ഇഖ്വാനീ ധാരകൾ തീർത്ത തീവ്രതയുടെ വഴികൾ - സയ്യിദ് ഖുത്ബും തക്ഫീരിസവും

തക്ഫീരിസം ഐ.എസ് ചരിത്രത്തിലെ പ്രശ്നം പിടിച്ചൊരു പദപ്രയോഗമാണ് . സലഫിസ്റ്റ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടാണ് ഇതിന്റെ ഉത്ഭവമെങ്കിലും ഇഖ്വാനി ബുദ്ധിജീവി സയ്യിദ് ഖുതുബ് രാഷ്ട്രീയ ഇസ്ലാം എന്ന തന്റെ കാഴ്ചപ്പാട് വിവരിക്കുന്നിടത്ത് വ്യാപകമായി ഇത് ഉപയോഗിച്ചത് കാണാം . അദ്ദേഹമാണ് മതവുമായി ബന്ധപ്പെട്ട് സലഫിസം ഉപയോഗിച്ച് ഈയൊരാശയത്തെ പൊളിറ്റിക്കൽ തക്ഫീരിസം എന്നൊരു തലത്തിലേക്കു വികസിപ്പിക്കുന്നത് . ഇസ്ലാമിക് സ്റ്റേറ്റ് എന്ന തങ്ങളുടെ പ്രഖ്യാപിത നയം നേടിയെടുക്കുന്നതിനു വിഘാതം നിൽക്കുന്നവരെയോ എതിർക്കുന്നവരെയോ മതത്തിൽനിന്നും ഭ്രഷ്ട് കൽപിച്ചു പുറത്തുനിറുത്തി അവർക്കെതിരേ നിയമ നടപടി സ്വീകരിക്കുന്ന ഒരു രീതിയാണിത് . ഐ.എസും സയ്യിദ് ഖുതുബിന്റെ തീവ്ര ഇഖ്വാനിസവും പരസ്പരം സംഗമിക്കുന്നത് ഇവിടെനിന്നാണ് . ഹസനുൽ ബന്ന ( 1906-1949 ) യുടെ നേതൃത്വത്തിൽ ഈജിപ്തിൽ ഉയർന്നുവന്ന ഇഖ്വാനുൽ മുസ്ലിമീന്റെ പ്രത്യയശാസ്ത്ര വേരുകൾ ചെന്നുമുട്ടുന്നത് ജമാലുദ്ദീൻ അഫ്ഗാനിയിലേക്കും മുഹമ്മദ് അബയിലേക്കുമാണെന്നു കാണാം .

തീവ്രസലഫിസത്തിന്റെ സൈദ്ധാന്തിക വേരുകൾ അന്വേഷിക്കുമ്പോഴും ഇതേ വഴിയിലൂടെത്തന്നെയാണ് കടന്നുപോകുന്നത് . റശീദ് രിദയിലൂടെ അത് പൊട്ടിമുളച്ചപ്പോൾ സലഫിസമായും ഹസനുൽ ബന്നയിലൂടെ കിളിർത്തപ്പോൾ പൊളിറ്റിക്കൽ ഇസ്ലാമികമായും ഇഴ പിരിയുകയായിരുന്നുവെന്നു മാത്രം . അതുകൊണ്ടുതന്നെ , തീവ്ര മതാവേശത്തിന്റെ പഴയകാല സൈദ്ധാന്തികരായ ഇബ് അബ്ദിൽ വഹാബിലേക്കും ഇങ് തൈമിയയയിലേക്കും അതിനുള്ള ബന്ധം വിവരിക്കേണ്ടതായി വരുന്നില്ല . ഈജിപ്തിലെ രാഷ്ട്രീയ ഇസ്ലാമിസവും സഊദിയിലെ യാഥാസ്ഥിക സലഫിസവും പരസ്പരം സമ്മേളിച്ചപ്പോൾ ഇന്നത്തെ ഐ.എസ് പോലെയുള്ള തീവ്ര ഗ്രൂപ്പുകൾക്ക് വളരാൻ സാഹചര്യം പാകപ്പെടുത്തിയ ഒരു നവസലഫിസം രൂപപ്പെടുകയായിരുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട നിരീക്ഷകർ വ്യക്തമാക്കുന്നത് . ഇതോടെ ഈജിപ്തിൽനിന്നും ഉയർന്നുവന്ന പൊളിറ്റിക്കൽ ഇസ്ലാം കൂടുതൽ യാഥാസ്ഥികമാവുകയും ( കൺസർവേറ്റീവ് ) സഊദിയിലെ യാഥാസ്ഥിക സലഫിസം കൂടുതൽ രാഷ്ട്രീയവൽകരിക്കപ്പെടുകയുമായിരുന്നു.
