വിടപറഞ്ഞത് കർഷകനായ മുശാവറ അംഗം - OT മൂസ മുസ്‌ലിയാരെ ഓർക്കുമ്പോൾ

"മിഹ്റാബി"ലും"മിമ്പറി"ലും ചവിട്ടുന്ന അതെ കാലുകൾ ചേറ് നിറഞ്ഞ പാടത്തേക്കും പാകമാണ്, "ഫത്ഹുൽമുഈ"നും "തഫ്സീറും" "ഹദീസും" ഒക്കെ "ഹല്ല്"ചെയ്യുന്ന അതെ രീതിയിൽ ധാന്യമണികൾ മുളപ്പിച്ചെടുക്കാനും സാധിച്ചിരുന്നു

സമസ്ത പണ്ഡിത കുടുംബത്തിൽ നിന്ന് ഒരാൾ കൂടി വിടചൊല്ലി. ധാരാളം ശിഷ്യ ഗണങ്ങൾക്ക് ഉടമയും നിരവധി മഹല്ലുകളിൽ ഖാളിയും ഖത്തീബും മുദരിസുമൊക്കെയായി സേവനം ചൈത മഹാൻഇന്ന് 9/2/21ന് നമ്മോട് വിട പറഞ്ഞിരിക്കുകയാണ്.
മഹല്ലു ജമാഅത്തുകൾ കൈകാര്യം ചെയ്യുന്നതു പോലെ അദ്ധേഹം വയലുകളും കൈകാര്യം ചൈതിരിന്നു.വർഷങ്ങൾക്ക് മുമ്പ് എന്റെ മഹല്ലി (കുട്ടശ്ശേരി)ലേക്ക് ഖാളിയും മുദരിസുമായി സേവനം ചെയ്യാൻ അദ്ധേഹത്തെ ക്ഷണിക്കാൻ വേണ്ടി കാരണവൻമാർ പന്തല്ലൂർ മുടിക്കോടുള്ള തന്റെ വസതിയിൽ ചെന്ന് അന്യേഷിച്ചപ്പോൾ പാടത്താണ് എന്ന മറുപടിയാണ് കിട്ടിയതെ ത്രെ.കാരണവൻമാർ നേരെ പാടത്തേക്ക് ചെന്നു.മുട്ടിന് താഴെ ഇറക്കമുള്ള ഒരു തോർത്തു ധരിച്ച് കാളകളെ വെച്ച് നില മുഴുതുന്ന ഉസ്താദിനെയാണ് അവർ കണ്ടത്.ഇവരെ കണ്ട ഉസ്താദ് "മുട്ഗോൽ"(കാളകളെ തൊളിക്കാൻ ഉപയോഗിക്കുന്ന)വടിയുമായി വന്ന് പാടവരമ്പത്തിരുന്നു.ആ ഗതർ ഉദ്ധേശ്യം വിവരിച്ചു.

ചേറും ചളിയും പുരണ്ട ശരീരത്തിലേക്ക് ചൂണ്ടിട്ട് ഉസ്താദ് പഞ്ഞു. ഞാനാണ് O Tമൂസ മുസ് ലിയാർ.എന്റെ രീതി ഇതൊക്കെയാണ്. നിങ്ങളുടെ മഹലിലേക്ക് എന്നെ പറ്റുമോ?

ഞങ്ങൾ നിങ്ങളെ കുറിച്ച് അറിഞ്ഞിട്ടുണ്ട്.ദർസ് നടത്താനുംഒരു മഹല്ല് ഭരിക്കാനും നിങ്ങൾക്ക് കഴിയുമെന്നാണ് കേട്ടത്. അതു കൊണ്ട് നിർബന്ധമായും നിങ്ങൾ ഞങ്ങളുടെ മഹല്ലിലേക്ക് വരണം.

അങ്ങിനെ ആ പാടവരമ്പത്തിരുന്ന് കുട്ടശ്ശേരി മഹല്ലി ലേക്കുള്ള ഖാളിയെ പറഞ്ഞുറപ്പിച്ചാണ് കാരണവൻമാർ തിരച്ചു പോന്നത്.ഒരു പക്ഷെ ചരിത്രത്തിൽ തന്നെ ഇത് ഒരു അപൂർവ്വതയായിരിക്കാം.

