മാസപ്പിറവി: നാസർ ഫൈസിയെ ഖണ്ഡിക്കും മുമ്പ് വഹബി അറിയേണ്ടിയിരുന്നത്..

ബഹു. നാസർ ഫൈസി കൂടത്തായിയുടെ മെയ്‌ 16 ലെ സുപ്രഭാതം ലേഖനത്തെ റഷീദ് വഹബി എടക്കര എന്നൊരാൾ ഖണ്ഡിച്ചതു ശ്രദ്ധയിൽ പെട്ടു. വഹബി, വഹ്ഹാബികൾക്ക് വഴിമരുന്നിട്ടു കൊടുക്കും മുമ്പ് അദ്ദേഹത്തെ ചില കാര്യങ്ങൾ ഉണർത്തുന്നു. 

 *വഹബിയുടെ വിമർശനങ്ങൾ* 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

 ➡️വിമർശനം 1

"ഇരുപത്തൊമ്പതിന് മാസപ്പിറവി ദർശിച്ചില്ലെങ്കിൽ മുപ്പത് പൂർത്തിയായി പിറ്റെന്നാൾ റമസാൻ അല്ലെങ്കിൽ പെരുന്നാൾ ആണെന്ന് ഖാസിമാർ പ്രഖ്യാപിക്കുന്നത് അനൗചിത്യമാണ്."

 ⏏️ മറുപടി

ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾ മെയ്‌ 13 വ്യാഴാഴ്ച്ചയായിരുന്നല്ലോ. റമസാൻ 29 ചൊവ്വാഴ്ച മാസപ്പിറവി ദർശിച്ചില്ല. അതിനാൽ ബുധനാഴ്ച്ച 30 പൂർത്തിയാക്കി വ്യാഴാഴ്ച്ച പെരുന്നാളായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള ഖാസിമാർ അറിയിച്ചു. ഇതിന്റെ സാംഗത്യം താഴെ ഹദീസ് അറിയിക്കുന്നു:-

صُوموا لرؤيتِه وأفطِروا لرؤيتِه فإنْ غُمَّ
 عليكم فأكمِلوا العِدَّةَ ثلاثينَ

صوموا لرؤيتِه وأفطِروا لرؤيتِه فإنْ غُمَّ عليكم فاقْدُروا ثلاثينَ

"നിങ്ങൾ ചന്ദ്രപ്പിറവി കണ്ടതിനെ അടിസ്ഥാനമാക്കി നോമ്പും പെരുന്നാളും അനുഷ്ഠിക്കുക. മേഘാവൃതമായതിനാൽ പിറവി കണ്ടില്ലെങ്കിൽ മുപ്പതു പൂർത്തിയാക്കുക/ കണക്കാക്കുക, തീരുമാനിക്കുക (التقدير والتحديد) എന്ന് നബി(സ) പഠിപ്പിച്ചതാണ്. ഇതു മഗ്‌രിബ് സമയത്താണല്ലോ. അന്വേഷണാനന്തരം ഖാസിമാർ അക്കാര്യം തീരുമാനിച്ചു പൊതുപ്രഖ്യാപനത്തിലൂടെ അറിയിക്കുന്നു. ഇതിലെന്താണ് അനൗചിത്യം? ദിവസങ്ങൾക്കു മുന്നേ, ശർഉ പ്രകാരം ഖളാഇന് അധികാരമില്ലാത്ത ഹിലാൽ കമ്മിറ്റിയുടെ അനർഹമായ പ്രഖ്യാപനത്തിന്റെ അസാംഗത്യത്തോട് ഇതിനെയെങ്ങനെ സാമ്യപ്പെടുത്താനാകും? 

➡️വിമർശനം 2

"ഫൈസിയുടെ ലേഖനം അക്കാദമിക് നിലവാരമില്ല." 

 ⏏️മറുപടി 

വഹബിയുടെ മനോനില വെച്ച് ലേഖനത്തിന്റെ നിലവാരം അളക്കേണ്ട. വിമർശിക്കാൻ വേണ്ടിയുള്ള ആരോപണമാണത്. അതിനുപുറമെ, ലേഖനത്തിന്റെ പശ്ചാത്തലമെന്താണെന്ന് നോക്കണ്ടേ? വഹ്ഹാബികൾ മർഹൂം മുഹമ്മദലി ശിഹാബ് തങ്ങളുടെ നേത്രത്വത്തിലെടുത്ത മാസപ്പിറവിയുടെ തീരുമാനത്തെ തുടർച്ചയായി ലംഘിച്ചപ്പോൾ, അതിനോടുള്ള പ്രതികരണമാണ് നാസിർ ഫൈസിയുടെ ലേഖനം. അതൊരു പഠനക്കുറിപ്പായി എഴുതിയതല്ല. ഒരു ദിനപ്പത്രത്തിലെ പ്രതികരണക്കുറിപ്പും, വിഷയാസ്പദമായ പഠനക്കുറിപ്പും വിവരണത്തിൽ വ്യത്യാസമുണ്ടാകാറുണ്ട്. എല്ലാത്തിനും ഒരേ തിളപ്പല്ല ഉപയോഗിക്കുക. 

