അല്ലാഹുവിന് എല്ലാവരെയും വിശ്വാസികൾ ആക്കാമായിരുന്നില്ലേ ? എന്തിനു വ്യത്യസ്ത മതക്കാർ ആക്കി ?
മറുപടി: എല്ലാ മനുഷ്യനും ജനിക്കുന്നത് الْفِطْرَةِ 'ഫിത്റ' യിൽ ആണ് എന്നാണ് ഇസ്ലാമിക വിശ്വാസം. ഫിത്റ എന്നാൽ നിഷ്കളങ്കമായ ശുദ്ധ പ്രകൃതിയായ ഏകദൈവ വിശ്വാസം അഥവാ ഇസ്‌ലാം എന്നതാണ്.
أَنَّ أَبَا هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " مَا مِنْ مَوْلُودٍ إِلاَّ يُولَدُ عَلَى الْفِطْرَةِ " . ثُمَّ يَقُولُ اقْرَءُوا { فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لاَ تَبْدِيلَ لِخَلْقِ اللَّهِ ذَلِكَ الدِّينُ الْقَيِّمُ}
അബൂഹുറൈറ നിവേദനം ചെയ്യുന്നു. പ്രവാചകൻ പറഞ്ഞു: " ശുദ്ധ പ്രകൃതിയിൽ അല്ലാതെ ഒരു കുഞ്ഞും ജനിക്കുന്നില്ല. എന്നിട്ടു പറഞ്ഞു നിങ്ങൾ പാരായണം ചെയ്യൂ
فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لاَ تَبْدِيلَ لِخَلْقِ اللَّهِ ذَلِكَ الدِّينُ الْقَيِّمُ
'അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച ശുദ്ധ പ്രകൃതിയാണത്. അല്ലാഹുവിൻറെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം' (ഖുർആൻ 30:30)
സഹീഹ് മുസ്ലിം.
ശുദ്ധ പ്രകൃതിയിൽ ജനിച്ച കുഞ്ഞുങ്ങളെ മാതാപിതാക്കളും സമൂഹവും ആണ് പിന്നീട് അവിശ്വാസികൾ ആക്കുന്നത്. മുഹമ്മദ് നബി (സ) പറഞ്ഞതായി ഇങ്ങനെ കാണാം. مَا مِنْ مَوْلُودٍ إِلاَّ يُلِدَ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ وَيُنَصِّرَانِهِ وَيُشَرِّكَانِهِ
"എല്ലാ കുഞ്ഞുങ്ങളും ശുദ്ധ പ്രകൃതിയിൽ അല്ലാതെ ജനിക്കുന്നില്ല. രക്ഷിതാക്കൾ അവരെ ജൂതനും ക്രിസ്ത്യാനിയും ബഹുദൈവവിശ്വാസിയും ആക്കി മാറ്റുന്നു."
സഹീഹ് മുസ്ലിം.
ലോകത്ത് ഒന്നാമത്തെ മനുഷ്യൻ ആദം ആണ്. ആദം (അ) നബി കൂടിയാണ് , അഥവാ ദൈവത്തിൽനിന്നുള്ള ദിവ്യബോധനം ലഭിച്ചവൻ. പിശാചിൻറെ പ്രേരണയാൽ ദൈവകൽപന ലംഘിച്ച് പഴം തിന്നതിൻറെ പേരിൽ ആണ് ആദമിനും ഹവ്വയ്ക്കും സ്വർഗ്ഗത്തിൽനിന്നും പുറത്താവേണ്ടി വന്നത്. ഭൂമിയിലേക്ക് അയക്കുമ്പോൾ ഒരു വാഗ്ദാനം കൂടി പടച്ചവൻ മനുഷ്യർക്ക് നൽകിയിട്ടുണ്ട്.
قُلْنَا ٱهْبِطُوا۟ مِنْهَا جَمِيعًۭا ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًۭى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്‍റെപക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്‍റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ
അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
(Surat:2, Verse:38,39)
അല്ലാഹു അവൻറെ വാഗ്ദാനം നിറവേറ്റിയിട്ടുണ്ട്. കാലാകാലങ്ങളിൽ പ്രവാചകൻമാരെ നിയോഗിച്ചിട്ടുണ്ട് , വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തുള്ള എല്ലാ സമുദായങ്ങളിലും നബിമാർ വന്നിട്ടുണ്ട്. പടച്ചവനിൽ നിന്നുള്ള ദിവ്യസന്ദേശം ജനങ്ങളെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്. നൂഹ്(അ) , ഇബ്രാഹിം(അ), മൂസ(അ), ഈസ (അ) എന്നിവർ ഉദാഹരണം. അന്ത്യ പ്രവാചകൻ മാത്രമാണ് മുഹമ്മദ് നബി (സ). ജനങ്ങൾ പ്രവാചകന്മാരുടെ കൽപ്പനകൾ നിഷേധിക്കുകയും പുരോഹിതന്മാർ വേദഗ്രന്ഥങ്ങളെ വളച്ചൊടിക്കുകയും ചെയ്തതിൻറെ ഫലമായാണ് വ്യത്യസ്ത മതങ്ങൾ ഉണ്ടായത്.
ഇനി എന്തുകൊണ്ട് പടച്ചവൻ എല്ലാവരെയും മുസ്ലിം ആക്കിയില്ല പടച്ചവന്റെ കൽപ്പനകൾ ധിക്കരിക്കുന്ന അവസ്ഥ ഇല്ലാതാക്കിയില്ല എന്നാണെങ്കിൽ; ഈ ചോദ്യം യഥാർത്ഥത്തിൽ, എന്തുകൊണ്ട് മനുഷ്യനെ മനുഷ്യനായി സൃഷ്ടിച്ചു ? വല്ല കഴുതയോ പോത്തോ ആയി സൃഷ്ടിച്ചില്ല എന്ന് ചോദിക്കുന്നതിനു തുല്യമാണ്. മനുഷ്യന് അല്ലാഹു വിശേഷബുദ്ധി നൽകുകയും നന്മയും തിന്മയും വേർതിരിച്ചു കാണിച്ചുതന്ന് തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്തിട്ടുണ്ട്. അല്ലാതെ മൃഗങ്ങളെപ്പോലെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയല്ല മനുഷ്യനെ സൃഷ്ടിച്ചത്. മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന സവിശേഷമായ പ്രത്യേകതയാണ് ചിന്താശേഷിയും, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അഥവാ free will ഉം.
ഈ ലോകത്ത് മനുഷ്യന് ഇസ്ലാം സ്വീകരിക്കാനും നിരാകരിക്കാനും ഉള്ള സ്വാതന്ത്ര്യം അല്ലാഹു നൽകിയിരിക്കുന്നു. പ്രവാചകന്മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും സമയാസമയങ്ങളിൽ മനുഷ്യർക്ക് സന്മാർഗ ദർശനം നൽകുകയും ചെയ്തിട്ടുണ്ട്. രണ്ടാമതൊരു അവസരം ലഭിക്കുകയില്ല എന്നതും പ്രസ്താവിച്ചിരിക്കുന്നു. അവസരം ഉപയോഗപ്പെടുത്തിയവർക്ക് ലഭിക്കാനുള്ളത് മരണാനന്തരജീവിതത്തിൽ ശാശ്വത സ്വർഗ്ഗം ആണെന്നും ഈ അവസരം പാഴാക്കിയാൽ അവരെ കാത്തിരിക്കുന്നത് നരകശിക്ഷ ആണ് എന്ന കാര്യവും താക്കീത് നൽകിയിരിക്കുന്നു. "പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്... " (ഖുർആൻ 18:29).
Post a Comment