നല്ല മേത്തരം കാളകളും തൊടി നിറയെ വൈക്കോലുമൊ കാണാമായിരുന്നു ഉസ്താദിന്റെ വസതിയിൽ.

"മിഹ്റാബി"ലും"മിമ്പറി"ലും ചവിട്ടുന്ന അതെ കാലുകൾ ചേറ് നിറഞ്ഞ പാടത്തേക്കും പാകമാണ്, "ഫത്ഹുൽമുഈ"നും "തഫ്സീറും" "ഹദീസും" ഒക്കെ "ഹല്ല്"ചെയ്യുന്ന അതെ രീതിയിൽ ധാന്യമണികൾ മുളപ്പിച്ചെടുക്കാനും സാധിക്കുമെന്ന് കാണിച്ചു കൊടുത്താണ് ഉസ്താദ് മൺമറഞ്ഞത്.

افضل الاعمال الزراعة
ഏറ്റവും നല്ല ജോലി കൃഷിയാണ് എന്ന് പഠിപ്പിക്കുക മാത്രമല്ല.അത് സ്വജീവിതത്തിൽ കാണിച്ചു കൊടുക്കുക കൂടിയുണ്ടായി.

ഉസ്താദ് മണ്ണിൽ വിതച്ചതിന്റെയും നൂറ് കണക്കായ വിദ്യാർത്ഥികളുടെ ഖൽബിൽ വിതച്ചതിന്റെയും പ്രതിഫലം അല്ലാഹു ഖബറിലേക്ക് എത്തിച്ചു കൊടുക്കട്ടെ-ആമീൻ

ഹസൻദാരിമികുട്ടശ്ശേരി

ഒടിമൂസമുസ്ലിയാർ
മുഖ്താർ കമാലി കോട്ടോപാടം

സത്യധാര 2020 സ്‌പെഷ്യല്‍ പതിപ്പിനു വേണ്ടി വിടപറഞ്ഞ ഒ.ടി മൂസ മുസ്‌ലിയാരുമായി സുഹൃത്ത് മുഖ്താര്‍ കമാലി കോട്ടോപ്പാടം നടത്തിയ സംഭാഷണം

ഉസ്താദിന്റെ ജനനം, മാതാപിതാക്കള്‍, കുടുംബം ?

1946ലാണ് എ്‌ന്റെ ജനനം. ഉപ്പ ഹാജി മുഹമ്മദ് കുട്ടി മുസ്‌ലിയാരും ഉമ്മ ഫാത്തിമ കുട്ടിയും. രണ്ടു പേരും മഖ്ദൂമി കുടുംബത്തില്‍ പെട്ടവരാണ്.  എന്റെ നാലാമത്തെ ഉപ്പാപ ഇവിടെ മുടിക്കോട് മഹല്ലിലേക്ക് പൊന്നാനിയില്‍നിന്നും ഖ്വാളിയായി നിയമിക്കപ്പെട്ടവരാണ്. അവരുടെ ഖബ്‌റും മൂന്നാമത്തെ ഉപ്പാപ്പയുടെ ഖബ്‌റും മലപ്പുറം ശുഹദാ പളളിയിലാണ്.  എന്റെ ചെറുപ്പകാലത്തെ കുടുംബ ചുറ്റുപ്പാടുകളും നാട്ടിലെ സാഹചര്യങ്ങളും വളരെ റാഹത്തായിരുന്നു. പ്രായം ചെന്നവരോടും സാദാത്തീങ്ങളോടും ആലിമീങ്ങളോടും നാട്ടിലെ ജനങ്ങള്‍ക്ക് വലിയ ആദരവായിരുന്നു. ഉപ്പ വീട്ടില്‍ നിന്നും ഇറങ്ങി പളളിയിലേക്ക് എത്തുന്നതിനു മുമ്പ് പീടികയിലെ ആളുകളൊക്കെ ഒതുങ്ങിനില്‍ക്കും. ഉപ്പ വലിയ ആലിമല്ലായിരുന്നില്ലെങ്കിലും പണ്ഡിത കുടുംബത്തോടുമുള്ള ബഹുമാനം ആളുകള്‍ക്കുണ്ടായിരുന്നു. 