 ➡️വിമർശനം 3

"ഹിലാൽ കമ്മിറ്റിയുടെ നിലപാട് തുഹ്ഫയിലും മറ്റും രേഖപ്പെടുത്തിയതാണ്. ഖണ്ഡിതമായ കണക്കു പ്രകാരം കാണാൻ സാധ്യതയില്ലെന്നിരിക്കെ സാക്ഷികളെ തള്ളണമെന്നാണത്."

 ⏏️മറുപടി

1977 സെപ്തംബർ 13 നു ചൊവ്വാഴ്ച സൂര്യാസ്തമനത്തിന് രണ്ട് മിനുട്ട് മുമ്പ് ചന്ദ്രൻ അസ്തമിക്കുമെന്നും അന്ന് ബാലചന്ദ്രൻ ദർശിക്കപ്പെടുകയില്ലെന്നും കേരള ഹിലാൽ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നതും ആ പറഞ്ഞ 13 ന് തന്നെ മാസം കണ്ടതായി കൂട്ടായി ഖാസിയുടെ അടുക്കൽ സാക്ഷികൾ മൊഴി കൊടുക്കുകയും അദ്ദേഹവും മറ്റു ഖാസിമാരും അത് സ്വീകരിക്കുകയും ചെയ്തതുമാണ്. അതിനെ പരാമർശിച്ചു കൊണ്ടുള്ള ചോദ്യത്തിന് മർഹൂം സദഖത്തുല്ല ഉസ്താദ് നൽകിയ മറുപടി വഹബി കണ്ടില്ല. മറുപടി ഇതാണ്:-
"സാക്ഷിപറയൽ വിധികർത്താവിന്റെ അടുത്താണ്. സാക്ഷിയെ സ്വീകരിക്കുവാനും തള്ളാനുമുള്ള അധികാരം അദ്ദേഹത്തിൽ നിക്ഷിപ്തമാണ്. ഈ വസ്തുത തുഹ്ഫ മുതലായ കിതാബുകളിൽ പ്രസ്താവിച്ചിട്ടുണ്ട്. അതിനാൽ കൂട്ടായി ഖാസിക്ക് പ്രസ്തുത കണക്ക് സംശയരഹിതമാണെന്ന് വിശ്വാസമുണ്ടെങ്കിൽ അദ്ദേഹത്തിന് സാക്ഷികളെ തള്ളാമെന്നാണ് ഇമാം സുബ്കി (റ) പറഞ്ഞത്. ഹിലാൽ കമ്മിറ്റിക്കാർക്ക് ഉറപ്പുണ്ടായത് കൊണ്ട് ഖാസിമാർ സാക്ഷികളുടെ മൊഴി തള്ളണമെന്നില്ല. "ഉറങ്ങുന്നവർ ഒരു കൂട്ടരും കൂർക്കം വലിക്കുന്നത് മറ്റൊരു കൂട്ടരുമാണോ?" (സമ്പൂർണ്ണ ഫത്താവ പേ. 192).

 ഹിലാൽ കമ്മിറ്റിയുടെ വാദം ഇമാമുകളുമായി കൂട്ടിക്കെട്ടേണ്ടെന്ന് ചുരുക്കം. 

➡️വിമർശനം 4

"കണക്കു കൃത്യമാണെങ്കിൽ, കാഴ്ച സാധ്യത ഇല്ലെന്ന കണക്കാണ് അവലംബിക്കേണ്ടതെന്നും അതിനെതിരിൽ സാക്ഷ്യം പറഞ്ഞെങ്കിൽ ആ സാക്ഷിയെ തള്ളുകയാണു ചെയ്യേണ്ടതെന്നും തുഹ്ഫയടക്കമുള്ള കര്‍മ്മശാസ്ത്ര കിതാബുകളിൽ വ്യക്തമാക്കിയിട്ടുണ്ട്."

