തസ്ബീഹ് നിസ്കാരം: വിമർശകരെ ഓടിച്ച അൽപ്പം തെളിവുകൾ

തസ്ബീഹ് നിസ്കാരം വളരെയേറെ മഹത്തായഒരു  ഇബാദത്താണ് .
ശാഫിഈ,ഹനഫീ മദ്ഹബുകളിൽ ഇത് സുന്നത്ത് / മൻദൂബ് ആണ് .
(തുഹ്ഫ 2/295 , റദ്ദ് 2 / 28)

നബി (സ്വ)യെ തൊട്ട്ഉദ്ധരിക്കപ്പെട്ടപുണ്യമായഹദീസാണ് ഇതിന്റെ തെളിവ്. നിരവധി സ്വഹാബത്തിനെ തൊട്ട്ഇവ്വിഷയകമായിഹദീസുകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

1)ഇബ്നുഅബ്ബാസ് (റ)
2 )ഇബ്നു ഉമർ(റ)
3 )ഫള്ലുബ്നു അബ്ബാസ് (റ)
4)അലിയ്യ്ബ്നു അബീത്വാലിബ് (റ)
5)ജ്അഫർ ബ്നു അബീത്വാലിബ് ( റ )
6 ) ഉമ്മുസലമ:(റ)  എന്നിവർഅവരിൽപ്രധാനികളാണ്.

ഇതിൽ ഏറ്റവും പ്രബലമായത് അബൂദാവൂദ് (ഹ:നമ്പർ.1297) ഇബ്നുമാജ (1387) എന്നിവർ ഇക് രിമ(റ) , ഇബ്നു അബ്ബാസ് (റ )വഴിയായി നബി (സ്വ) യെതൊട്ട് ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസാണ്.

ആ ഹദീസ് ഇപ്രകാരമാണ്.നബി(സ്വ )അബ്ബാസ് (റ ) നോട്  പറയുകയുണ്ടായി.
قال للعباس،ياعباس،يا عماه، الااعطيك الا امنحك الا احبوك........(أبوداود)


ഈഹദീസ് ഈ പരമ്പര പ്രകാരം സ്വഹീഹാണെന്ന് നിരവധി പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട് . അവരിൽ പ്രധാനികളെ പരിചയപ്പെടാം.

1) അൽഹാഫിള് അബൂബക്കറുൽ ആചുർരി (റ)
(H:280.ജനനം - 360 വഫാത്ത്)
في كتابه النصيحة_قال هذا حديث صحيح

2 ) അൽഹാഫിള് അബൂമൂസൽ മദീനി (റ) (501- 581)
قال في كتابهتصحيح حديث التسبيحوللحديث طرق جمة معروفة عند الأئمة تمثلها حديث عكرمة عن ابن عباس

3) ഇമാം സർക്കശി.റ (745-794)
قال: صحيح ليس بضعيف.(عون المعبود٤/١٧٨)

സലഫീപണ്ഡിതനായശൗകാനി തന്റെ "അൽഫവാഇദ് " എന്ന കൃതിയിൽ പറയുന്നു:

താഴെപറയുന്നവർ ഈഹദീസിനെ സ്വഹീഹാക്കുകയോ ഹസൻ ആക്കുകയോ ചെയ്തവരാണ്.

1)ഹാഫിള്ഇബ്നു മന്ദ -റ(310-395 ) 2 ) ഖത്വീബുൽ ബഗ്ദാദി - റ(392 - 463 )
3 )ഹാഫിള്അബൂസഅ്ദുസ്സംആനി - റ (506 - 562 )
4) ഹാഫിള് അൽ മുൻദിരി-റ (581 - 656)
5) ഇബ്നു സ്വലാഹ് - റ (577 - 643 )
6 ) ഇമാം സുബ്കി - റ (683-756 )
7) ഇമാം സിറാജുദ്ദീനുൽ ബുൽ ഖീനി - റ (745-794)
8 ) ഹാഫിളുൽ അലാഈ -റ(694 - 761 )
قال في-النقد الصحيح-حديث حسن صحيح رواه أبوداود وابن ماجه بسند جيد الي ابن عباس

9 ) നാസിറുദ്ദീൻ അൽഅൽബാനി
(صحيح الترغيب والترهيب،٦٦٧)

ഇത്രയും പേരെ ശൗക്കാനി ഉദ്ധരി ച്ചതാണ്.
 (الفوائدالمجموعة/٥٣)

ഇത് കൂടാതെ മറ്റുപണ്ഡിതന്മാരും ഈഹദീസിനെ ശരിവെച്ചിട്ടുണ്ട്.