ഈജിപ്തിന്റെ പശ്ചാത്തലത്തിൽ സയ്യിദ് ഖുതുബ് ( 1906-1966 ) തുറന്നുവച്ച തക്ഫീർ സിദ്ധാന്തങ്ങൾ ഐ.എസ് പോലെയുള്ള ' ജിഹാദി ' ഗ്രൂപ്പുകളെ ആഴത്തിൽ സ്വാധീനിച്ചതായി കാണാം . അതുകൊണ്ടുതന്നെ ആശയപരമായി സലഫിയും പ്രവർത്തന രീതികൊണ്ട് ഇഖ്വാനിയുമാണ് ഐ.എസ് എന്ന് നാം മുൻപ് വ്യക്തമാക്കിയിട്ടുണ്ട് . ഹസനുൽ ബന്ന കഴിഞ്ഞാൽ ഇഖ്വാന്റെ പ്രമുഖ നേതാക്കളിലൊരാളാണ് സയ്യിദ് ഖുതുബ് . തന്റെ അമേരിക്കൻ വാസം കഴിഞ്ഞുവന്ന ശേഷം ഇഖ്വാനുമായി വളരെ അടുത്തിരുന്ന അദ്ദേഹം ഇസ്ലാമിക് സ്റ്റേറ്റ് , രാഷ്ട്രീയ ഇസ്ലാം തുടങ്ങിയ സങ്കൽപങ്ങൾക്ക് ആയുധങ്ങൾ ഒരുക്കുകയായിരുന്നു 1950-60 കാലയളവിൽ . കാപ്പിറ്റലിസം , കമ്യൂണിസം പോലെയുള്ള പ്രത്യയശാസ്ത്രങ്ങൾക്ക് ലോകത്തെ മുന്നോട്ടു നയിക്കാൻ കഴിയില്ലെന്നും അധികാര ധ്വനിയോടെയുള്ള രാഷ്ട്രീയ ഇസ്ലാമിന്റെ കരങ്ങളിലാണ് ലോകത്തിന്റെ നിയന്ത്രണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം . രാഷ്ട്രീയ സാഹചര്യം ഒരുങ്ങിയതിനു ശേഷം മാത്രമേ മതപരമായ അനുഷ്ഠാനങ്ങൾ പോലും അദ്ദേഹത്തിനു മുമ്പിൽ ചർച്ചയായുള്ളൂ . നിലവിലെ സാഹചര്യങ്ങളെ ജാഹിലിയ്യ ( അന്ധകാരം ) എന്നു വിശേഷിപ്പിച്ച അദ്ദേഹം ഹാകിമിയ്യ എന്ന ഇവ്വിഷയകമായ തന്റെ സിദ്ധാന്തം സ്ഥാപിക്കാൻ ഇറങ്ങിത്തിരിച്ചു.
