ബാഫഖി തങ്ങൾ: നിയമ പാലകരും സന്നദ്ധ സംഘടനാ നേതാക്കളും പരാജയപ്പെട്ടിടത്ത് പോലും സമാധാനം പുന: സ്ഥാപിക്കാൻ രംഗത്തിറങ്ങി വിജയം വരിച്ച ആത്മീയ രംഗത്തെ അനുഗ്രഹീത നേതൃത്വം
ആത്മീയ രംഗത്തും അനുഗ്രഹീത നേതൃത്വം.....
മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻറെ അമരത്ത് നിൽക്കുമ്പോൾ തന്നെ ആത്മീയ രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു ബാഫഖി തങ്ങൾ. 1926 ൽ രൂപീകൃതമായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ പ്രാരംഭ കാലം മുതൽ തന്നെ സംഘടനയുമായി ബന്ധപ്പെട്ടു വന്ന തങ്ങൾ, സമസ്തയുടെ സ്ഥാപക പ്രസിഡണ്ടും തൻറെ അമ്മാവനുമായ, വരക്കൽ മുല്ലക്കോയ തങ്ങളുടെ വേർപാടിന് ശേഷം 1932 ലാണ് സമസ്തയുടെ പ്രവർത്തന രംഗത്ത് സജീവമാവുന്നത്. 1945 ൽ എടരിക്കോട് ചേർന്ന സമസ്ത മുശാവറ യോഗ തീരുമാന പ്രകാരം ഉന്നത നിലവാരത്തിലുള്ള ദർസ്സ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്താൻ, വാഴക്കാടുള്ള 'ദാറുൽ ഉലൂം' സന്ദർശിക്കാൻ മുശാവറ നിയോഗിച്ച പ്രതിനിധി സംഘത്തിൻറെ നേതാവായി ബാഫഖി തങ്ങളെയായിരുന്നു നിശ്ചയിച്ചത്.
1945 ൽ തന്നെ നടന്ന സമസ്തയുടെ കാര്യവട്ടം സമ്മേളനത്തിൽ വെച്ച് കേരളത്തിൽ മദ്രസ പ്രസ്ഥാനത്തിൻറെ ആവശ്യകത വിശദീകരിച്ച് കൊണ്ട് ബാഫഖി തങ്ങൾ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗമാണ് യഥാർത്ഥത്തിൽ ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് രൂപീകരണത്തിന് പ്രചോദനമായത്. 1949 സപ്തംബർ ഒന്നിന് ചേർന്ന സമസ്തയുടെ മുശാവറ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത് മുശാവറ മെമ്പർ പോലുമല്ലാത്ത ബാഫഖി തങ്ങളായിരുന്നു. അന്നത്തെ സമസ്ത പ്രസിഡണ്ട് അബ്ദുൽ ബാരി ഉസ്താദും വൈസ്. പ്രസിഡണ്ട് പറവണ്ണ ഉസ്താദും ചേർന്ന് അവതരിപ്പിച്ച പ്രമേയത്തിലൂടെയായിരുന്നു തങ്ങളെ അദ്ധ്യക്ഷനായി തീരുമാനിച്ചത്. ഈ യോഗത്തിൽ വെച്ചാണ് കേരളത്തിലെ എല്ലാ മഹല്ലുകളിലും മദ്‌റസകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു ഫുള്‍ടൈം ഓര്‍ഗനൈസര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചത്.
1951 മാർച്ച് മാസം വടകരയിൽ ചേർന്ന സമസ്ത സമ്മേളനത്തിൽ വെച്ച് പ്രഖ്യാപിച്ച വിദ്യാഭ്യാസ ബോർഡിൻറെ പ്രഥമ കമ്മിറ്റി നിലവിൽ വന്നത് അതേ വർഷം സപ്തംബർ 17 നായിരുന്നു. ഈ കമ്മിറ്റിയുടെ ട്രഷറർ സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട ബാഫഖി തങ്ങൾ മരണം വരെ ആ പദവിയിൽ തന്നെ തുടർന്നു. പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിക്കോളേജിൻറെ ശിൽപ്പികളിൽ പ്രമുഖനായ തങ്ങൾ, പ്രാദേശിക തലത്തിലും ഒട്ടേറെ മത വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിനും നേതൃ പരമായ പങ്ക് വഹിച്ചിട്ടുണ്ട്. 1962-ല്‍ മുശാവറ തീരുമാനപ്രകാരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അറബിക് കോളേജ് കമ്മിറ്റി രൂപീകൃതമായപ്പോള്‍ ബാഫഖി തങ്ങള്‍ തന്നെയായിരുന്നു പ്രസിഡണ്ട്. മുസ്ലിംകൾ വിദ്യാഭ്യാസ പരമായി ഉയർച്ച കൈവരിക്കണമെന്ന് അതിയായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്ത തങ്ങൾ, എം.ഇ.എസിന്റെ ആരംഭ കാലത്ത് അകമഴിഞ്ഞ് സഹായിക്കുകയും, സഹകരിക്കുകയും ചെയ്തിരുന്നു. എന്നാൽ എം. ഇ. എസിൻറെ ചില നിലപാടുകൾക്കെതിരെ സമസ്ത മുശാവറ തീരുമാനമെടുത്തപ്പോള്‍ ആ സംഘടനയിൽ നിന്നും ആദ്യമായി അംഗത്വം ഒഴിയുന്നതും ബാഫഖി തങ്ങൾ തന്നെയായിരുന്നു.