ഉസ്താദിന്റെ പ്രാഥമിക വിദ്യാഭ്യാസം, ദര്‍സീ പഠനം...?

ഞങ്ങളുടെ ചെറുപ്പകാലത്ത് നാടുകളിലെല്ലാം ഒത്തുപള്ളികള്‍ സജീവമായിരുന്നു. അലവി മൊല്ല എന്നാണ് എന്റെ പ്രഥമ ഉസ്താദിന്റെ പേര്. അദ്ദേഹം വലിയ ആലിമൊന്നും അല്ലായിരുന്നുവെങ്കിലും ഖിറാഅത്തില്‍ വലിയ അവഗാഹവും പ്രാവീണ്യവുമുണ്ടായിരുന്നു. അക്കാരണത്താല്‍ തന്നെ, ഓത്തുപള്ളിക്കാലത്ത്പരിശുദ്ധ ഖുര്‍ആന്‍ പാരായണം യത്ഥാവിധി കേള്‍ക്കാനും പഠിക്കാനും സ്വായത്തമാക്കാനും സാധിച്ചു. അതോടൊപ്പം തന്നെ അന്ന് നാടുകളില്‍ റമളാനില്‍ ഖുര്‍ആന്‍ ക്ലാസുകള്‍ സജീവമായിരുന്നു. അങ്ങിനെ 1962 ലാണ് ഞാന്‍ ദര്‍സ് പഠനത്തിനുവേണ്ടി ഇരുമ്പുഴി എന്ന സ്ഥലത്ത് എത്തിച്ചേരുന്നത്.  ഒരു വര്‍ഷം അവിടെയും ഒരു വര്‍ഷം തിരൂരങ്ങാടി വലിയപള്ളിയിലും ഓതി. അതു രണ്ടും കഴിഞ്ഞതിനു ശേഷം 1963-1964 കാലത്താണ് കരുവാരകുണ്ട് പള്ളിയില്‍ ദര്‍സ് നടത്തിയിരുന്ന ശൈഖുനാ കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാരുടെ അടുക്കല്‍ പോവുന്നത്. ഇല്‍മിന്റെ ബഹ്‌റായിരുന്നു അവര്‍. ശൈഖുനാ കുഞ്ഞാണി മുസ്‌ലിയാരും കാപ്പില്‍ ഉമര്‍ മുസ്‌ലിയാരും അന്നവിടുത്തെ മുതഅല്ലിമുകളായിരുന്നു. അക്കാലത്തു തന്നെ അവര്‍ വലിയ മുഹഖിഖീങ്ങളായിരുന്നു. അന്നുതന്നെ ഖുതുബി, മൈബദി, മുല്ലാഹസന്‍ പോലോത്ത കിതാബുകളെല്ലാം അവരാണ് ദര്‍സ് നടത്തിയിരുന്നത്. അങ്ങിനെ 1965ല്‍ ആണെന്നാണ് എന്റെ ഓര്‍മ, മഹാത്മാക്കളായ പൂക്കോയ തങ്ങളും ബാഫഖി തങ്ങളും ശൈഖുനയെ ജാമിഅ:നൂരിയ്യയിലേക്ക് ക്ഷണിക്കുന്നത്. അതിന്റെ മുമ്പുള്ള വര്‍ഷങ്ങളിലും ജാമിഅ:യിലേക്ക് ഉസ്താദവറുകളെ ക്ഷണിച്ചിരുന്നു. ആ സമയത്തെല്ലാം മഹല്ലത്തിന്റെ പ്രസിഡന്റായിരുന്ന മറ്റൊരു സയ്യിദവറുകള്‍ ദര്‍സിന്റെ കാര്യത്തില്‍ ആശങ്ക ഉണര്‍ത്തിയപ്പോള്‍ ഉസ്താദവറുകള്‍ ദര്‍സ് തുടരാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഉസ്താദ് ജാമിഅ:യില്‍ പോയപ്പോള്‍ ഞങ്ങള്‍ ഉസ്താദിന്റെ കൂടെ ജാമിഅ:യിലേക്ക് പോയി.