1)ഇമാംഅസ്ഖലാനി(റ)
رجال إسناده لابأس بهم
(الخصال المكبرة/٤٢)
قال الحافظ ابن حجر العسقلاني وقد روي هذا الحديث من طرق كثيرة.وقد صححه جماعة. منهم  الحافظ ابوبكر الآجر ، وشيخنا ابو محمد عبد الرحيم المصري ،  وشيخنا الحافظ المقدسي ، وقال ابوبكر بن داود سمعت أبي يقول ليس في صلاة التسبيح حديث صحيح غير هذا(الترغيب ٢/٤٦٨)

2 ) ഇബ്നു ഹജർ അൽ ഹൈത്തമി - (റ )
قال وحديثهاحسن لكثرة طرقه   (تحفة.٢/٢٣٩)

3 ) ഇബ്നുൽ ആബിദീൻ (റ)
قال وحديثهاحسن لكثرة طرقه  (رد. ٢/٢٨)

കൂടാതെ മഹാനായ അബൂ ഹനീഫ (റ) യുടെ ശിഷ്യനും ശ്രേഷ്ട കാലക്കാരനുമായഅബ്ദുല്ലാഹിബ്നു മുബാറക് -റ- (118 -181)ഈ നമസ്കാരം നിർവ്വഹിച്ചിരുന്നു എന്നും അനേകം സ്വാലിഹീങ്ങൾ പരമ്പരാഗതമായി ഇത് പഠിപ്പിച്ചു വന്നിരുന്നുവെന്നും അതുതന്നെ മേൽ ഹദീസിന്റെ ശക്തി പകരുന്നതാണ് എന്നുംഇമാം മുൻദിരി-റ-രേഖപ്പെടുത്തിയിട്ടുണ്ട്
(തർഗീബ് 1/468)

وكان عبد الله بن المبارك يفعلها ، وتداولها الصالحون بعضهم عن بعض وفيه تقوية للحديث المرفوع (الترغيب١/٤٦٨)


അതേസമയം ഈഹദീസ് ളഈഫ് ആണെന്ന് അഭിപ്രായം പറഞ്ഞപണ്ഡിതന്മാരുമുണ്ട്.

ഇമാം നവവി (റ) ശർഹുൽ മുഹദ്ദബിൽ ഇത് ളഈഫാണെന്ന് രേഖപ്പെടുത്തി. അതേസമയം തന്റെ തഹ്ദീബുൽ അസ്മാഇൽ" ഹസൻ " എന്നാണവർ പറഞ്ഞത്.


ഇക്കാര്യത്തിൽ സലഫീ പണ്ഡിതന്മാരുടെ പൊതുരീതിയിൽ നിന്ന് വ്യത്യസ്ത
മായ അഭിപ്രായം പറഞ്ഞ ആളാണ് അൽബാനി. അദ്ധേഹം 2 ന്യായങ്ങളാണ് പറഞ്ഞത്.

1) വ്യത്യസ്തമായ അനേകം വഴികളിലൂടെ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ളഈഫായ ഹദീസ് തന്നെ അനേകം വഴികളിലൂടെ ഉദ്ധരിക്കപ്പെടുമ്പോൾ അവപരസ്പരം ശക്തിപ്പെടുത്തുന്നതാണ്.

2) അബ്ദുല്ലാഹിബ്നുമുബാറകിനെ പോലെയുള്ള മഹത്തുക്കൾ ഇതനുസരിച്ച് നിസ്ക്കരിച്ചവ രായിരുന്നു. അത് മനസ്സിന് ആശ്വാസം നൽകന്നതാണ്. (അൽ ഫതാവൽ ർറാബിഗ് )

ളഈഫ് ആയ ഹദീസുകൾ നിരവധി നിവേദന പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടു വരുമ്പോൾ അവ പരസ്പരം ശക്തി പകരുമെന്നും അപ്പോഴവ
ഹസൻ എന്ന നിലയിലേക്ക് എത്തുമെന്നുമുള്ള നിദാന ശാസ്ത്രത്തിലെ അംഗീകൃത  നിലപാടാണ്.

ഇബ്നുഹജർ (റ) തന്റെ തുഹ് ഫയിലും ഇബ്നുൽ ആബിദീൻ തന്റെ റദ്ദിലുംപറഞ്ഞത്.


ചുരുക്കത്തിൽഈ ഹദീസിനെ സംബന്ധിച്ച് 3 അഭിപ്രായങ്ങളാണ് വന്നിട്ടുള്ളത്.

1) സ്വഹീഹായ ഹദീസ് ആകുന്നു.
2 ) ളഈഫ് ആകുന്നു.
3) നിരവധി  പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടതിനാൽ ഹസൻ ആകുന്നു.

തദടിസ്ഥാനത്തിൽ ഈഹദീസ് കൊണ്ട് കർമ്മശാസ്ത്ര പണ്ഡിതന്മാർ തസ്ബീഹ് നിസ്കാരം സുന്നത്താണെന്ന് വിധി പറയുകയും ചെയ്തു.