⏏️മറുപടി

തുഹ്ഫയുടെ ഇബാറത്ത് വിവരിച്ചു കൊണ്ട് ഇമാം കുർദി പറയുന്നു: 

....اشتراط اتفاق أهل الحساب على أن مقدماته قطعية وكان المخبرون بذلك عدد التواتر وأنى يوجد ذلك 

"കണക്കിന്റെ വക്താക്കൾ അതിന്റെ മുഖവുരകൾ ഖണ്ഡിതമാണെന്നതിൽ ഏകോപിക്കുകയും അക്കാര്യം മുതവാതിറായ എണ്ണം ആളുകൾ അറിയിക്കുകയും വേണമെന്ന നിബന്ധന എങ്ങനെ ഉണ്ടാകാനാണ്?" (ഫത്താവൽ കുർദി പേ. 90)

 കണക്കിന്റെ ലക്ഷ്യങ്ങൾ ഖണ്ഡിതമാകുക, അതിൽ ഏകോപനമുണ്ടാകുക, അക്കാര്യം മുതവാതിറായ വിധം ഖാസിയ്ക്ക് വിവരം ലഭിക്കുക തുടങ്ങിയവയാണ് നിബന്ധനകൾ. കാഴ്ച അസാധ്യമാണെന്ന ضروري ആയ അറിവാണത്. അത്‌ അതിവിദൂരമാണ്. 
അതുകൊണ്ടാണ് അല്ലാമാ ബാസ്വബ് രീൻ ഇസ്മിദുൽ ഐനൈനിൽ തുഹ്ഫയുടെ ഇബാറത്തിനെ കുറിച്ച് وفيه بعد فتأمله (അതിൽ വിദൂരതയുണ്ട്, നീ അത് ആലോചിച്ചുകൊള്ളുക) എന്ന് നിരൂപിച്ചത്. 

ഇനി, കണക്കിനെതിരായാൽ സാക്ഷിയെ തള്ളണം എന്ന് പറഞ്ഞവർ അതിനു പറഞ്ഞ കാരണം എന്താണ്?

لأن شرط المشهود به أن يكون ممكنا حسا وشرعا وعقلا / شرعا وعقلا وعادة 

"സാക്ഷ്യം പറയുന്ന കാര്യം ബുദ്ധിപരമായും മതപരമായും അനുഭവപരമായും അഥവാ സാധാരണ പതിവനുസരിച്ചും സാധ്യമാകണം" എന്നാണ്. മാസം ദർശിച്ച സമയത്തും സ്ഥലത്തും കനത്ത മേഘം മൂടുകയോ, പിറ്റെന്നാൾ സാധാരണ പതിവില്ലാത്ത മറ്റൊരു സ്ഥലത്ത് ചന്ദ്രൻ കാണപ്പെടുകയോ ചെയ്താൽ സാക്ഷിത്വം തള്ളണമെന്ന് തുഹ്ഫ പറയാൻ കാരണമതാണ്. അല്ലെങ്കിൽ പിറ്റെന്നാൾ, തെളിഞ്ഞ ആകാശത്തിൽ അനേകം പേർ നോക്കിയിട്ട് ചന്ദ്രനെ കാണാതിരുന്നാൽ തലേന്നാളത്തെ സാക്ഷ്യം തള്ളണമെന്ന് ചിലർ പറഞ്ഞതും അതുകൊണ്ടാണ്. എന്നാൽ കേവലം, വരുന്ന 29 നു മാസം കാണാതിരിക്കുകയെന്നത് അനുഭവത്തിലും പതിവിലുമുള്ളതാണോ? അല്ല. 

ഇമാം സുബ്കി (റ)യുടെ ഫതാവയിലാണ് തന്റെ പ്രസിദ്ധവും ദീർഘവുമായ ചർച്ചയുള്ളത്. കണക്ക് ഖണ്ഡിതവും സാക്ഷ്യം അനുമാനവുമാണെന്നാണ് അതിൽ കാരണം പറഞ്ഞിട്ടുള്ളത്. അതേസമയം, സ്ഥിരീകരണത്തിന് കണക്കു പോരാ കാഴ്ച്ച തന്നെ വേണം എന്നതിന് ശർഹുൽ മിൻഹാജിൽ സുബ്കി തന്നെ ന്യായം പറഞ്ഞത് കാണുക. وإنما هو حدس وتخمين "കണക്ക് കമ്മട്ടവും കണക്കുകൂട്ടലുമാണ്." എന്നാൽ മാസദർശനം അസാധ്യമാണെന്ന കണക്ക് ഖണ്ഡിതമാണെന്ന് സുബ്കി ഫത്താവയിലും പറയുന്നു. സൂക്ഷ്മ വിശകലനത്തിൽ രണ്ടും തമ്മിൽ വൈരുധ്യമില്ലെന്ന് കാണാം. കണക്ക് ഏകദേശ വിവരമാണെന്ന് പറഞ്ഞത്, മാസപ്പിറവി ദർശനം കണക്കു പ്രകാരം സാധ്യമാകുന്നതിനെ കുറിച്ചാണ്. ഭാവിസംബന്ധമായ അറിവുകളുടെ (الغيب) യെല്ലാം നിലയതാണ്.
 എന്നാൽ, ഖണ്ഢിതമാണെന്ന് പറഞ്ഞത്, അസാധ്യമാകുന്നതിനെ കുറിച്ചാണ്. മുൻകാല അനുഭവവും പതിവും (الحس والعادة) കൂടി ചേർത്തുകൊണ്ടാണ് ആ കണക്ക് ഖണ്ഢിതമായത്. കേവലം കണക്കു മാത്രമല്ല. അതുകൊണ്ടാണ് ഈ ഭിന്നത ഉദ്ധരിക്കുമ്പോൾ ഇമാം റംലി(റ)വിനെ പോലുള്ളവർ ഇപ്രകാരം പറഞ്ഞത്:-

