പുകവലി പാടെ ഉപേക്ഷിക്കാൻ 10 വഴികൾ


പുകവലിയുടെ ദോഷവശങ്ങള്‍ തിരിച്ചറിയുക

പുകവലി നിറുത്തുന്നതിന് വ്യക്തമായ കാരണം നിങ്ങള്‍ക്കുണ്ടാകണം. ശാസ്വകോശ അര്‍ബുദവും കാഴ്ചശക്തിയെപ്പോലും ബാധിക്കുമെന്ന പുതിയ കണ്ടെത്തലും മറ്റ് നിരവധി ഗുരുതരമായ രോഗങ്ങളും ആരെങ്കിലും ഓര്‍ക്കാറുണ്ടോ?

ഒറ്റയടിക്ക് നിര്‍ത്തരുത്
പുകവലി നിര്‍ത്താന്‍ തീരുമാനിച്ചാല്‍ ഒറ്റയടിക്ക് ഒരു ദിവസം നിര്‍ത്തരുത്. അത് തീര്‍ച്ചയായും അപ്രായോഗികമാണ്. പുകവലിക്കാരുടെ തലച്ചോറിലെ നിക്കോട്ടിന്റെ അളവ് അഡിക് ഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍തന്നെ ഓരോദിവസവും ഉപയോഗിക്കുന്ന സിഗരറ്റിന്റെ അളവ് കുറച്ചുകൊണ്ടുവന്ന് ക്രമേണ പൂര്‍ണമായി നിര്‍ത്താം.

1-നിക്കോട്ടിന്‍ റിപ്ലെയ്‌സ്‌മെന്റ് തെറാപ്പി
പുകവലി പെട്ടന്ന് നിര്‍ത്തിയാല്‍ അത് നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. വിഷാദം, സ്വസ്ഥതയില്ലായ്മ, ദേഷ്യം എന്നിവയും അതുമൂലം ഉണ്ടായേക്കാം. നിക്കോട്ടിന്‍ റിപ്ലെയ്‌സ്‌മെന്റ് തെറാപ്പിയിലൂടെ ഇത്തരം അവസ്ഥകള്‍ തരണം ചെയ്യാന്‍ സാധിക്കും. നിക്കോട്ടിന്‍ കുറഞ്ഞ അളവില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ ഗം(ഒരുതരം ചുയിംഗം), പോളോ പോലുള്ള മിഠായികള്‍ തുടങ്ങിയവ പുകവലിക്കുന്നതിനു പകരമായി ഉപയോഗിക്കാം. ചുയിംഗം പോലുള്ളവ പുകവലിക്കുമ്പോള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. അതിലുള്ള നിക്കോട്ടിന്റെ അംശം ശരീരത്തില്‍ കൂടുതലായി എത്തുന്നതിനാലാണിത്.

2-ഡോക്ടറുടെ നിര്‍ദേശം തേടുക
പുകവലി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ തരണം ചെയ്യാനുള്ള മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ ഇവ കഴിക്കാവൂ. നിക്കോട്ടിന്‍ അഡിക് ഷന്‍ ബാധിച്ച തലച്ചോറിനെ അതില്‍നിന്ന് മാറ്റിയെടുക്കാന്‍ ഇത്തരം മരുന്നുകള്‍ സാഹായിക്കും. വിഷാദം, ശ്രദ്ധയില്ലായ്മ എന്നിങ്ങനെയുള്ള അവസ്ഥകളില്‍നിന്ന് തിരിച്ചുവരുന്നതിനും മരുന്നുകള്‍ സഹായിക്കും.

3-ഏകാന്തത ഒഴിവാക്കുക
സുഹൃത്തുക്കളോടും വീട്ടുകാരോടും സഹപ്രവര്‍ത്തകരോടും പുകവലിനിര്‍ത്തുന്നകാര്യം പറയുക. അവരുടെയെല്ലാം പ്രോത്സാഹനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഇടക്കിടെ കൗണ്‍സിലറുടെ സഹായംതേടുക. ബിഹേവിയറല്‍ തെറാപ്പിയിലൂടെ പുകവലിനിര്‍ത്താന്‍ കൗണ്‍സിലറുടെ ഉപദേശവും മാര്‍ഗ്ഗനിര്‍ദേശങ്ങളും സഹായകമാകും.ഏകാന്തത ഒഴിവാക്കി സജീവമായി ഇടപെടാന്‍ ശ്രദ്ധിക്കുക.

4-മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക
നിക്കോട്ടിന്‍ സ്‌ട്രെസില്‍നിന്ന് വിമുക്തിനല്‍കുമെന്നതിനാലാണ് സാധാരണ ജനങ്ങള്‍ പുകവലിയില്‍ ആശ്വാസംകണ്ടെത്തുന്നത്. ഒരിക്കല്‍ പുകവലിയില്‍നിന്ന് മുക്തിനേടിയാല്‍ സ്‌ട്രെസ് വന്നാല്‍ എന്തുചെയ്യും. പിന്നെയും പുകവലിയെ ആശ്രയിക്കാന്‍ അത് കടുത്ത പ്രേരണനല്‍കും. ഗാനങ്ങൾ ആസ്വദിക്കുക, എക്സസൈസ് പരിശീലിക്കുക തുടങ്ങിയവ റിലാക്‌സ് ചെയ്യാന്‍ സഹായിക്കും.

