ഇമാം ബുഖാരി (റ): മുസ്ലിം ഉമ്മത്തിന്റെ മഹാ ഭാഗ്യം
ഇമാം ബുഖാരി (റ) :
അബൂഅബ്ദില്ലാ മുഹമ്മദ്ബ്നു ഇസ്മാഈല്‍ അല്‍ബുഖാരി എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്‍.
أبو عبد الله محمد بن إسماعيل البخاري (رحمه الله).
ഖുറാസാനിലെ ഇന്നത്തെ ഉസ്ബാക്കിസ്ഥാനിൽപ്പെട്ട “ബുഖാറ” എന്നിടത്ത് ഹിജ്റ 194 ശവ്വാല്‍ 13ന് ജനിച്ചു.
പിതാവ് ഇസ്മായീൽ ഇബ്നു ഇബ്രാഹീം അന്നത്തെ പ്രമുഖ ഹദീസ് പണ്ഡിതനായിരുന്നു.
ചെറുപ്പത്തിൽ പിതാവ് മരണപ്പെട്ട കുട്ടി മതാവിന്റെ സംരക്ഷണത്തിലാണ് വളർന്നത്. ഉമ്മയുടെ പേര്‍ ആബിദ.
അദ്ദേഹത്തിന്റെ വംശാവലി പേർഷ്യനാണോ, അറബി വംശജനാണോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ തർക്കമുണ്ടെങ്കിലും അറബ് വംശജനെന്നാണ് പ്രബലാഭിപ്രായം. (ത്വബഖാത്തുൽ ഹനാബില(പേജ് : 274)
പത്ത് വയസ്സുള്ളപ്പോൾ അദ്ദേഹം വിശുദ്ധ ഖുർ ആൻ മനപാഠമാക്കി.
പതിനൊന്നാം വയസ്സില്‍ അദ്ദേഹം ഹദീഥ് പഠനം ആരംഭിച്ചു. ഹദീഥ് പഠിക്കുവാനായി ഗുരുനാഥന്‍മാരെ തേടി അദ്ദേഹം രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി നടന്നു. അദ്ദേഹം പറയുന്നു:
“ഈജിപ്തിലും (മിസ്റ), സിറിയയിലും (ശാം) അറേബ്യന്‍ ഉപദ്വീപിലും ഈ രണ്ട് പ്രാവശ്യം ഞാന്‍ സന്ദര്‍ശനം നടത്തി. നാല് പ്രാവശ്യം ബസ്വറയില്‍ പോയി. ആറുവര്‍ഷം ഹിജാസില്‍ താമസിച്ചു. കൂഫയിലെയും ബഗ്ദാദിലെയും ഹദീഥ് പണ്ഡിതന്മാരോടൊപ്പം വളരെക്കാലം കഴിച്ചുകൂട്ടി.”
ഇങ്ങനെ ഏതെങ്കിലുമൊരു നാട്ടില്‍ ഹദീഥ് അറിയുന്ന പണ്ഡിത നുണ്ടെന്നറിഞ്ഞാല്‍ ആ പണ്ഡിതന്റെ അടുത്ത് ചെന്ന് പഠിക്കുകയായിരുന്നു ബുഖാരിയുടെ രീതി.
ആറു വര്‍ഷം കൊണ്ട് കിട്ടാവുന്നിടത്തോളം ഹദീസുകള്‍ സമാഹരിച്ചു.
തുടര്‍ന്ന് മക്കയിലേക്ക് ഹജ്ജിന് പുറപ്പെട്ടു. ഹദീസ് അന്വേഷിച്ചുള്ള യാത്രയായിരുന്നു 40 വര്‍ഷം. ഹദീസുകള്‍ തേടിയുള്ള ഈ യാത്രയില്‍ അന്നത്തെ മുസ്ലിം ലോകത്തിലെ ഏതാണ്ടെല്ലാ സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. വിശ്വസനീയമായ അധരങ്ങളില്‍നിന്നും, ഏടുകളില്‍നിന്നും തിരുവചനങ്ങള്‍ നേരിട്ടു സമാഹരിക്കുകയായിരുന്നു ഇമാം.
സ്വഹീഹുൽ ബുഖാരി അഥവാ ജാമിഉൽ സഹീഹ് ( الجامع الصحيح) എന്ന പ്രമുഖ ഹദീസ് ഗ്രന്ഥത്തിന്റെ പേരിലാണ് അദ്ദേഹം പ്രശസ്തനായത്.
