പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി മുതൽ അച്യുത മേനോനടക്കമുള്ള മുഖ്യ മന്ത്രിമാർ വരെ ബാഫഖി തങ്ങളുടെ വാക്കുകളും തീരുമാനങ്ങളും ഉറ്റു നോക്കിക്കിയ നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്..; മുസ്ലിം ലീഗിനെ ജനകീയമാക്കിയ നേതാവ്


മുസ്ലിം ലീഗിനെ ജനകീയനാക്കിയ നേതാവായിരുന്നു ബാഫഖി തങ്ങൾ
1906 ൽ രൂപീകൃതമായ മുസ്ലിം ലീഗ് പ്രസ്ഥാനം ആദ്യ കാലത്ത് ഉത്തരേന്ത്യയിൽ മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. 1930 കളുടെ പകുതിയോടെയാണ് മലബാറിലേക്ക് മുസ്ലിം ലീഗിൻറെ സന്ദേശമെത്തിയത്‌. തലശേരിയിലെ ഏതാനും പൗര പ്രമുഖന്മാർ കോൺഗ്രസ്സിൻറെ ചില സമീപനങ്ങളോടുള്ള എതിർപ്പിനെ തുടർന്നാണ്‌ മുസ്ലിം ലീഗുമായി ബന്ധപ്പെടാൻ തുടങ്ങിയത്. 1936 ലെ ഡിസ്ട്രിക്റ്റ് കൗൻസിലിലേക്ക് പോക്കർ സാഹിബ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ മുസ്ലിം ലീഗിന് മലബാറിൽ കമ്മിറ്റി നിലവിലുണ്ടായിരുന്നില്ല.
1937 ഒക്ടോബർ 3 ന് ലക്നോവിൽ ചേർന്ന സർവേന്ത്യാ മുസ്ലിം ലീഗിൻറെ വാർഷിക യോഗത്തിൽ വെച്ച് ദക്ഷിണേന്ത്യയിൽ മുസ്ലിം ലീഗിൻറെ പ്രചരണ ദൗത്യം ഏറ്റെടുത്ത സത്താർ സേട്ട് സാഹിബും സീതി സാഹിബ്, പോക്കർ സാഹിബ്, ഉപ്പി സാഹിബ്, സി.പി. മമ്മുക്കേയി തുടങ്ങിയ പ്രമുഖരെല്ലാം ചേർന്ന് 1937 ലാണ് മലബാറിലെ മുസ്ലിം ലീഗിൻറെ ആദ്യ ശാഖ തലശ്ശേരിയിൽ പ്രവർത്തനം തുടങ്ങിയത്. 1938 ലാണ് ബാഫഖി തങ്ങൾ മുസ്ലിം ലീഗിൽ അംഗമായത്. നേരത്തെ പോക്കർ സാഹിബിനെ പരാജയപ്പെടുത്തിയ ആറ്റക്കോയ തങ്ങളെയും ബാഫഖി തങ്ങൾ മുസ്ലിം ലീഗിൽ എത്തിച്ചു. പിന്നീടങ്ങോട്ട് ബാഫഖി തങ്ങൾ മുസ്ലിം ലീഗിൻറെ അമരത്ത് നിന്ന് മരണം വരെ പാർട്ടിയെ നയിക്കുകയായിരുന്നു.
കോഴിക്കോട് ടൗൺ ലീഗ് പ്രസിഡണ്ട്, മലബാർ ജില്ലാ പ്രസിഡണ്ട്, കേരള സംസ്ഥാന പ്രസിഡണ്ട്, അഖിലേന്ത്യാ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം, ഐക്യ ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തിലും മുഖ്യ പങ്ക് വഹിച്ച ധിഷണാ ശാലിയായ രാഷ്ട്രീയക്കാരനായിരുന്നു.                      
 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരണത്തിന് ശേഷം, കേരള രാഷ്ട്രീയത്തിൽ നിർണ്ണായകവും സങ്കീർണ്ണവുമായ സന്ദർഭങ്ങളിലെല്ലാം പാർട്ടിയെ ആർക്കും അവഗണിക്കാൻ പറ്റാത്ത ശക്തിയാക്കിയത് ബാഫഖി തങ്ങളുടെ തന്ത്രപരമായ ഇടപെടലുകളായിരുന്നു. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം 1956 നവമ്പർ 18 ന് എറണാകുളത്ത് ചേർന്ന മുസ്ലിം ലീഗ് സമ്മേളനത്തിൽ വെച്ച് ഖായിദെ മില്ലത്ത് പ്രഖ്യാപിച്ച പ്രഥമ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത ബാഫഖി തങ്ങളുടെ നേതൃത്വമാണ് പാർട്ടിയുടെ ഇന്ന് കാണുന്ന വളർച്ചക്ക് നിദാനമായത് എന്ന് പറയാം.
