പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാൻ പരീക്ഷക്ക് പുറപ്പെടും മുമ്പ് ഇങ്ങനെ ചെയ്യുക....


പരീക്ഷ വരുന്നു. കുട്ടികൾക്ക് വല്ലാത്ത പരിഭ്രമം. രക്ഷിതാക്കൾക്കും വല്ലാത്ത വെപ്രാളം. നാളെയാണ് പരീക്ഷ. അതുപറയും മുമ്പ് കുട്ടികളുടെ മുഖത്തു വല്ലാത്തൊരു ഭാവമാറ്റം. കുട്ടികളെ പരീക്ഷ പെട്ടെന്ന് വന്നതല്ല. ഒരു അധ്യായന വര്ഷത്തിന്റെ തുടക്കം മുതൽ നാം അതിനെ പ്രതീക്ഷിക്കുകയായിരുന്നു. "പരിശ്രമിച്ചവൻ കണ്ടെത്തും" എന്നാണല്ലോ പഴമൊഴി. നന്നായി പഠിച്ചാൽ നമുക്ക് പരിഭ്രമിക്കേണ്ടതില്ല. വർഷാവസാന പരീക്ഷ ഓരോ വിദ്യാർഥികളുടെയും ജീവിതത്തിലെ നാഴികക്കല്ലാണ്. നിങ്ങളുടെ കഴിവും പോരായ്മകളും സ്വയം ബോധ്യപ്പെടുത്തുന്നതിനുള്ള അവസരമാണ് പരീക്ഷ. പരീക്ഷയിൽ ലഭിക്കുന്ന വിജയം മുന്നോട്ടുള്ള ചവിട്ടുപടിയാണ്. ചിലര്‍ക്ക് പരീക്ഷയെന്നു കേട്ടാൽ തന്നെ നെഞ്ചിടിപ്പ് കൂടും. ചിലര്‍ക്കാണെങ്കില്‍ പരീക്ഷയടുത്താല്‍ ഊണും ഉറക്കവുമില്ല. വയറുവേദന, അമിതമായ ദാഹം, വയറിളക്കം, മൂത്രമൊഴിപ്പ്, ഛര്‍ദി, വിറയല്‍, വിയര്‍ക്കല്‍... അങ്ങനെയങ്ങനെ പോകുന്നു പരീക്ഷാപ്പേടിയുടെ കാര്യം. പരീക്ഷാ പേടി കൂടിയാല്‍ ഓര്‍മ കുറവ്, അമിതമായ ഹൃദയമിടിപ്പ്, ശ്വാസതടസം, അമിത വിയര്‍പ്പ്, പഠിച്ചതു ഉള്‍ക്കൊള്ളാനുള്ള കഴിവു കുറവ്, ശ്രദ്ധക്കുറവ് എന്നിവയുണ്ടാവാം. അതിനാൽ പേടി വേണ്ട. എല്ലാവരോടും ഒന്നേ പറയാനുള്ളൂ നന്നായി പഠിക്കുക. നിങ്ങളുടെ മനസ്സിലുള്ള മുഴുവന്‍ പേടിയും പുറത്ത് കളയൂ. മനസ്സിനെ സ്വതന്ത്രമാക്കൂ. എനിക്ക് നന്നായി പരീക്ഷയെഴുതാനാകുമെന്ന് മനസ്സിനെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തൂ. ഞാൻ പരീക്ഷയിൽ വിജയിക്കും, എനിക്ക് വിജയിക്കണം എന്നും നിങ്ങൾ നിങ്ങളുടെ മനസ്സില് പറയുക. നന്നായി പരീക്ഷ എഴുതുക. അല്ലാഹു അനുഗ്രഹിച്ചാൽ വിജയം നിങ്ങൾക്കുള്ളതാണ്.

പരീക്ഷക്ക്‌ തയ്യാറായ കുട്ടികൾക്കുള്ള ചില നിർദ്ദേശങ്ങൾ ആണ് ചുവടെ കൊടുത്തിരിക്കുന്നത്. ശ്രദ്ധയോടെ വായിക്കുക. നിങ്ങളുടെ വിജയ പാതയിൽ അത് ഉപകരിക്കും.

