ഭർത്താവ് മരിച്ച സ്ത്രീയുടെ ഇദ്ദ : അറിയേണ്ട കാര്യങ്ങൾ
❓ഭർത്താവു മരണപ്പെട്ടാൽ ഭാര്യ ഇദ്ദ ആചരിക്കേണ്ടത് എത്ര ദിവസമാണ്..?
▪️ഉ: ഭർത്താവ് മരണപ്പെട്ട സ്വതന്ത്ര സ്ത്രീയുടെ ഇദ്ദകാലം നാലു മാസവും പത്തു ദിവസവുമാണ്. ഇക്കാര്യം ഖുർആൻ, സുന്നത്ത്, ഇജ്മാഉ എന്നീ പ്രമാണങ്ങൾ കൊണ്ടു സ്ഥിരപ്പെട്ടതാണ്.
(തുഹ്ഫ: 8/250)
❓മടക്കിയെടുക്കാവുന്ന നിലയിൽ മൊഴി ചൊല്ലപ്പെട്ടവൾ ത്വലാഖിന്റെ ഇദ്ദ ആചരിച്ചുകൊണ്ടിരിക്കെ ഭർത്താവു മരണപ്പെട്ടാൽ അവൾക്കു വഫാതിന്റെ ഇദ്ദയുണ്ടോ..?
▪️ഉ: അതേ, ഭർത്താവിന്റെ മരണത്തോടുകൂടി അവളുടെ ത്വലാഖിന്റെ ഇദ്ദ ഒഴിവായി. ഇനി നാലു മാസവും പത്തു ദിവസവും അവൾ വഫാതിന്റെ ഇദ്ദ ആചരിക്കണം.
(തുഹ്ഫ: 8/251).
❓നാലു മാസവും പത്തു ദിവസവും ഇദ്ദ ആചരിക്കൽ നിർബന്ധമാക്കിയതിലെ യുക്തിയെന്താണ്..?
▪️ഉ: ഇമാം റംലി (റ) വിവരിക്കുന്നു: നാലു മാസം പൂർത്തിയാവുമ്പോൾ ഗർഭസ്ഥ ശിശുവിൽ ആത്മാവ് (റൂഹ്) ഊതപ്പെടുകയും അതു ഇളകുകയും ചെയ്യും. പത്തു ദിവസം കൂടി പരിഗണിക്കുന്നത് ഇളക്കം കൂടുതൽ അനുഭവപ്പെടുവാനാണ്.
(നിഹായ: 7/145).
❓പ്രായക്കുറവുകൊണ്ടോ മറ്റോ ഭാര്യയുമായി ബന്ധത്തിലേർപ്പെടാൻ സാധിക്കുംമുമ്പ് ഭർത്താവ് മരണപ്പെട്ടാൽ ഭാര്യ ഇദ്ദയിലിരിക്കണോ..?
▪️ഉ: അതേ, അവളും നാലു മാസവും പത്തു ദിവസവും ഇദ്ദ ആചരിക്കണം. നികാഹു കഴിഞ്ഞ ഉടനെത്തന്നെ ഭർത്താവ് മരിച്ചാലും പ്രസ്തുത കാലം അവൾ ഇദ്ദ ആചരിക്കണം. ഇവളുടെ ഇദ്ദയിലുള്ള യുക്തി നമുക്കറിയില്ല. ഇതു യുക്തിചിന്തയ്ക്കതീതമാണ്. അതിനാണ് തഅബ്ബുദ് എന്നു പറയുക.
(തുഹ്ഫ: 8/229).
❓നാലു മാസവും പത്തു ദിവസവും പരിഗണിക്കുന്നത് ചാന്ദ്രിക കണക്കനുസരിച്ചാണോ..?