ഓര്‍മയിലെ ജാമിഅ: ദിനങ്ങള്‍ പറഞ്ഞാലും?

മുഖ്തസ്വറിലേക്കാണ് എനിക്ക് സെലക്ഷന്‍ ലഭിച്ചതെങ്കിലും എന്റെ വലിയ ജ്യേഷ്ഠന്റെ പ്രത്യേക താല്‍പര്യപ്രകാരം എന്നെ ആറാം ക്ലാസിലിരുത്തി. അവന്‍ കുറച്ചുകാലം കൂടുതല്‍ കിതാബ് ഓതട്ടെയെന്നും വീട്ടിലെ ചെലവ് നടത്താന്‍ ഞങ്ങളൊക്കേ ഉണ്ട് എന്നുമാണ് അദ്ദേഹം ഉസ്താദുമാരോട് പറഞ്ഞത്. അവര്‍ വലിയ ആലിമും ആയിരുന്നു. നാലു വര്‍ഷത്തെ  പഠനത്തിനു ശേഷം 1969-70 ല്‍ ജാമിഅ:യില്‍ നിന്നും ബരുദം നേടി പുറത്തിറങ്ങി. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളും ആലിക്കുട്ടി ഉസ്താദുമൊക്കേ അക്കാലത്ത് ജാമിഅ:യിലെ വിദ്യാര്‍ത്ഥികളായിരുന്നു. 

ജാമിഅ:യില്‍ നിന്നും ഇറങ്ങിയതിനു ശേഷം ജന്മനാട്ടില്‍ തന്നെ ഉസ്താദ് മുദരിസായി എന്നു കേട്ടിട്ടുണ്ട് ?

അല്‍ഹംദുലില്ലാഹ്, നാട്ടുക്കാരുടെ ആവശ്യപ്രകാരം ജാമിഅ:യില്‍ നിന്നും ഇറങ്ങിയ വര്‍ഷം തന്നെ സ്വദേശമായ മുടിക്കോട് ജുമുഅ:ത്ത് പള്ളിയില്‍ തന്നെ മുദരിസായി സേവനമനുഷ്ടിക്കാനുള്ള സൗഭാഗ്യമുണ്ടായി. ഒരു നാട്ടുകാരന്‍ എന്ന നിലയില്‍ വലിയൊരു അംഗീകാരം തന്നെയായിരുന്നു അത്. നാട്ടില്‍ പ്രഗല്‍ഭരായ പണ്ഡിതന്‍മാര്‍ പലരുമുണ്ടായിട്ടും അത്തരത്തിലുളെളാരു അംഗീകാരം വലിയ സന്തോഷമാണു നല്‍കിയത്. എന്നാല്‍, അതോടൊപ്പം നല്ല ഭയവുമുണ്ടായിരുന്നു. അക്കാരണം കൊണ്ടുതന്നെ കിതാബെല്ലാം നിരന്തരമായി മുതാലഅ: ചെയ്യും. ഒരിക്കല്‍ ശംസുല്‍ ഉലമ (ന:മ) യുടെ അടുക്കല്‍ ചെന്നു. വിഷയങ്ങള്‍ അവതരിപ്പിച്ചു. പേടിയുണ്ടെന്ന് പറഞ്ഞു. അതൊന്നും വിഷയമാക്കണ്ട, കിതാബ് മുതാലഅ: ചെയ്യാന്‍ വേണ്ടി പറഞ്ഞു. മുതാലഅ: ചെയ്യുമ്പോഴും ചില ഭാഗങ്ങള്‍ കിട്ടുന്നില്ലെന്ന് ഞാന്‍ ശൈഖുനയോട്. ' അങ്ങിനെ തന്നെടോ എല്ലാവരും, ഒരു വട്ടം നോക്കുമ്പോള്‍ കിട്ടാത്ത ലഫ്‌ള് രണ്ടാമത് നോക്കുമ്പോള്‍ കിട്ടും, അങ്ങനെ അങ്ങനെ എല്ലാം തിരിയാന്‍ വേണ്ടി തുടങ്ങും എന്നായിരുന്നു ശൈഖുനായുടെ മറുപടി. ഉസ്താദവറുകള്‍ ദുആ ചെയ്ത് പറഞ്ഞയച്ചു. അങ്ങിനെ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ മൂന്നു വര്‍ഷം അവിടെ സേവനം ചെയ്തു.