ഓരോ കുട്ടിയും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. എല്ലാത്തിനും കഴിവുള്ളവൻ അല്ലാഹുവാണ്. കാര്യങ്ങളുടെ എളുപ്പത്തിനും വിജയത്തിനും അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർഥിക്കുക. ( رَبِّ اشْرَحْ لِي صَدْرِي* وَيَسِّرْ لِي أَمْرِي ) ("എന്റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയ വിശാലത നൽകേണമേ, എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ") എന്നതുപോലുള്ള പ്രാർഥനകൾ നടത്തുക. 

2. പരീക്ഷയുടെ തലേ ദിവസം നേരത്തെ ഉറങ്ങുക.

3. പരീക്ഷയുടെ ദിവസം നേരത്തെ ഉണരുക.

4. പ്രഭാത നമസ്ക്കാരവും പ്രാർഥനകളും നടത്തുക.

5. തിരക്കിനിടയിൽ പ്രാതൽ ഭക്ഷണം ഒഴിവാക്കരുത്. ആവശ്യത്തിനു ഭക്ഷണം കഴിക്കുക. വെള്ളം കുടിക്കുക. അമിതമാക്കരുത്.

6. പരീക്ഷക്ക്‌ നേരത്തെ തന്നെ പോകുക. നേരത്തെ പുറപ്പെട്ടാൽ കൃത്യ സമയത്ത് എത്താമല്ലോ. താമസിക്കുമ്പോൾ ഉണ്ടാകാനിടയുള്ള മാനസിക പിരിമുറുക്കത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്യാം.

7. പരീക്ഷ തുടങ്ങുന്നതിന്റെ 15 മിനിട്ട് മുമ്പ് എങ്കിലും പരീക്ഷാ ഹാളിൽ എത്തുക. പരിസരവുമായി യോജിക്കുവാനും നിങ്ങളുടെ ഭയപ്പാട് മാറാനും അത് ഉപകരിക്കും.

8. പരീക്ഷക്ക്‌ ആവശ്യമുള്ള എല്ലാം മറക്കാതെ എടുക്കുക. ഹാൾ ടിക്കറ്റ് , പേന, പെൻസിൽ, ബോക്സ്‌, പേപ്പറുകൾ വെച്ചെഴുതാനുള്ള പാഡ്, മുതലായവ നേരത്തെ തന്നെ എടുത്തുവെക്കുക.

9. എല്ലാം അല്ലാഹുവിൽ തവക്കുൽ ആക്കി (ഭരമേൽപ്പിച്ചു) സന്തോഷത്തോടെ വീട്ടിൽ നിന്നും പുറപ്പെടുക. വീട്ടിൽ നിന്നും പുറപ്പെടുമ്പോഴുള്ള പ്രാര്ത്ഥന നടത്തുക. ( بِسم اللَّهِ ، تَوَكَّلْتُ عَلَى اللَّهِ ، لا حَوْلَ وَلا قُوَّةَ إِلا بِاللَّهِ ) ("അല്ലാഹുവിന്റെ നാമത്തിൽ, അല്ലാഹുവിൽ ഞാൻ ഭരമേല്പ്പിക്കുന്നു, അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവും ഇല്ല".)

( اللَّهُمَّ إِنِّي أعوذُ بِكَ أنْ أَضِلَّ أو أُضَلَّ ، أَوْ أَزِلَّ أوْ أُزلَّ ، أوْ أظلِمَ أوْ أُظلَم ، أوْ أَجْهَلَ أو يُجهَلَ عَلَيَّ) ("അല്ലാഹുവേ ഞാൻ വഴി തെറ്റുകയോ തെറ്റിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും ,ഞാൻ വ്യതി ചലിക്കുകയോ വ്യതിയാനത്തിന് വിധേയമാക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും, അക്രമിക്കുകയോ അക്രമിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും, അവിവേകം ചെയ്യുകയോ അവിവേകത്തിന് വിധേയമാകുകയോ ചെയ്യുന്നതിൽ നിന്നും നിന്നോട് ഞാൻ അഭയം ചോദിക്കുന്നു".)

