യുട്യൂബിലെ മുസ്ലിം ഇടപെടലുകൾ

പ്രശ്ന സങ്കീർണമായ സമകാലികതയുടെ അർത്ഥ ശൂന്യതയിൽ പ്രതീക്ഷയുടെ പുലരികൾ തേടിയലയുന്ന സത്യാന്വേഷികൾ കേൾക്കാനും പഠിക്കാനുമുള്ള ധാരാളം വിഭവങ്ങൾ യൂട്യൂബിൽ  ലഭ്യമാണ്.

ക്രൈഗ് റോബോർട്ട്സൺ, മൈക്കൽ ഡേവിഡ്, ശൈഖ് ഹംസ യൂസഫ്, യൂസഫ് ഹെസ്റ്റസ്, യൂസഫുൽ ഇസ്ലാം, സിസ്റ്റർ മാർഗരറ്റ്, കമലാസുരയ്യ തുടങ്ങി ദേശാന്തര പ്രശസ്തരായ നവ മുസ്ലിം ബുദ്ധിജീവികളുടെ ഇസ്ലാം അനുഭവവും വിവരണങ്ങളും കൂടാതെ ഇസ്ലാമിക മത പാഠങ്ങളുടെ ബൃഹത്തായ പഠന ശേഖരങ്ങളും വിവരങ്ങളും പഠിതാക്കൾക്ക് ലഭ്യമാണ്. അൽഅദില്ലതുൽ മാദ്ദിയ്യതു അലാ വുജൂദില്ലാഹ് എന്ന തഫ്സീർ ഗ്രന്ഥ കർത്താവും നിറഞ്ഞ പണ്ഡിതനുമായ ശൈഖ് അല്ലാമ ശഅ്റാവി, അഹ്മദ് ദീദാത്ത്, ബിലാൽ ഫിലിപ്സ് തുടങ്ങിയവരുടെ ഓൺലൈൻ സ്റ്റഡി ക്ലാസുകളും വിദ്യാർത്ഥികൾക്കും വിജ്ഞാന കുതുകികൾ ക്കും ആവേശം പകരുന്നതാണ്.
      അല്ലാഹുവിൻറെ സൃഷ്ടിവൈഭവത്തിൻറെ അപാരത വർണ്ണിച്ചും പ്രാപഞ്ചിക വിസ്മയങ്ങളിലെ അപൂർവ്വതകൾ പ്രദർശിപ്പിച്ചും ജൈവ വൈവിധ്യങ്ങളിലെ ഉൾപ്പൊരുളുകൾ ശാസ്ത്രീയ വിശകലനത്തിന് ഡാർവിനിസത്തിന്റെ പഴഞ്ചൻ ജൽപനങ്ങളെ  ഇഴകീറിമുറിച്ച് ദൈവാസ്തിക്യത്തിന്റെ സന്ദേശം മുഴക്കുന്ന അദ്നാൻ അക്തർ എന്ന ഹാറൂൻ യഹ് യയുടെ  ദൃശ്യവിരുന്നുകൾ ഇതിനകം ആഗോള പ്രേക്ഷകരുടെ അംഗീകാരം നേടിയെടുത്തിട്ടുണ്ട്. ഉറുമ്പ് മുതലുള്ള ചെറുജീവികൾ മുതൽ തിമിംഗലമടങ്ങിയ മഹാ ജന്തുലോകങ്ങൾ അദ്ദേഹത്തിൻറെ പഠനത്തിൽ വന്നിട്ടുണ്ട്.