പതിനാറു വര്‍ഷം കൊണ്ടാണ് അദ്ദേഹം സ്വഹീഹുല്‍ ബുഖാരി തയ്യാറാക്കിയത്. അതിലെ ഓരോ ഹദീഥും സ്വയം പഠിച്ചു: അതിന്റെ പരമ്പര (സനദ്) ശരിയാണെന്ന് ഉറപ്പുവരുത്തി; പിന്നീട് രണ്ടു റക്അത്ത് സുന്നത്ത് നമസ്കരിച്ച്, പിഴവുകള്‍ വരാതിരിക്കാന്‍ അല്ലാഹുവോടു പ്രാര്‍ഥിച്ച ശേഷമേ ഹദീഥുകള്‍ രേഖപ്പെടുത്താറുണ്ടായിരുന്നുള്ളൂ. ഇത്രയധികം സൂക്ഷ്മത പാലിച്ചതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും സ്വീകാര്യമായ ഹദീഥ് ഗ്രന്ഥം എന്ന ബഹുമതി നേടാന്‍ സ്വഹീഹുല്‍ ബുഖാരിക്കു സാധിച്ചത്.
ബുഖാരി (റ) തന്റെ ഗ്രന്ഥരചന പൂര്‍ത്തിയാക്കിയ ശേഷം ഇമാം അഹ്മദ് (റ), ഇബ്നുല്‍ മഈന്‍, ഇബ്നുല്‍ മദീനി തുടങ്ങിയ അക്കാലത്തെ ഏറ്റവും പ്രമുഖ പണ്ഡിതന്മാര്‍ക്ക് അത് വായിച്ചു കേള്‍പ്പിക്കുകയും അവര്‍ അത് അംഗീകരിക്കുകയും ചെയ്തു.
വിശുദ്ധ ക്വുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. അത് തന്നെയാണ് അതിശ്രേഷ്ഠമായ ഗ്രന്ഥവും, അതുകഴിഞ്ഞാല്‍ പിന്നെ ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥം ബുഖാരി (റ) ക്രോഡീകരിച്ച ഹദീഥ് ഗ്രന്ഥമായ “സ്വഹീഹുല്‍ ബുഖാരി” യാണ്.
ഇതിന് എണ്‍പതില്‍ അധികം വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പ്രശസ്തമായ വ്യാഖ്യാനമാണ് ശൈഖ് ഇബ്നു ഹജറില്‍ അസ്ക്വലാനിയുടെ ‘ഫത്ഹുല്‍ ബാരി’.
ബുഖാരി(റ) പറയുകയുണ്ടായി: “ആയിരത്തിലധികം ഗുരുനാഥന്മാരുണ്ടെനിക്ക്. സനദ് (റിപ്പോര്‍ട്ടര്‍മാരുടെ പരമ്പര) ഞാന്‍ ഓര്‍ക്കാത്ത ഒരു ഹദീഥും എന്റെ പക്കലില്ല.” എന്നാല്‍ സ്വഹീഹുല്‍ ബുഖാരിയില്‍ എണ്‍പത്തി ഒമ്പത് ഗുരുനാഥന്മാരെ മാത്രമേ കാണൂ.
ഭക്തിയും സത്യസന്ധതയും പാവങ്ങളോടും വിദ്യാര്‍ഥികളോടുമുള്ള ഔദാര്യവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ഇമാം ബുഖാരി ഹദീസ് സമാഹരണത്തിനും സംശോധനക്കുമാണ് ജീവിതം നീക്കിവെച്ചത്.
ഇമാം ഒരിക്കല്‍ ഹദീസ് അന്വേഷിച്ച് നൂറുകണക്കിന് മൈലുകള്‍ താണ്ടി അവസാനം ലക്ഷ്യസ്ഥാനത്തെത്തി. ഹദീസ് വക്താവിന്റെ വീട്ടുവാതില്‍ക്കലെത്തിയപ്പോള്‍ അയാള്‍ ഒഴിഞ്ഞ ഭക്ഷണസഞ്ചി കാണിച്ച് കുറച്ച് ദൂരെ മേയുകയായിരുന്ന തന്റെ കുതിരയെ വിളിക്കുന്നത് ഇമാമിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഈ സംഭവത്തില്‍നിന്നും അയാള്‍ വിശ്വാസ യോഗ്യനല്ലെന്ന് മനസ്സിലാക്കി ഒരു നിമിഷം പോലും പാഴാക്കാതെ അദ്ദേഹം സ്ഥലം വിട്ടു.
ഏറ്റവും വിശ്വാസ യോഗ്യവും ആധികാരികവുമായ ഹദീസ് സമാഹാരമാണ് സ്വഹീഹുല്‍ ബുഖാരി. തീര്‍ച്ചയായും ഏറ്റവും നിശിതമായി ഹദീസ് പരിശോധന നടത്തിയത് ഇമാം ബുഖാരി തന്നെയാണ്. 600000 ഹദീസുകളില്‍നിന്നാണ് ഇമാം ബുഖാരി 7275 ഹദീസുകള്‍ തെരഞ്ഞെടുത്തത്. 22000 ഹദീസുകള്‍ അദ്ദേഹത്തിന്റെ ഓര്‍മയിലുണ്ടായിരുന്നു. വുദു ചെയ്ത് നമസ്കരിച്ച ശേഷമാണ് അദ്ദേഹം ഓരോ ഹദീസും എഴുതി വെച്ചത്.