10. മാതാപിതാക്കളുടെ സ്നേഹത്തോടെ അവരോടു സലാം പറഞ്ഞു പോകുക. മക്കൾക്ക്‌ വേണ്ടിയുള്ള മാതാപിതാക്കളുടെ ദുആ ഉത്തരം ചെയ്യപ്പെടുന്നതാണ് എന്ന കാര്യം മറക്കരുത്.

11. നിന്റെ എല്ലാ കൂട്ടുകാരോടും നല്ലത് പറയുക. പരീക്ഷയുടെ തൊട്ടു മുമ്പ് ആരെയും സംസാരത്തിലൂടെ പരീക്ഷയെക്കുറിച്ച് ഭയപ്പെടുത്താതിരിക്കുക. എല്ലാവര്ക്കും വിജയം ആശംസിക്കുക. മറ്റുള്ളവര്ക്ക് വിജയം ആഗ്രഹിക്കുന്നതിലൂടെ നിനക്കും വിജയം ഉണ്ടാകുന്നതാണ്.

12. സാവധാനത്തിലും പരിഭ്രമം ഇല്ലാതെയും പരീക്ഷാ ഹാളിലേക്ക് കടക്കുക. ഇരിക്കേണ്ട സീറ്റിൽ ഇരിക്കുക. നട്ടെല്ല് നേരെ നിവര്ത്തി വെച്ച് ആരോഗ്യകരമായ രീതിയിൽ ഇരിക്കുക.

13. ചോദ്യപേപ്പര്‍ കിട്ടുന്നതിന്റെ മുമ്പായി പ്രാര്‍ഥിക്കുന്നതും മുഖം അമര്‍ത്തി തുടക്കുന്നതും ആത്മവിശ്വാസം വര്‍ധിപ്പിക്കും. ബിസ്മില്ലാ എന്ന് പറഞ്ഞു അല്ലാഹുവിന്റെ നാമത്തിലും അല്ലാഹുവിനോട് സഹായം തേടിയും പരീക്ഷയെഴുതാൻ ആരംഭിക്കുക. അനുവദനീയമായ ഏതു കാര്യവും ബിസ്മി കൊണ്ട് ആരംഭിക്കുമ്പോൾ അതിൽ അനുഗ്രഹം ചൊരിയപ്പെടുന്നതാണ്. അല്ലാഹുവിനോടുള്ള സഹായം തേടൽ അനുഗ്രഹം ചൊരിയപ്പെടാൻ കാരണമാകുന്നതാണ് എന്നറിയുക.

14. അല്ലാഹുവിനെ സ്മരിക്കുക. ദൈവസ്മരണ ഭയപ്പാടും വിഭ്രാന്തിയും ഇല്ലാതാക്കും. എന്തെങ്കിലും ചോദ്യങ്ങളോ പ്രോബ്ളങ്ങളോ നിനക്ക് ഉത്തരം കിട്ടാതെ പ്രയാസകരമായി തോന്നുന്നുവെങ്കിൽ അത് എളുപ്പമാക്കിത്തരാൻ അല്ലാഹുവിനോട് പ്രാർഥിക്കുക.

" اللَّهُمَّ لا سَهْلَ إِلاَّ ما جَعَلْتَهُ سَهْلاً، وأنْتَ تَجْعَلُ الحَزْنَ إذَا شِئْتَ سَهْلاً" (അല്ലാഹുവേ നീ എളുപ്പമാക്കിയാലല്ലാതെ ഒരെളുപ്പവുമില്ല. നീ ഉദ്യേശിച്ചാൽ ഉറപ്പുള്ള ഭൂമിയെ മാർദ്ദവമുള്ള സമതലമാക്കുന്നവനാണല്ലോ)