ശ്രദ്ധേയമായ മറ്റൊരു കാര്യം :ഈ ഹദീസ് കേന്ദ്രീകരിച്ച്  അനേകം പണ്ഡിതന്മാർ സ്വതന്ത്രമായ രചന തന്നെ നടത്തിയിട്ടുണ്ട്.

1) ഹാഫിള് ദാറഖുത്വ് നി-(റ) - (വഫാത്ത്ഹി:385)

2 ഖതീബുൽ ബഗ്ദാദി -റ(463)

3 )ഹാഫിള് അബ്ദുൽ കരീമു സ്സംആനി-റ(563)

4)ഹാഫിള് ഇസ്ബഹാനി - റ - (581)

5) താജുദ്ദീനു സ്സു ബ്ക്കി -റ (683 -756)

6 ) ഹാഫിള് ഇബ്നു നാസിറുദ്ദീൻ അദ്ദിമിശ്ഖി - റ (842)

7)ഹാഫിള് ജലാലുദ്ദീൻ സുയൂത്വി - റ (911)

8 )അല്ലാമ മുഹമ്മദ് ബിനു ത്വൂലൂൻ -റ(953)

9 )ഷെയ്ഖ് മുഹമ്മദുൽബർ സഞ്ചി - റ (1103)

10 )ശൈഖ് അഹ്മദുൽ ഗിമാരി (1380 )


ഇങ്ങനെ മുസ്‌ലിംലോകത്ത് വ്യാപകമായ പഠന, ഗവേഷണ, നിരൂപണങ്ങൾ നടക്കുകയുംതദടിസ്ഥാനത്തിൽ മഹാന്മാരായ നമ്മുടെ കർമ്മശാസ്ത്രപണ്ഡിതന്മാർ സുന്നത്താണെന്ന് വിധി പറയുകയും ആദ്യ നൂറ്റാണ്ട് മുതൽക്ക് പരമ്പരാഗതമായിചെയ്ത് വരികയും ചെയ്യുന്ന ഒരു അമലാണ് തസ്ബീഹ് നമസ്ക്കാരം.

ഇതൊന്നും ചിന്തിക്കാതെ ഇത്തരം കർമ്മങ്ങളെയും ഉലമാക്കളെയും ആക്ഷേപിക്കുവാൻ റമളാൻ പോലുള്ളപുണ്യ സമയങ്ങളിൽ ചിലർവ്യാപകമായ പ്രചാരവേല നടത്താറുണ്ട്.

ളഈഫാണെങ്കിൽ അവർക്ക് വിട്ട് നിൽക്കാൻ സ്വാതന്ത്ര്യമുള്ള തു പോലെ സ്വഹീഹും ഹസനുമെന്ന് പണ്ഡിതന്മാർ വിധിപറഞ്ഞ ഹദീസു കൊണ്ട് അമൽ ചെയ്യാൻ നമുക്കും സ്വാതന്ത്ര്യമുണ്ടല്ലോ? ഇതിൽ ഒരു പക്ഷത്തിന് മാത്രം വാശിയെന്തിന്?

ആയതിനാൽ ഇത്തരം പ്രചാരണങ്ങളിൽവഞ്ചിതരാകാതിരിക്കുക. സലഫു സ്വാലിഹീങ്ങൾ വളരെയേറെ പ്രാധാന്യം കൽപ്പിച്ചതും മദ്ഹബിന്റെ ഇമാമീങ്ങൾ സുന്നത്താണെന്ന് വിധിപറഞ്ഞതുമായഈഅമലിനെ പരമാവധി നമുക്ക് ഹയാത്താക്കാം. പ്രോത്സാഹിപ്പിക്കാം.





തസ്ബീഹ് നമസ്കാരത്തിൻറെ രൂപം വിവരിക്കുന്നതിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്ന് പറയുന്നവർ ഹദീസ് വായിച്ചാൽ പോരാ ഹദീസ് പഠിക്കുകയാണ് വേണ്ടത്. തസ്ബീഹ് നമസ്കാരത്തിന്റെ ഒരു രിവായത്തിൽ ഇസ്തിറാഹത്തിന്റെ ഇരുത്തത്തെ  കുറിച്ച് പറയുന്നു എന്നാൽ മറ്റൊരു ഹദീസിൽ ഈ ഇരുത്തത്തെ കുറിച്ച് പറയുന്നില്ല . ഇങ്ങനെയുള്ള കാര്യങ്ങളിനാൽ ഹദീസുകളിൽ വൈരുദ്ധ്യം ഉണ്ടാകേണ്ടതില്ല , കാരണം  നബിസല്ലല്ലാഹു അലൈഹിവസല്ലമയുടെ സാധാരണ നമസ്കാരങ്ങളിൽ  ഇസ്തിറാഹത്തിന്റെ ഇരുത്തം ഇല്ലായിരുന്നു .