കണിശമായ പരിശോധനക്ക് ശേഷം . അനിവാര്യമായിടത്ത് ഹദീസിന്റെ വ്യാഖ്യാനവും നടത്തി. എല്ലാ നിവേദകരും വിശ്വാസയോഗ്യരും, എല്ലാവരും ഒരറ്റം മുതല്‍ മറ്റേയറ്റം വരെയുള്ള കണ്ണികളെ നേരിട്ടുകണ്ടവരുമാണെന്ന് ഉറപ്പിച്ച ശേഷമേ അദ്ദേഹം അവരില്‍നിന്ന് ഹദീസ് സ്വീകരികകുകയുള്ളൂ.
ഖുര്‍ആന് വ്യാഖ്യാനമായി വന്ന ഹദീസുകള്‍ക്ക് ആ ഖുര്‍ആന്‍ ഭാഗം ശീര്‍ഷകമായിക്കൊടുത്തത് ഇമാം ബുഖാരിയുടെ പ്രത്യേകതയാണ്.
600000 ഹദീസുകളില്‍ നിന്നാണല്ലോ 7275 ഹദീസുകള്‍ ഇമാം ബുഖാരി തെരഞ്ഞെടുത്തത്.
ഇതിനര്‍ഥം 592725 ഹദീസുകള്‍ രേഖപ്പെടുത്താതെ പോയി എന്നല്ല. ഒരേ ഹദീസ് തന്നെ വ്യത്യസ്തമായ 6 നിവേദക പരമ്പരയിലൂടെ വന്നാല്‍ അത് 6 ഹദീസായാണ് പരിഗണിക്കുക. നിവേദകരുടെ എണ്ണത്തിനനുസരിച്ച് ഹദീസിന്റെയും എണ്ണം വര്‍ദ്ധിക്കുന്നു. ഒരേ ഹദീസ് തന്നെ വ്യത്യസ്ത വിഷയങ്ങള്‍ക്കായി ഉദ്ധരിച്ചിട്ടുമുണ്ടാവും. അതിനാല്‍ 600000 നിവേദക പരമ്പരയിലൂടെയാണ് 7275 ഹദീസുകള്‍ നമുക്ക് ലഭിച്ചത്.ഇത് ഹദീസിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരേ ഹദീസ് വിവിധ ശീര്‍ഷകങ്ങള്‍ക്കു താഴെ വന്നതും കാണാം. ഇങ്ങനെ നോക്കുമ്പോള്‍ വ്യതിരിക്തതയുള്ള ഹദീസുകളുടെ എണ്ണം പിന്നെയും ചുരുങ്ങുന്നു. അവ ബുഖാരിയില്‍ 2762 ആയി കുറയുന്നു. ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും ആധികാരികപ്രമാണം ഹദീസാണെന്നിരിക്കെ അവ ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ സ്വഹീഹുല്‍ ബഖാരി പ്രഥമസ്ഥാനത്ത് നിലകൊള്ളുന്നു.
പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ ഇരുപതിലധികം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിനുണ്ട്.
ജീവിതാവസാനം നൈസാബൂരില്‍ താമസമാക്കാനാഗ്രഹിച്ചെങ്കിലും അവിടുത്തെ ഗവര്‍ണറുടെ ഇംഗിതത്തിനു വഴങ്ങാത്തതിനാല്‍ അവിടം വിടേണ്ടിവന്നു. തുടര്‍ന്ന് സമര്‍ഖന്തില്‍ താമസമാക്കി. തന്റെ അവസാനകാലം അദ്ദേഹം കഴിച്ചു കൂട്ടിയത് സമര്‍ക്വന്തില്‍ ഒരു ബന്ധുവിന്റെ വീട്ടിലാണ്. ഹിജ്റ 256ല്‍ 62-ാം വയസ്സില്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആ ബന്ധുവീട്ടിലാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.
പ്രമുഖ ഹദീസ് പണ്ഡിതരായ ഇമാം മുസ് ലിം, ഇമാം തിർമിദി, ഇമാം ഇബ്നു ഖുസൈമ മുതലായവർ ഇമാം ബുഖാരി(റ)യുടെ ശിഷ്യരിൽ പ്രമുഖരാണ്.
رحمه الله رحمة واسعة، وجزاه عن الإسلام والمسلمين خير الجزاء، وجمعنا معه في الفردوس الأعلى من الجنة، وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.
Post a Comment