▪️ഉ: അതേ, മാസത്തിന്റെ ആരംഭവും ഭർത്താവിന്റെ മരണവും ഒരുമിച്ചു സംഭവിച്ചാൽ നാലു ചന്ദ്രമാസമാണു ഇദ്ദയുടെ കാലമായി പരിഗണിക്കുക. കൂടെ പത്തു ദിവസവും. മാസത്തിന്റെ ഇടയിലാണ് ഭർത്താവ് മരിച്ചതെങ്കിൽ പ്രസ്തുത മാസത്തിൽ തന്നെ പത്തു ദിവസത്തേക്കാൾ കൂടുതൽ ദിവസമുണ്ടെങ്കിൽ ആ ദിവസങ്ങളിലും ശേഷമുള്ള മൂന്നു ചന്ദ്രമാസങ്ങളിലും പിന്നീട് തൊട്ടടുത്ത മാസത്തിൽ നിന്ന് നാലു മാസവും പത്തു ദിവസവും പൂർത്തിയാവാനാവശ്യമായ ദിവസങ്ങളിലും ഇദ്ദ ആചരിക്കണം. ഭർത്താവ് മരണപ്പെട്ട മാസത്തിൽ നിന്നു പത്തു ദിവസം മാത്രമാണ് അവശേഷിക്കുന്നതെങ്കിൽ പ്രസ്തുത പത്തു ദിവസവും ശേഷം നാലു ചന്ദ്രമാസവും ഇദ്ദ ആചരിക്കണം.
(തുഹ്ഫ: 8/25, നിഹായ: 7/146)
❓മരണവാർത്ത ഭാര്യ അറിഞ്ഞില്ലെങ്കിലോ..?
▪️ഉ: ഭർതൃവിയോഗം മുതൽ ഇദ്ദയുടെ സമയമായി. മരണവാർത്ത ഭാര്യ അറിഞ്ഞാലും ഇല്ലെങ്കിലും ഒരുപോലെത്തന്നെയാണ്.
(തുഹ്ഫ: 8/253)
❓വിദേശത്തുള്ള ഭർത്താവ് മരണപ്പെട്ടു. രണ്ടു മാസം കഴിഞ്ഞിട്ടാണ് ഭാര്യ അറിഞ്ഞതെങ്കിലോ..?
▪️ഉ: അവളറിയാതെത്തന്നെ അവളുടെ ഇദ്ദയുടെ കാലയളവിൽ നിന്നു രണ്ടു മാസം കഴിഞ്ഞു. ഇദ്ദയുടെ കാലാവധി കഴിഞ്ഞ ശേഷമാണ് മരണവാർത്ത അറിഞ്ഞതെങ്കിൽ ഇദ്ദ അവസാനിച്ചു. ഇനി വീണ്ടും ഇദ്ദ ആചരിക്കേണ്ടതില്ല.
(തുഹ്ഫ: 8/253)
❓ഭർത്താവിന്റെ മരണ സമയം ഭാര്യ ഗർഭിണിയാണെങ്കിലോ..?
▪️ഉ: ഗർഭത്തിന്റെ ഉത്തരവാദിത്വം ഭർത്താവിലേക്കു ചേർക്കാൻ സൗകര്യപ്പെടുക, ഗർഭസ്ഥ ശിശു പൂർണമായി പുറപ്പെടുക എന്നീ രണ്ടു നിബന്ധനകൾ ഒരുമിച്ചു കൂടിയാൽ പ്രസവത്തോടെ അവളുടെ ഇദ്ദ അവസാനിക്കും. അപ്പോൾ ഭർത്താവ് മരിച്ച ഉടനെത്തന്നെ ഭാര്യ പ്രസവിച്ചാൽ അവളുടെ ഇദ്ദ കഴിഞ്ഞു.
(തുഹ്ഫ: 8/252)
❓ഒമ്പതു വയസ്സിനു താഴെയുള്ള ഭർത്താവ് മരണപ്പെട്ട സമയം ഭാര്യ ഗർഭിണിയാണെങ്കിലോ..?
▪️ഉ: ആ ഗർഭസ്ഥ ശിശുവിനെ പ്രസവിക്കൽകൊണ്ടല്ല അവൾ ഇദ്ദ ആചരിക്കേണ്ടത്. കാരണം, അവളുടെ ഗർഭത്തിന്റെ ഉത്തരവാദി ഭർത്താവല്ലെന്നുറപ്പാണ്. മൂന്നു മാസമാണവൾ ഇദ്ദ ആചരിക്കേണ്ടത്.