നബിസല്ലല്ലാഹു അലൈഹി വസല്ലമക്ക് രോഗംബാധിച്ചതു മുഖേന ശരീരത്തിന് തടി കൂടിയതായി ചില ഹദീസുകളിൽ വരുന്നുണ്ട്  അതിനുശേഷമാണ് ഇസ്തിഹാറത്തിന്റെ ഇരുത്തം നബിതങ്ങൾ ഇരുന്നതും മുഷ്ടിചുരുട്ടി ഭൂമിയിൽ ആസ്പദിച്ച് രണ്ടാം റക്അത്തിലേക്ക് എഴുന്നേൽക്കാൻ ആരംഭിച്ചതും എന്നും ഹദീസിൽ വരുന്നുണ്ട് ആകയാൽ തസ്ബീഹ് നമസ്കാരത്തിന്റെ  ഹദീസുകൾ തമ്മിൽവൈരുദ്ധ്യമുണ്ടാകേണ്ടതില്ല.
.
മറ്റു വൈരുദ്ധ്യങ്ങളും ഇപ്രകാരം  പരിഹരിക്കപ്പെടുന്നതാണ്.കാരണം ഹദീസിന് ചില നിദാനശാസ്ത്രങ്ങളുണ്ട്. ആശാസ്ത്രങ്ങൾ വെച്ച് പ്രതിയോഗികൾ  പ്രകടിപ്പിക്കുന്ന  വൈരുദ്ധ്യങ്ങൾ പരിഹരിക്കാപ്പെടാവുന്നതാണ്.

രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന നവവി(റ)തന്റെ ശറഹുൽ മുഹദ്ദബിൽ എഴുതുന്നു എന്ന് പറഞ്ഞാണ് അടുത്ത ആരോപണം ഉന്നയിക്കുന്നത്.  നവവി(റ)യുടെ മറ്റ് ഗ്രന്ഥങ്ങൾ  പരിശോധിച്ചാൽ തീരാവുന്നതേയുള്ളു  ഈ ആരോപണം.

നവവി(റ) തന്റെ ഗ്രന്ഥമായ അൽഅദ്കാറിൽ എഴുതുന്നു നമ്മുടെ പണ്ഡിതന്മാർ തസ്ബീഹ് നമസ്കാരം സുന്നത്താണെന്ന് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. അക്കൂട്ടത്തിൽ അബൂ മുഹമ്മദ് ബഗവിയും  അബു മഹാസിൻ റുവിയാനിയുമുണ്ട് .

റൂവിയാനി(റ) തന്റെ അൽ ബഹ്റിൽ ഈ നമസ്കാരം പ്രേരിപ്പിക്കപ്പെടേണ്ടതും പതിവാക്കൽ സുന്നത്തുമാണ്. ഈ വിഷയത്തിൽ അശ്രദ്ധ പാടില്ലാത്തതുമാണെന്ന് രേഖപ്പെടുത്തുന്നുണ്ട്

അബ്ദുല്ലാഹിബിനു മുബാറക്കും  പണ്ഡിതന്മാരിലെ ഒരു കൂട്ടവും ഈ നമസ്കാരത്തെ സംബന്ധിച്ച്ഇപ്രകാരംതന്നെ അഭിപ്രായപ്പെടുകയും ചെയ്യുന്നു. റുവിയാനി(റ) നമ്മുടെ ശ്രേഷ്ഠരായ പണ്ഡിത കൂട്ടത്തിൽപെട്ടവരാണ്.
(അൽ അദ്കാർ ലിന്നവവി  301/303 )                             

മാത്രമല്ല നവവി(റ) തന്റെ തഹ്ദീബുൽ അസ്മാഇ വല്ലുഗാത്തിൽ എഴുതുന്നു തസ്ബീഹ് നമസ്കാര വിഷയത്തിൽ തുർമുദിയിൽ ഹസനായ ഒരു ഹദീസ് വന്നിട്ടുണ്ട്. നമ്മുടെ പണ്ഡിതന്മാരായ മഹാമിലിയും മറ്റും ഇത് അംഗീകരിക്കുന്നുണ്ട്.

ആ നമസ്കാരം സുന്നത്ത് ഹസനത്താണ്.(തൽഖീസ്.2/23)

നവവി(റ)യുടെ ഉസ്താദായ ഇബ്നു സലാഹ്(റ) തസ്ബീഹ് നമസ്കാരത്തിന്റെ ഹദീസിനെ സ്ഥിരീകരിക്കുകയും തന്റെ ഫതാവയിൽ ഈ നമസ്കാരത്തെ കുറിച്ചുള്ള  ചോദ്യങ്ങൾക്ക് അത് ബിദ്അത്തല്ല. ഈ നമസ്കാരം സുന്നത്താണ്. ഈ വിഷയകമായ ഹദീസുകൾ ഹസനും  അംഗീകാര യോഗ്യവുമാണ്. അമൽ ചെയ്യേണ്ടതുമാണ് എന്ന് മറുപടി നൽകി. ശേഷം ഈ ഹദീസുകൾ ഉദ്ധരിച്ച  ഗ്രന്ഥങ്ങളെ  എണ്ണി പറയുകയും  ഹദീസുകൾ പരസ്പരം ശക്തിപ്പെടുത്തുന്നതും ഇതു നിഷേധിക്കുന്നവൻ പിഴച്ചുപോയവനാണെന്ന് പറയുകയും ചെയ്യുന്നുണ്ട്.( ശറഹു തൽഖീസ്2/23)