സ്റ്റേറ്റ് എന്ന രാഷ്ട്രീയതലം ഒരുങ്ങിവരുമ്പോഴേ ഇസ്ലാമെന്ന ജീവിത വ്യവസ്ഥക്ക് സാധുതയൊരുങ്ങുന്നുള്ളൂ എന്ന് തെറ്റിദ്ധാരണയിൽനിന്നായിരുന്നു സയ്യിദ് ഖുതുബിന്റെ ഈയൊരു ആശയത്തിന്റെ ജന്മം . ഇതിലപ്പുറം സ്നേഹത്തിന്റെ ഒരു ഇസ്ലാമിക പ്രപഞ്ചമുണ്ടെന്നത് ഉൾകൊള്ളാൻ മനസ്സിലെ ' തീവ രാഷ്ട്രീയ ബോധം ' അദ്ദേഹത്തെ അനുവദിച്ചില്ല എന്നു വേണം മനസ്സിലാക്കാൻ . ഇസ്ലാമിലെ സാമൂഹിക നീതിയെക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ടെങ്കിലും പാശ്ചാത്യൻ പ്രത്യയശാസ്ത്രങ്ങളുടെ പാപ്പരത്തം തുറന്നുകാട്ടാനും അവയിൽനിന്നും ഭിന്നമായി സാമൂഹിക നീതിക്കു പ്രധാന്യം നൽകുന്ന ഒരു മതമായി ഇസ്ലാമിനെ ഉയർത്തിക്കാട്ടാനും മാത്രമാണ് അതിലൂടെ ശ്രമിക്കുന്നത് . ഇസ്ലാമിക പരമാധികാരവും മുസ്ലിം ദേശീയതയും സാധ്യമാക്കിയെടുക്കാൻ ഇസ്ലാമിക പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് അദ്ദേഹം വികസിപ്പിച്ചെടുത്ത രണ്ടു സിദ്ധാന്തങ്ങളായിരുന്നു ജാഹിലിയ്യ , ഹാകിമിയ്യ എന്നത് . താൻ സ്വപ്നം കാണുന്ന ഇസ്ലാമിക രാഷ്ട്രത്തിന് അതിലെ വിവിധ മത വംശ വിഭാഗങ്ങളോടുള്ള നിലപാട് നിർണയിക്കുന്നതാണ് ഈ രണ്ടു സിദ്ധാന്തങ്ങളും . തങ്ങളുടെ രാഷ്ട്രീയ ഇസ്ലാമിസം അംഗീകരിക്കാത്തവർ മുസ്ലിംകളാണെങ്കിലും അവരുടെ മേൽ തക്ഫീർ ചുമത്തി ഇല്ലായ്മ ചെയ്യണമെന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു .

തീവ്രതയുടെ പ്രത്യയശാസ്ത്രമായി ഇസ്ലാമിനെ അവതരിപ്പിക്കുന്ന ഈ രീതി അതിനെ മാലോകർക്കിടയിൽ തെറ്റിദ്ധരിപ്പിക്കാൻ മാത്രമേ ഉപകരിച്ചിട്ടുള്ളൂ . 1964 ൽ പ്രസിദ്ധീകരിക്കപ്പെട്ട മആലിം ഫിത്ത്വരീഖ് ( വഴിയടയാളങ്ങൾ ) എന്ന കൃതിയിലൂടെയാണ് സയ്യിദ് ഖുതുബ് തന്റെ തീവ്രതയുടെ രാഷ്ട്രീയ ബോധം വിവരിക്കുന്നത് . തീർത്തും സലഫി പരിസരത്തിൽനിന്നും വികസിച്ചുവന്ന ഇത് ത്വാഗൂത്ത് എന്ന ഖുർആനിക പദംകൊണ്ടാണ് വിശേഷിപ്പിക്കുന്നത് . നിലവിലെ ഭരണകൂടങ്ങളെല്ലാം അധർമത്തിന്റെ ഭരണകൂടങ്ങളാണെന്നും അതുകൊണ്ടുതന്നെ അതെല്ലാം തകർത്തെറിയപ്പെടേണ്ടതാണെന്നും അതിൽ അദ്ദേഹം ആഹ്വാനം ചെയ്യുന്നു . പശ്ചാത്തലത്തിൽനിന്നും അടർത്തിമാറ്റിയുള്ള ഖുർആനിക അധ്യാപനങ്ങളുടെ ഉപയോഗം വലിയ അപകടം തീർക്കുമെന്നത് തീർച്ചയാണ് . ഇസ്ലാമിനെ ജിഹാദിന്റെ പ്രതിരൂപമായി അവതരിപ്പിക്കുകയും അതിനെ കടന്നാക്രമണത്തിന്റെ പ്രത്യയശാസ്ത്രമായി ചിത്രീകരിക്കുകയുമാണ് ഇതിന്റെ ഓരോ വരികളിലൂടെയും അദ്ദേഹം ചെയ്യുന്നത് .