15. ആദ്യമായി പരീക്ഷാ പേപ്പറിൽ തന്നിരിക്കുന്ന നിർദ്ദേശങ്ങൾ മുഴുവനും മനസ്സിരുത്തി വായിക്കുക. തന്നിരിക്കുന്ന സമയം പാഴാക്കാതെ തുടർന്ന് ഓരോ ചോദ്യങ്ങളും മനസ്സാന്നിധ്യത്തോടും സാവധാനവും വായിക്കുക. പരീക്ഷ എഴുതുന്നതിനു മുമ്പ് നിങ്ങൾക്ക് ലഭിക്കുന്ന റിലാക്സിംഗ് ടൈം ചോദ്യങ്ങളുടെ വായനക്കും ഉത്തരമെഴുത്തിന്റെ ആസൂത്രണത്തിനും പ്രയോജനപ്പെടുത്തണം.

16. രജിസ്റ്റര്‍ നമ്പരും മറ്റു വിവരങ്ങളും ഉത്തരപേപ്പറിൽ കൃത്യമായി എഴുതുകയും അത് ഉറപ്പു വരുത്തുകയും ചെയ്യുക.

17. എളുപ്പമുള്ളതും ഉത്തരങ്ങൾ കൃത്യമായി അറിയാവുന്നതുമായ ചോദ്യങ്ങൾ വായിക്കുമ്പോൾ തന്നെ അണ്ടർ ലൈൻ ചെയ്യക. പ്രയാസകരം എന്ന് തോന്നുന്നവ അതിന്റെ മുറക്കും അടയാളപ്പെടുത്തുക. ഉത്തരങ്ങൾ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട പോയിന്റുകൾ ചോദ്യങ്ങൾ വായിക്കുമ്പോൾ തന്നെ അതാതിടങ്ങളിൽ കുറിച്ച് വെക്കുന്നത് നന്നായി ഉത്തരം എഴുതാൻ സഹായകരമാണ്.

18. ഓരോ ചോദ്യത്തിന്റെയും പ്രാധാന്യം അനുസരിച്ച് ഉത്തരം എഴുതുക. ഉത്തരമെഴുതേണ്ട ചോദ്യങ്ങളുടെ എണ്ണം, വിവിധ സെക്ഷനുകളിലുള്ള മാര്‍ക്കിന്റെ വിതരണം, അനുവദിച്ചിരിക്കുന്ന സമയം എന്നിവയെ സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം.

19. ചോദ്യത്തില്‍ നിന്ന് ഏത് തരത്തിലുള്ള ഉത്തരമാണ് പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കി ഉത്തരമെഴുതണം. ചില ചോദ്യങ്ങള്‍ പാഠഭാഗം എങ്ങനെ നിങ്ങള്‍ ഉള്‍ക്കൊണ്ടുവെന്നും എങ്ങനെ നിങ്ങള്‍ അത് ഉപയോഗിക്കുന്നുവെന്നും പരിശോധിക്കാനുള്ളതായിരിക്കും.

20. ഓരോ ചോദ്യത്തിനും ഉള്ള സമയം, മാര്‍ക്ക് എന്നിവ ഉത്തരമെഴുതുമ്പോള്‍ പരിഗണിക്കണം. ആവശ്യപ്പെടുന്നതിലധികം എഴുതിയോ രണ്ടിൽ ഏതെങ്കിലും ഒന്നിന് ഉത്തരം ചെയ്യുക എന്ന ചോദ്യത്തിന് രണ്ടുത്തരവും എഴുതി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത്.

21. അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ ഉത്തരമെഴുതിത്തീര്‍ക്കാന്‍ ശ്രദ്ധിക്കണം.

22. ആദ്യം ആദ്യം മുമ്പ് അടയാളപ്പെടുത്തി വെച്ച അറിയാവുന്ന എളുപ്പമുള്ള ചോദ്യങ്ങൾക്ക് അതാതിന്റെ നമ്പരിട്ടു ഉത്തരം എഴുതുക.

23. ഉത്തരം എളുപ്പം കണ്ടെത്താൻ കഴിയാത്ത ചോദ്യങ്ങളും സമയം കൂടുതൽ ആവശ്യമുള്ള ചോദ്യങ്ങളും ആദ്യം തന്നെ എടുത്ത് ആലോചിച്ചിരുന്നു ഉള്ള സമയം കളയരുത്. അത്തരം ചോദ്യങ്ങൾ ഉത്തരം എഴുതാൻ അവസാനത്തേക്ക് മാറ്റിവെക്കുക.