സുന്നീ പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനായി നിൽക്കുമ്പോൾ തന്നെ, മുസ്ലിംകളെല്ലാം ഒരൊറ്റ 'ജമാഅത്തായി' നില കൊള്ളണമെന്ന ആശയക്കാരനായിരുന്നു ബാഫഖി തങ്ങൾ. ഇതിന് തങ്ങൾ കണ്ട ഏറ്റവും വലിയ പ്രതലം മുസ്ലിം ലീഗ് പ്രസ്ഥാനം തന്നെയായിരുന്നു. തങ്ങളുടെ ലീഗിലേക്കുള്ള കടന്നു വരവ് പോലും ഈ ആശയത്തിൻറെ പ്രതിഫലനമായിരുന്നു. സമസ്തയുടെ ആലിമീങ്ങളെപ്പോലെ തന്നെ, മുജാഹിദ് പ്രസ്ഥാനത്തിൻറെ പണ്ഡിതന്മാരും ബാഫഖി തങ്ങളുടെ ഉറ്റ മിത്രങ്ങളായിരുന്നു. ഖുത്വുബി മുഹമ്മദ് മുസ്ലിയാരും കെ.എം.മൗലവിയും രണ്ട് വ്യത്യസ്ത ആശയക്കാരായ പണ്ഡിതന്മാരാണെങ്കിലും പലപ്പോഴും കൊയിലാണ്ടിയിലെ ബാഫഖി തങ്ങളുടെ വസതിയിലെ താമസക്കരുമായിരുന്നു. എം.കെ. ഹാജി സാഹിബ് തങ്ങളുടെ കൂടെ പള്ളിയിലെ ഇഷാ നിസ്കാരത്തിന് ശേഷം സുന്നികൾ മാത്രം ചെയ്തു വരാറുള്ള 'ഹദ്ദാദ്' റാത്വീബിൽ കൂടി പങ്കെടുത്തിരുന്നത് ബാഫഖി തങ്ങളോടുള്ള ബഹുമാനാർത്ഥം തന്നെയായിരുന്നു. 'മുജാഹിദു'കളുടെ നേതൃത്വത്തിൽ തിരൂരങ്ങാടിലെ യതീം ഖാനയോടനുബന്ധിച്ചുള്ള പള്ളി തറക്കല്ലിടാൻ ബാഫഖി തങ്ങളെ ക്ഷണിച്ചതും, തങ്ങൾ അത് നിർവ്വഹിച്ചതും ഈ ബന്ധത്തിൻറെ സ്പഷ്ടമായ ഉദാഹരണമാണ്.
കേരള സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ടായി ബാഫഖി തങ്ങളെ നിർദ്ദേശിച്ചത് മുജാഹിദ് പണ്ഡിതനായിരുന്ന കെ. എം. മൗലവിയായിരുന്നു. ആ കമ്മിറ്റിയിൽ മരണം വരെ വൈസ്. പ്രസിഡണ്ടായി പ്രവർത്തിച്ചത് അതേ കെ.എം. മൗലവി സാഹിബ് തന്നെയിയാരുന്നു... സമുദായ സൗഹാർദ്ദം ഊട്ടിയുറപ്പിച്ച നേതാവ്......
ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളിൽ അടിയുറച്ചു ജീവിച്ച ബാഫഖി തങ്ങൾ, എല്ലാ മത വിശ്വാസികളോടും സ്നേഹവും സഹിഷ്ണുതയും അനുവർത്തിച്ച നേതാവായിരുന്നു. സമുദായ സൗഹാർദ്ദത്തിന് കോട്ടം തട്ടുന്ന ഘട്ടങ്ങളിലെല്ലാം സമാധാന ദൂതുമായി ഓടിയെത്തുന്ന ബാഫഖി തങ്ങൾ, നിയമ പാലകരും സന്നദ്ധ സംഘടനാ നേതാക്കളും പരാജയപ്പെട്ടിടത്ത് പോലും സമാധാനം പുന: സ്ഥാപിക്കാൻ രംഗത്തിറങ്ങി വിജയം വരിച്ച ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. പയ്യോളിയിലും നടുവട്ടത്തും മണത്തലയിലും അങ്ങാടിപ്പുറത്തും തലശ്ശേരിയിലുമെല്ലാം വിവിധ കാലങ്ങളിൽ സാമുദായിക സംഘർഷങ്ങളും കലാപങ്ങളും, നടമാടിയപ്പോൾ, ശരി തെറ്റുകൾ വേർതിരിക്കുന്നതിനപ്പുറം കലാപം ശമിപ്പിക്കുന്നതിന് മുഖ്യ പരിഗണന നൽകി അസാമാന്യ ധൈര്യത്തോടെ കലാപ മേഖലയിൽ കയറിച്ചെന്ന് സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ചരിത്രമാണ് ബാഫഖി തങ്ങളുടേത്.
ഒരു കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു 'മുട്ടിപ്പോക്ക്'. പള്ളിയുടെ സമീപത്ത് കൂടി പ്രകോപന പരമായ രീതിയിൽ വാദ്യ മേളങ്ങളോടെയുള്ള യാത്രകൾ നടത്തി മുസ്ലിംകളെ പ്രകോപിപ്പിച്ച് സംഘർഷമുണ്ടാക്കുക എന്നതായിരുന്നു വർഗ്ഗീയ വാദികളുടെ 'മുട്ടിപ്പോക്ക്' കൊണ്ടുള്ള ഉദ്ദേശ്യം. ഇത് നാട്ടിൻറെ സമാധാനാന്തരീക്ഷം തകർക്കുകയും വലിയ തോതിലുള്ള ആളപായവും സ്വത്തു വകകളുടെ നശീകരണവും സംഭവിക്കുകയും ചെയ്തു. ഇതിനൊരു പരിഹാരം തേടിക്കൊണ്ട് ബാഫഖി തങ്ങൾ നേരിട്ട് പോയി 'മുട്ടിപ്പോക്ക്' നടത്തുന്നവരോട് സമാധാനത്തിനായി അഭ്യർത്ഥിച്ചു. 'മുട്ടിപ്പോക്ക്' ഇസ്ലാമിക ദൃഷ്ട്യാ തെറ്റെല്ലന്നും, അത് ഇതര മതസ്ഥരുടെ ആരാധനാലയത്തിന് സമീപത്ത് കൂടിയാവുന്നത് നല്ല പ്രവൃത്തിയല്ലല്ലോ എന്നുമുള്ള ബാഫഖി തങ്ങളുടെ സ്വത സിദ്ധമായ ശൈലിയിലുള്ള വാക്കുകളാണ് 'മുട്ടിപ്പോക്ക്' എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ അത് നടത്തിയവരെ പ്രേരിപ്പിച്ചത് എന്നതാണ് യാഥാർത്ഥ്യം.
പയ്യോളിയിലെ സംഘർഷം ഒരു ഗോവധ വിരുദ്ധ സമരവുമായി ബന്ധപ്പെട്ടാണ് ഉടലെടുത്തത്. അതി രൂക്ഷമായ കലാപം നടന്ന ഇവിടെയും ബാഫഖി തങ്ങളുടെ ശക്തമായ ഇടപെടലുകളിലൂടെയാണ് പരിപൂർണ്ണ സമാധാനം കൈവരിച്ചത്. സി.എച്ച്. മുഹമ്മദ് കോയ സാഹിബിനെയും കൂട്ടി പയ്യോളിയിൽ എത്തിയപ്പോൾ പോലീസുകാർ തടഞ്ഞു. എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ്, അത് കൊണ്ട് തങ്ങൾ തിരിച്ചു പോവണമെന്ന് പോലീസുകാർ നിർദ്ദേശിച്ചു. എന്നാൽ തങ്ങൾ കൂട്ടാക്കിയില്ല. തങ്ങളുടെ ആവശ്യപ്രകാരം ഒരു തുറന്ന ജീപ്പും മൈക്കും പോലീസുകാർ തങ്ങൾക്ക് നൽകി. ഹിന്ദുക്കളും മുസ്ലിംകളും താമസിക്കുന്നയിടങ്ങളിൽ ബാഫഖി തങ്ങൾ മൈക്കിലൂടെ ആയുധം താഴെ വെക്കാൻ കരഞ്ഞു പറഞ്ഞു. തങ്ങളുടെ കരച്ചിലിന് ഫലമുണ്ടായി. ഗാന്ധിയന്മാരായ വലിയ ആളുകൾ പറഞ്ഞിട്ടും കേൾക്കാത്ത ജനത, ബാഫഖി തങ്ങളുടെ വാക്കുകൾ അനുസരിച്ചു. ജീവ ഹാനി വരെ സംഭവിച്ച പ്രസ്തുത കലാപം ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ നടത്തിയ സമാധാന പ്രവർത്തനത്തിലൂടെയാണ് അവസാനിച്ചത്.
