ഭക്ഷണ മര്യാദകൾ
ഭക്ഷണം അല്ലാഹു നൽകുന്ന അനുഗ്രഹമാണ്. അത് പാഴാക്കുരുത്.ദുർവിനിയോഗം ചെയ്യരുത്.ഭക്ഷണം കൊണ്ട് തമാശ കളിക്കരുത്.അതിന് ചില മര്യാദകളുണ്ട്. പാലിക്കപ്പെടണം.
1. കൈ കഴുകുക
അന്നം തിന്നുന്നതിന് മുമ്പ് രണ്ട് കൈകളും കഴുകല്‍ പ്രധാനമാണ്. വൃത്തിയും ശുചിത്വവും കാത്തു സൂക്ഷിക്കുന്നതിന് പുറമെ ആത്മീയമായും അതിന് പിന്നില്‍ ചില അര്‍ത്ഥങ്ങളുണ്ട്. ഒരു നബി വചനത്തില്‍ ഇങ്ങനെ കാണാം: ”ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകുന്നത് ദാരിദ്ര്യത്തെ നിഷ്കാസനം ചെയ്യുന്നതാണ്”(ഖുള്വാള).
2. തീറ്റകൊണ്ട് നല്ല ലക്ഷ്യം മാത്രം.
തീറ്റകൊണ്ട് നാം ലക്ഷ്യമാക്കേണ്ടത് രസവും സുഖവുമൊന്നുമല്ല. മറിച്ച് അല്ലാഹുവിന് ആരാധന നിര്‍വഹിക്കുന്നതിന് ശക്തി പകരാനായിരിക്കണം. നബി (ﷺ) പറഞ്ഞു: ”മനുഷ്യന്‍ നിറക്കുന്ന മോശമായ പാത്രം അവന്റെ വയറാകുന്നു” (തിര്‍മുദി).
തീറ്റ ആഘോഷമാക്കരുതെന്നും ആത്മീയമാക്കണമെന്നും ഈ പറഞ്ഞതില്‍നിന്ന് ഗ്രഹിക്കാം.
3. കിട്ടിയതുകൊണ്ട് തൃപ്തിയടയല്‍.
മുമ്പില്‍ ലഭിച്ചത് തിന്നുക എന്നതായിരിക്കണം സമീപനം. അത് കുറഞ്ഞുപോയതിനും സുഭിക്ഷമാകാത്തതിനും ശുണ്ഠി പിടിക്കുന്നതും കൂടുതല്‍ കുശാലാകാന്‍ കാത്തുകെട്ടി നില്‍ക്കുന്നതും ഒഴിവാക്കണം. ഇമാം ഗസ്സാലി(റ) പറയുന്നു: “”പത്തിരി കിട്ടിയാല്‍ കൂട്ടാന്‍ കാത്തു നില്‍ക്കാതിരിക്കുന്നതാണ് മാന്യത. പത്തിരിയെ ആദരിക്കണമെന്ന് നബി (ﷺ) പറഞ്ഞിട്ടുണ്ടല്ലോ” (ഇഹ്യാഅ്: 2/4).
ഇനിയെന്ത്, ഇനിയെന്ത് എന്ന ചിന്തയും ചോദ്യവും അന്നത്തിന് മുമ്പില്‍ വെച്ച് അമാന്യമാണെന്നാണ് ഈ പറഞ്ഞതിന്റെ പൊരുള്‍. കിട്ടിയ അന്നത്തെ അനാദരിക്കുന്ന പ്രവണതയാണത്.
4. സംഘടിത തീറ്റ.
ഒന്നിച്ചിരുന്ന് തിന്നാന്‍ ശ്രമിക്കുന്നതും കൂടുതല്‍ പേരെ തീറ്റക്ക് സംഘടിപ്പിക്കുന്നതും നന്ന്. നബി (ﷺ) പറഞ്ഞു: ”നിങ്ങള്‍ സംഘടിച്ചു തിന്നുവീന്‍. അതില്‍ ബറകത്ത് നല്‍കപ്പെടും” (അബൂദാവൂദ്).
5. ബിസ്മി ചൊല്ലല്‍.