(തുഹ്ഫ: 8/252)
❓പ്രസവത്തിൽ ഇരട്ടക്കുട്ടികളാണെങ്കിൽ രണ്ടിനെയും പ്രസവിച്ച ശേഷമാണോ ഇദ്ദ അവസാനിക്കുക..?
▪️ഉ: അതേ, ഒരു പ്രസവം കഴിഞ്ഞു ആറു മാസത്തിനകം വീണ്ടും ഒരു സ്ത്രീ പ്രസവിച്ചാൽ ആ രണ്ടു പ്രസവത്തിലേയും കുട്ടികൾ ഒരേ ഗർഭത്തിലുള്ള ഇരട്ടക്കുട്ടികളായിട്ടാണു പരിഗണിക്കുക.
(തുഹ്ഫ: 8/239,240)
❓പ്രസവം കഴിഞ്ഞ ഉടനെയാണു ഭർത്താവ് മരണപ്പെട്ടതെങ്കിലോ..?
▪️ഉ: എങ്കിൽ നാലു മാസവും പത്തു ദിവസവും ഇദ്ദ ആചരിക്കണം. അതേ സമയം ഗർഭസ്ഥ ശിശുവിന്റെ അവയവങ്ങളിൽ ചിലതു പുറത്തു വന്നതിനു ശേഷവും കുട്ടി പൂർണമായി പുറപ്പെടുംമുമ്പുമാണ് ഭർത്താവ് മരണപ്പെട്ടതെങ്കിൽ പ്രസവം പൂർണമാവലോടുകൂടി അവളുടെ ഇദ്ദ അവസാനിച്ചു.
(തുഹ്ഫ: 8/240)
❓ഭർതൃവിയോഗം മൂലം ജാഹിലിയ്യാ യുഗത്തിൽ ഇദ്ദയുണ്ടായിരുന്നോ..?
▪️ഉ: അതേ, പക്ഷേ, ഇസ്‌ലാമിക ഇദ്ദപോലെ ലളിതമായിരുന്നില്ല അത്. അക്കാലത്തെ ഇദ്ദയെക്കുറിച്ച് പണ്ഡിതർ രേഖപ്പെടുത്തുന്നത് കാണുക: ഭർത്താവ് മരിച്ചവൾ ഇടുങ്ങിയ ഒരു റൂമിൽ പ്രവേശിക്കും. ഏറ്റവും മോശപ്പെട്ട വസ്ത്രം ധരിക്കും, സുഗന്ധമോ അലങ്കാരമുള്ളവയോ അതിൽ സ്പർശിക്കില്ല. ഇങ്ങനെ ഒരു വർഷം കഴിഞ്ഞശേഷം കഴുത, ആട് എന്നീ മൃഗങ്ങളോ പറവകളോ അവളുടെ നഗ്നത സ്പർശിച്ച് ഇദ്ദ അവസാനിപ്പിക്കും. പിന്നീട് ആ റൂമിൽ നിന്നു പുറത്തുവരുമ്പോൾ അവൾക്കു ഉണങ്ങിയ കാഷ്ടക്കഷ്ണം നൽകപ്പെടും. അതവൾ തല ചുറ്റിയെറിയും, അങ്ങനെ ഇദ്ദ തീർക്കും.
(മിർഖാത്ത്: 2/513)
❓ഇദ്ദ ആചരിക്കുന്നതിന്റെ വിധിയെന്ത്..?
▪️ഉ: നിർബന്ധം.
(തുഹ്ഫ: 8/255)
❓ഭർത്താവിന്റെ മരണമൂലമുള്ള ഇദ്ദ നാല്പതു ദിവസമാണെന്നു കേൾക്കുന്നതിനു വല്ല അടിസ്ഥാനവുമുണ്ടോ..?
