1979ൽ കഅ്ബ ആക്രമിച്ച തീവ്രസലഫി ജുഹൈമാന്റെ വഹാബീ സ്വാധീനം


1979 നവംബര്‍ 20ന് പുലര്‍ച്ചെ, ജുഹൈമാന്‍ എന്ന തീവ്രസലഫിയുടെ നേതൃത്വത്തില്‍ മസ്ജിദുല്‍ഹറാമില്‍ നടത്തിയ സായുധകലാപത്തെ തുടര്‍ന്ന് 22ദിവസം പള്ളിയില്‍ പ്രാര്‍ഥനകളൊന്നും നടന്നില്ല. 2000ത്തോളംപേര്‍ പങ്കെടുത്ത അട്ടിമറി ശ്രമത്തിന് അന്ത്യം കണ്ടത് പാക്, ഫ്രഞ്ച് കമാന്‍ഡോകളുടെ സഹായത്തോടെ നടത്തിയ അനിതരസാധാരണമായ ഒരു ഓപ്പറേഷനിലൂടെയാണ്. ജുഹൈമാന്‍ അടക്കം 87പേരെ ജീവനോടെ പിടികൂടുകയും ബാക്കിയുള്ളവരുടെ കഥ കഴിക്കുകയും ചെയ്തുവെന്നാണ് ദുരൂഹത മാറാത്ത ഹറം കലാപത്തിന്റെ ബാക്കിപത്രത്തില്‍ പറയുന്നത്.

ആരായിരുന്നു ജുഹൈമാൻ

വഹാബിസത്തിന്റെ ധർമ്മജ്വരം ആവേശിച്ചതാണ് ജുഹൈമാന്റെ കലാപ ചിന്തകളുടെ മൂലകാരണമെന്ന് (അൽക്വയിദ തീവ്രവാദികൾ മുഴുവനായും ഇതേ വഹാബി നിലയിലാണ് കാണപ്പെട്ടത്) യുവാവിന്റെ ജീവിത പശ്ചാത്തലം പരിശോധിച്ചാൽ മനസ്സിലാകും.
നാഗരികതയുടെ നവീന സ്പർശത്തോട് നീരസം പുലർത്തുകയും അലോസരപ്പെടുകയും ചെയ്യുന്ന (വഹാബിസത്തിന്റെ നീക്കിവെപ്പു തന്നെ അതാണല്ലോ) ബദവി ഗോത്ര സമൂഹത്തിലാണ് ജുഹൈമാൻ ജനിച്ചതും വളർന്നതും. അർജലിയിലെ ഗ്രാമീണാന്തരീക്ഷമാണ് അയാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. വിദ്യാഭ്യാസാനന്തരം മദീനയിലെ ഇസ്ലാമിക സർവകലാശാലയിൽ ഉപരിപഠനത്തിനെത്തി. പിന്നീട് നാഷണൽ ഗാർഡ്സിൽ 18 വർഷത്തോളം സേവനം ചെയ്തു. തുടർന്ന് മത പ്രവർത്തനത്തിന്  പൂർണമായും സമർപ്പിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു. വധശിക്ഷയ്ക്ക് വിധേയമാക്കുമ്പോൾ 43 വയസ്സ് മാത്രം. സ്വന്തം പരിസര സമൂഹങ്ങളിലും നല്ല സ്വാധീനമുണ്ടായിരുന്നു. സൈനിക പരിശീലനം ഭാവി പ്രവർത്തനങ്ങൾക്കുള്ള കരുതി വെപ്പുകളായി ഉപകാരപ്പെട്ടു. വഹാബിസത്തിന്റെ ചതുര കള്ളിയിൽ ഒതുങ്ങുകയായിരുന്നു ബദവീ സമൂഹത്തോട് പ്രതിബദ്ധത പുലർത്തിയിരുന്ന ജുഹൈമാന്റെ വൈചാരിക ജീവിതം. ആ കലാപകാരിയുടെ ശക്തിയും ദൗർബല്യവും വഹാബിസമായിരുന്നു.

പണ്ടേ മതതീവ്രത കൂടിയവരാണ് ഈ പ്രദേശങ്ങളിൽ താമസിക്കുന്ന സൗദികൾ. സ്വപ്നങ്ങൾക്ക് അപ്പുറം യാതൊന്നും അറിഞ്ഞുകൂടാത്ത അവർ എന്നാണ് ‘മക്കയിലേക്കുള്ള പാത’യിൽ മുഹമ്മദ് അസദ് അവർക്ക് നൽകിയിട്ടുള്ള വിശേഷണം.
വഹാബി പ്രസ്ഥാനത്തിൻറെ സ്ഥാപകനായ മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ പാഠങ്ങളാണ് എന്നുമവരെ നയിച്ചു പോന്നിട്ടുള്ളത്.
പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ അറേബ്യൻ ഉപദ്വീപിൽ സൗദി ആധിപത്യം രൂഢമൂലമാക്കുന്നത് വഹാബികളുടെ ശക്തമായ പിന്തുണയോടെയാണ്. അധികാരം കയ്യാളിയ സഊദ് കുടുംബവും മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ താവഴിയിൽ മത മേലാളന്മാരായ ആലു ശൈഖും തുടക്കം മുതലേ ഒരു അലിഖിത ധാരണയോടെയാണ് പ്രവർത്തിച്ചു പോന്നിരുന്നത്. രാജ ഭരണകൂടത്തിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റിപോന്ന മതപണ്ഡിതൻമാർക്ക് കൊട്ടാരക്കെട്ടുകൾക്കുള്ളിലെ അധർമ്മങ്ങളുടെയും അഴിമതികളുടെയും നേരെ കണ്ണടക്കേണ്ടി വന്നു.
വിമർശന ധർമ്മം ഉപേക്ഷിച്ച പണ്ഡിതൻ വൃന്ദം വഹാബിസത്തിന്റെ ഭൂമികയിൽ വളർന്ന ജുഹൈമാനെ പോലുള്ള ചെറുപ്പക്കാരുടെ മനം തകർത്തു.
ഈ ഇച്ഛാഭംഗമാണ് സായുധ ത്തിലേക്കുള്ള ബദവി സൈകത യൗവനത്തിന്റെ സായുധത്തിലേക്കുള്ള സഞ്ചാര വേഗത വർധിപ്പിച്ചത്.
സൗദിയിൽ അക്കാലത്ത് സമാദരണീയനായ കരുതപ്പെട്ടിരുന്ന, പരമോന്നത പണ്ഡിത സഭയുടെ അധ്യക്ഷനായ ശൈഖ് ഇബ്നു ബാസിൽ ജുഹൈമാനും സംഘത്തിനും ഏറെ പ്രതീക്ഷകളുണ്ടായിരുന്നു.
എന്നാൽ ഒരു പണ്ഡിതൻ എന്ന നിലയിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥന്റെ തലത്തേക്ക് ഇബ്നുബാസ് തരംതാണതിനെക്കുറിച്ച് തന്റെ ഒരു ലിഖിതത്തിൽ ജുഹൈമാൻ ഖേദപൂർവ്വം പരാമർശിക്കുന്നുണ്ട്.