وشمل كلام المصنف ثبوتُه بالشهادة ما لو دل الحساب القطعي على عدم إمكان الرؤية وانضم إلى ذلك أن القمر غاب ليلة الثالث على مقتضى تلك الرؤية قبل دخول وقت العشاء لأن الشارع لم يعتمد الحساب بل ألغاه بالكلية وهو كذلك كما أفتى به الوالد رحمه الله تعالى خلافا للسبكي ومن تبعه (نهاية المحتاج ٣/١٥٣)

"കാണാൻ സാധ്യതയില്ലെന്ന് ഖണ്ഡിതമായ കണക്ക് അറിയിക്കുകയും അഥവാ സാക്ഷിയുടെ ദർശനപ്രകാരമുള്ള മൂന്നാം നാൾ ഇശാഇനു മുമ്പായി ചന്ദ്രൻ അസ്തമിക്കുകയും ചെയ്താലും സാക്ഷിത്വം മുഖേന മാസം സ്ഥിരപ്പെടുന്നതാണ്. ഇതിൽ സുബ്കിയുടെ പക്ഷക്കാർ എതിരാണ്."

അപ്പോൾ അനുഭവത്തിന്റെയും പതിവിന്റെയും (حسا وعادة) ബലത്തിലാണ് കാണുകയില്ലെന്ന കണക്ക് ഖണ്ഡിതമാകുന്നത് എന്നത് വ്യക്തമായി. ഇരുപത്തൊമ്പതിന് മാസം കാണില്ലെന്ന് കണക്കിന്റെ അടിസ്ഥാനത്തിൽ മാത്രം ഖണ്ഡിതമല്ലെന്നും വ്യക്തമായി. കാരണം അത് അനുഭവവും പതിവുമല്ലല്ലോ. അതുകൊണ്ടാണ്
لأن شرط المشهود به أن يكون ممكنا حسا وشرعا وعقلا / شرعا وعقلا وعادة
എന്ന് സുബ്കി പക്ഷം അവരുടെ വീക്ഷണത്തിന് ന്യായം പറഞ്ഞത്. ഇമാം സുബ്കി (റ) ഫത്താവയിൽ തുടർന്നു പറയുന്നത് ഇവിടെ അടിവരയിടേണ്ടതാണ്. 

هذه المسألة عندنا من الأمور القطعية وليست من محال الاجتهاد فإنها مبنية على ثلاثة أنواع قطعية أحدها أمر حسابي عقلي والآخر أمر عادي معلوم والثالث أمر شرعي معلوم فالغلط فيها إذا انتهى إلى هذا الحد مما ينقض فيه قضاء القاضي لكن قد ذكرنا أن المراتب متفاوتة جدا فعلى القاضي الثاني أن يتثبت في ذلك ولا يستعجل بالنقض كما قلنا إن على القاضي الأول أن يتثبت ولا يستعجل بالإثبات (فتاوى السبكي ١/٢١٧)

"ഈ വിഷയം നമ്മുടെയടുക്കൽ ഖണ്ഢിത കാര്യങ്ങളിൽ പെട്ടതാണ്. ഗവേഷണ വിഷയങ്ങളിൽ പെട്ടതല്ല. കാരണം ഇതു മൂന്നുതരം ഖണ്ഢിത തത്വങ്ങൾക്കുമേൽ എടുക്കപ്പെട്ടതാണ്. ഒന്ന്, ബുദ്ധിപരമായ ഗണിത വസ്തുത. രണ്ട്, അറിയപ്പെട്ട പതിവുകാര്യം. മൂന്ന്, അറിയപ്പെട്ട മതകീയ നിയമം. ഈ പരിധിയിലെത്തിയ ഘട്ടത്തിൽ, സംഭവിച്ച പിഴവ് ഖാസിയുടെ തീരുമാനം റദ്ദ് ചെയ്യപ്പെടുന്നതിൽ പെട്ടതാണ്. പക്ഷേ, നിലവാരങ്ങൾ വളരെ വ്യത്യസ്തമാണ്. അതിനാൽ, രണ്ടാം ഖാസി ഒന്നാം ഖാസിയുടെ വിധിയിൽ സ്ഥിരത പുലർത്തേണ്ടതും അതിനെ ധൃതിയിൽ തള്ളാതിരിക്കേണ്ടതുമാണ്. ഒന്നാം ഖാസി സ്ഥിരത പുലർത്തലും ബദ്ധപ്പെട്ട് പിറവി സ്ഥിരീകരിക്കാതിരിക്കലും അനിവാര്യമാണ് എന്നതുപോലെ."