24. ഓരോ ചോദ്യത്തിനും ഉത്തരം എഴുതുമ്പോൾ അതാതിന്റെ നമ്പർ ഇടാൻ ശ്രദ്ധിക്കണം. നമ്പരുകൾ മാറിപ്പോയാൽ ലഭിക്കേണ്ട മാർക്ക് നഷ്ടപെടും എന്നറിയുക.

25. ഉത്തരക്കടലാസിൽ വൃത്തിയിലും ക്രമത്തിലും അക്ഷര വടിവോടും കൂടി ആയിരിക്കണം നിങ്ങൾ ഉത്തരമെഴുതേണ്ടത്. പരിശോധകനിൽ നിങ്ങളെക്കുറിച്ചുള്ള മതിപ്പുണ്ടാക്കാൻ അതുപകരിക്കും. കൈയക്ഷരം പ്രത്യേകം ശ്രദ്ധിക്കുക. നമുക്ക് വായിക്കാനല്ല, മറ്റൊരാള്‍ വായിച്ച് മാര്‍ക്കിടാനാണ് എന്ന കാര്യം നിങ്ങൾ മറന്നു പോകരുത്. വൃത്തിയിലും നന്നായും ഉത്തരങ്ങള്‍ എഴുതുന്നത് നിങ്ങള്ക്ക് മാർക്ക് കൂടുതൽ നേടാൻ സഹായകമാകും.

26. ഓരോ ചോദ്യത്തിനും ശ്രദ്ധയോടെ സാവകാശം ഉത്തരം എഴുതുക. അശ്രദ്ധ ഉത്തരങ്ങൾ തെറ്റിപ്പോകാൻ കാരണമാകും. നബി (സ) പറഞ്ഞു: "സാവകാശം അല്ലാഹുവിൽ നിന്നും ധൃതി പിശാചിൽ നിന്നും ആണ് "

27. ചോദ്യത്തിന്റെ ആദ്യഭാഗം കാണുമ്പോൾ തന്നെ ചാടിക്കയറി ഉത്തരം എഴുതരുത്. അതിലൂടെ കൃത്യമായ ഉത്തരങ്ങൾ നല്കാൻ കഴിയാതെ വന്നേക്കാം. ഉത്തരങ്ങൾ എഴുതും മുമ്പ് ചോദിച്ച ചോദ്യങ്ങൾ ശെരിക്കു മനസ്സിലാക്കണം. എന്നിട്ടേ ഉത്തരം എഴുതാവൂ.

28. ശെരി ഉത്തരങ്ങൾ തെരഞ്ഞെടുത്ത് എഴുതേണ്ട ചോദ്യങ്ങൾ നന്നായി ചിന്തിച്ചു ഉത്തരം കണ്ടെത്തുക. ഉത്തരം ശേരിയോ തെറ്റോ എന്നിങ്ങനെ മനസ്സ് ആടിക്കളിക്കുന്ന അവസ്ഥയിൽ നിന്നും നീ മോചിതനാകണം. പ്രത്യേകിച്ച് കണക്ക് പരീക്ഷക്ക്‌ ചോദ്യത്തിൽ കൊടുത്തിരിക്കുന്ന അക്കങ്ങൾ എടുത്തെഴുതുമ്പോൾ മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക .

29. ഉത്തരം എഴുതുമ്പോൾ നിന്റെ ചിന്തകൾ മുഴുവൻ അതിനെക്കുറിച്ച് തന്നെയാകട്ടെ. മനസ്സ് മറ്റു ചിന്തകളിൽ വ്യാപരിക്കുന്നത് സൂക്ഷിക്കുക.