▪️ഉ: യാതൊരു അടിസ്ഥാനവുമില്ല. ഭർത്താവ് മരണപ്പെട്ട സ്വതന്ത്ര സ്ത്രീയുടെ ഇദ്ദകാലം നാലു മാസവും പത്തു ദിവസവുമാണെന്നു വിശുദ്ധ ഖുർആനും സുന്നത്തും വ്യക്തമാക്കിയതാണ്. ഇജ്മാഉള്ള വിഷയമാണിത്. അതുകൊണ്ടുതന്നെ ഇതിൽ അഭിപ്രായ ഭിന്നതയുണ്ടാവില്ല.
(തുഹ്ഫ: 8/256)
❓ഭാര്യയും ഭർത്താവും ഹജ്ജിനു പുറപ്പെട്ടു. വഴിക്കുവെച്ച് ഭർത്താവ് മരണപ്പെട്ടാലോ..?
▪️ഉ: അവൾ ഇഹ്റാമിൽ പ്രവേശിച്ചവളോ ആ വർഷം തന്നെ ഹജ്ജ് ചെയ്യാൻ നേർച്ചയാക്കിയവളോ അല്ലെങ്കിൽ ഹജ്ജിനു പോകാവതല്ല.
(തുഹ്ഫ: 8/264,265)
❓ഭർത്താവിന്റെ അനുവാദത്തോടുകൂടി ഭർത്താവൊന്നിച്ചല്ലാതെ ഭാര്യ ഹജ്ജിനു പുറപ്പെട്ടു വഴിയിൽ വെച്ചു ഭർത്താവിന്റെ മരണവാർത്തയറിഞ്ഞാലോ..?
▪️ഉ: അവൾ വീട്ടിലേക്കു മടങ്ങുകയോ ഹജ്ജിനു പോവുകയോ ഇഷ്ടം പോലെ ചെയ്യാം. ഹജ്ജിനു പോകുന്നവൾ ഹജ്ജ് കഴിഞ്ഞ ശേഷം ഇദ്ദയിൽ നിന്നു അവശേഷിക്കുന്ന ദിവസങ്ങളിൽ ഇദ്ദ ആചരിക്കണം.
(തുഹ്ഫ: 8/264,265)
❓ഒരു സ്ത്രീ ഹജ്ജിനു പണമടച്ചു. ടിക്കറ്റ് ശരിയാവുകയും ചെയ്തു. പക്ഷേ, യാത്രയ്ക്കു മുമ്പ് ഭർത്താവ് മരണപ്പെട്ടു. എങ്കിലെന്തു ചെയ്യും..?
▪️ഉ: അവൾ ഹജ്ജിനു പോകാവതല്ല. ഇദ്ദ ആചരിക്കൽ നിർബന്ധമാണ്.
(തുഹ്ഫ: 8/264)
❓വഫാത്തിന്റെ ഇദ്ദ ഭാര്യ ഏതു വീട്ടിൽ വെച്ചാചരിക്കണം..?
▪️ഉ: ഭർത്താവിന്റെ മരണവേളയിൽ അവൾ താമസിക്കുന്ന വീട്ടിൽ. അനിവാര്യമായ കാരണങ്ങൾക്കു വേണ്ടിയല്ലാതെ മാറി താമസിക്കരുത്. ഭർത്താവിന്റെ സമ്മതത്തോടെ നാട്ടിലുള്ള മറ്റൊരു വീട്ടിലേക്ക് ഭാര്യ പുറപ്പെട്ടു. അവിടെയെത്തുംമുമ്പോ എത്തിയ ശേഷമോ ഭർത്താവ് മരണപ്പെട്ടാൽ രണ്ടാമത്തെ വീട്ടിലാണവൾ ഇദ്ദ ആചരിക്കേണ്ടത്. ഭർത്താവിന്റെ സമ്മതമില്ലാതെയാണു മറ്റൊരു വീട്ടിലേക്കു പുറപ്പെട്ടതെങ്കിൽ അവിടെ ഇദ്ദ ആചരിക്കാൻ പാടില്ല. മറിച്ചു ഭർത്താവ് താമസിച്ച വീട്ടിൽ ഇദ്ദ ആചരിക്കണം.