എതിരാളികളെ പിടികൂടി വകവരുത്താൻ ' തക്ഫീർ ' എന്ന എളുപ്പവഴികൂടി പരിചയപ്പെടുത്തുന്നതോടെ ഐ.എസ് പോലെയുള്ള തീവ്രകൂട്ടായ്മകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിന്താധാരയായി സയ്യിദ് ഖുതുബിന്റെ തീവ്ര ഇഖ്വാനിസം ഇവിടെ മാറുന്നു . തന്റെ ' ഫീ ളിലാലിൽ ഖുർആൻ ' ( ഖുർആന്റെ തണലിൽ ) എന്ന ഖുർആൻ വ്യാഖ്യാനവും ഈ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതായതുകൊണ്ടുതന്നെ മുസ്ലിം ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ഇസ്ലാമിക രാജ്യം പണിയലാണ് എന്ന ധ്വനി ഇതിലുടനീളം കാണാം . ആളുകളെ മതത്തിന്റെ പേരിൽ കലാപത്തിലേക്ക് ഇറക്കിവിടാനും മതവിധ്വംസന പ്രവർത്തനങ്ങളിൽ അഴിഞ്ഞാടുന്നവർക്ക് ഊർജ്ജവും കരുത്തും പകരാനും മാത്രമാണ് സയ്യിദ് ഖുതുബിന്റെ ഇത്തരം കൃതികൾ ഇന്ന് പ്രവർത്തിക്കുന്നത് . ജമാഅത്തെ ഇസ്ലാമിയുടെ പിതാവായ അബുൽ അഅാ മൗദൂദി തന്നെയായിരുന്നു തന്റെ ഇത്തരം തീവ്രചിന്താഗതികളുടെ രൂപീകരണത്തിലും വികസനത്തിലും സയ്യിദ് ഖുതുബിനെ ഏറെ സ്വാധീനിച്ച ഒരു വ്യക്തി . മുസ്ലിം ലോകത്തിന്റെ വർത്തമാനത്തെ സൂചിപ്പിക്കാൻ അദ്ദേഹം ഉപയോഗിച്ച ജാഹിലിയ്യ പ്രയോഗം തന്നെയാണ് ഖുതുബും തന്റെ കൃതികളിൽ കടമെടുക്കുന്നത് .

ഭരണാധികാരത്തെയും അതിനോടുള്ള ജനങ്ങളുടെ വിധേയത്വത്തെയും കുറിക്കാൻ മൗദൂദി പരിചയപ്പെടുത്തിയ ഉബൂദിയ്യത്ത് , ഹാകിമിയ്യത്ത് തുടങ്ങിയ പ്രയോഗങ്ങളും തന്റെ വഴിയടയാളങ്ങളിൽ ഖുതുബ് അതേപടി പുനരവതരിപ്പിക്കുന്നുണ്ട് . ഇസ്ലാമിനെ രാഷട്രീയ സിദ്ധാന്മാക്കുന്നതിലും മത ജീവിതത്തെ രാഷ്ട്രീയ പ്രവർത്തനമാക്കുന്നതിലും മൗദൂദിയുടെ അതേ ധാരതന്നെയായിരുന്നു ഖുതുബിന്റെയും ധാരയെന്ന് ഇതിൽനിന്നും വ്യക്തമാകുന്നു.

മോയിൻ മലയമ്മ
സുപ്രഭാതം