1957 ലെ ആദ്യ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിലെത്താതിരിക്കാൻ മുസ്ലിം ലീഗ് ആത്മാർത്ഥമായി ആഗ്രഹിച്ചുവെങ്കിലും, അതിനെ പിന്തുണക്കാൻ കോൺഗ്രസ്സ് തയ്യാറാവാത്തതാണ് ഇ.എം.എസ്. മുഖ്യമന്ത്രിയാവുന്നതിൽ കലാശിച്ചത്. എന്നാൽ 1959 ജൂൺ 12 ന് പ്രഖ്യാപിച്ച വിമോചന സമരത്തിൽ പങ്കെടുക്കാൻ ജൂൺ 22 ന് ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. മുസ്ലിം ലീഗ് കൂടി പങ്കെടുത്തതോടെയാണ് സമരം വിജയം കണ്ടത്. ഇത് ബാഫഖി തങ്ങളുടെ രാഷ്ട്രീയ തന്ത്രത്തിൻറെ കൂടി വിജയമായിരുന്നു.
1960 ഫെബ്രുവരി 1 ന് നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ്, കോൺഗ്രസ്സ്, പി.എസ്.പി. എന്നിവരുമായി സഖ്യമായി മത്സരിച്ച് 12 ൽ 11 സീറ്റ് നേടി ഉജ്ജ്വല വിജയം നേടിയെങ്കിലും, ലീഗിനെ മന്ത്രിസഭയിലെടുക്കാൻ കോൺഗ്രസ്സിൻറെ ധാർഷ്ട്യം അനുവദിക്കാതിരുന്നപ്പോൾ ബാഫഖി തങ്ങളുടെ നയ തന്ത്രജ്ഞത വീണ്ടും കേരളമറിഞ്ഞു. ഒടുവിൽ പി.എസ്.പി.യുടെ പട്ടം താണുപ്പിള്ള മുഖ്യമന്ത്രിയും മുസ്ലിം ലീഗിലെ പ്രഗൽഭനായ സീതി സാഹിബ് സ്പീക്കരുമായി. ലീഗ് ചരിത്രത്തിൽ ഭരണ നേതൃത്വത്തിലെ ആദ്യ അംഗീകാരം.                      
സീതി സാഹിബിൻറെ മരണ ശേഷം സി.എച്ചിൻറെ സ്പീക്കർ പദവിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും, 1967 ലെ സപ്തകക്ഷി രൂപീകരണത്തിലും തുടർന്ന് മാർച്ച് 6 ന് ചരിത്രത്തിലാദ്യമായി മുസ്ലിം ലീഗ് പ്രതിനിധികൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നതിലും ബാഫഖി തങ്ങൾ കാണിച്ച അസാമാന്യ നേതൃ പാടവം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഈ മന്ത്രിസഭ 1969 ഒക്ടോബർ 24 ന് രാജി വെച്ചപ്പോഴാണ് ബാഫഖി തങ്ങൾ എന്ന രാഷ്ട്രീയ ഭീഷ്മാചാര്യനെ കേരള രാഷ്ട്രീയം ഒരിക്കൽ കൂടി കാണുന്നത്. നിയമസഭാംഗമല്ലാത്ത സി. അച്യുത മേനോൻ, 1969 നവമ്പർ ഒന്നിന് കേരളത്തിൻറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, മുഖ്യമന്ത്രിയോടൊപ്പം ബാഫഖി തങ്ങൾ തന്നെയായിരുന്നു ഏവരുടെയും ശ്രദ്ധാ കേന്ദ്രം. ജീവിതത്തിലൊരിക്കൽപ്പോലും നിയമസഭയിലോ പാർലമെൻറിലോ അംഗമായിട്ടില്ലെങ്കിലും, പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി മുതൽ അച്യുത മേനോനടക്കമുള്ള മുഖ്യ മന്ത്രിമാർ വരെ ബാഫഖി തങ്ങളുടെ വാക്കുകളും തീരുമാനങ്ങളും ഉറ്റു നോക്കിക്കൊണ്ടിരുന്ന നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.......