(തുഹ്ഫ: 8/261)
❓അനിവാര്യ കാരണങ്ങളുണ്ടെങ്കിൽ വീടുമാറിത്താമസിക്കാമെന്നു പറഞ്ഞുവല്ലോ. ആ കാരണങ്ങൾ ഏവ..?
▪️ഉ: വീട് പൊളിഞ്ഞുവീഴുക, അഗ്നിക്കിരയാവുക, വീട്ടിൽ കവർച്ച നടത്തുക, അയൽക്കാരുടെ അക്രമം ഉണ്ടാവുക തുടങ്ങിയവയാൽ സ്വയം ശരീരത്തിനോ കുട്ടിക്കോ സമ്പത്തിനോ വല്ല അപകടവും സംഭവിക്കുമെന്ന് ഇദ്ദ ആചരിക്കുന്നവൾക്കു ഭയമുണ്ടായാൽ വീടു മാറിത്താമസിക്കൽ അനുവദനീയമാകുന്നതിനു അനിവാര്യമാകുന്ന കാരണങ്ങളാണ്.
(തുഹ്ഫ: 8/262)
❓വഫാത്തിന്റെ ഇദ്ദവേളയിൽ അയൽവാസിയുടെ വീട്ടിലേക്ക് പോകാമോ..?
▪️ഉ: സ്വന്തം ശരീരത്തിനു നാശം സംഭവിക്കില്ലെന്നുറപ്പുള്ളവൾ നൂൽനൂൽക്കാനും സംസാരിക്കാനും മറ്റും തന്റെ വീടിന്റെ ചാരത്തു താമസിക്കുന്ന അയൽവാസിയുടെ വീട്ടിലേക്ക് രാത്രി സമയത്ത് പോകൽ അനുവദനീയമാണ്. എങ്കിലും സാധാരണയിൽ കൂടുതൽ സമയമെടുക്കാൻ പാടില്ല. മാത്രമല്ല, നേരംപോക്കിനും വർത്തമാനം പറഞ്ഞിരിക്കാനും താമസിക്കുന്ന വീട്ടിൽ ആളില്ലാതിരിക്കുമ്പോഴാണിത്. അവൾ മടങ്ങിവന്നു സ്ഥിരം താമസിക്കുന്ന വീട്ടിൽ തന്നെ അന്തിയുറങ്ങൽ നിർബന്ധമാണ്.
(തുഹ്ഫ: 8/262)
❓വഫാത്തിന്റെ ഇദ്ദ ദുഃഖാചരണമാണോ? ആണെങ്കിൽ ഇസ്ലാമിൽ ദുഃഖാചരണമുണ്ടോ..?
▪️ഉ: ദുഃഖാചരണം തന്നെ. നബി ﷺ പറഞ്ഞു: മരിച്ചവരുടെ പേരിൽ മൂന്നു ദിവസത്തിലധികം ചടഞ്ഞിരിക്കൽ അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരാൾക്കും അനുവദനീയമല്ല. ഭർത്താവിന്റെ പേരിലൊഴികെ. അയാൾക്കു വേണ്ടി നാലു മാസവും പത്തു ദിവസവും ഇദ്ദ ആചരിക്കൽ നിർബന്ധമാണ് (ബുഖാരി, മുസ്‌ലിം, തുഹ്ഫ: 8/255). ഈ ഹദീസിൽ നിന്നു ഭാര്യക്കു ദുഃഖാചരണമാവാമെന്നും മറ്റുള്ളവർക്കു പാടില്ലെന്നു വ്യക്തമായല്ലോ.
*❓ഇദ്ദക്കാലത്ത് അന്യപുരുഷനെ കാണുന്നതിന്റെ വിധി..?*
▪️ഉ: ഇദ്ദയല്ലാത്ത കാലത്തു കാണുന്ന വിധി തന്നെ.
❓അമുസ്‌ലിം സ്ത്രീയെ കാണലോ..?
