടെ സത്യ പ്രതിജ്ഞ, പിന്നീട് അച്യുത മേനോനെ മുഖ്യമന്ത്രിയാക്കുന്നതടക്കം സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുന്ന വേളയിലെല്ലാം തങ്ങൾ രണ്ട് റകഅത്ത് സുന്നത്ത് നിസ്കാരം നിർവ്വഹിച്ചിരുന്നു എന്ന് രാഷ്ട്രീയ എതിർ ചെരിയിലുള്ള ആളുകൾ പോലും പിന്നീട് പറഞ്ഞിട്ടുണ്ട്.

ബി.വി.അബ്ദുല്ലക്കോയ സാഹിബ് ആദ്യമായി രാജ്യ സഭയിലേക്ക് മത്സരിക്കുന്ന വേളയിൽ സംഘടനാ പരമായ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും രണ്ട് വിഭാഗങ്ങളായി ബാഫഖി തങ്ങളെ സമീപിച്ചു. രണ്ട് റകഅത്ത് നിസ്കരിച്ച് വരട്ടെ. എല്ലാവർക്കും തൃപ്തികരമായ തീരുമാനം വരും എന്നാണ് തങ്ങൾ അവരോട് പറഞ്ഞത്. യാത്രയിലുടനീളം മുസല്ലയും വുളു ചെയ്യാനുള്ള വെള്ളപ്പാത്രവും കൊണ്ട് നടക്കാറുള്ള ബാഫഖി തങ്ങൾ, ഫർള് നിസ്കാരത്തെപ്പോലെത്തന്നെ 'തഹജ്ജുദ്' അടക്കമുള്ള സുന്നത്ത് നിസ്കാരവും മുറ തെറ്റാതെ നിർവ്വഹിക്കുന്നയാളായിരുന്നു.

ബാങ്ക് വിളി കേട്ടാൽ സ്ഥലം ഏതെന്നു പോലും നോക്കാതെ നിസ്കാരം നിർവ്വഹിക്കാൻ ധൃതി കൂട്ടുന്ന തങ്ങൾ, ഒരിക്കൽ കഥകളി ക്ലാസ്സ് നടക്കുന്ന സ്ഥലത്ത് പോയി നിസ്കരിച്ച കാര്യം കലാമണ്ഡലം കൃഷ്ണൻ നായർ അനുസ്മരിച്ചിട്ടുണ്ട്. മുസ്ലിം ലീഗിൻറെ ദേശീയ പ്രസിഡണ്ടായി തിരഞ്ഞെടുത്ത ബാഫഖി തങ്ങൾക്ക് ബോംബയിൽ നൽകിയ സ്വീകരണ ഘോഷ യാത്രക്കിടയിൽ ബാങ്ക് വിളി കേട്ടപ്പോൾ ഘോഷ യാത്ര തന്നെ നിർത്തി വെച്ച് എല്ലാവരെയും പള്ളിയിലേക്ക് കൊണ്ടു പോയത് ഇന്നത്തെ തലമുറക്ക് ഒരു പാഠമാണ്. ബാഫഖി തങ്ങളെ നിഴൽ പോലെ പിന്തുടർന്ന പ്രമുഖ പത്ര പ്രവർത്തകൻ എം. അലിക്കുഞ്ഞി സാഹിബ് ഹൃദയ സ്പർശിയായ ഒരു സന്ദർഭത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ഒരിക്കൽ തിരുവനന്തപുരം എം.എൽ.എ. ക്വാട്ടേഴ്സിൽ കഴിയവെ പനി ബാധിതനായ ബാഫഖി തങ്ങൾ, വളരെയേറെ കഷ്ടപ്പെട്ട് മഗ്രിബ്, ഇഷാ നിസ്കാരങ്ങളും ഹദ്ദാദ്‌ അടക്കമുള്ള പതിവ് ദിക്റുകളും കഴിഞ്ഞ് നരങ്ങിയും ഉരുണ്ടുമാണ് ഉറങ്ങിയത്. അർദ്ധ രാത്രിയിൽ ഉണർന്നത് കണ്ട് സ്വുബ്ഹിയാണെന്ന് കരുതി വുളു എടുത്ത് വന്ന അലിക്കുഞ്ഞി സാഹിബിനോട് സ്വുബ്ഹിയുടെ നേരമായില്ല എന്ന് തങ്ങൾ പറഞ്ഞു. വളരെ അവശതയോടെ തഹജ്ജുദ് നിസ്കരിച്ച തങ്ങൾ അൽപ്പം ഉറങ്ങി  സ്വുബ്ഹിക്ക് എഴുന്നേറ്റ് ഏറെ പ്രയാസപ്പെട്ട് തന്നെ ജമാഅത്തായി സ്വുബ്ഹിയും നിസ്കരിച്ച് കഴിഞ്ഞപ്പോൾ, സങ്കടത്തോടെ അലിക്കുഞ്ഞി സാഹിബ് നീര് വന്ന്‌ വണ്ണം വെച്ച തങ്ങളുടെ കാലിലേക്ക് നോക്കി. ഇത് കണ്ട തങ്ങൾ 'നോക്കാനൊന്നുമില്ല, അത് വിങ്ങുകയും ചുരുങ്ങുകയും ഒക്കെ ചെയ്യും' എന്നായിരുന്നു പുഞ്ചിരിച്ചു കൊണ്ട്  അലിക്കുഞ്ഞി സാഹിബിനോട് പറഞ്ഞത്. നന്ദിയുള്ള അടിമയാവാനായി, രാത്രി മുഴുവൻ നിന്ന് നിസ്കരിച്ച് കാലിൽ നീര് വന്ന വിശുദ്ധ പ്രവാചകൻറെ ചരിത്രമായിരുന്നു ആ സമയത്ത് എനിക്ക് ഓർമ്മ വന്നത് എന്നാണ് ഈ സംഭവത്തെപ്പറ്റി ആലിക്കുഞ്ഞി സാഹിബ് എഴുതിയത്. പ്രവാചക ചര്യ ജീവിതത്തിലുടനീളം പകർത്താൻ സാധ്യമാവുന്നതെല്ലാം ബാഫഖി തങ്ങൾ ചെയ്തു എന്നത് തന്നെയാണ് അദ്ദേഹത്തെ സർവ്വരാലും ആദരിക്കപ്പെട്ട നേതാവാക്കിയത്.
 പഠിക്കാം നമുക്ക് ബാഫഖി തങ്ങളെ.