30. ഉത്തരങ്ങൾ എഴുതുമ്പോൾ പ്രധാന പോയിന്റുകൾ ആദ്യം എഴുതുക. പരിശോധകർ ആദ്യം നോക്കുന്നത് അത്തരം കാര്യങ്ങളാണ്. പ്രധാന പോയിന്റുകൾ ഉത്തരങ്ങളുടെ ഇടയിൽ ആയിപ്പോയാൽ ചിലപ്പോൾ പരിശോധകർ അശ്രദ്ധമായാൽ ആ പോയിന്റുകൾ കണ്ടില്ല എന്ന് വന്നേക്കാം. അത് മാർക്കിനെ സാരമായി ബാധിക്കുകയും ചെയ്യാം.

31. അവസാനം സമയത്തിന്റെ പത്തു ശതമാനം നീ എഴുതിയ ഉത്തരങ്ങൾ പരിശോധിക്കാൻ ഉപയോഗപ്പെടുത്തുക. എഴുതിയ ഉത്തരങ്ങൾ മനസ്സാന്നിധ്യത്തോടെ വീണ്ടും വായിച്ചു നോക്കുക. പ്രതേകിച്ചു കണക്കുകൾ ചെയ്യുമ്പോൾ കിട്ടുന്ന ഉത്തരങ്ങളും സംഖ്യകളും ഭാഷകളുടെ ഗ്രാമർ എഴുതിയതും എല്ലാം നന്നായി വായിച്ചു നോക്കി ശെരി എന്ന് ഉറപ്പു വരുത്തുക.

32. ചോദ്യപ്പേപ്പർ കയ്യിൽ കിട്ടിയ ഉടനെ ഉത്തരങ്ങൾ എഴുതി ആദ്യം തന്നെ ഉത്തരപ്പേപ്പർ തിരിച്ചേൽപ്പിച്ചു പുറത്തിറങ്ങുന്ന കുട്ടി നീയാകരുത്. അതാണ്‌ പരീക്ഷയിലെ മിടുക്ക് എന്ന് നീ മനസ്സിലാക്കരുത്. കാരണം അതെല്ലാം കഴിഞ്ഞു വീണ്ടും ചോദ്യപ്പേപ്പർ പരിശോധിക്കുമ്പോൾ ഇന്ന ഉത്തരം തെറ്റിപ്പോയി, ആ ചോദ്യം കണ്ടില്ല എന്ന് സങ്കടപ്പെടാൻ നിന്റെ ധൃതി കാരണമായേക്കാം. പിന്നെ ഖേദിച്ചിട്ട്‌ കാര്യമില്ല.

33. പരീക്ഷാ ക്രമക്കേട് കാണിക്കരുത്. അത് പരീക്ഷയിലുള്ള വഞ്ചനയാണ്. അതിന്റെ മാർഗം നിഷിദ്ധമാണ്. നബി (സ) പറഞ്ഞു. "ആരെങ്കിലും വഞ്ചന കാണിച്ചാൽ അവൻ നമ്മിൽ പെട്ടവനല്ല".

34. ഒരു ചോദ്യവും ഉത്തരം ചെയ്യാതെ ഒഴിവാക്കരുത്. നേർക്ക്‌ നേരെയുള്ള ഉത്തരം നിനക്ക് അറിയില്ലെങ്കിൽ ചോദ്യത്തിന്റെ വിഷയവുമായി ബന്ധമുള്ള കാര്യം എങ്കിലും എഴുതുക. ചിലപ്പോൾ പരിശോധകൻ അത് പരിഗണിച്ചേക്കാം.

35. ഇത് ഭൌതിക ലോകത്തെ പരീക്ഷയാണ് എന്ന് നീ അറിയുക. ഇതിനെക്കാളും വലിയ പരീക്ഷയെ നിനക്ക് നേരിടാനുണ്ട്. ആ പ്രതിഫല നാളിന്റെ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നീ നന്നായി പരിശ്രമിക്കുക. അറിയുക "അന്ന് ആരെങ്കിലും നരകത്തിൽ നിന്നും അകറ്റപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്‌താൽ അവൻ വിജയം വരിച്ചിരിക്കുന്നു."

അല്ലാഹു നമ്മെ ഇരു ലോകത്തിലും വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ.