ഖസ്വീദത്തുൽ ബുർദ പരിഭാഷ, വ്യാഖ്യാനം ഭാഗം 2


في جهاد النبي صلي الله عليه و سلم

رَاعَتْ قُلُوْبَ الْعِـدَا أَنْبـَــاءُ بِعْثَتِهِ
كَنَبْـأَةٍ أَجْفَلَتْ غُفْــلاً مِّنَ الْغَنَـمِ

നബി (സ) യെ അല്ലാഹുവിന്റെ അന്ത്യ പ്രാവാചകനായി നിയുക്തനാക്കിയ വാർത്ത കേട്ട് ശത്രുക്കളുടെ ഹൃദയങ്ങൾ വിറങ്ങലിച്ചു. പുൽമേടുകളിൽ മേഞ്ഞു നടക്കുന്ന ആട്ടിൻകുട്ടികൾ സിംഹത്തിന്റെ ഗർജനം കേട്ടിട്ടെന്നപോലെ .

مَـا زَالَ يَلْقَــاهُمُ فِيْ كُـلِّ مُعْتَرَكٍ
حَتىّٰ حَكَوْا بِالْقَنَـا لَحْمَا عَلىٰ وَضَـمِ

രണാങ്കണങ്ങളിലെല്ലാം അവിടുന്ന് പൊരുതി . ഏതു പോലെയെന്നാൽ ഇറച്ചി കഷണങ്ങൾ മാംസ വില്പനക്കാരന്റെ പലകയിൽ തറച്ചിട്ടതുപോലെ .


وَدُّوْا الْفِرَارَ فَكَــادُوْا يَغْبِطُوْنَ بِـهِ
أَشْـلاءَ شَـالَتْ مَعَ الْعُقْبَـانِ وَالرَّخَمِ

ശത്രുക്കൾ വിചാരിച്ചു അവയവങ്ങളെല്ലാം പരുന്തും കഴുകനും കൊണ്ട് പോയിരുന്നെങ്കിൽ നന്നായേനെ എന്ന് . യുദ്ധമുഖത്തു നിന്ന് ഓടി രക്ഷപ്പെടാനും അവർ വെമ്പി .

تَمْضِي اللَّيـَالِيْ وَلا يَدْرُوْنَ عِدَّتَهَـا
مَا لَمْ تَكُنْ مِّنْ لَيـَالِي الأُشْهُرِ الْحُـرُمِ

തന്മൂലം , യുദ്ധം നിഷിദ്ധമായ മാസങ്ങൾ ഏതൊക്കെയാണെന്നുള്ള ദിനരാത്രങ്ങൾ വരുന്നതും പോകുന്നതും ഭയ വെപ്രാളങ്ങൾ കൊണ്ട് ശത്രുക്കൾക്ക് കണക്ക് കൂട്ടാൻ ആവാതെയായി.

كَـأنَّمَا الدِّيْنُ ضَيْفٌ حَلَّ سَـاحَتَهُمْ
بِكُــلِّ قَرْمٍ اِلىٰ لَحْمِ الْعِــدَا قَـرِمِ

ഇസ്‌ലാം ദീൻ ശത്രുക്കളുടെ മുറ്റത്തെത്തിയ അതിഥിയായിരുന്നു . ശത്രുക്കളെ അത് വേട്ടയാടി .

ശത്രു മുറ്റത്തേക്ക് അതിഥിയെപോലെയാണ് ഇസ്‌ലാം കടന്നുചെന്നത്. പക്ഷേ ആതിഥ്യമായിരുന്നില്ല അവരെ വരവേറ്റത്. വാളും കുന്തവും അവർക്കുനേരെ വന്നപ്പോൾ അവരും ആയുധമേന്തി.

മറ്റൊരു വ്യാഖ്യാനമനുസരിച്ച് സ്വഹാബത്തിന്റെ رضي الله عنهم മുറ്റത്തെത്തിയ അതിഥിയായിരുന്നു ഇസ്‌ലാം. അതിഥിയായ ഇസ്‌ലാമിനെ സംരക്ഷിക്കാൻ സ്വഹാബത്ത് رضي الله عنهم ശത്രുക്കളോടു നഖശിഖാന്തം യുദ്ധം ചെയ്തു. (ബാജൂരിയുടെ ശറഹിൽ ഈ രണ്ടു വ്യാഖ്യാനങ്ങളുമുണ്ട്)

يَجُـرُّ بَحْـرَ خَمِيْسٍ فَوْقَ سَــابِحَةٍ
يَـرْمِيْ بِمَوْجٍ مِّنَ الأَبْطَــالِ مُلْتَـطِمِ

പഞ്ച മഹാസമുദ്രങ്ങൾ പോലെ അഞ്ച് അശ്വ സേനകളാണ് അതിനെ നയിച്ചത് . ധീര യോദ്ധാക്കൾ കൂറ്റൻ തിരമാലകളെപ്പോലെ അതിനെ മുന്നോട്ടു നയിച്ച് കൊണ്ടിരുന്നു .

സ്വഹാബത്ത് رضي الله عنهم സൈന്യങ്ങളെ ക്രമീകരിച്ചിരിക്കുന്ന അഞ്ചു നിരകളെയാണു മഹാനായ ബൂസ്വീരി ഇമാം رضي الله عنه പഞ്ചമഹാ സമുദ്രങ്ങളോടുപമിക്കുന്നത്.

മുന്നണിപ്പട, മധ്യനിര, വലതുപാർശ്വസൈന്യം, ഇടതുപാർശ്വസൈന്യം, പിന്നണി ഇങ്ങനെയാണു സൈന്യം നിലയുറപ്പിക്കുക. 

ഇതേരീതിയിൽ യുദ്ധമുഖത്തേക്ക് മാർച്ച് ചെയ്യും. ഈ പഞ്ചസേനയുടെ ഒഴുക്കു കണ്ടാൽ സാഗരം ഇളകിമറിയുകയാണെന്നേ തോന്നൂ. ഈ സാഗരത്തിൽ നിന്ന് ഇടയ്ക്കിടെ അതിഗംഭീരമായ ആയുധങ്ങൾ തെറിക്കും. തിരമാലയുടെ ഇരമ്പലും ആക്രമണ ശേഷിയുമുണ്ട് ഈ ആയുധങ്ങൾക്ക്. കുതിരപ്പുറത്തേറി ഈ സംഘങ്ങളെ നയിക്കുന്ന സേനാനായകന്മാരുടെ അഭ്യാസം കണ്ടാൽ അത് അന്തരീക്ഷത്തിൽ നീന്തുന്ന പോലെയാണ് തോന്നുക എന്ന് ബൂസ്വീരി ഇമാം رضي الله عنه ഉപമിക്കുന്നു

مِنْ كُــلِّ مُنْـتَدِبٍ للهِ مُحْتَسِـبٍ
يَسْـطُوْ بِمُسْـتَأْصِلٍ لِّلْكُفْرِ مُصْطَـلِمِ

തീർച്ചയായും അവർ എല്ലാവരും അല്ലാഹുവിൽ നിന്നുള്ള അതിമഹത്തരമായ പ്രതിഫലം പ്രതീക്ഷിക്കുന്നവരാണ് . തിന്മയുടെ അല്ലെങ്കിൽ അവിശ്വാസത്തിന്റെ വേരുകൾ ഉന്മൂലനം ചെയ്യാൻ , അവിശ്വാസത്തെ തകർക്കാൻ അവർ പോരാടുന്നു .

ഇസ്ലാമിന്റെ യോദ്ധാക്കളെ മുന്നോട്ടു നയിക്കുന്ന വികാരം അല്ലാഹുവിന്റെ പ്രീതിയാണ്. അസത്യത്തിന്റെ നിർമാർജനവും സത്യത്തിന്റെ സംസ്ഥാപനവുമാണ് അവർ ലക്ഷ്യമാക്കുന്നത്. ഭൗതികമായ സ്ഥാനമാനങ്ങളോ നേട്ടങ്ങളോ ഇസ്ലാമിക ധർമ സമരത്തിന്റെ ലക്ഷ്യങ്ങളല്ല.

ഖുർആൻ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത് ഇങ്ങനെയാണ്: "കുഴപ്പം അവസാനിപ്പിക്കുകയും അനുസരണം മുഴുവനും അല്ലിഹുവിനോടായിത്തീരുകയും ചെയ്യുന്നത് വരെ നിങ്ങൾ അവരോട് യുദ്ധം ചെയ്യുക" (8:39). പീഡിതരുടെയും മർദിതരുടെയും മോചനമാണ് ഇസ്ലാമിക ധർമ സമരത്തിന്റെ ലക്ഷ്യമെന്നു ഖുർആൻ വ്യക്തമാക്കുന്നു. നിങ്ങൾക്കെന്തുപറ്റി? മർദ്ദിതരും അടിച്ചമർത്തപ്പെട്ടവരുമായ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നിങ്ങൾ എന്തുകൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നില്ല?

അവരാണെങ്കിൽ, അക്രമികളുടെ ഈ നാട്ടിൽ നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ, ഞങ്ങൾക്കൊരു മോചകനെ നീ നിയോഗിച്ചു തരേണമേ, നിന്റെ വകയായി നീ ഞങ്ങൾക്കൊരു സഹായിയേയും അയച്ചു തരേണമേ എന്നു പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയുമാണ്" (4:75).

ഭൂമിയിൽ അക്രമവും മർദനവും അവസാനിപ്പിച്ചു ജനങ്ങൾക്കു സ്വാതന്ത്ര്യം നൽകുക എന്ന ലക്ഷ്യത്തോടെ പൊരുതുന്ന വിശ്വാസികൾ അല്ലാഹുവിന്റെ പൊരുത്തം മാത്രമാണ് അതിലൂടെ ആഗ്രഹിക്കുന്നത്. എന്നാൽ ഒരു രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് അവിടുത്തെ നിയമസംഹിതകളെ കാറ്റിൽ പറത്തിക്കൊണ്ട് ജിഹാദ് എന്ന പേരിൽ എന്ത് തോന്നിവാസവും നടത്തുവാനുള്ള അവകാശവും ഇസ്‌ലാം വകവെച്ചു കൊടുക്കുന്നില്ല.

حَتىّٰ غَدَتْ مِلَّةُ الإِِسْلامِ وَهْيَ بِهِـمْ
مِنْم بَعْــدِ غُرْبَتِهَا مَوْصُوْلَةَ الرَّحِـمِ

അവർ തമ്മിൽ പരസ്പരം അന്യോന്നരായിരുന്നു . പക്ഷെ ഇസ്‌ലാം എന്ന മഹത്തരമായ മതം അപരിചതരായിരുന്നവരെ കുടുംബ ബന്ധത്തിന്റെ പാശം കൊണ്ട് കൂട്ടിയിണക്കി .

പരസ്പരം ശത്രുതയിൽ കഴിഞ്ഞിരുന്ന ഒട്ടേറെ സമൂഹങ്ങളെ ഇസ്‌ലാം അതിന്റെ വിമോചന ദൗത്യം കൊണ്ടു രക്ഷപ്പെടുത്തുകയും പരസ്പരം കലഹം അവസാനിപ്പിച്ചു മിത്രങ്ങളാക്കുകയും ചെയ്തിട്ടുണ്ട്. തലമുറകളുടെ കുടിപ്പക തീകർക്കാൻ നൂറ്റാണ്ടുകളോളം യുദ്ധം ചെയ്ത മദീനയിലെ ഔസ്, ഖസ്റജ് എന്നീ ഗോത്രങ്ങൾക്കിടയിൽ മുത്ത് നബി ﷺ സാഹോദര്യ ബന്ധം സ്ഥാപിച്ചത് ഇതിന് ഉത്തമ ഉദാഹരണമാണ്.

ഈ സംഭവം വിശുദ്ധ ഖുർആൻ പറയുന്നത് കാണുക: "നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറിൽ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി" (3:103).

ഇസ്‌ലാമിന്റെ മുമ്പ് പരസ്പരം പോരാടിയിരുന്ന ഏതാനും ഗോത്രങ്ങളുടെ കൂട്ടമായിരുന്നു അറേബ്യൻ ജനത. ഇസ്‌ലാം അവരെ സഹോദരതുല്യം യോജിപ്പിക്കുകയും ഒരൊറ്റ കൊടിക്കീഴിൽ അണിനിരത്തുകയും ചെയ്തു. അനന്തരം ചരിത്രം അവരുടെ കരങ്ങളിലൊതുക്കി. വിശുദ്ധ ഖുർആൻ വാഗ്ദാനം ചെയ്തതാണ് ഈ വിജയം.

مَكْفُوْلَـةً أَبَـداً مِّنْهُـمْ بِـخَيْرِ أَبٍ
وَخَيْرِ بَعْـلٍ فَــلَمْ تَيْتَـمْ وَلَمْ تَئِـمِ

മുസ്ലിം ഉമ്മത്തിനെ എല്ലായിപ്പോഴും ഉത്തമ പിതാവായും , ഭർത്താവായും മുഹമ്മദ് നബി (സ) അവിശ്വാസികളുടെ തിന്മകളിൽ നിന്നും അവരെ രക്ഷപ്പെടുത്തി . അതിനാൽ അവൾ അനാഥനോ വിധവയോ ആയിത്തീർന്നില്ല അല്ലെങ്കിൽ അവരെ അത് ബാധിച്ചതുമില്ല .

തിരുനബിയുടെ ﷺ സംരക്ഷണം ലഭിച്ചവർ അനാഥത്വത്തിന്റെയും വിധവകളായിരിക്കുന്നതിന്റെയും ദുഃഖങ്ങളറിഞ്ഞില്ല. അനാഥരെയും വിധവകളെയും അവിടുന്ന് ﷺ ഏറ്റവും നല്ല രീതിയിൽ സംരക്ഷിച്ചു. തന്റെ ശിഷ്യ സമൂഹത്തെ അനാഥ-വിധവാ സംരക്ഷണത്തിന്റെ പ്രാധാന്യം അവിടുന്ന് ﷺ പഠിപ്പിക്കുകയും ചെയ്തു. യുദ്ധങ്ങൾ മൂലം അനാഥരും വിധവകളുമായിത്തീരുന്നവർ സമൂഹത്തിന് ഒരു ഭാരമായി അവശേഷിക്കാൻ മുത്ത് നബി ﷺ അവസരം നൽകിയില്ല. കാരുണ്യപൂർവ്വം അവരെ അവിടുന്ന് ﷺ ഏറ്റെടുത്തു വളർത്തി.

هُمُ الْجِبَـالُ فَسَـلْ عَنْهُمْ مُّصَادِمَهُمْ
مَــاذَا لَقِيْ مِنْهُمْ فِيْ كُـلِّ مُصْطَدَمِ

ആ യോദ്ധാക്കളായ മുസ്ലിമീങ്ങൾ പ്രതിരോധത്തിന്റെ പർവ്വതങ്ങളെപ്പോലെയായിരുന്നു . അതിനാൽ (ഞാൻ പറയുന്നതിൽ നിങ്ങൾ സാക്ഷ്യപ്പെടുത്തുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ലെങ്കിൽ) അവരോട് യുദ്ധം ചെയ്തവരിൽ നിന്ന് (അവിശ്വാസികളിൽ) അവരോട് ചോദിക്കുക (അതായത്) അവരോടുള്ള അവരുടെ (അവിശ്വാസികളുടെ) അനുഭവം എന്തായിരുന്നു . സർവ്വം തരിപ്പണമായ ആ രണാങ്കളത്തിൽ എന്ത് സംഭവിച്ചുവെന്ന് ശത്രുക്കളോടു ചോദിച്ചു നോക്കുക.


وَسَـلْ حُنَيْناً وَسَـلْ بَدْراً وَسَلْ أُحُدًا
فُصُـوْلُ حَتْفٍ لَّهُمْ أَدْهٰى مِنَ الْوَخَمِ

ഹുനൈൻ യുദ്ധം , ബദർ യുദ്ധം , ഉഹദ് യുദ്ധം എന്നിവയെക്കുറിച്ചു ചോദിക്കുക. ശത്രുക്കൾക്ക് അതെല്ലാം വിഷൂചികളെക്കാൾ കടുത്ത നാശത്തിന്റെ ദിനങ്ങളായിരുന്നു .

اَلْمُصْدِرِي الْبِيْضِ حُمْراًم بَعْدَ مَا وَرَدَتْ
مِنَ الْعِــدَا كُلَّ مُسْوَدٍّ مِّنَ اللِّمَـمِ

മുസ്ലിമീങ്ങൾ വെളുത്ത നിറത്തിലുള്ള തങ്ങളുടെ ഖഡ്ഗങ്ങളെ ശത്രുക്കളുടെ ചോരയാൽ ചുവപ്പ് വർണ്ണമണിയിച്ചു. ആ ശത്രുക്കളെല്ലാം കറുത്ത തലമുടികളുള്ള യുവത്വം ആയിരുന്നു , അല്ലങ്കിൽ ആ ശത്രുക്കളുടെ തലയിൽ പ്രയോഗിച്ചു കൊണ്ട് .

وَالْكَاتِبِيْنَ بِسُــمْرِ الْخَطِّ مَا تَرَكَتْ
أقْــلامُهُمْ حَرْفَ جِسْمٍ غَيْرَ مُنْعَجِمِ

മുസ്ലിമീങ്ങളിൽ നിന്നുള്ള എഴുത്തുകാർ അവരുടെ അമ്പുകളുപയോഗിച്ച് പേനകളാക്കി എഴുതി . ശത്രു ശരീരങ്ങളാക്കുന്ന അക്ഷരങ്ങളിൽ അവർ പുള്ളികളിട്ടു.