 ➡️വിമർശനം 5

ബിഗ് യയിൽ ഇപ്രകാരം കാണാം.

ومن المعلوم لدى كل أهل هذا الفنّ اتفاق اهل الحساب قاطبة علي أن مقدماته قطعية (بغية)

(ഗോള ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാവർക്കും ഒന്നടങ്കം അറിയാവുന്ന കാര്യമാണ്, കണക്കിന്റെ ആമുഖങ്ങളെല്ലാം ഖണ്ഡിതമായിട്ടുണ്ട് എന്നത്.)

 ⏏️മറുപടി

ബിഗ് യയിലുള്ളത് അല്ലാമാ ബാ ഫഖീഹിന്റെ ഇത്ഹാഫുൽ ഫഖീഹ് പേജ് 183 ൽ നിന്നുള്ള ഉദ്ധരണിയാണ്. റമസാൻ ഇരുപത്തൊമ്പതിന് രണ്ടാളുകൾ മാത്രം മാസം കണ്ടുവെന്ന് സാക്ഷി നിൽക്കുന്നു. തെളിഞ്ഞ ആകാശത്തിൽ അനേകം ആളുകൾ മാസം നോക്കിയിട്ട് കണ്ടതുമില്ല. അടുത്ത ദിവസത്തിലും അനേകം ആളുകൾ മാസം നോക്കിയിട്ട് കണ്ടില്ല. മൂന്നാം ദിവസത്തിൽ ചുരുക്കം ആളുകൾ മാത്രം അസ്തമയത്തിനു തൊട്ടുടനെ മല മുകളിൽ അല്പനേരം കണ്ടു. നാലാം ദിവസം ചുവന്ന ശോഭ മായുന്നതോടൊപ്പം ചന്ദ്രൻ അസ്തമിച്ചു. ഈ സാഹചര്യത്തിൽ റമസാൻ 29 ന് മാസം കണ്ടത് അസാധ്യമാണെന്ന് അനുഭവത്തിന്റെയും പതിവിന്റെയും (حسا وعادة) പിൻബലത്തിലുള്ള കണക്കിനെ കുറിച്ചാണ് ബിഗ് യയിൽ അപ്പറഞ്ഞത്. കാരണം, ഇത്ഹാഫുൽ ഫഖീഹിന്റെ ഉദ്ധരണി ഇങ്ങനെയാണ്:-

ومن المعلوم لدى كل من له اطلاع على هذا العلم اتفاق اهل الحساب بحيث لا يشذ واحد منهم أن مقدماته قطعية على عدم إمكان الرؤية في مسألتنا (إتحاف الفقيه - ١٨٣)

"ഉന്നയിച്ച പ്രശ്നത്തിൽ കാഴ്ച്ച സാധ്യമല്ലെന്നതിൽ കണക്കിന്റെ മുഖവുരകൾ ഖണ്ഡിതമാണെന്ന് ഗണിത വക്താക്കൾ ഒരാളുമൊഴിയാതെ ഏകോപിച്ചതാണെന്ന് ഈ ശാസ്ത്രത്തിൽ പരിജ്ഞാനമുള്ളവർക്കെല്ലാം അറിവുള്ളതിൽ പെട്ടതാണ്." 

കേവലം ഇരുപത്തൊമ്പതിന് മാസപ്പിറവി ദർശിക്കൽ അസാധ്യമാകുന്നതിനെ കുറിച്ചല്ല ബൽഫഖീഹ് പറയുന്നതും ബിഗ് യ ഉദ്ധരിക്കുന്നതും.

➡️വിമർശനം 6

"കണക്കിനെതിരില്‍ സാക്ഷ്യം പറയപ്പെട്ടാൽ ആ കണക്കിനെ അവഗണിക്കുകയും സാക്ഷിയെ സ്വീകരിക്കുകയും വേണം എന്ന വാദത്തിനു കണക്ക് പിഴക്കാം എന്നാണു ന്യായം പറയുന്നത്. ഇതിൽ നിന്നും പിഴക്കാൻ സാധ്യതയുള്ള കണക്കാണ് അപ്രകാരം ചെയ്യേണ്ടത് എന്നു മനസ്സിലാക്കാം."