അടുത്തതായി സുയൂത്വി തന്റെ അല്ല ആലിൽ മസ്നൂആയിൽ  ഇബ്നു ജൗസി, ഇബ്നുതൈമിയ്യ, ഇബ്നു അറബി,(റ )ഇവരുടെ അഭിപ്രായങ്ങൾ ഉദ്ധരിച്ച്ശക്തമായി റദ്ദ് ചെയ്യുന്നു പക്ഷേ കുറിപ്പുകാരൻ തസ്ബീഹ് നമസ്കാരത്തിന് സുയൂത്വി എതിരാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ
പച്ചക്കള്ളം എഴുതിവിടുന്നു.

ഇബ്നു അബ്ബാസ് (റ)വിന്റെ ഹദീസ്  പൂർണമായി  ഉദ്ധരിച്ച ശേഷം സുയൂത്വി പറയുന്നു അബൂദാവൂദ്, ഇബ്നുമാജ,ഹാകിം (റ)ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അബു റാഫിഇന്റെ ഹദീസ് തുർമുദി (റ) തന്റെ സുനനിൽ ഉദ്ധരിക്കുന്നു. ഇമാമീങ്ങൾ ഈ ഹദീസിനെ റദ്ദ് ചെയ്യുന്നുണ്ടെങ്കിലും ചിലർ ഇതിനെ നിർമ്മിതമാക്കുന്നുണ്ടെങ്കിലും ഇബ്നുഹജർ(റ)  ഈ ഹദീസിനെ തന്റെ അൽആമാലുൽ മുകഫ്ഫിറയിൽ കൊണ്ടുവരികയും  ഇതിന്റെ നിവേദകന്മാർ ഒരു കുഴപ്പവും ഇല്ലാത്തവരാണ്  എന്ന് പറയുകയും നിവേദകന്മാരുടെ പേരെടുത്ത്  വിവരിക്കുകയും ചെയ്യുന്നു.

ഇക്രിമ ബുഖാരിയുടെ റാവിയും ഹകം സത്യസന്ധനും മൂസയെക്കുറിച്ച് ഇബ്നു മഈൻ അംഗീകരിക്കാൻ കൊള്ളാവുന്നയാൾ എന്നും പറയുന്നു.നസാഈ(റ)യും ഇപ്രകാരം പ്രസ്താവിക്കുന്നു ഹസനിന്റെ നിബന്ധന ഒത്ത ഹദീസാണ് ഇതെന്നും ഈ ഹദീസിന്  ധാരാളം ഹദീസുകൾ ഷാഹിദുമുണ്ട്.

ഇബ്നുൽ ജൗസി  ഈ ഹദീസിനെ നിർമ്മിതത്തിൽപ്പെടുത്തിയത്  വലിയ മോശമാണ്.നിർമ്മിത ഹദീസാണെന്നതിന് തെളിവായി  മൂസായെ  അറിയപ്പെടാത്ത ആളാണെന്ന്  കാരണമായി പറഞ്ഞത് ഒരു നിലയിലും ശരിയായില്ല. മൂസയെ  ഇബ്നു മഈനും നസാഈ (റ)യും നീതീകരിച്ചാൽ  പിന്നെ  ആര് തള്ളിപ്പറഞ്ഞാലും എന്ത് ?

ഇപ്രകാരം വലിയ വിവരണം നടത്തിയിരിക്കുകയാണ് ആ കിതാബിൽ സുയൂത്വി ചെയ്തിട്ടുള്ളത്  എന്നിട്ടാണ് അദ്ദേഹത്തിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ച് പറയുന്നത്.അല്ലാഹുവിനെ സൂക്ഷിക്കുക.
അടുത്തത്  ശൗക്കാനി(റ) ഹദീസിന്റെ പരമ്പരകളെല്ലാം ദുർബലമാണെന്ന് പറയുന്നു എന്ന വാദമാണ്.