شَـاكِي السِّـلاحِ لَهُمْ سِيْماَ تُمَيِّزُهُمْ
وَالْوَرْدُ يَمْتَـازُ بِالسِّيْماَ عَنِ السَّـلَمِ

മുസ്ലിമീങ്ങൾ പൂർണ്ണമായും ആയുധങ്ങളിൽ സായുധരായിരുന്നു . പക്ഷെ സലം പുഷ്പത്തിൽ നിന്നും പനിനീർ പൂക്കളെ തിരിച്ചറിയാവുന്നതു പോലെ അടയാളങ്ങൾ കൊണ്ട് അവരെ ശത്രുക്കളിൽ നിന്നും തിരിച്ചറിയാമായിരുന്നു .

تُهْدِي إِِلَيْـكَ رِيَاحُ النَّصْرِ نَشْـرَهُمُ
فتَحْسِبُ الزَّهْرَ فِي الأَكْمَامِ كُلَّ كَمِیْ

വിജയത്തിന്റെ കാറ്റ് (സർവ്വശക്തനായ അല്ലാഹുവിന്റെ സഹായം) അവരുടെ (മുസ്‌ലിംകളുടെ) സുഗന്ധം നിങ്ങൾക്ക് അയയ്‌ക്കുന്നു . അതിനാൽ പടയങ്കി അണിഞ്ഞവരെല്ലാം പനിനീർ പൂവിന്റെ ദളങ്ങളാണെന്നു നിനക്ക് തോന്നും .

كَــأَنَّهُمْ فِيْ ظُهُوْرِ الْخَيْلِ نَبْتُ رُبـاً
مِنْ شَـدَّةِ الْحَزْمِ لا مِنْ شِـدَّةِ الْحُزُمِ

മുസ്ലിമീങ്ങൾ കുതിരപ്പുറത്തുണ്ടായിരുന്നത് കുന്നുകളിലെ റൂബ ചെടികളെപ്പോലെയായിരുന്നു . അവർ അങ്ങനെ ആകാൻ കാരണം ജീനിയിൽ കയർ കൊണ്ട് കെട്ടിയതിനാലല്ല മറിച്ച് അവർ ദൃഢ ചിത്തരും കരുത്തരുമാണ്.

കുന്നിൻമുകളിലെ മരങ്ങളോടാണ് കുതിരപ്പടയാളികളെ ബൂസ്വീരി ഇമാം رضي الله عنه ഉപമിക്കുന്നത്. കുന്നിൻമുകളിലെ മരങ്ങൾക്ക് മറ്റിടങ്ങളിലെ മരങ്ങളേക്കാൾ വേരുറപ്പുണ്ടാകും. കാറ്റിനെയും വെയിലിനെയുമൊക്കെ പ്രതിരോധിക്കാൻ കൂടുതൽ കരുത്തുമുണ്ടാവും. കുതിരപ്പുറത്ത് തലയെടുപ്പോടെ ഇരിക്കുന്ന ഭടൻമാരെ മലമുകളിലെ മരങ്ങളെപ്പോലെ ഉയർന്നു കാണാം. അചഞ്ചലരാണവർ.

ശത്രുവിനെ പ്രതിരോധിക്കാൻ വാളും പരിചയും കുന്തവും മാറിമാറി ഉപയോഗിക്കുന്ന അശ്വഭടന്മാർ ഓടുമ്പോഴും ചാടുമ്പോഴും ധീരമായും പൊരുതുമ്പോഴും മറിഞ്ഞു വീഴാതെ ഉറച്ചിരിക്കുന്നു. ഇത് കാണുമ്പോൾ നമുക്കു തോന്നും കുതിരയുടെ ജീനിയുമായി ബന്ധിച്ചിരിക്കുന്ന അരപ്പട്ടയാണ് അവരെ ഉറച്ചിരുത്തുന്നതെന്ന്. അല്ല, അവരുടെ മനക്കരുത്തിന്റെ ശക്തികൊണ്ടാണത് എന്നു മഹാനായ ബൂസ്വീരി ഇമാം رضي الله عنه സമർത്ഥിക്കുന്നു. വളരെ മനോഹരമായ കൽപനാ വൈഭവം വിളിച്ചറിയിക്കുന്നതാണീ രൂപാലങ്കാരം.


طَارَتْ قُلُوْبُ الْعِدَا مِنْم بَأْسِـهِمْ فَرَقاً
فَمَـا تُـفَرِّقُ بَيْنَ الْبَهْـمِ وَالْبُهَـمِ

അവരുടെ (മുസ്‌ലിംകളുടെ) ധൈര്യം കാരണം ശത്രുക്കളുടെ ഹൃദയം (യുദ്ധത്തിൽ) കടുത്ത ഭയത്തിലേക്ക് പറന്നു, അതിനാൽ അവർക്ക് (ശത്രുക്കളുടെ ഹൃദയങ്ങൾ) ഒരു ആട്ടിൻകുട്ടിയും ശക്തനായ ഒരു യോദ്ധാവും തമ്മിൽ (ഒരു) വ്യത്യാസവും വരുത്താൻ കഴിഞ്ഞില്ല.

ഒരാൾക്ക് ഭീതി തട്ടിയാൽ കാണുന്നതെന്തും താൻ ഭയപ്പെടുന്നതായിത്തോന്നും. 'ബഹ്‌മി'നെയും (ആട്ടിൻ കുട്ടികൾ) 'ബുഹമി'നെയും (ധീരയോദ്ധാവ്) വേർതിരിച്ചറിയാൻ പറ്റുന്നില്ല ശത്രുക്കൾക്ക്. ഭയം നിമിത്തം ശത്രുക്കൾ ആട്ടിൻകുട്ടികളെ കണ്ടാൽപോലും ഇസ്ലാമിക യോദ്ധാക്കളാണെന്ന് തെറ്റിദ്ധരിച്ചു പോവുന്നു.

സമാന ശബ്ദവും വ്യത്യസ്ത അർത്ഥങ്ങളുള്ള പദങ്ങൾ ഉപയോഗിക്കാനുള്ള ബൂസ്വീരി ഇമാമിന്റെ رضي الله عنه പാടവം ഈ പ്രയോഗത്തിൽ തെളിയുന്നു. ഈ വരിയുടെ തൊട്ടുമുമ്പത്തെ വരിയിലെ ഹസ്‌മ്, ഹുസ്‌മ് എന്നീ വാക്കുകൾ നോക്കുക. 'ഹസ്‌മ്' ദൃഢചിത്തതയും 'ഹുസ്മ്' കടിഞ്ഞാണുമാണ്. ബുർദയിൽ പല സ്ഥലത്തും ഇമാമവർകൾ رضي الله عنه തന്റെ പദസമ്പത്ത് ഇങ്ങനെ ആഘോഷിക്കുന്നുണ്ട്.



وَمَنْ تَـكُنْ م بِرَسُـوْلِ اللهِ نُصْرَتُـه
إِنْ تَلْقَهُ الأُسْـدُ فِيْ آجَــامِهَا تَجِمِ


എന്നാൽ മുസ്ലിമീങ്ങളോടൊപ്പം അല്ലാഹുവിന്റെ ഹബീബ് (സ അ) ന്റെ സഹായം ഉണ്ടായിരുന്നു . ആ ഹബീബിന്റെ (സ അ) സഹായമുള്ളവരെ സിംഹങ്ങൾ അവയുടെ ഗുഹയുടെ മുന്നിൽ വെച്ചാണ് കണ്ടുമുട്ടുന്നതെങ്കിൽ പോലും ഭയപ്പെടും .

മുത്ത് നബിയെ ﷺ അല്ലാഹു നിയോഗിച്ചത് ആദം മക്കളുടെ നേതാവായിട്ടാണ്. നേതാവിന്റെ സ്വഭാവം അനുയായിയെ ഒരിക്കലും കൈവിടാതിരിക്കുക എന്നതാണ്. തിരുനബിയുടെ ﷺ പാരിചാരകൻ സഫീനത്ത് رضي الله عنه (മഹാനവർകളുടെ യഥാർത്ഥ പേര് അബൂ അബ്ദുറഹ്മാൻ رضي الله عنه എന്നാണ്. മുത്ത് നബി ﷺ തങ്ങളുടെ ഭാരമേറിയ ഭാണ്ഡങ്ങൾ നിഷ്പ്രയാസം വഹിക്കുന്നതിനാലാണ് 'കപ്പൽ' എന്നർത്ഥമുള്ള 'സഫീനത്ത്' എന്ന വിളിപ്പേര് ലഭിക്കാൻ കാരണം)

ഒരിക്കൽ കാട്ടിൽ വെച്ച് സിംഹത്തിന്റെ മുന്നിൽപ്പെടുകയും അവിടുന്ന് അള്ളാഹുവിന്റെ ഹബീബിന്റെ ﷺ പേരു പറഞ്ഞു രക്ഷപെടുകയും ചെയ്ത സംഭവത്തിലേക്കുള്ള സൂചനയാണ് ഈ വരികളിൽ.

അൽ ഹാഫിള് അൽ ത്വബ്റാനി رضي الله عنه മുഹമ്മദുബ്ൻ അൽ മുൻകദിർ رضي الله عنه വിൽ നിന്ന് പുണ്യ റസൂലിന്റെ ﷺ പരിചാരകൻ സഫീനത്ത് رضي الله عنه പറയുന്നതായി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "ഒരിക്കൽ കടലിലൂടെ യാത്ര ചെയ്യുമ്പോൾ എന്റെ വഞ്ചി തകർന്നുപോയി. ഒരു പലകയിൽ പിടിച്ചുതൂങ്ങിയ ഞാൻ കടലിൽ ഒഴുകിനടന്നു. ഒടുവിൽ ആ പലക എന്നെ ഒരു കരയ്ക്കടുപ്പിച്ചു. കരയ്ക്കു കയറിയ എന്റെ മുമ്പിൽ ഒരു സിംഹം ചാടിവീണു. ഞാൻ ഉടനെ വിളിച്ചു പറഞ്ഞു: "യാ അബൽ ഹാരിസ്, അന മൗലാറസൂലില്ലാഹ് ﷺ...!" (ഓ സിംഹമേ... ഞാൻ അല്ലാഹുവിന്റെ പ്രവാചകന്റെ ﷺ പരിചാരകനാണ്). ഉടനെ ആ സിംഹം തലകുനിച്ച് എന്റെ അടുത്തേക്കു വന്നു. ശേഷം അതിന്റെ പിരടികൊണ്ട് എന്നെ തള്ളി തള്ളി കൊണ്ടുപോയി കാട്ടിന് വെളിയിൽ ചെന്നാക്കി. അതെന്നെ യാത്രയാക്കുക യായിരുന്നു എന്നെനിക്കു തോന്നി." (ഈ സംഭവം സ്വഹാബിയായ സ്വഫ്‌വാൻ رضي الله عنه തങ്ങളെത്തൊട്ടാണ് എന്നും പരാമർശമുണ്ട്.)

തിരുനബിയുടെ ﷺ സഹായം അർഹിക്കുന്നുവെങ്കിൽ അവിടുന്ന് ﷺ ഓടിയെത്താതിരിക്കില്ല. മുത്ത് നബിയുടെ ﷺ സഹായം ലഭിക്കുന്നതാവട്ടെ അവിടുത്തെ ﷺ ചര്യയെ പിന്തുടരുന്നവർക്കും. അതായത് ചെയ്യേണ്ടത് ചെയ്യുകയും ചെയ്യരുതാത്തത് ചെയ്യാതിരിക്കുകയും ചെയ്യുബോൾ. അതിനാണ് തഖ്‌വ എന്ന് പറയുന്നത്. ഒരാൾ അല്ലാഹുവിനെ പേടിച്ചാൽ മറ്റെല്ലാം അവനെ പേടിക്കും.



وَلَنْ تَــرٰى مِنْ وَّلِيٍّ غَيْرَ مُنْتَصِـرٍ
بِــهِ وَلا مِنْ عَــدُوٍّ غَيْرَ مُنْقَصِمِ

അവിടുത്തെ സഹായം ലഭിക്കാത്ത ഒരു മിത്രത്തെയും കണ്ടെത്താൻ സാധിക്കില്ല . അതുപോലെ പരാജയം രുചിക്കാത്ത ശത്രുവുമില്ല .

ഇവിടെ وَلِيّ എന്നതുകൊണ്ടുദ്ദേശിക്കുന്നത് തിരുനബിയിൽ ﷺ ആത്മാർത്ഥമായി വിശ്വസിക്കുകയും അവിടുത്തെ ﷺ പാന്ഥാവിലൂടെ ചരിക്കുകയും ചെയ്യുന്ന സത്യവിശ്വാസികളെയാണ്. അവനെപ്പോഴും തിരുനബിയുടെ ﷺ സഹായം ലഭിച്ചുകൊണ്ടിരിക്കും. എന്നാൽ അവിടുത്തോട് ﷺ ശത്രുത വച്ചവർ തകർന്നു തരിപ്പണമാകും വിധം പരാജയത്തിലുമാണ് എന്ന വസ്തുത പറയുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഇവിടെ


أَحَــلَّ أُمَّتَـهُ فِيْ حِِـرْزِ مِلَّتِــهِ
كَاللَّيْثِ حَلَّ مَعَ الأشْـبَالِ فِيْ أَجَمِ

അല്ലാഹുവിന്റെ ഹബീബ് നബി (സ) തന്റെ ഉമ്മത്തിനെ കെട്ടുറപ്പുള്ള സുഭദ്രമായ കോട്ടകളിൽ സംരക്ഷിച്ചു. സിംഹം തന്റെ കുഞ്ഞുങ്ങളെ എപ്രകാരം ഗുഹകളിൽ സംരക്ഷിക്കുന്നുവോ അത് പോലെ .


സൂറതു തൗബയുടെ 128-ാം ആയത്തിലൂടെ മുത്ത് നബിയുടെ ﷺ മദ്ഹ് الله തന്നെ പറയുന്നു:_

_لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ

"തീർച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു رسول വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവരും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവരും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അവിടുന്ന് ﷺ", എന്ന്.

ഈ ആയത്തിലൂടെ തിരുനബി ﷺ തങ്ങൾക്ക് ഉമ്മത്തീങ്ങളോടുള്ള താല്പര്യം എത്രത്തോളമെന്ന് നമുക്ക് പഠിപ്പിച്ചു തരികയാണ്. എന്നതുപോലെതന്നെ തിരുനബി ﷺ വിശ്വാസികൾക്ക് നൽകിയ സുരക്ഷിതത്വത്തിന്റെ കവചം എത്രത്തോളം ദൃഢവും വാൽസല്യം തുളുമ്പുന്നതുമാണെന്ന് ഉചിതമായ ഒരു ഉപമയിലൂടെ വ്യക്തമാക്കുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഇവിടെ.

സിംഹം അതിന്റെ കുഞ്ഞുങ്ങളെ ഗുഹയിൽ സംരക്ഷിക്കുന്നതു പോലെയാണ് തിരുനബി ﷺ സ്വജനതയെ സംരക്ഷിക്കുന്നതെന്ന് ബൂസ്വീരി ഇമാം رضي الله عنه പറയുന്നു. കുഞ്ഞുങ്ങൾക്കു കാവലിരിക്കുന്ന സിംഹം അതീവ ജാഗ്രതയുള്ളതായിരിക്കും. അതിനാൽ സിംഹക്കുഞ്ഞുങ്ങളെ അക്രമിക്കുന്നതിനോ, എന്തിന്, സമീപിക്കുന്നതിനു പോലുമോ മറ്റൊരു മൃഗത്തിനോ മനുഷ്യനോ സാധിക്കുകയില്ല. മുത്ത് നബിയ്ക്കാവട്ടെ ﷺ, തന്റെ ഉമ്മത്തിനോടുള്ള വാത്സല്യവും സംരക്ഷണ ഭാവവും അതിലേറെ വലുതാണ്. തിന്മയുടെ സ്പർശത്തിൽ നിന്നും തിരുനബി ﷺ സ്വജനതയെ കാത്തു. എതിരാളികളിൽ നിന്ന് അവിടുന്ന് ﷺ തന്റെ സമുദായത്തിനു സംരക്ഷണമരുളി. സമൂഹത്തിൻറെ സംരക്ഷണത്തിനു തിരുഹബീബ് ﷺ ശരീഅത്തിൻറെ ഭദ്രമായ ഒരു കോട്ട ഒരുക്കിയിരുന്നു. ആ കോട്ടയിൽ ഇസ്‌ലാമിക സമൂഹം എന്നും സുരക്ഷിതരായിരിക്കും.

كَـمْ جَدَّلَتْ كَـلِمَاتُ اللهِ مِنْ جَدَلٍ
فِيْهِ وَكَـمْ خَصَّمَ الْبُرْهَانُ مِنْ خَصِمِ

എത്രയെത്ര തർക്കങ്ങളെയാണ് അല്ലാഹുവിന്റെ വചനങ്ങൾ കൊണ്ട് തിരുദൂതർ (സ) അതി ജയിച്ചത് . വ്യക്തമായ തെളിവുകൾ നൽകുക വഴി അവിശ്വാസികളുടെ എതിർവാദങ്ങൾ നിഷ്ഫലവുമായി .

ആയുധവും പോരാട്ടവും കൊണ്ടു പ്രതിയോഗികളെ അതിജയിച്ച സംഗതികളെയാണ് ഇതുവരെ പറഞ്ഞത്. എന്നാൽ ഇസ്‌ലാമിന് പ്രതിരോധത്തിനും ധർമ്മ സംസ്ഥാപനത്തിനും ആയുധത്തേക്കാൾ ശക്തമായ ഒരു മേഖലയുണ്ട്, അതാണ് പ്രമാണങ്ങൾ. തിരുനബിക്ക് ﷺ തന്റെ പ്രബോധന കാലത്ത് കടുത്ത തർക്കങ്ങളും പ്രതിവാദങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അല്ലാഹുവിന്റെ വചനമായ ഖുർആൻ കൊണ്ട് അതിനെയൊക്കെയും അവിടുന്ന് ﷺ നേരിട്ടു. എല്ലാ തർക്കക്കാരെയും നിശ്ശേഷം പരാജയപ്പെടുത്തുകയും ചെയ്തു.

ഖുർആൻ പ്രതിയോഗികളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ സംഭവങ്ങളെ സൂചിപ്പിക്കുന്നു ഈ വരിയിലെ ഒന്നാം പാദം. ഒരിക്കൽ യഹൂദികൾ ആത്മാവിനെക്കുറിച്ചും ഗുഹാനിവാസികളെക്കുറിച്ചും 'ദുൽഖർനൈനി'യെക്കുറിച്ചും മുഹമ്മദ് നബിയോട് ﷺ ചോദിച്ചു നോക്കാൻ ഖുറൈശികളോട് ആവശ്യപ്പെട്ടു. ഈ മൂന്നിനും ഉത്തരം പറയുകയോ ഒന്നിനെപ്പറ്റിയും ഒന്നും പറയാതിരിക്കുകയോ ചെയ്താൽ അദ്ദേഹം നബിയല്ല. മറിച്ച് ചിലതിന് ഉത്തരം പറയുകയും മറ്റു ചിലതിനെക്കുറിച്ച് നിശബ്ദരാവുകയും ചെയ്താൽ യാഥാർത്ഥ നബിയുമാണ്.

അപ്പോഴാണ് ഗുഹാനിവാസികളുടെയും ദുൽഖർനൈനിയുടെയും ചരിത്രവുമായി വിശുദ്ധ ഖുർആൻ അവതരിച്ചത്. ആത്മാവിനെക്കുറിച്ച് വിശദീകരണം നൽകിയതുമില്ല. അതെന്റെ നാഥന്റെ സ്വന്തം കാര്യത്തിൽ പെട്ടതാണ് എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ചിലപ്പോൾ മുശ്‌രിക്കുകൾ തിരുനബിയോട് ﷺ പ്രവാചകത്വത്തിന് തെളിവ് ചോദിക്കും. ചന്ദ്രനെ പിളർത്തിയത് പോലെയുള്ള ദൃഷ്ടാന്തങ്ങൾ ഉദാഹരണം. ഇത്തരം സംഭവത്തിലേക്കുള്ള സൂചനയാണ് ഈ വരിയിലെ രണ്ടാം പാദം.

كَفَــاكَ بِـالْعَلَمِ فِيْ الأُمِّيِّ مُعْجَزَةً
فِيْ الْجَاهِـلِيَّةِ وَالتَّــأْدِيْبَ فِي الْيُتُمِ

അജ്ഞതയുടെ കാലഘട്ടത്തിലെ ജ്ഞാനം നിറഞ്ഞ നിരക്ഷരത . അനാഥത്വത്തിലും ആർജിച്ച സംസ്കാര സമ്പന്നത. അമാനുഷിക ദൃഷ്ടാന്തമായി ഇത്രയും തന്നെ മതി.

തിരുനബി ﷺ എഴുത്തും വായനയും പഠിച്ചിട്ടില്ല. ഒരു ഗുരുകുലത്തിലും ചേർന്നിട്ടില്ല. എന്നിട്ടും അറിവിന്റെ അക്ഷയപാത്രമായി. ജ്ഞാന സാഗരങ്ങളുടെ അധിപനായി. എങ്ങനെ? അതാണതിശയം! അതും ആറാംനൂറ്റാണ്ടിലെ കറുത്ത കാലഘട്ടത്തിൽ. അമാനുഷികമായ സിദ്ധിയാണത്, ദൈവീകമായ അംഗീകാരവും. മുത്ത് നബി ﷺ അനാഥരായിട്ടാണു പിറന്നുവീണത്. പിതാക്കളുടെ പരിരക്ഷയില്ലാതെ വളരുന്ന കുട്ടികൾ ചീത്തയാകാനാണു കൂടുതൽ സാധ്യത. എന്നിട്ടും മുത്ത് ഹബീബ് ﷺ അച്ചടക്കത്തിന്റെയും സൽസ്വഭാവത്തിന്റെയും മൂർത്തീമത്‌ഭാവമായി.


മാതാവിന്റെ ഗർഭാശയത്തിൽ ഒരു അട്ടയെപ്പോലെ അള്ളിപ്പിടിച്ചു കിടക്കുന്ന സിക്താണ്ഡത്തെക്കുറിച്ചു മുതൽ ബാഹ്യാകാശത്തിനപ്പുറമുള്ള അത്ഭുതങ്ങളെക്കുറിച്ചു വരെ അവിടുന്ന് ലോകത്തോട് പറഞ്ഞു കൊണ്ടേയിരുന്നു, യാതൊരു ശാസ്ത്ര- സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെ. എത്രത്തോളമെന്നാൽ, നിരക്ഷരരായ മുഹമ്മദ് നബിയുടെ ﷺ നാവിലൂടെ നിർഗളിച്ച പരിശുദ്ധ ഖുർആനും, തിരുഹദീസുകളും മുന്നിൽവച്ചുകൊണ്ട് സങ്കീർണമായ ശാസ്ത്ര വിഷയങ്ങളിൽ ഗവേഷണം ചെയ്യുന്നതിലും വിശകലനം ചെയ്യുന്നതിലും വരെയെത്തി കാര്യങ്ങൾ.

ഭൂമി ശാസ്ത്രം, ഗോള ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, മനഃശാസ്ത്രം, സാഹിത്യം തുടങ്ങി അവിടുന്ന് ﷺ ചർച്ച ചെയ്യാത്ത മേഖലകളില്ല. കേവലം പ്രമാണങ്ങൾ പടച്ചുവിടുകയല്ല, അതെല്ലാം സ്വജീവിതത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയായി കാണിച്ചു കൊടുക്കുകയാണ് എന്നതിലാണ് മുത്ത് നബി ﷺ തുല്യതയില്ലാത്ത മാതൃകയാവുന്നത്.



في التوسل با النبي صلي الله عليه و سلم 

خَدَمْتُهُ بِمَدِيْــحٍ أَسْــتَقِيلُ بِـهِ
ذُنُوْبَ عُمْرٍ مَّضٰى فِي الشِّعْرِ وَالْخِدَمِ

ഞാൻ എന്റെ ഹബീബിന്റെ (സ) മദ്ഹുകൾ അപദാനങ്ങൾ വാഴ്ത്തുന്നത് എന്റെ കാവ്യ ജീവിതത്തിലെയും എന്റെ ജീവിത കാലത്തേയും (ഔദ്യോഗിക സേവന കാലം) പാപങ്ങൾ മായ്ക്കപ്പെടാൻ വേണ്ടിയാകുന്നു .


മഹാനായ ബൂസ്വീരി ഇമാം رضي الله عنه പിന്നിട്ട 139 വരികളിലൂടെ തിരുനബിയുടെ ﷺ പ്രകീർത്തമെന്ന വലിയൊരു ഇബാദത്ത് ചെയ്തുവച്ചു. ഇനി മഹാനവർകൾക്ക് ഈ ഇബാദത്തിനെ തവസ്സുലാക്കി അല്ലാഹുവിനെ സമീപിക്കാം. ഗുഹയിൽ കുടുങ്ങിയവർ ഗുഹാമുഖം അടച്ച പാറ സ്വയം നീങ്ങിക്കിട്ടാൻ അവർ ചെയ്ത സുകൃതം കൊണ്ട് തവസ്സുൽ ചെയ്തു. ഇമാം ബൂസ്വീരി رضي الله عنه സ്വന്തം സുകൃതം വച്ച് ഇതാ ഇടതേടുന്നു. മഹാനവർകളുടെ പ്രധാനാവശ്യം പോയകാലത്തെ ദോഷങ്ങൾ പൊറുത്തു കിട്ടലാണ്. ദോഷം പൊറുത്തു കിട്ടാൻ തിരുനബിയെ ﷺ സമീപിക്കാൻ വിശുദ്ധ ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ._

وَلَوْ أَنَّهُمْ إِذْ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا (سورة النساء-٦٤

അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ അങ്ങയുടെ ﷺ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവിനെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു. (സൂറതുന്നിസാഅ്‌ -64)

إِذْ قَـلَّدَانِيَ مَا تُخْشٰـى عَـَواقِبُـهُ
كَــأَنَّنِيْ بِهِــمَا هَدْيٌ مِّنَ النَّعَمِ

ഈ രണ്ടു കാര്യങ്ങളും (കവിതയും മറ്റ് ആളുകളെ സേവിക്കുന്നതും) എന്റെ കഴുത്തിൽ (ബെൽറ്റ് ചുറ്റിയതു പോലെ) കെട്ടിയിരിക്കുന്നതിനാൽ (ഇപ്പോൾ) അവയുടെ അനന്തരഫലങ്ങളെ ഞാൻ ഭയപ്പെടുന്നു. ഞാൻ ചെയ്ത പാപ ഫലങ്ങളെക്കുറിച്ചുള്ള ഭീതി നിമിത്തം അറവു ശാലയിലേക്ക് നയിക്കപ്പെടുന്ന ബലിമൃഗത്തെ പോലെയായി ഞാൻ .

أَطَعْتُ غَيَّ الصِّبَا فِي الْحَالَتَيْنِ وَمَــا
حَصَلْتُ إِِلا عَلىٰ الآثَـامِ وَالنَّـدَمِ

തെറ്റിദ്ധരിപ്പിക്കുന്ന യുവാക്കളെ ഞാൻ രണ്ട് വ്യവസ്ഥകളിലും (കവിതയിലും മറ്റുള്ളവരെ സേവിക്കുന്നതിലും) അനുസരിച്ചു, പാപങ്ങളും പശ്ചാത്താപവുമല്ലാതെ മറ്റൊന്നും ഞാൻ നേടിയില്ല.

فَيـَا خَسَــارَةَ نَفْسٍ فِيْ تِجَارَتِهَـا
لَمْ تَشْتَرِ الدِّيْنَ بِـالدُّنْيَا وَلَمْ تَسُـمِ


(ജനങ്ങളേ, ഞാൻ ചെയ്തതിൽ നിന്ന് ഒരു പാഠം ഉൾക്കൊള്ളുക). എന്റെ ആത്മാവിന് അതിന്റെ കച്ചവടത്തിൽ നഷ്ടം സംഭവിച്ചു . ഇഹലോകത്തിനു പകരം പരലോകത്തെ ഞാൻ വാങ്ങുകയുണ്ടായില്ല .

وَمَنْ يَّبِــعْ آجِـلاً مِّنْهُ بِـعَاجِلِـهِ
يَبِنْ لَّـهُ الْغَبْنُ فِيْ بَيْـعٍ وَّفِيْ سَـلَمِ

തന്റെ പരലോകത്തെ തന്റെ ഇഹലോകത്തിനായി വിൽക്കുന്ന വ്യക്തി, അയാൾ (തികച്ചും വഞ്ചിതനാണ്) . അങ്ങനെ അവൻ അവന്റെ ഇടപാടിലൂടെ വഞ്ചിതനായിരിക്കുന്നു 

إِِنْ آتِ ذَنْبـاً فَمَــا عَهْدِي بِمُنْتَقِضٍ
مِنَ النَّبِيِّ وَلا حَبْـلِي بِمُنْصَـــرِمِ

ഞാൻ പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും (എന്നിട്ടും) എന്റെ നബി (സ) യുമായുള്ള എന്റെ ഉടമ്പടിയും വിശ്വാസവും (ബന്ധം) തകർന്നിട്ടില്ല. അവിടുന്നുമായി എന്റെ പാർഷം മുറിഞ്ഞിട്ടുമില്ല .

فَـــإِنَّ لِيْ ذِمَّةً مِّنْــهُ بِتَسْـمِيَتِيْ
مُحَمَّداً وَّهُوَ أَوْفَى الْخَلْقِ بِــالذِّمَمِ

തീർച്ചയായും, എന്റെ പേര് കാരണം എനിക്ക് അദ്ദേഹത്തിൽ നിന്ന് ഒരു സുരക്ഷയുണ്ട് (മുഹമ്മദ് എന്ന നാമം) അല്ലെങ്കിൽ കരാറുണ്ട് . കരാർ പാലിക്കുന്നതിൽ ഏറ്റവും ഭംഗിയായി കരാർ പാലിക്കുന്നവനാണ് മുഹമ്മദ് നബി (സ)

إِِنْ لَّمْ يَكُـنْ فِيْ مَعَـادِي آخِذاً بِيَدِيْ
فَضْلاً وَّإِلا فَقُــلْ يَــا زَلَّةَ الْقَدَمِ

എന്റെ പുനരുത്ഥാനത്തിൽ എന്നെ ദയയോടെ എന്റെ കൈ പിടിക്കാൻ അവിടുന്നില്ലെങ്കിൽ അടിതെറ്റിയവനെ എന്ന് നീ എന്നെ വിളിക്കുക .

حَاشَــاهُ أَنْ يَّحْرِمَ الرَّاجِي مَكَارِمَهُ
أَوْ يَرْجِعَ الْجَــارُ مِنْهُ غَيْرَ مُحْـتَرَمِ

തങ്ങളുടെയടുത്ത് ഔദാര്യം തേടിവരുന്നവരെ വെറും കയ്യോടെ മടക്കുകയില്ല . അതുപോലെ ശരണാർഥികളെയും വെറും കയ്യോടെ മടക്കുകയില്ല .


وَمُنْذُ أَلْزَمْتُ أفْكَـــارِيْ مَدَائِحَهُ
وَجَدْتُّـهُ لِخَلاصِيْ خَــيْرَ مُلْتَـزِمِ

എന്റെ ചിന്താ മണ്ഡലത്തെ അവിടുത്തെ അപദാനത്തിൽ വ്യാപാരിച്ചതു മുതൽ അവിടുത്തെ നിർലോഭമായ അനുഗ്രഹവും എനിക്ക് ലഭിക്കുന്നുണ്ട് 


وَلَنْ يَّفُوْتَ الْغِنٰى مِنْهُ يَــداً تَرِبَتْ
إِِنَّ الْحَيَـا يُنْبِتُ الأَزْهَارَ فِي الأَكَـمِ

ആവശ്യപ്പെടുന്നവരുടെ കൈകളെ അവിടുന്ന് തട്ടി മാറ്റുകയില്ല . കുന്നിൻ പ്രദേശങ്ങളിൽ പൂച്ചെടികളെ മുളപ്പിക്കുന്ന വൃഷ്ടി പോലെയാണ് അവിടുത്തെ ഔദാര്യം .

وَلَمْ أُرِدْ زَهْرَةَ الدُّنْيـَا الَّتِي اقْتَطَفَتْ
يَــدَا زُهَيْرٍم بِمَـا أثْنٰى عَلى هَـرِمِ

ഹരിം എന്ന ഗോത്രത്തെ വാഴ്ത്തി പാടിയപ്പോൾ സുഹൈറിബ്നു അബീ സൽമയ്ക്കു കിട്ടിയതുപോലെ ഭൗതിക നേട്ടങ്ങൾ കിട്ടാനല്ല ഞാൻ ആഗ്രഹിക്കുന്നത് .


في المناجات و عرض الحاجات 


يَـا أَكْرَمَ الْخَلْقِ مَا لِي مَنْ أَلُوْذُ بِه
سِـوَاكَ عِنْـدَ حُلُوْلِ الْحَادِثِ الْعَمَمِ

സൃഷ്ടികളിൽ വെച്ച് അത്യുന്നതനായ നേതാവേ , ഭയാനകരമായ സംഭവങ്ങൾ നടക്കുന്ന ആ നാളിൽ (മഹ്ശറ വൻ സഭയിൽ) അങ്ങല്ലാതെ മറ്റാരുണ്ട് എനിക്കൊരു തുണയായി .

وَلَنْ يَّضِيْقَ رَسُـوْلَ اللهِ جَاهُكَ بِيْ
إِذَا الْكَرِيْمُ تَجَلَّى بِــاسْمِ مُنْتَقِـمِ

സർവ്വശക്തനായ അല്ലാഹു ശിക്ഷകളുമായി പ്രത്യക്ഷപ്പെടുന്ന ആ നാളിൽ (നാം ചെയ്തു കൂട്ടിയ പാപത്തിന്റെ പരിണിത ഫലം) , എന്റെ ഹബീബ് തങ്ങളുടെ (സ) മഹനീയ പദവി കാരണം എന്റെ ഞെരുക്കങ്ങൾ ഇല്ലാതാകും .

فَإِنَّ مِنْ جُوْدِكَ الدُّنْيَا وَضَرَّتَهَا
وَمِنْ عُلُوْمِكَ عِلْمُ اللَّوْحِ وَالْقَلَمِ

തീർച്ചയായും, നിങ്ങളുടെ അനുഗ്രഹങ്ങളിൽ ഈ ലോകവും പരലോകവും ഉണ്ട് , അല്ലാഹുവിന്റെ ഖലമും , ലൗഹും തങ്ങളുടെ അറിവിന്റെ ഭാഗമാണ്.


ഇഹലോകത്തിന്റെ അപരനാണ് പരലോകം. ഇഹലോകവും പരലോകവും എന്നതു കൊണ്ടുദ്ദേശ്യം തിരുനബിയുമായി ﷺ ബന്ധപ്പെട്ട അതിൽ രണ്ടിലുമുള്ള ഏറ്റവും മഹത്തായ രണ്ടു നന്മകളാണ്. ഇഹലോകത്തിന്റെ നന്മ മുത്ത് നബി ﷺ കാട്ടിത്തന്ന മോക്ഷത്തിന്റെ മാർഗ്ഗവും (ഹിദായത്ത്) പരലോകത്തിന്റേത് അവിടുത്തെ ﷺ ശുപാർശയുമാണ് (ശഫാഅത്ത്).

അന്ത്യനാൾ വരെ സംഭവിക്കുന്ന എല്ലാ സംഗതികളും എഴുതിവെക്കപ്പെട്ട ഒരു ഫലകമാണ് ലൗഹ്. അത് എഴുതാൻ ഉപയോഗിച്ച തൂലിക ഖലമും. ലോകാവസാനം വരെയുള്ള കാര്യങ്ങളാണല്ലോ അതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, മുത്ത് നബിയുടെ ﷺ വിജ്ഞാനം ലോകാവസാനവും വിട്ട് പരലോകത്തേക്കും, പരലോകം വിട്ട് തിരുനബി ﷺ കാരണമായി അല്ലാഹു സൃഷ്ടിച്ച ഇതര ലോകങ്ങളിലേക്കും നീളുന്നു.

ലൗഹും ഖലമും എത്ര വലിയ വിജ്ഞാന ഭണ്ഡാരങ്ങളാണെങ്കിലും തിരുനബിയുടെ ﷺ ജ്ഞാനക്കടലിനു മുമ്പിലെത്തുമ്പോൾ ശകലമായിപ്പോകുന്നു.

അതാണ് ഇവിടെ ബൂസ്വീരി ഇമാം رضي الله عنه, അൽപ്പം എന്ന അർത്ഥം വരുന്ന مِنْ എന്ന പദം ഉപയോഗിച്ചത്. ദുനിയാവും ആഖിറവും മുത്ത് നബിയുടെ ﷺ സംഭാവനയുടെ അൽപ്പം മാത്രമേ ആകുന്നുള്ളൂ. ഇതു രണ്ടുമല്ലാത്ത ലോകവും സൃഷ്ടിക്കാൻ ഇടയായത് തിരുനബി ﷺ തന്നെ ആവുകയാൽ അല്ലാഹുവിന്റെ വിശാലമായ അധികാരപരിധിയിൽ വരുന്ന മറ്റു ലോകങ്ങളും തിരുനബിയുടെ ﷺ സംഭാവനകൾ തന്നെയാണ്. 

يَا نَفْـسُ لا تَقْنَطِي مِنْ زَلَّةٍ عَظُمَتْ
إِِنَّ الْكَبَـائِرَ فِي الْغُفْرَانِ كَـاللَّمَـمِ

എന്റെ മനസ്സേ , ചെയ്തു കൂട്ടിയ പാപങ്ങളെയോർത്ത് നിരാശപ്പെടേണ്ട . ചെറിയ കുറ്റങ്ങളെപ്പോലെ തന്നെ വലിയ കുറ്റങ്ങളും മാപ്പു ചെയ്യപ്പെട്ടേക്കാം .


പാപികളായ നമ്മുടെയെല്ലാം ഖൽബുകളെ പശ്ചാതാപത്തിലേക്ക് പ്രതീക്ഷാപൂർവം നയിക്കുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه. ശിർക്ക് ഒഴികെയുള്ള പാപങ്ങളെല്ലാം അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് പൊറുത്തു കൊടുക്കുമെന്ന് ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും മനസ്സിലാക്കാം. എത്ര വലിയ പാതകം ചെയ്തവനും തൗബയുടെ വാതിൽ തുറന്നു കിടപ്പുണ്ട്. പശ്ചാത്താപത്തിന്റെ ഉപാധികൾ ഒത്തുവന്നാൽ ശിർക്കല്ലാത്ത ഏതു മഹാപാപവും അല്ലാഹു പൊറുക്കാവുന്നതെയുള്ളൂ.

ഏതവസ്ഥയിലും അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചു നിരാശപ്പെടാൻ മുസ്‌ലിമിനു ന്യായമില്ല. കാരുണ്യവാനായ അല്ലാഹുവിലുള്ള പ്രതീക്ഷയാണ് ഓരോ വിശ്വാസിയും എപ്പോഴും വെച്ചു പുലർത്തേണ്ടത്. പാപങ്ങളെക്കുറിച്ചുള്ള പശ്ചാത്താപ ബോധം എപ്പോഴും ഉണ്ടായിരിക്കുകയും വേണം. لَا تَقْـنَطِي - നീ നിരാശപ്പെടരുത് - എന്ന് മഹാനായ കവി رضي الله عنه സ്വന്തം മനസ്സിനോട് പറയുമ്പോൾ لَا تَقْـنَطُواْ مِنْ رَحْمَةِ اللَّهِ - അല്ലാഹുവിൻറെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത് (വി.ഖു. 39:53) - എന്ന ഖുർആൻ വാക്യം വായനക്കാരുടെ മനസ്സിൽ ഓർമ വരിക സ്വാഭാവികം.

ദോഷം ചെറുതായാലും വലുതായാലും പൊറുക്കേണ്ടത് കാരുണ്യവാനായ അല്ലാഹു തന്നെയാണല്ലോ. ചെറുത് പൊറുക്കുന്ന റബ്ബിന് പിന്നെന്തുകൊണ്ട് വലുത് പൊറുത്തു തന്നു കൂടാ. അതുകൊണ്ട് ശരീരത്തെ പശ്ചാത്തലത്തിലേക്കു മടക്കൂ എന്നു പറഞ്ഞുകൊണ്ട് സാന്ത്വനത്തിന്റെ പ്രതീക്ഷകൾ നൽകുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഇവിടെ

لَعَـلَّ رَحْمَةَ رَبِّيْ حِيْنَ يَقْسِــمُهَا
تَأْتِيْ عَلى حَسَبِ الْعِصْياَنِ فِي الْقِسَمِ


എന്റെ പടച്ചവൻ കാരുണ്യം പങ്കുവെക്കുമ്പോൾ എന്റെ അനുസരണക്കേടിന്റെ തോതനുസരിച്ചുള്ള വീതം എനിക്കും ലഭിച്ചേക്കാം .


കൂടുതൽ പാപം ചെയ്തവന് രക്ഷപ്പെടണമെങ്കിൽ അല്ലാഹുവിന്റെ കാരുണ്യം കുറച്ചധികം വേണ്ടിവരും. തന്റെ പാപച്ചുമടിന്റെ കനത്തിനു ആനുപാതികമായി കാരുണ്യവർഷം ലഭിച്ചില്ലെങ്കിൽ തന്റെ നില ഗുരുതരമാകുമെന്നാണ് ഇവിടെ മഹാനായ കവി رضي الله عنه സൂചിപ്പിക്കുന്നത്. അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്ന കവി رضي الله عنه തനിക്ക് വേണ്ടുവോളം കാരുണ്യം അല്ലാഹു ചൊരിയുമെന്ന് ആശിക്കുന്നു.
അല്ലാഹുവിന്റെ വിധിവിലക്കുകളെ പൂർണ്ണമായും അനുസരിച്ച സജ്ജനങ്ങൾക്ക് അള്ളാഹു ചൊരിയുന്ന പൊതുവായ കാരുണ്യത്തെക്കുറിച്ചല്ല ബൂസ്വീരി ഇമാം رضي الله عنه ഇവിടെ പരാമർശിക്കുന്നത്. അനുസരണക്കേടിന്റെ തോതനുസരിച്ച് റബ്ബിന്റെ കാരുണ്യം കൂടുതലായി ലഭിക്കുക എന്നു പറയുമ്പോൾ അതിന് വിപരീതം തീരെ അനുസരണക്കേട് കാണിക്കാത്തവർക്ക് ഒട്ടും കാരുണ്യം ലഭിക്കാതിരിക്കുക എന്നാവും. അങ്ങനെയൊന്നു സംഭവിക്കുന്നതെങ്ങനെ!

അതിനാൽ മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് പാപികൾക്ക് അള്ളാഹു അനുവദിക്കുന്ന പ്രത്യേക ഔദാര്യമായ കാരുണ്യമാണ് എന്നു വ്യക്തം. അല്ലാഹുവിന്റെ വിട്ടുവീഴ്ചയാണ് (അഫ്‌വ്) ഇവിടെ സൂചിപ്പിച്ചിരിക്കുന്ന കാരുണ്യത്തിന്റെ (റഹ്‌മത്ത്) വിവക്ഷയെന്ന് ഗ്രഹിക്കാം. കൂടുതൽ തെറ്റ് ചെയ്തവനു രക്ഷ ലഭിക്കാൻ കൂടുതൽ വിട്ടുവീഴ്ച ലഭിക്കേണ്ടി വരിക സ്വാഭാവികമാണല്ലോ. അന്തിമ വിചാരണവേളയിൽ അല്ലാഹുവിന്റെ അനുഗ്രഹം തനിക്ക് ലഭിക്കുമെന്നും താൻ കൂടുതൽ തെറ്റുകൾ ചെയ്തു പോയതിനാൽ (കവിയുടെ ഏറ്റുപറച്ചിൽ വിനയത്തിന്റെ ഭാഷയാണെന്ന് ഓർക്കുക) തനിക്ക് കൂടുതൽ അനുഗ്രഹം (വിട്ടുവീഴ്ച) അല്ലാഹു നൽകുമെന്നും ആശ്വസിക്കുകയും വായനക്കാരെ ആശ്വസിപ്പിക്കുകയും ചെയ്യുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه.

يَا رَبِّ وَاجْعَلْ رَجَائِيْ غَيْرَ مُنْعَكِسٍ
لَدَيْـكَ وَاجْعَلْ حِسَابِيْ غَيْرَ مُنْخَرِمِ

എന്റെ നാഥാ , എന്റെ പ്രതീക്ഷകളാകുന്ന പ്രത്യാശകളെ നിരാകരിക്കരുതേ . എന്റെ വിചാരണയെ എനിക്ക് നിരാശയുളവാക്കുന്ന രീതിയിൽ ആക്കിത്തീർക്കരുതേ .

ബുർദയെന്ന മഹത്തായ ഈ കാവ്യത്തിന്റെ ഘടന വായനക്കാർ ശ്രദ്ധിച്ചു കാണുമല്ലോ. ആദ്യം അനുരാഗം, പിന്നെ ആത്മപരിശോധന, ഉപദേശം, തിരുനബി കീർത്തനം ﷺ തിരുനബിയുടെ ﷺ മുഅ്ജിസത്തുകൾ, വിശുദ്ധ ഖുർആനിന്റെ പോരിശകൾ, പുണ്യ സ്വഹാബത്തിനെക്കുറിച്ചുള്ള رضي الله عنهم പ്രശംസകൾ, അവിശ്വാസികളെ സംബന്ധിച്ച ആക്ഷേപം, പാപങ്ങളുടെ ഏറ്റുപറച്ചിൽ; ഏറ്റവും ഒടുവിൽ മഹാനായ കവി رضي الله عنه പ്രാർത്ഥനയും സ്വലാത്തും കൊണ്ട് ഈ മഹത് കാവ്യം അവസാനിപ്പിക്കുകയാണ്.

തന്റെ പ്രതീക്ഷകൾക്കു വിപരീതമായി ഒന്നുണ്ടാവരുതെന്ന് മഹാനായ കവി رضي الله عنه പ്രാർത്ഥിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യമാണ് മഹാനവർകൾ رضي الله عنه കൊതിക്കുന്നത്. തന്റെ പ്രതീക്ഷ തകരില്ലെന്ന് കവി رضي الله عنه ആഗ്രഹിക്കുന്നു.

അല്ലാഹുവിനെക്കുറിച്ച് ഒരാൾ നല്ലതു ഭാവിച്ചാൽ അവന് നല്ലതു തന്നെ ലഭിക്കും. അല്ലാഹു പറയുന്നതായി ഖുദ്സിയ്യായ ഒരു ഹദീസിൽ ഇങ്ങനെ വന്നിട്ടുണ്ട്: "ഞാനെന്റെ ദാസൻ ഭാവിക്കുന്നിടത്താണ്; അതു നല്ലതെങ്കിൽ നല്ലത്, ചീത്തയെങ്കിൽ ചീത്ത." അതിനാൽ സത്യവിശ്വാസികൾ എപ്പോഴും ശുഭപ്രതീക്ഷയുള്ളവരായിരിക്കണം.

وَالْطُفْ بِعَبْدِكَ فِي الدَّارَيْنِ إِِنَّ لَـهُ
صَبْراً مَّتٰى تَـدْعُهُ الأَهْـوَالُ يَنْهَزِمِ

(എന്റെ നാഥാ) രണ്ട് ലോകങ്ങളിലും നിന്റെ അടിമയോട് ദാക്ഷിണ്യം കാണിക്കുക . ആപത്തു വരുമ്പോൾ കൈവിട്ടു പോകുന്ന ക്ഷമയാണ് എനിക്കുള്ളത് .


ഇരു വീട്ടിലും (ദുനിയാവിലും ആഖിറത്തിലും) ഭീതിജനകമായ രംഗങ്ങൾ കടന്നുവരാം. ദുനിയാവിൽ ശാരീരികമോ, മാനസികമോ, സാമ്പത്തികമോ, മറ്റേതെങ്കിലും വിധേനയോ ഉള്ള വിഷമങ്ങളാൽ പരീക്ഷിക്കപ്പെട്ടേക്കാം. ഈമാനികമായ ദൗർബല്യം കൊണ്ട് ഒരുപക്ഷേ അതിനു മുന്നിൽ നാം തളർന്നു പോയേക്കാം. പരലോകത്ത് വിചാരണ നാളിൽ ഭീകരമായ രംഗങ്ങൾ നേരിടേണ്ടി വരുന്ന സമയത്ത് ഒരു ശിക്ഷയും സഹിക്കാനുള്ള കഴിവും നമുക്കില്ല. അത്ര ദുർബലമാണ് മനുഷ്യന്റെ കരുത്തും ക്ഷമയും. അതുകൊണ്ട് തന്നോട് കരുണ കാണിച്ചു രക്ഷിക്കണമെന്ന് വീണ്ടും വീണ്ടും റബ്ബിനോട് അപേക്ഷിക്കുകയാണ്. 

وَائْذَنْ لِّسُحْبِ صَلاةٍ مِّنْكَ دَائِمَةٍ
عَـلَى النَّبِيِّ بِمُنْهَــلٍّ وَّمُنْسَـجِمِ

നിന്റേതായാ അനുഗ്രഹത്തിന്റെ മേഘങ്ങൾ എല്ലായിപ്പോഴും നീ ഹബീബ് നബി (സ) യുടെ മേൽ ശക്തിയായും , ഇടമുറിയാതെയും വാർഷിപ്പിച്ചു കൊണ്ടിരിക്കേണമേ .

مَا رَنَّحَتْ عَذَبَاتِ الْبَانِ رِيْحُ صَبَـا
وَأَطْرَبَ الْعِيْسَ حَادِي الْعِيْسِ بِالنَّغَمِ

കിഴക്കൻ കാറ്റ് "ബാൻ" മരച്ചില്ലുകളെ ഉലയ്ക്കുകയും , ഒട്ടക സവാരിക്കാരന്റെ പാട്ട് ഒട്ടകങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന കാലത്തോളം അവരിൽ അനുഗ്രഹങ്ങൾ ചൊരിയുക .

ثُمَّ الرِّضَـا عَنْ أَبِيْ بَكْرٍ وَّعَنْ عُمَرَ
وَعَنْ عَلِيٍّ وَّعَنْ عُثْمَـانَ ذِي الْكَرَمِ


ശേഷം നിന്റെ തൃപ്തി അബൂബക്കർ (റ) , ഉമർ (റ). അലി (റ) സമാദരണീയനായ ഉസ്മാൻ (റ) എന്നിവരിലും ചൊരിയട്ടെ 

سعد سعيد زبير طلحة وأبي
عبيدة وابن عوف عاشر الكرم

സ'അദ് , സഈദ് , സുബൈർ , ത്വല്ഹ , അബീ ഉബൈദ , അബ്ദു റഹ്‌മാൻ ഇബ്നു ഔഫ് (റളിയല്ലാഹു അൻഹും) , സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കുകപ്പെട്ട പത്ത് പേരിലും അല്ലാഹുവിന്റെ തൃപ്തിയും , കാരുണ്യവും സദാ വർഷിക്കട്ടെ 

وَالآلِ وَالصَّحْبِ ثُمَّ التَّابِعِيْنَ فَهُـمْ
أَهْلُ التُّقٰى وَالنُّقٰى وَالْحِلْمِ وَالْكَـرَمِ

മുഹമ്മദ് നബി (സ) യുടെ കുടുംബത്തിന്റെ മേലിലും , അനുചരന്മാരുടെ മേലിലും , അവരെ പിൻപറ്റിയവരുടെ മേലിലും അല്ലാഹവിന്റെ കാരുണ്യം സദാ വർഷിക്കട്ടെ . ഔദാര്യത്തിന്റെയും , സഹനത്തിന്റെയും , വിശുദ്ധിയുടെയും , തഖ്‌വയുടെയും ഉടമകളാണവർ

يَا رَبِّ بِالْمُصْطَفی بَالِّغْ مَقَاصِدَنَا
وَاغْفِرْلَنَا مَامَضی يَا وَاسِعَ الْکَرَمِ

ഞങ്ങളുടെ തമ്പുരാനേ : നിന്റെ തിരു ദൂദർ മുഖേന ഞങ്ങളുടെ ഉദ്ദേശങ്ങളെ നീ പൂർത്തീകരിച്ചു നൽകണേ . ഔദാര്യത്തിൽ വിശാലോദരനായ നാഥാ , ഞങ്ങളുടെ മുൻ കഴിഞ്ഞ പാപങ്ങളെല്ലാം നീ പൊറുത്തു തരികയും ചെയ്യേണമേ .