 ⏏️മറുപടി

കണക്ക് പിഴക്കാം എന്നല്ല, പൊതു കാര്യങ്ങളിൽ ശർഅ് കണക്കിനെ അവഗണിച്ചിരിക്കുന്നുവെന്നാണ് ആ പക്ഷക്കാർ പറഞ്ഞത്. ഇബാറത്തുകൾ കാണുക:-

لأن الشارع لم يعتمد الحساب بل ألغاه بالكلية وهو كذلك كما أفتى به الوالد رحمه الله تعالى خلافا للسبكي ومن تبعه (نهاية المحتاج ٣ / ١٥٣)
ووجه ما قلناه أن الشارع لم يعتمد الحساب بل ألغاه بالكلية بقوله إنا أمة أمية لا نكتب ولا نحسب الشهر هكذا وهكذا وقال ابن دقيق العيد الحساب لا يجوز الاعتماد عليه في الصيام..... (فتاوى الرملي ٢ - ٥٨)
(قوله بل ألغاه بالكلية) أي بالنسبة للأمور العامة كما سيصرح به فلا ينافي ما مر له من وجوب الصوم به على من وثق به (حاشية الرشيدي ٣/١٥٣)

ഇതോടെ, "ഇമാം റംലി അടക്കമുള്ളവരുടെ നിലപാട് കണക്കു കൃത്യമാണെന്ന് വന്നാൽ അസ്വീകാര്യമാവുമല്ലോ" എന്ന വഹബിയുടെ വെളിപാട് തെറ്റാണെന്നു കൂടി വ്യക്തമായി. 

 ➡️വിമർശനം 7

"ലേഖകൻ പറയുന്നു: മാസപ്പിറവിയിൽ ചില പണ്ഡിതന്മാർ കണക്കിനെ പരിഗണിക്കാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. പരിഗണിക്കാമെന്നാണ്, അവലബിക്കാമെന്നല്ല"
എന്താണീ പറയുന്നത്?! കണക്കിനെ പരിഗണിക്കാം എന്നാൽ അവലംബിക്കണമെന്നല്ല എന്നോ?...."

 ⏏️മറുപടി

"ചില പണ്ഡിതൻമാർ" എന്നാൽ ഇബ്നു ഹജർ പക്ഷമാണെന്ന് വഹബി എന്തിനു വ്യാഖ്യാനിക്കണം? ആ വ്യാഖ്യാനത്തെ മനസ്സിൽ വച്ച് താങ്കൾ പിന്നെയെഴുതിയാതൊക്കെ വൃഥാവിലായിപ്പോയല്ലോ വഹബിയവർകളേ!  

 ➡️വിമർശനം 8

"ഇപ്പോഴും സൂര്യന്റയും ചന്ദ്രന്റെയും വേഗതയും സഞ്ചാരപാതയും സംബന്ധിച്ചു ശാസ്ത്ര ലോകം അജ്ഞരും പിഴക്കാൻ സാധ്യതയുള്ള കണക്കുകൂട്ടുന്നവരാണ് എന്നും ഒരു സംസ്‌ഥാന നേതാവിന്റെ തുലികയിലൂടെ പൊതു സമൂഹത്തിനു മുന്നിൽ പത്ര-മാധ്യമത്തിൽ അച്ചടിച്ചു വന്നാൽ അതിൻ്റെ ഗൗരവം എത്രത്തോളമാണ്?! കൊച്ചു സ്കൂൾ കുട്ടികൾ പോലും പരിഹസിക്കുകയല്ലേ ചെയ്യുക?"

⏏️മറുപടി

 പരിഷ്കരണ വാദിയായ സിഎൻ അഹ്‌മദ്‌ മൗലവിയാണ് ആദ്യമായി ഈ പരിഹാസ്യത്തെ പരിഗണിച്ചതായി നാം കണ്ടിട്ടുള്ളത്. ഇപ്പോളിതാ വഹബിയും അതേറ്റുപിടിച്ചിരിക്കുന്നു! ഇതേ പരിഹാസ്യം ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായമായ ഇമാം റംലിയുടെ വീക്ഷണത്തിനു നേരെ തിരിച്ചുപിടിച്ചു നോക്കൂ. അപ്പോൾ എന്തു തോന്നുന്നുവെന്ന് വഹബി തന്നെ ആലോചിക്കുക. 

 ➡️വിമർശനം 9

"കണക്കിലെ പിഴവിനു തെളിവായിട്ടു ഹിജ്റ കമ്മിറ്റിയും ഹിലാൽ കമ്മിറ്റിയും തമ്മിലുള്ള പെരുന്നാളുകളിലെ വ്യത്യാസത്തെയാണു ലേഖകൻ ചൂണ്ടിക്കാണിക്കുന്നത്."

 ⏏️മറുപടി

എന്താണ് നാസിർ ഫൈസി എഴുതിയതെന്ന് നോക്കൂ:- "പരിഷ്കരണത്തിലും കണക്കിലും ഹിലാൽ കമ്മിറ്റിയെ മറികടക്കുന്ന ഹിജ്‌റ കമ്മിറ്റി പെരുന്നാൾ 12 നു ബുധനാഴ്ച ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കണക്കന്മാരുടെ പിഴവ് അതിൽ തന്നെ പ്രകടമാണ്."
'കണക്കന്മാരുടെ പിഴവും' കണക്കിലെ പിഴവും ഒന്നാണെന്നു വഹബി വിചാരിച്ചാൽ ഒന്നാകുമോ? 