ശൗകാനി തന്റെ അൽഫവാഇദുൽ മജ്മൂഅയിൽ    സുയൂത്വിയെ ഉദ്ധരിച്ചു കൊണ്ട് ഒരു സ്ഥലത്ത് എഴുതുന്നു ഈ ഹദീസിനെ സഹീഹ്, ഹസൻ, ദുർബലം ആക്കുന്നതിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന്. മറ്റൊരു ഭാഗത്ത് വീണ്ടും എഴുതുന്നത് ഹദീസിന്റെനിവേദകപരമ്പരകളെല്ലാം തന്നെ  ദുർബലമാണെന്നതിൽ ഐക്യതയുണ്ടെന്ന് സുയൂത്വി പറയുന്നുവെന്ന്. സത്യത്തിൽ സുയൂത്വിയുടെ ന്യായീകരണം എന്താണെന്ന് പോലും ശൗക്കാനിക്ക് മനസ്സിലായിട്ടില്ലായെന്ന് ഇതിനാൽ മനസ്സിലാകുന്നു.(അൽആസാറുൽ മർഫൂഅ:1/139)

പിന്നീട് ഇബ്നു ഖുസൈമ ഈ ഹദീസ് സഹീഹായൽ പോലും എന്റെ ഹൃദയത്തിൽ ഒരു സംശയം ഉണ്ടെന്ന് പറഞ്ഞു എന്ന വാദമാണ്.
ഇബ്നു അബ്ബാസ് (റ) വിൽ നിന്നും നിവേദനം ചെയ്യുന്ന ഈ ഹദീസിന്റെ സനദിനെ കുറിച്ച് സുയൂത്വിയും അബ്ദുൽ ഹയ്യ് ലക്‌നവിയും ഇമാമീങ്ങളുടെ അഭിപ്രായങ്ങൾ ഉദ്ധരിച്ചത്  വിവരിച്ചു കഴിഞ്ഞു. അതിനോടൊപ്പം സഹീഹ് ഇബ്നു ഖുസൈമ:യുടെ  അടിപ്പടയിൽ  ഹദീസ് ദുർബലമാണെന്നും  എന്നാൽ ഈ ഹദീസിനെ സഹീഹാക്കുന്ന ധാരാളം ന്യായീകരണങ്ങളായ ഹദീസുകൾ ഉണ്ടെന്നും ആയതുകൊണ്ടാണ്  അബൂദാവൂദ് (റ) തന്റെ സുനനിൽ കൊണ്ടുവന്നതെന്നും സാക്ഷാൽ അൽബാനി (റ)തന്നെ എഴുതിയിട്ടുണ്ട്. മാത്രമല്ല അബൂ ഷാമ:(റ) തനിയ്ക്ക് കിട്ടിയ വിവരം അനുസരിച്ചാണ് ഈ ഹദീസിനെ പറഞ്ഞെതെങ്കിലും നിർമ്മിതമായ ഹദീസെന്ന് അദ്ദേഹം പറയുന്നില്ല.

പ്രധാനപ്പെട്ട മറ്റൊരു കാര്യം പ്രാമാണികമായ ആറു ഹദീസ് ഗ്രന്ഥങ്ങളിൽ  സുനനു  അബൂദാവൂദിന് ഹദീസ് പണ്ഡിതന്മാർ നാലാം സ്ഥാനം കൊടുക്കുവാൻ ചില കാരണങ്ങളുണ്ട് ആ കാരണങ്ങൾ ഇമാം ഹാസിമി തന്റെ ഷുറൂത്തുൽ ഖംസയിലും ഹാഫിള് മുഖദ്ദസി തന്റെ ഷുറൂത്തു അഇമ്മത്തി സിത്തയിലും എഴുതുന്നുണ്ട് .

ആ നിബന്ധനകളിൽ ഒന്ന്.

ചില തെളിവുകൾക്കായി മാത്രം ദുർബലമോ മുദ്തറബോ ആയ രിവായത്തുകളെ ഇദ്ദേഹം തന്റെ സുനനിൽ കൊണ്ടുവരാറുണ്ട്.  അതിനോടൊപ്പം ദുർബല മെന്ന് വ്യക്തമാക്കുകയും ചെയ്യുന്നതാണ്. ദുർബലമെന്ന് വ്യക്തമാക്കാത്ത  ഹദീസുകൾ അദ്ദേഹത്തിന്റെ അടുക്കൽ സഹീഹായിരിക്കും. ( ദർസി തുർമുദി|1/127) തസ്ബീഹ് നമസ്കാരത്തിന്റെ ഹദീസ് നിരുപാധികം അദ്ദേഹം ഉദ്ധരിച്ചതിൽ നിന്നും ആ ഹദീസ് സ്വഹീഹാണെന്ന് മനസ്സിലാക്കാമല്ലോ.

ഹദീസ് നിരൂപകന്മാരിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്ന ഇബ്നുൽ ജൗസി എന്ന കുറിപ്പുകാരന്റെ പ്രയോഗം വാദത്തിന് എരിവും പുളിയും കൂട്ടുവാൻ വേണ്ടിയായിരിക്കും അല്ലങ്കിൽ ഹദിസിന്റെ രീതികളെ കുറിച്ച് അറിവില്ലാ എന്ന് മനസ്സിലാക്കാൻ മാത്രമേ ഉപകരിക്കൂ എന്നറിയിക്കട്ടെ .
 ഇബ്നുൽ ജൗസിക്ക് അങ്ങനെ ആരും ഒരു സ്ഥാനവും നൽകിയിട്ടില്ല. മാത്രമല്ല കടുംപിടിത്തവും അതിനാൽ തന്നെ അശ്രദ്ധയും ധാരാളം ഉണ്ടാകുന്നയാളാണെന്ന് സുയൂത്വി തന്നെ പറയുന്നു. തസ്ബീഹ് നമസ്കാരത്തിന്റെ ഹദീസ് അഗാധ ഞ്ജാനികളായ പണ്ഡിതന്മാർ സഹീഹെന്ന് പറയുന്നു. അശ്രദ്ധവന്മാരിൽ പെട്ട ഇബ്നുൽ ജൗസി നിർമ്മിതമെന്നും പറയുന്നു (അല്ല ആലിൽ മസ്നുഅ: 2/38)

ഇബ്നുൽ ജൗസി പരിധിവിട്ടു കടന്നിരിക്കുന്നു. (മിർക്കാത്തു സഊദ് ) .
അബ്ദുൽ ഹയ്യ് ലക്നവി (റ)യും മറ്റും ഇതേ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. (അൽ ആസാറുൽ മർഫൂഅ:1/125).

സർക്കഷി (റ) പറയുന്നു ഇബ്നുൽ ജൗസിക്ക് പിഴച്ചുപോയി  നിസ്സംശയം.

പിന്നീട് കുറിപ്പുകാരൻപറയുന്നത് ഇബ്നു ഇബ്നു തൈമിയ്യ:യും മുസ്സിയും ഈ ഹദീസിനെ ദുർബലമാക്കുന്നു എന്നാണ്.

മുസ്സി എന്നത് മുസ്നി എന്നാണെഴുതിയിരിക്കുന്നത് കൈ പിഴയായിരിക്കമെന്ന് വിചാരിക്കുന്നു.

കാരണം മുസ്നി ഷാഫിഈ മദ്ഹബുകാരനാണ്. അദ്ദേഹത്തിന് ഈ അഭിപ്രായമുണ്ടാകാൻ സാധ്യതയില്ല. ഇബ്നു തൈമിയ്യ പറയുന്നത് ഈ ഹദീസിനെ കുറിച്ച് രണ്ടഭിപ്രായമുണ്ട് പ്രബലമായ അഭിപ്രായം തസ്ബീഹ് നമസ്കാരത്തിന്റെ ഹദീസ് കള്ളമാണെന്നാണ്.

ആയതു കൊണ്ട് മുസ്ലിമീങ്ങളുടെ ഇമാമീങ്ങളിൽ ആരും ഈ ഹദീസ് സ്വീകരിച്ചിട്ടില്ല.

ഇബ്നു തൈമിയ്യയുടെ വാക്കുകൾ എത്രയോ വലിയ വ്യാജമാണ്  കാരണം ലോകത്ത് ഈ ഹദീസ്അനുസരിച്ച് അമൽ ചെയ്യുന്നവരാണ് കൂടുതൽ. ഒന്നാം നൂറ്റാണ്ടുമുതൽ ഇമാമീങ്ങൾ, ഉലമാക്കൾ, മുഹദ്ദിസുകൾ ഈ അമൽ ചെയ്തു വരുന്നു.

എന്നിരുന്നാലും കുറച്ചു പേരുകൾ താഴെ ചേർക്കാം.

1.അബൂ അലിയുസ്സഖർ

2.ഇമാം ആജൂരി

3. ഹാക്കിം (റ)

4.ബൈഹഖി (റ)

5.ബഗവി (റ)

6.അബൂ മൂസൽ മദീനീ

7.അബ്ദുറഹീം മുൻദിരി

8.ഇബ്നു സലാഹ്

9.തഖിയുദ്ധീൻ സുബ്ഖി

10.താജുദ്ദീൻ സുബ്ഖി

11. അലാഈ

12.ബിൽഖീനീ

13.സർകഷി

14.ഹൈതമി

15.ഇബ്നുൽ ജസരി

16.സുയൂത്വീ

17.അബുൽ ഹസൻ ആസ്സിൻദ്ദി

18.അബ്ദുറഹമാൻ മുബാറക്ക്പൂരി

19.അബ്ദുൽഹയ്യ് ലക്നവി

20.അഹ്മദ് ഷാക്കിർ

21.നാസിറുദ്ദീൻ അൽബാനി

22.അബൂ ഈസ തുർമുദി

23.അബൂദാവൂദ് സിജിസ്ഥാനി

24.ഇബ്നുമാജ (റ)

25. ഇമാം അഹ്മദ് 2

6. ഇമാമദ്ദീൻ ഹസ്കഫി

27 - മുല്ലാ അലിയ്യുൽ ഖാരി

28 - സൈന ദ്ദീനുൽ മഖ്ദൂം അൽ മഅ്ബരി തുടങ്ങി ധാരാളം പേരുണ്ട്.