5-മദ്യപാനം ഒഴിവാക്കുക
മദ്യപാനം ഉള്‍പ്പടെയുള്ളകാര്യങ്ങള്‍ പുകവലിക്കാന്‍ പ്രേരണ നല്‍കും. മദ്യം ഉപയോഗിക്കണമെന്നുതോന്നുമ്പോള്‍ ചായയോ കാപ്പിയോ കുടിക്കാന്‍ ശ്രമിക്കുക. ഭക്ഷണത്തിനുശേഷം പുകവലി ശീലമാക്കിയവര്‍ സിഗരറ്റ് ഉപയോഗിക്കുന്നതിനുപകരം പല്ല് ബ്രഷ് ചെയ്യുകയോ ചുയിംഗമോ മറ്റോ ഉപയോഗിക്കുകയോ ചെയ്യുക.

6-വീട് വൃത്തിയാക്കുക
പുകവലി നിര്‍ത്തിയാല്‍ വീട്ടിലുള്ള ആഷ് ട്രെ, ലൈറ്ററുകള്‍ എന്നിവ ഉപേക്ഷിക്കുക. പുകയിലയുടെ മണം തങ്ങിനില്‍ക്കുന്ന വസ്ത്രങ്ങള്‍ വൃത്തിയാക്കി പെര്‍ഫ്യൂം അടിക്കുക.കാര്‍പ്പെറ്റുകളും സോഫ സെറ്റികളും വൃത്തിയാക്കി പുകയിലയുടെ മണം കളയാന്‍ ശ്രമിക്കുക. വീട്ടില്‍ തങ്ങിനില്‍ക്കുന്ന പുകയിലയുടെ മണം വീണ്ടും പുകവലിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചേക്കാം.

7-പ്രേരണയെ ചെറുക്കുക
ഒരിക്കല്‍ പുകവലി നിര്‍ത്തിയാല്‍ വീണ്ടും അതിലേയ്ക്ക് തിരിയാനുള്ള സാഹചര്യം ഒഴിവാക്കുക. പുകവലിയെ ആശ്രയിക്കാനുള്ള സാഹചര്യങ്ങളും മാസനിക അവസ്ഥയും പരിശോധിക്കുക. അതിലൂടെ പുകവലിയെന്ന വിപത്തിനെ ചെറുക്കാനുള്ള മാനസിക കരുത്ത് നേടിയെടുക്കാന്‍ ശ്രമിക്കുക.

8-പഴങ്ങളും പച്ചക്കറികളും കഴിക്കുക
പുകവലി ഉപേക്ഷിക്കുന്നവര്‍ ഭക്ഷണത്തില്‍ കുറവ് വരുത്തരുത്. കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കുക. കലോറി കുറഞ്ഞ പാലുല്‍പ്പന്നങ്ങളും കഴിക്കാം. ഇവയുടെ ഉപയോഗം സിഗരറ്റിനോടുള്ള താല്‍പര്യമില്ലായ്മയുണ്ടാക്കുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

9-നടക്കാനിറങ്ങുക
ശരീരത്തിന്റെ ചലനം നിക്കോട്ടിന്റെ അഡിക് ഷനെ പ്രതിരോധിക്കാന്‍ സഹായിക്കും. പുകവലിക്കണമെന്ന് തോന്നുമ്പോള്‍ നടക്കുന്നത് നല്ലതാണ്. ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നതും ഫലപ്രദമാണ്. നായയെ കൊണ്ട് പുറത്തിറങ്ങുകയോ, പൂന്തോട്ടത്തില്‍ ചെറിയ ജോലികളിലേര്‍പ്പെടുകയോ ചെയ്യാം.

10-സമ്പാദ്യം വിനിയോഗിക്കരുത്
പുകവലി നിര്‍ത്തുന്നതോടെ ആരോഗ്യം മെച്ചപ്പെടുന്നതോടൊപ്പം പോക്കറ്റ് വീര്‍ക്കാനും തുടങ്ങും. തന്റെ സമ്പാദ്യത്തില്‍ നല്ലൊരുഭാഗം പുകവലിക്കാണ് ഉപയോഗിച്ചിരുന്നതെന്ന് അറിയുന്നതുതന്നെ അപ്പോഴാണ്. പുകവലി ഉപേക്ഷിച്ചതിലൂടെ ലഭിച്ച പണത്തിലൊരുഭാഗം മറ്റ് പരിപാടികള്‍ക്കായി മാറ്റിവെക്കാം.

ഏറ്റവും വലിയ നേട്ടം ആരോഗ്യംതന്നെ
പുകവലി നിര്‍ത്തുന്നതോടെ രക്തസമ്മര്‍ദം സാധാരണ നിലയിലാകുന്നു. ശരീരത്തിലെ ഓക്‌സിജന്റെയും കാര്‍ബണ്‍ മോണോക്‌സൈഡിന്റെയും അളവ് സാധാരണനിലയിലാകും. ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറക്കും. രക്തധമനികളിലുണ്ടാകുന്ന അസുഖങ്ങള്‍, സ്‌ട്രോക്ക്, ശ്വാസകോശ അര്‍ബുദം തുടങ്ങിയവയ്ക്കുള്ള സാധ്യതയും അതുമൂലം ഇല്ലാതാകുന്നു.