സൂറത്തു ആലുഇംറാന്‍: അന്ത്യനാളിൽ ചിറക് വിടർത്തി സാക്ഷി പറയുന്ന സൂറത്ത്



വിശുദ്ധ ഖുര്‍ആനിലെ മൂന്നാമത്തെ സൂറത്താണ് ആലു ഇംറാന്‍. 200 ആയത്തുകള്‍ ഉള്‍കൊള്ളുന്ന ഈ സൂറത്തിന് ധാരാളം സവിശേഷതകളും അതു പാരായണം ചെയ്താല്‍ ലഭിക്കുന്ന ഒട്ടനവധി ഫലങ്ങളും ഹദീസുകള്‍ വിവരിച്ചിട്ടുണ്ട്. നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. അത് അന്ത്യദിനത്തില്‍ നിങ്ങള്‍ക്കു ശുപാര്‍ശകനായി എത്തുന്നതാണ്. പ്രഭ വിതറുന്ന രണ്ട് സൂറത്തുകള്‍ നിങ്ങള്‍ പാരായണം ചെയ്യുക. അല്‍ബഖറയും, ആലു ഇംറാനും തണല്‍ നല്‍കുന്ന മേഘങ്ങളെ പോലെ അല്ലെങ്കില്‍ ചിറകു വിരിച്ച പക്ഷിക്കൂട്ടങ്ങളെ പോലെ ഈ സൂറത്തുകള്‍ പാരായണം ചെയ്ത വ്യക്തികള്‍ക്ക് അനുകൂലമായി വാദിച്ചുകൊണ്ട് ഖിയാമത്ത് നാളില്‍ വരുന്നതാണ്. (മുസ്‌ലിം, മിശ്കാത്ത് 184).
അന്നവാസിബ്‌നു സംആന്‍(റ) പറയുന്നു: നബി(സ്വ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അന്ത്യനാളില്‍ വിശുദ്ധ ഖുര്‍ആനും ഖുര്‍ആന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിച്ചവരും ഹാജറാക്കപ്പെടും. ഈ രണ്ട് സൂറത്തുകള്‍ തണല്‍ നല്‍കുന്നതും പ്രഭ ചൊരിയുന്നതുമായ മേഘങ്ങളെ പോലെയോ ചിറക് വിരിച്ച് അണി നിരന്ന പക്ഷിക്കൂട്ടങ്ങളെ പോലെയോ അവര്‍ക്കു വേണ്ടി വാദിച്ചുകൊണ്ട് രംഗത്തേക്ക് വരുന്നതാണ്. (മുസ്‌ലിം – മിശ്കാത്ത് 184).

മലക്കുകള്‍ ദുആ ചെയ്യുന്നു
ആലു ഇംറാന്‍ പാരായണം ചെയ്യുന്നവര്‍ക്ക് വേണ്ടി മലക്കുകള്‍ ദുആ ചെയ്യുമെന്നു നബി(സ്വ) പഠിപ്പിക്കുന്നു. ഇമാം ദാരിമി(റ) ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: വെള്ളിയാഴ്ച ദിവസം ആരെങ്കിലും സൂറത്തു ആലുഇംറാന്‍ പാരായണം ചെയ്താല്‍ അന്നു രാത്രിയാകും വരെ ആ മനുഷ്യനുവേണ്ടി മലക്കുകള്‍ പാപമോചനത്തിനു തേടുകയും ദുആ ചെയ്യുന്നതുമാണ്. (മിശ്കാത്ത് 189).
പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നു
ഒരാള്‍ സൂറത്തുല്‍ ബഖറയും ആലും ഇംറാനും ഓതി നിസ്‌കരിച്ചു. നിസ്‌കാരം കഴിഞ്ഞ ഉടനെ കഅ്ബ്(റ) നിസ്‌കരിച്ച വ്യക്തിയോട് ചോദിച്ചു: ‘നിങ്ങള്‍ അല്‍ബഖറയും ആലു ഇംറാനും പാരായണം ചെയ്തുവോ?’ അദ്ദേഹം പറഞ്ഞു: ‘അതെ. ഞാന്‍ പാരായണം ചെയ്തിട്ടുണ്ട്. അപ്പോള്‍ കഅ്ബ്(റ) പറഞ്ഞു: അല്ലാഹുവാണ് സത്യം, നിശ്ചയം ആ രണ്ട് സൂറത്തുകളില്‍ അല്ലാഹുവിന്റെ (തിരുനാമം) ഇസ്മുല്‍ അഅ്‌ളമുണ്ട്. അതു ചൊല്ലി ദുആ ചെയ്താല്‍ ഉത്തരം ലഭിക്കുന്നതാണ്. (ഇബ്‌നുകസീര്‍ 1/30).

സൂറത്തു ആലുഇംറാന്റെ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍
1. അന്ത്യനാളില്‍ സുരക്ഷാകവചമായി ഓതുന്ന വ്യക്തിക്കു വേണ്ടി നിലകൊള്ളുന്നു.
2. കപട വിശ്വാസത്തില്‍ നിന്ന് മോചനം ലഭിക്കുന്നു.
3. മലക്കുകള്‍ ഈ സൂറത്ത് പാരായണം ചെയ്യുന്നവന് വേണ്ടി ദുആ ചെയ്യുന്നു.
4. ദുആ സ്വീകരിക്കപ്പെടും.
5. രാത്രി നിസ്‌കാരത്തിന്റെ പ്രതിഫലം ലഭിക്കുന്നു.
6. മന:ശാന്തി ലഭിക്കുന്നു.
7. വിഷമത്തിലകപ്പെട്ടാല്‍ ആലുഇംറാനിലെ അവസാന 10 ആയത്തുകള്‍ ഓതിയാല്‍ വിഷമങ്ങള്‍ നീങ്ങുന്നു.
8. അല്ലാഹുവിന്റെ അനുസരണയുള്ള അടിമകളില്‍ ഉള്‍പ്പെടുന്നു.
(മുസ്‌ലിം, മിശ്കാത്ത്, ഇബ്‌നുകസീര്‍, ദാരിമി, സ്വാവി)