ഇതിനോടൊപ്പം ഇമാം അബൂഹനീഫ(റ) യുടെ ശിഷ്യനായ അബ്ദുല്ലാഹിബ്നുൽ മുബാറക് (റ) തസ്ബീഹ്  നമസ്കാരത്തിന്റെ ഹദീസ് സ്വഹീഹ് ആണെന്ന് പറയുകയും അതനുസരിച്ച് അമൽ ചെയ്യുകയും ചെയ്യുമ്പോൾ മുസ്ലീമീങ്ങളുടെ ഇമാമീങ്ങളിൽ ആർക്കും അറിയില്ല എന്ന ഇബ്നു തൈമിയ്യ (റ)യുടെ വാദം തന്നെ ശുദ്ധ അബദ്ധമാണ്.

നവവി (റ) ഇബ്ന ഹജർ (റ) ഇവരെയും മുകളിലെ ഇമാമീങ്ങളുടെ കൂടെ ചേർത്ത് വിയിക്കേണ്ടതാണ്. കാരണം ഇവർ എതിർ അഭിപ്രായങ്ങളിൽ നിന്നും മടങ്ങുകയും അനുകൂല അഭിപ്രായം ഇവരുടെ ഗ്രന്ഥങ്ങളായ അൽ ഫവാഇദിലും അൽ അഅ്മാലുൽ മുക്കഫിറയിലും രേഖപ്പെടുത്തിയിരിക്കുന്നു. ഇതിനോട് ചേർത്തു വായിക്കേണ്ട പ്രധാനപ്പെട്ട വിഷയം ഈ ഹദീസ് കളവാക്കുന്നവരുടെ കൂട്ടത്തിൽ ഇബ്നുൽ ജൗസി, ഇബ്നു തൈമിയ്യ, ഉഖൈലി, ഇബ്നു അറബി, ഷൗക്കാനി തുടങ്ങിയ അംഗുലിപരിമിതരും പിൻഗാമികളിൽ പിൻഗാമികളായവരേയും മാത്രമേ നാം കാണുന്നുള്ളൂ.

എന്തിനധികം ഇവരേയെല്ലാം അനുകുലിച്ചു കൊണ്ടിരുന്ന അൽബാനി, മുബാറക് പൂരി തുടങ്ങിയവരും ഈ ഹദീസിനെ അനുകൂലിക്കുന്നു.
ഹനഫി , ഷാഫിഈ മദ്ഹബുകളുടെ ഗ്രന്ഥങ്ങളിൽ ഫത്വായുടെ ഗ്രന്ഥങ്ങളായി അറിയപ്പെടന്ന ദുറുൽ മുഖ്താർ, നിഹായ:, തുഹ്ഫ: തുടങ്ങിയ ഗ്രന്ഥങ്ങളിലെല്ലാം തസ്ബീഹ് നമസ്കാരത്തെക്കുറിച്ച് ഒരു പാഠം തന്നെ കാണാവുന്നതാണ്. ഇവരെല്ലാം എടുത്തു പറഞ്ഞകാര്യം ഇത്രയും ശ്രേഷ്ഠതയുള്ള നമസ്കാരത്തെ അറിഞ്ഞിട്ടും പാഴാക്കുന്നവർ ദീനിനെ നിസ്സാരപ്പെടുത്തുന്നവരാകുവനേ  തരമുള്ളു.

പ്രതികരണ കുറിപ്പുകാരൻ തനിക്ക് അനുകൂലമായതു മാത്രം പരിഭാഷപ്പെടുത്തിയപ്പോൾ തനിക്ക് പ്രതികൂലമാകുന്ന കാര്യങ്ങളെ പരിഭാഷപ്പെടുത്താതെ വിട്ടു കളഞ്ഞത് ജനങ്ങൾ സത്യം മനസ്സിലാക്കിയേക്കുമോ എന്ന ഭയത്തിലായിരിക്കുമോ ?

നബി (സ) നമസ്കരിക്കാത്ത ഒരു നമസ്കാരം വല്ലവനും നമസ്കരിച്ചാൽ അവൻ നരകത്തിലാണെന്ന് ഹദീസിലുണ്ടെന്ന് രണ്ടു പ്രാവശ്യം കുറിപ്പുകാരൻ തന്റെ ലേഖനത്തിൽ വെക്തമാക്കുന്നു. ആ ഹദീസ് ഏതാണ് , റാവി ആരാണ് , സനദ് ഒന്നു വെക്തമാക്കാമോ? ലേഖന ദൈർഘ്യം ഭയന്ന് ചുരുക്കുന്നു. ആവശ്യമെങ്കിൽ ഇൻശാഅള്ളാഹ് പുറകെ വിവരിക്കുന്നതാണ്. അല്ലാഹു നന്മകൾ മനസ്സിലാക്കി അമൽ ചെയ്യുവാൻ അനുഗ്രഹിക്കട്ടെ !!.