 ➡️വിമർശനം 10

''കണക്കല്ലേ, പിഴക്കാം എന്ന സാധ്യത കുറിപ്പിൽ പരാമർശിക്കുകയും തദടിസ്ഥാനത്തിൽ അതിനെ മാറ്റിവയ്ക്കുകയും ചെയ്യുകയാണെങ്കിൽ സൂര്യസഞ്ചാരത്തിന്‍റെ കണക്കിനെ മാത്രം അടിസ്ഥാനപ്പെടുത്തി സമസ്തയടക്കമുള്ള ഔദ്യോഗിക സംഘടനകൾ പ്രസിദ്ധീകരിക്കുന്ന കലണ്ടറുകളിലും ചാർട്ടുകളിലും വിശദീകരിക്കുന്ന നിസ്കാരസമയം അംഗീകാരയോഗ്യമല്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നു വരും."

⏏️മറുപടി

ആ ചോദ്യത്തിന് ഇമാമുകൾ മറുപടികൾ പറഞ്ഞിട്ടുണ്ട്. അതിലൊന്ന് കാണുക. 

والفرق بينه وبين أوقات الصلاة أن الغلط قد يحصل هنا كثيرا بخلاف أوقات الصلاة يحصل القطع أو قريب منه غالبا (فتاوى السبكي ١/٢٠٨)

"മാസസ്ഥിരീകരണവും നിസ്കാര സമയവും തമ്മിലുള്ള വ്യത്യാസം മാസസ്ഥിരീകരണത്തിൽ ധാരാളം പിഴവ് സംഭവിക്കാം. നിസ്കാര സമയം അങ്ങനെയല്ല. അതിൽ ഉറപ്പോ, ഉറപ്പിനു സമീപമായതോ സാധാരണഗതിയിൽ ലഭിക്കും."  

ശർഇൽ മാസസ്ഥിരീകരണം (ثبوت الهلال) ഒരു പ്രാപഞ്ചിക വ്യവസ്ഥയല്ല. അതൊരു നിയാമക പ്രശ്നം (حكم شرعي) ആണ്. അതിന് ശർഇയ്യായ തെളിവാണ് ഉണ്ടാകേണ്ടത്. വ്യക്തിപരമായി ഗോളപണ്ഡിതന് തന്റെ അറിവ് കൊണ്ട് നോമ്പനുഷ്ഠിക്കാം. അതുപോലെ നിസ്കാരത്തിനും കണക്കുപയോഗിക്കാം. കാരണം നിസ്കാരം വുജൂബാകാനുള്ള സബബ് പ്രാപഞ്ചികമാണ്. നോമ്പ് വുജൂബാകാനുള്ള ഒരു സബബ് സ്ഥിരീകരണമാണ്. ഈ വ്യത്യാസം വഹബി മനസിലാക്കുക. വിവാഹാനന്തരം നിശ്ചിത സമയത്തിൽ ജനിക്കുന്ന കുട്ടിയുടെ പിതാവ് ഭർത്താവാണ്. സ്കാനിങ്ങോ ഡിഎൻഎ ടെസ്റ്റിങ്ങോ കൊണ്ട് കുട്ടി അയാളുടെ ബീജത്തിൽ നിന്നല്ല എന്ന് ശാസ്ത്രം ഖണ്ഡിതമായി പറഞ്ഞത് വഹബി സ്വീകരിക്കുമോ? 