ഇരു വിഭാഗം ജനങ്ങൾ പരസ്പരം പോരടിച്ച മണത്തലയിൽ സമാധാനം പുന: സ്ഥാപിക്കുന്നതിനായി ചാവക്കാട് ഗസ്റ്റ് ഹൗസിൽ സർവ്വ കക്ഷി യോഗം നടക്കുമ്പോൾ അസ്വർ ബാങ്ക് വിളിച്ചു. വുളുവെടുക്കാൻ ചെന്ന ബാഫഖി തങ്ങൾ, വെള്ളമില്ലാതെ തിരിച്ചു വന്നു. ഇതറിഞ്ഞ ജന സംഘം പ്രവർത്തകർ സമീപ വീട്ടിൽ നിന്നും ഉടനെ വെള്ളം കൊണ്ട് വന്ന് ബാഫഖി തങ്ങൾക്ക് വുളുവെടുക്കാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ.കേളപ്പൻ ഇടപെട്ടിട്ട് പോലും അയവ് വരാതിരുന്ന സംഘർഷം ബാഫഖി തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് കെട്ടടങ്ങി എന്നതാണ് വാസ്തവം. അങ്ങാടിപ്പുറത്ത് നടന്ന സംഘർഷാഗ്നിയെ കെടുത്താനും ബാഫഖി തങ്ങൾ തന്നെയാണ് മുന്നിട്ടിറങ്ങിയത്.
1971 ഡിസംബർ മാസം അവസാനം നടന്ന തലശ്ശേരി കലാപം, അക്ഷരാർത്ഥത്തിൽ മുസ്ലിംകളെ സാമ്പത്തികമായി തകർക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി നടത്തിയ ഒന്നായിരുന്നു. ആർ.എസ്.എസിനെ പോലെത്തന്നെ മാർക്സിസ്റ്റ് പാർട്ടിക്കും ഈ കലാപത്തിൽ പങ്കുള്ളതായി കലാപത്തെ പറ്റി അന്വേഷിച്ച ജസ്റ്റിസ്: ജോസഫ് വിതയത്തിൽ കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംഘർഷത്തിൽ കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് മുസ്ലിംകൾക്ക് നേരിടേണ്ടി വന്നത്. ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ സമാധാനത്തിൻറെ സന്ദേശവുമായി ബാഫഖി തങ്ങൾ രംഗത്തിറങ്ങി. കലാപ ബാധിതർക്ക് സാന്ത്വനവുമായി കേയീ സാഹിബും വി.പി. മഹമൂദ് ഹാജി സാഹിബും ഓടി നടന്നു. മുസ്ലിം ലീഗിന് കൂടി പങ്കാളിത്തമുള്ള ഭരണമായത് കൊണ്ട് തന്നെ ഗവർമ്മെണ്ടിൻറെ എല്ലാ മിഷനറിയും ഉപയോഗിച്ച് അടിച്ചമർത്തിയ കലാപത്തിൽ സർവ്വം നഷ്ടപ്പെട്ടവർക്ക് സർക്കാറിൻറെ ഭാഗത്ത് നിന്നും അർഹമായ ധന സഹായം കൂടി നേടിക്കൊടുത്തത് തങ്ങളുടെ ഇടപെടൽ കൊണ്ടായിരുന്നു. ഇത് സംബന്ധിച്ച് പ്രമുഖ പത്ര പ്രവർത്തകനായിരുന്ന എ. പി. ഉദയഭാനു ഇങ്ങിനെയാണ് എഴുതിയത്. "കേരളത്തെ മുഴുവൻ ചാമ്പലാക്കാൻ കഴിയുമായിരുന്ന അഗ്നിയാണ് തലശ്ശേരിയിൽ കത്തിക്കൊണ്ടിരുന്നത്. എന്നാൽ അത് മറ്റെങ്ങും പടരാതെ അവിടെത്തന്നെ കെട്ടടങ്ങിയെങ്കിൽ അതിന് കേരളം കടപ്പെട്ടിരിക്കുന്നത് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളോട് മാത്രമാണ്.".
Post a Comment