▪️ഉ: ഇദ്ദയിലല്ലാത്ത വേളയിൽ മുസ്‌ലിം സ്ത്രീയിൽ നിന്നു അമുസ്‌ലിം സ്ത്രീ കാണൽ അനുവദിക്കപ്പെട്ട ഭാഗങ്ങൾ ഇദ്ദയുടെ വേളയിലും കാണൽ അനുവദനീയമാണ്. സാധാരണ ജോലി സമയത്ത് വെളിവാക്കുന്ന ഭാഗങ്ങളാണവ.
(തുഹ്ഫ: 7/200)
❓വഫാത്തിന്റെ ഇദ്ദയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്ത്..?
▪️ഉ: ഇഹ്ദാദ് (ചടഞ്ഞു കഴിയൽ) നിർബന്ധമാണ്. അവൾ ഗർഭിണിയാണെങ്കിലും അല്ലെങ്കിലും പ്രായം തികഞ്ഞവളാണെങ്കിലും അല്ലെങ്കിലും ഇഹ്ദാദ് നിർബന്ധമാണ്.
(തുഹ്ഫ: 8/254)
❓ഇഹ്ദാദ് നിയമമാക്കിയതിലെ യുക്തിയെന്ത്..?
▪️ഉ: ചടഞ്ഞു ജീവിക്കുമ്പോൾ അന്യപുരുഷർക്കു അവളിൽ അറപ്പു തോന്നും എന്നതാണ് യുക്തി.
(ശർവാനി: 8/254)
❓ഭർതൃവിയോഗം മൂലം ഇദ്ദ ആചരിക്കുമ്പോൾ ഇഹ്ദാദ് നിർബന്ധമാണെന്നു പറഞ്ഞുവല്ലോ. ഇതിന്റെ രൂപമെങ്ങനെ..?
▪️ഉ: അലങ്കാരത്തിനു വേണ്ടിയുള്ള വസ്ത്രങ്ങൾ ധരിക്കാതിരിക്കുക, സുഗന്ധ ദ്രവ്യങ്ങൾ പൂർണമായും ഉപേക്ഷിക്കുക, സ്വർണം, വെള്ളി, മുത്ത്, മാണിക്യം, ചെമ്പ് പോലെയുള്ള ലോഹങ്ങൾ കൊണ്ടും കല്ലുകൾ കൊണ്ടുമുള്ള ആഭരണങ്ങൾ പകലിൽ തീരെ അണിയാതിരിക്കുക, കണ്ണുരോഗങ്ങൾ പോലുള്ള കാരണങ്ങൾക്കു വേണ്ടിയല്ലാതെ സുറുമ എഴുതാതിരിക്കുക, തല മുടിയിൽ എണ്ണ പൂശാതിരിക്കുക, മൈലാഞ്ചി അണിയാതിരിക്കുക എന്നിങ്ങനെയുള്ള ചിട്ടകൾ ആചരിക്കുകയെന്നതാണ് ഇഹ്ദാദ്.
(തുഹ്ഫ: 8/256,257, നിഹായ: 7/149)
❓ വിരിപ്പ്, കവാടത്തിൽ തൂക്കിയിടുന്ന വസ്ത്രം എന്നിവ അലങ്കാരത്തിനു വേണ്ടിയുള്ള വസ്ത്രമാവാമോ..?
▪️ഉ: അതേ, അതിനു വിരോധമില്ല. കാരണം ചടഞ്ഞു കഴിയൽ ധരിച്ചുകൊണ്ടിരിക്കുന്ന വസ്ത്രത്തിൽ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ.
(തുഹ്ഫ: 8/...)
❓വെള്ള വസ്ത്രം തന്നെ ധരിക്കണമെന്നുണ്ടോ..?
▪️ഉ: അങ്ങനെയില്ല, തീരെ ഭംഗിയില്ലാത്ത കളർ വസ്ത്രവും ധരിക്കാവുന്നതാണ്.
(ഇംദാദ്, തുഹ്ഫ: 8/256)
Post a Comment