വഹബിയുടെ ഉസ്താദ് നജീബ് മൗലവി തന്നെ എഴുതുന്നത് കാണൂ. "പ്രശ്നം: ഗോളശാസ്ത്രം ആധാരമാക്കി മാസപ്പിറവി സ്ഥിരപ്പെടുത്തുവാൻ പാടില്ല എന്നാണ് നമ്മുടെ കർമ്മ ശാസ്ത്ര പണ്ഡിതർ പറയുന്നതെങ്കിൽ ഇന്നു നടപ്പുള്ള നമസ്കാര സമയ വിവരപ്പട്ടിക നമുക്കംഗീകരിക്കാമോ? അതും ഗോളശാസ്ത്രം കണക്കാക്കിയല്ലേ തയ്യാറാക്കിയിട്ടുള്ളത്? 
ഉത്തരം: ഗോളശാസ്ത്രം ആധാരമാക്കി മാസപ്പിറവി ഖാസിമാർ സ്ഥിരീകരിക്കാൻ പാടില്ലെന്നു കർമ്മശാസ്ത്ര പണ്ഡിതന്മാർ വിധിയെഴുതാൻ കാരണം സ്ഥിരീകരണത്തിന് ശാരിഅ് (അല്ലാഹുവും റസൂലും) നിശ്ചയിച്ചു തന്ന മാർഗ്ഗത്തിനു പുറത്താണതെന്നതു കൊണ്ടാണ്. പിറ ചന്ദ്രനെ കാണുകയോ നിലവിലുള്ള മാസം മുപ്പതു പൂർത്തിയാകുകയോ ആണ് മാസപ്പിറവി സ്ഥിരീകരിക്കുന്നതിന് ശർഅ് പഠിപ്പിച്ച മാർഗ്ഗം. ഗോളശാസ്ത്ര പ്രകാരം ചന്ദ്രദർശനം നടക്കുകയില്ലല്ലോ. അതു കണ്ണുകൊണ്ടു തന്നെ വേണമല്ലോ. കണക്കു കൊണ്ടാവില്ല. നമസ്കാര സമയത്തിന്റെ സ്ഥിതി ഇതല്ല. സമയം പ്രവേശിച്ചുവെന്ന് ബോധ്യപ്പെടലാണ് നമസ്കാരംത്തിന്റെ ശർത്ത്. അതിനൊരു മാർഗ്ഗമായി ഗോളശാസ്ത്ര പ്രകാരമുള്ള കണക്കുകളെയും ഘടികാരങ്ങളെയും ആധാരമാക്കാവുന്നതാണ്." (പ്രശ്നോത്തരം 2-52)

 ➡️വിമർശനം 11

"കണക്ക്, ആധുനികശാസ്ത്രമെല്ലാം കൃത്യമാണെന്നു പറയുമ്പോഴും അത് അനുഭവത്തിൽ നിന്നു തെളിയുമ്പോഴും (ഉദാഹരണം; ഇന്ന വർഷത്തിൽ ഇന്ന തീയതിയിൽ ഇന്ന സമയത്തു ഗ്രഹണം സംഭവിക്കുമെന്നു പറഞ്ഞാൽ ആ സമയത്തു തന്നെ സംഭവിക്കുന്നതായിട്ടു നമുക്ക് അനുഭവപ്പെടുന്നുണ്ട്. അതിനർത്ഥം അവരുടെ കണക്കു കൃത്യമാണ് എന്നാണ്.) അതിനെ നിരാകരിക്കുന്നത് സ്വീകാര്യമായ നിലപാടല്ല.
 കണക്ക് പിഴക്കാം എന്നതിന് ചിലർ പറയുന്നത്, അവയെല്ലാം അല്ലാഹുവിന്‍റെ സൃഷ്ടികളല്ലേ, അല്ലാഹു ഒരുപക്ഷേ മറ്റൊരു സഞ്ചാര പാതയിലൂടെ ചന്ദ്രനെ സഞ്ചരിപ്പിക്കുകയോ അല്ലെങ്കിൽ അല്പം വൈകി ഉദിപ്പിക്കുകയോ മറ്റോ ചെയ്താലോ എന്നാണ്. അങ്ങനെ ഒരു സാധ്യതയെ ഫിഖ്ഹു പരിഗണിക്കുന്നില്ലെന്നാണു കിതാബുകളുടെ ഇബാറത്തുകളിൽ നിന്നു നമുക്ക് മനസ്സിലാവുന്നത്."

 ⏏️മറുപടി

നജീബ് മൗലവി തന്നെ വഹബിക്ക് മറുപടി പറഞ്ഞിട്ടുണ്ട്. അതു കാണുക: "ഗ്രഹണമുണ്ടാകുന്നത് വാനനിരീക്ഷകരുടെ തീർപ്പിനും പ്രവചനത്തിനും ഗ്രഹണ നിസ്കാരത്തിന്റെ കാര്യത്തിൽ യാതൊരു സ്വാധീനവുമില്ല. എത്ര തന്നെ ആ പ്രവചനം ഒത്തുവരുന്നുണ്ടെങ്കിലും അതു കേവലം കണക്കുകളും നമുക്ക് നിയന്ത്രണാതീതമായ സൂര്യ-ചന്ദ്ര ചലനങ്ങൾ ആധാരമാക്കിയുള്ള അഭിപ്രായപ്രകടനങ്ങളുമാണല്ലോ. അല്ലാഹു പുലർത്തിയില്ലെങ്കിൽ അതു പുലരാതിരിക്കാം. നിരീക്ഷകർക്കും ശാസ്ത്രജ്ഞർക്കും മനസ്സിലാകാത്ത, പ്രതിരോധിക്കാൻ കഴിയാത്ത തടസ്സങ്ങൾ ഇടയ്ക്കു വരാമല്ലോ...." (പ്രശ്നോത്തരം 2-50)

വഹബിയുടെ മറ്റു അപ്രസക്ത പരാമർശങ്ങൾക്ക് തത്കാലം മറുപടി പറയുന്നില്ല. 

 അനുഭാവി
 29 / 05 / 2021