മുടിക്കോട് നിന്നും വിട്ടതിന്നു ശേഷം ഉസ്താദ് സേവനം ചെയ്ത സ്ഥലങ്ങള്‍ ?

ശേഷം മഞ്ചേരിക്കടുത്ത വാക്കിയത്തൊടി എന്ന സ്ഥലത്ത് മൂന്നു വര്‍ഷം സേവനം ചെയ്തു. 1976-77 ല്‍ അവിടെ നിന്നും പോന്നു. അതിനുശേഷം പോയത് കാരക്കുന്നിലേക്കാണ്. 1977 ല്‍ ഹജ്ജിന് പോവണം എന്ന നിയ്യത്തോടെ ഞാന്‍ അവിടെ നിന്നും വിടാന്‍ ഉറച്ചു. ഹജ്ജിന് ശേഷം കാരക്കുന്നില്‍ തന്നെ സേവനം ചെയ്യണം എന്ന താല്‍പര്യത്തിലായിരുന്നു അവിടുത്തെ കമ്മിറ്റി ഭാരവാഹികള്‍. മൂന്നുമാസത്തെ ശംബളം വീട്ടില്‍ എത്തിക്കാമെന്ന് അവര്‍ പറഞ്ഞെങ്കിലും ഞാന്‍ അതു നിരസിച്ചു. തുടര്‍ന്നും അവിടെ സേവനം ചെയ്യണമെന്ന ഉറപ്പ് എനിക്കുണ്ടായിരുന്നില്ല. അങ്ങനെ 1977 ല്‍ ഹജ്ജിന് പോവുകയും അവിടെ തന്നെ ഒരു വിസ തരപ്പെടുകയും 7 വര്‍ഷത്തോളം പ്രവാസ ജീവിതം നയിക്കുകയും ചെയ്തു. സൗദിയില്‍ ഞാന്‍ നില്‍ക്കുന്ന സമയത്താണ് എന്റെ ഭാര്യ മരിക്കുന്നത്. 1984 ല്‍ നാട്ടിലേക്കു മടങ്ങി. 1985-ല്‍ രണ്ടാമതും ഹജ്ജിന് വേണ്ടി പോയി. അതോടൊപ്പം അവിടെയുണ്ടായിരുന്ന ബിസ്‌നസും കാര്യങ്ങളുമൊക്കെ അവസാനിപ്പിക്കുകയും 1986 ല്‍ തിരിച്ചു പോരുകയും ചെയ്തു. നാട്ടിലെത്തിയ എന്നെ ഉസ്താദ് (ശൈഖുനാ കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ ) വിളിപ്പിച്ചു. വീട്ടിലേക്ക് സമ്പാദിക്കാന്‍ വേണ്ടിയല്ല നീ കിതാബോതി പഠിച്ചതെന്നു പറയുകയും ഉടന്‍ ദര്‍സ് ഏറ്റെടുക്കണമെന്നും പറഞ്ഞു. ഭാര്യയുടെ വഫാത്തിന് ശേഷം എന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞിട്ടിണ്ടേ ഉണ്ടായിരുന്നൊള്ളൂ. വീട്ടുകാര്യങ്ങള്‍ നോക്കേണ്ടതിനാല്‍ വീട്ടില്‍ നില്‍ക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഞാന്‍ ഉസ്താദിനോട് സൂചിപ്പിച്ചപ്പോള്‍ അവിടുന്ന് എന്റെ അഭിപ്രായത്തെ ശരിവെക്കുകയും നാടിനടുത്ത് ദര്‍സ് നടത്താനുള്ള സൗകര്യം ലഭിച്ചാല്‍ ഏറ്റെടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നെ മണ്ണാര്‍ക്കാട് കുമരംപുത്തൂരില്‍ നിറുത്താനാണ് ഉസ്താദ് കരുതിയിരുന്നത്. 
ഏതായാലും ഉസ്താദ് ഈ വാക്കു പറഞ്ഞ് അഞ്ചുദിവസം കഴിഞ്ഞപ്പോഴെക്കും നെല്ലിക്കുത്തിലെ പള്ളിയിലേക്ക് ക്ഷണമുണ്ടായി. നെല്ലിക്കുത്തില്‍ നിന്നും അസര്‍ നിസ്‌കാരം കഴിഞ്ഞ് നടന്നു കഴിഞ്ഞാല്‍ എന്റെ വീട്ടില്‍ വന്ന് മഗ്‌രിബിന് അവിടേക്ക് എത്താന്‍ കഴിയുമായിരുന്നു. അത്രയും അടുത്തായിരുന്നു. അങ്ങിനെ ഞാന്‍ അവിടെ ചുമതലയേറ്റു. നാല് വര്‍ഷം അവിടെ നിന്നു. പിന്നെ പോയത് കുട്ടശ്ശേരിയില്‍ ആണ്. അവിടെയും നാല് വര്‍ഷം സേവനം ചെയ്തു. ശേഷം കിടങ്ങാഴി ആറു വര്‍ഷവും താഴെക്കോട് നാലു വര്‍ഷവും കോടങ്ങാട് ഒരു വര്‍ഷവും എടയാറ്റൂര്‍ ഒമ്പത് വര്‍ഷവും സേവനം ചെയ്തു. എടയാറ്റൂര്‍ വിട്ടതിനു ശേഷമാണ് വള്ളുവമ്പ്രത്തു നാലു വര്‍ഷം നില്‍ക്കുന്നത്. അപ്പോഴേക്കും ആരോഗ്യം മോശമായി തുടങ്ങി. ഖുത്വുബ ഓതാനും ഇമാമത്തിനുമൊക്കേ പ്രയാസമായി. ഒരിക്കല്‍ ജുമുഅ: കഴിഞ്ഞു പ്രസംഗിക്കുന്നതിനിടെ ബോധം നഷ്ടപ്പെട്ട സംഭവം വരെയുണ്ടായി. അങ്ങനെ വീട്ടില്‍ വിശ്രമത്തിലിരിക്കുന്ന സമയത്താണ് അരക്കുപറമ്പില്‍ നിന്നും കുറച്ചാളുകള്‍ സമീപിക്കുകയും ഉസ്താദ് അവിടേക്ക് വരണമെന്ന് പറയുകയും ചെയ്തു. അവിടെ വര്‍ഷങ്ങളായിട്ട് ദര്‍സ് മുടങ്ങി കിടക്കുകയാണെന്നും എന്നോട് ദര്‍സ് വീണ്ടും തുടങ്ങി കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവിടെ ഒരു വര്‍ഷം സേവനം ചെയ്തു.

