സ്വന്തമായ അരി വ്യാപാരം തുടങ്ങിയ അബ്ദുറഹിമാൻ ബാഫഖി തങ്ങൾ അരിക്കച്ചവടം നടത്തുന്ന കാലത്താണ് വലിയ തോതിലുള്ള അരിക്ഷാമം അനുഭവപ്പെട്ടത്....

കച്ചവടവും പൊതു രംഗത്തേക്കുള്ള വരവും.....

കച്ചവടത്തിലെ സത്യസന്ധത ബാഫഖി തങ്ങളുടെ പിതാവ് സയ്യിദ് അബ്ദുൽ ഖാദർ ബാഫഖി തങ്ങളെയും ആളുകൾക്കിടയിൽ സ്വീകാര്യനാക്കിയിരുന്നു. വലിയ കച്ചവടക്കാരനായിരുന്ന അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം മാല ദ്വീപിലെ രാജാവ് അദ്ദേഹത്തിൻറെ കച്ചവടത്തിലെ നികുതി വേണ്ടെന്ന് വെച്ചിരുന്നു.

ഇന്ന് നടക്കുന്ന ഓഹരി പിരിച്ചെടുത്ത് കച്ചവടം നടത്തുന്നതിന് സമാനമായ സമ്പ്രദായം അക്കാലത്തും കച്ചവടത്തിൽ ഉണ്ടായിരുന്നു. അങ്ങിനെയൊരു കൂട്ടു കച്ചവടവും അബ്ദുൽ ഖാദർ ബാഫഖി തങ്ങൾ കോഴിക്കോട് നടത്തിയിരുന്നു. എന്നാൽ താമസിയാതെ കച്ചവടം പൊളിഞ്ഞു. അക്കാലത്തെ കൂട്ടു കച്ചവട രീതി അനുസരിച്ച്, ഒരു കച്ചവടം പൊളിഞ്ഞാൽ ഓഹരിയുടമകൾക്ക് അവരുടെ വിഹിതത്തിൻറെ പത്ത് ശതമാനം മുഖ്യ പാർട്ട്ണർ നൽകുന്ന പതിവുണ്ടായിരുന്നു. എങ്കിലും തങ്ങളോട് നമ്മുടെ പ്രയാസം പറഞ്ഞ് നാൽപ്പത് ശതമാനമെങ്കിലും ചോദിക്കാം എന്ന് പറഞ്ഞ് എല്ലാവരും തങ്ങളുടെ വീട്ടിലേക്ക് പോയി. തങ്ങളെ കണ്ട് സങ്കടമുണർത്തിയ ഓഹരിയുടമകളോട് നാൽപ്പത് ദിവസത്തെ സാവകാശം തങ്ങൾ ചോദിച്ചു. അതിന് ശേഷം മുഴുവൻ തുകയും തരാമെന്നും പറഞ്ഞു. അവിശ്വസനീയമായ ആ പ്രഖ്യാപനം അബ്ദുൽ ഖാദർ ബാഫഖി തങ്ങളെ നാട്ടുകാർക്കെന്ന പോലെ മറുനാട്ടുകാർക്കിടയിലും ഏറെ പ്രശസ്തനാക്കി.                      
 സ്വന്തമായ അരി വ്യാപാരം തുടങ്ങിയ അബ്ദുറഹിമാൻ ബാഫഖി തങ്ങൾ അരിക്കച്ചവടം നടത്തുന്ന കാലത്താണ് വലിയ തോതിലുള്ള അരിക്ഷാമം അനുഭവപ്പെട്ടത്. പല പ്രമാണിമാരും അരി പൂഴ്ത്തി വെച്ചു കൊണ്ട് സമ്പാദ്യം വർദ്ധിപ്പിച്ചപ്പോൾ, ബാഫഖി തങ്ങൾ തനിക്ക് വരുന്ന അരി മുഴുവനും ആളുകൾക്ക് മിതമായ നിരക്കിൽ നൽകി മാതൃക കാട്ടുകയായിരുന്നു. മാത്രമല്ല സ്വന്തമായി ന്യായ വില ഷോപ്പുകളും തുടങ്ങി. ആശ്വാസകരമായ ഈ പ്രവൃത്തി പൊതു ജനങ്ങളിൽ ബാഫഖി തങ്ങളോടുള്ള അടുപ്പവും ബഹുമാനവും വർദ്ധിപ്പിച്ചു. ഇതിനു പ്രത്യുപകാരമായി ബ്രിട്ടീഷ് സർക്കാർ മലബാറിൽ റേഷൻ വിതരണത്തിനുള്ള അധികാരം തങ്ങൾക്ക് നൽകി. ഇതായിരിക്കും ബാഫഖി തങ്ങൾക്ക് ലഭിച്ച ആദ്യ പൊതു ബഹുമതി.

ബാഫഖി തങ്ങളുടെ സഹോദരീ ഭർത്താവും വിദ്യാ സമ്പന്നനുമായിരുന്ന സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ, സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി നടന്ന നിസ്സഹകരണ പ്രസ്ഥാനത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്തിരുന്നു. വിദ്യാലയം ബഹിഷ്കരിച്ച് ഖിലാഫത്ത് വളണ്ടിയറാവാൻ പുറപ്പെട്ട ഹാഷിം ബാഫഖിയോടൊപ്പം സജീവമായി രാഷ്ട്രീയത്തിലിറങ്ങാൻ അബ്ദുറഹിമാൻ ബാഫഖി തങ്ങൾ തയ്യാറായില്ലെങ്കിലും ഒരു ഖിലാഫത്ത് അനുഭാവിയായിരുന്നുവെന്ന് സന്തത സഹചാരികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഷിം ബാഫഖിയുടെ അകാല വേർപാടിന് ശേഷം സഹോദരിയെ വിവാഹം ചെയ്ത ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങൾ,                      
 1936 ൽ നടന്ന ജില്ലാ കൗൻസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ച വേളയിൽ അദ്ദേഹത്തിൻറെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചു കൊണ്ടാണ് ബാഫഖി തങ്ങൾ സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. പ്രസ്തുത തെരഞ്ഞെടുപ്പിൽ, മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ ബി. പോക്കർ സാഹിബിനെതിരെയായിരുന്നു ആറ്റക്കോയ തങ്ങൾ മത്സരിച്ചത്. ഈ തെരഞ്ഞെടുപ്പിൽ ആറ്റക്കോയ തങ്ങൾ ജയിക്കുകയുണ്ടായി. പ്രഗൽഭനായ പോക്കർ സാഹിബിൻറെ പരാജയം എല്ലാവരെയും ദു:ഖത്തിലാഴ്ത്തിയ സംഭവമായിരുന്നു. ഇതിൻറെ പ്രായശ്ചിത്തമായാണ് ഒരു വർഷത്തിന് ശേഷം ബാഫഖി തങ്ങൾ മുസ്ലിം ലീഗിലേക്ക് കടന്നു വന്നത് എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്‌....