മദ്രസാ അധ്യാപകർക്ക് 25000 സർക്കാർ ശമ്പളം, സ്കോളർഷിപ്പ് 80 ശതമാനവും മുസ്ലിംകൾ അടിച്ചെടുക്കുന്നു - നുണപ്രചരണം പൊടിപൊടിക്കുന്നു- അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

'സ്‌കോളർഷിപ്പ്' വിവാദം വസ്തുതയെന്ത് ?


  അബ്ദുൽ ഹമീദ് ഫൈസി  അമ്പലക്കടവ്   

സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് നുണപ്രചാരണം പൊടിപൊടിക്കുന്നു. സർക്കാർ ഖജനാവിൽ നിന്ന് 25000 രൂപ വീതം മദ്രസാധ്യാപകർക്ക് ശമ്പളം നൽകുന്നുവത്രേ! . ന്യൂനപക്ഷ വകുപ്പ് മുൻ മന്ത്രി കെ.ടി ജലീലിന്റെ പേരിലാണ് ഈ പ്രചാരണം. ഒരു വിധം ആളുകൾ ഇതൊക്കെ വിശ്വസിക്കുമല്ലോ. മന്ത്രി അങ്ങിനെ പറഞ്ഞിട്ടുമില്ല. ഒരു അധ്യാപകന് പോലും സർക്കാരിൽ നിന്ന് ഒരു രൂപ പോലും ഇത് വരെ ശമ്പളമായി കിട്ടിയിട്ടുമില്ല.
 ന്യൂനപക്ഷ വിഭാഗത്തിനുള്ള സ്കോളർഷിപ്പ് തുക മുസ്ലിം ലീഗിൻറെ സമ്മർദത്തിന് വഴങ്ങി 80 ശതമാനവും മുസ്ലീങ്ങൾ അടിച്ച് എടുക്കുന്നു! .  ബാക്കി 20 ശതമാനം മാത്രം മതന്യൂനപക്ഷങ്ങൾ വീതിച്ചെടുക്കുന്നുവത്രെ!.   ഇത് കേട്ടാൽ സത്യമാണെന്ന് തോന്നും പ്രത്യേകിച്ചും കോടതി 80: 20 ഇന്നലെ റദ്ദ് ചെയ്ത സാഹചര്യത്തിൽ. അങ്ങിനെയായിരുന്നോ കേരളത്തിൽ ഇതുവരെ എന്ന് ആരും ചിന്തിച്ചു പോകും.!

പിന്നെ എന്താണ് സത്യം? വിവിധ ജാതി മത വിഭാഗങ്ങൾക്ക് പ്രത്യേക കോർപ്പറേഷനുകളും പ്രത്യേകം ഫണ്ടും സർക്കാർ അനുവദിക്കുന്നുണ്ട്.
 പ്രത്യേകിച്ചും പിന്നോക്ക വിഭാഗങ്ങള്‍ക്ക്.
 പലപ്പോഴും പിന്നോക്ക വിഭാഗങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ കമ്മീഷനുകളെ ചുമതലപ്പെടുത്താറുണ്ട്. ഏതു വിഭാഗത്തെ കുറിച്ചാണ് പഠിക്കാൻ ഏൽപ്പിച്ചത് ആ വിഭാഗത്തിന് ആവശ്യമായ ശുപാർശകളാണ് കമ്മീഷൻ സമർപ്പിക്കുക. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ക്രൈസ്തവ സമൂഹത്തിനു വേണ്ടി കോശി കമ്മീഷനെ നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിൽ പരിവർത്തിത ക്രൈസ്തവ കോർപ്പറേഷനുണ്ട്.  സർക്കാർ അവർക്ക് ഫണ്ടും അനുവദിച്ചിട്ടുണ്ട്. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരെ ശാക്തീകരിക്കാനാണ് ഈ വകുപ്പ് .

പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനുണ്ട്. സർക്കാർ വലിയ ഫണ്ട് ഇവർക്കും അനുവദിക്കുന്നുണ്ട്. മുന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഉണ്ട്. വൻ തുക സർക്കാർ ഇവർക്കും അനുവദിക്കാറുണ്ട്. അതത് വിഭാഗത്തിൻ്റെ ക്ഷേമത്തിനാണ് ഈ ഫണ്ടുകൾ അത്രയും വിനിയോഗിക്കാറുള്ളത്. ഇതുപോലൊരു ഫണ്ടാണ് സച്ചാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം മുസ്ലിങ്ങൾക്കും അനുവദിച്ചത്. 2008 ൽ വി.എസ് അച്യുതാനന്ദൻ ഗവർമെന്റ് പാലോളി കമ്മിറ്റി ശുപാർശ പ്രകാരം ഈ ഫണ്ട് 100 ശതമാനവും മുസ്ലിംകൾക്ക് മാത്രമായി നൽകുന്നതിൽ തീരുമാനമായെങ്കിലും 2011 ൽ ഇരുപത് ശതമാനം പിന്നോക്ക ക്രൈസ്തവർക്ക് കൂടി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു .
പിന്നീട് വന്ന യുഡിഎഫ് സർക്കാരും എൽഡിഎഫ് സർക്കാരും ഇത് തുടർന്നു. ഇപ്പോൾ ഇത് കോടതി റദ്ദാക്കിയിരിക്കുന്നു. ജനസംഖ്യാനുപാതികമായി ഇത് വിതരണം ചെയ്യണമെന്നാണ് കോടതിവിധി.
  ഈ ഫണ്ട് നൂറ് ശതമാനവും മുസ്ലിംകൾക്ക് നീക്കിവെക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ കോടതി വിധിച്ചത് പോലെ ജനസംഖ്യാനുപാതികമായി വീതിക്കണം. പക്ഷേ, മുസ്ലിം ന്യൂനപക്ഷത്തിന് നിശ്ചയിച്ചഫണ്ട് മാത്രമല്ല.
മറ്റെല്ലാ കോർപറേഷനുകളിലെഫണ്ടും ഉദ്യോഗ നിയമനവുമുൾപ്പെടെ എല്ലാം.
അതാണ് നീതി. കേരളാ ഗവൺമെന്റ് ഈ വിഷയത്തിൽ ഇടപെട്ട് ആവശ്യമായത് അടിയന്തിരമായി ചെയ്യേണ്ടിയിരിക്കുന്നു.

അമ്പലക്കടവ് 
29.05.2021