സമസ്ത മുശാവറയിലേക്കുള്ള ഉസ്താദിന്റെ വരവ് ?

2018ലാണ് ഞാന്‍ സമസ്തയുടെ കേന്ദ്ര മുശാവറയിലേക്കു തെരെഞ്ഞെടുക്കപ്പെടുന്നത്. ആലിക്കുട്ടി ഉസ്താദാണ് തീരുമാനം അറിയിച്ച് ഫോണ്‍ വിളിച്ചത്.

മതവിദ്യഭ്യാസ രീതികളില്‍വന്ന മാറ്റങ്ങളെ ഉസ്താദ് എങ്ങിനെ നോക്കി കാണുന്നു ?

മാറ്റങ്ങളൊക്കേ നല്ലതാണ്. ഒന്നുമില്ലാതാവുന്നതിലും നല്ലതാണല്ലോ എന്തെങ്കിലും ഉണ്ടാവുന്നത്. പാരമ്പര്യത്തെ മുറുകെ പിടിച്ചാവണം നമ്മുടെ മുമ്പോട്ടുള്ള ചലനങ്ങള്‍. എല്ലാമേഖലകളിലും അവരായിരിക്കണം നമ്മുടെ മാതൃക. ശിആറുകള്‍ക്ക് എപ്പോഴും പ്രാധാന്യം കൊടുക്കണം. സമസ്തയുടെ മഹാത്മക്കളായ ആലിമീങ്ങളുടെ വഴിയായിരിക്കണം നമ്മുടെ വഴി.