തീറ്റ ആരംഭിക്കുന്നത് അല്ലാഹുവിന്റെ നാമത്തിലാകണം. അതിന് പൂര്‍ണമായി ബിസ്മി ചൊല്ലുക. ബിസ്മി ചൊല്ലാതിരുന്നാല്‍ പിശാച് ഒപ്പം ഭക്ഷിക്കുമെന്ന് ഹദീസില്‍ കാണാം.
6.തീറ്റ വലത് കൈകൊണ്ടാവുക.
തിന്നുന്നതും കുടിക്കുന്നതും വലതു കൈകൊണ്ടാകണം. നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത് വലതു കൈയാണ്. നബി (ﷺ) പറഞ്ഞു: ”നിങ്ങളാരും ഇടത് കൈകൊണ്ട് തിന്നരുത്, കുടിക്കരുത്. പിശാച് തിന്നുന്നതും കുടിക്കുന്നതും ഇടത് കൈകൊണ്ടാണ്” (ഇബ്നുമാജ). ”നിങ്ങള്‍ വലത് കൈകൊണ്ട് മാത്രം തിന്നുകയും കുടിക്കുകയും ചെയ്യുക” (ഇബ്നുമാജ).
7. തീറ്റ തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും സ്വല്‍പം ഉപ്പുകൊണ്ടാവുക (ഇഹ്യാഅ്: 2/5).
8. ചവച്ചരച്ച് തിന്നുക.
(കയശറ: 2/5)
9. ഭക്ഷണത്തെ പഴിക്കാതിരിക്കുക.
ഒരു അന്നത്തെയും കുറ്റപ്പെടുത്തുന്നത് ഭൂഷണമല്ല. നബി (ﷺ) ഒന്നിനെയും ആക്ഷേപിച്ചിരുന്നില്ല. ഇഷ്ടപ്പെട്ടാല്‍ തിന്നും, ഇല്ലെങ്കില്‍ ഒഴിവാക്കും” (ബുഖാരി, മുസ്‌ലിം).
10. അരികെ നിന്നു മാത്രം ഭക്ഷിക്കുക.
നാം ഇരിക്കുന്നതിന്റെ അടുത്ത സ്ഥലത്ത് നിന്ന് മാത്രമേ തീറ്റ പാടുള്ളൂ. സുപ്രയിലും പാത്രത്തിലും കൈ പരന്ന് നടക്കുന്ന ഗതി വരരുത്. നബി (ﷺ) പറഞ്ഞു: ”തിന്നുമ്പോള്‍ അടുത്തുനിന്ന് തിന്നുക” (ബുഖാരി, മുസ്‌ലിം).
എന്നാല്‍ പഴവര്‍ഗങ്ങള്‍ തിന്നുമ്പോള്‍ ഈ നിയമം പാലിക്കണമെന്നില്ല. നബി (ﷺ) ഫലങ്ങള്‍ തിന്നപ്പോള്‍ കൈ പാത്രത്തില്‍ ചുറ്റിക്കറങ്ങുന്നത് കണ്ട് ചിലര്‍ സംശയ ഭാവേനെ നോക്കി. നബി (ﷺ) പറഞ്ഞു: ”പഴം ഒരു ഇനമല്ലല്ലോ. കുറെയുണ്ടല്ലോ” (തിര്‍മുദി, ഇബ്നുമാജ).
11. ഊതാതിരിക്കുക.
നബി (ﷺ) വിലക്കിയ ഒരു സംഗതിയാണ് അന്നത്തില്‍ ഊതലും ശ്വാസം വിടലും. തങ്ങള്‍ പറഞ്ഞു: ”ഭക്ഷണം ചൂടുണ്ടെന്ന് കരുതി നിങ്ങള്‍ ഊതരുത്” (അഹ്മദ്). ചൂടാറുന്നതു വരെ ക്ഷമിക്കുകയാണ് വേണ്ടത്.
12. ഈത്തപ്പഴം തിന്നുകയാണെങ്കില്‍ ഒറ്റയാക്കല്‍ സുന്നത്താകുന്നു. ഏഴ്, പതിനൊന്ന്, ഇരുപത്തിയൊന്ന് എന്നിങ്ങനെ ഒറ്റയാക്കിത്തിന്നുക. ഇല്ലെങ്കില്‍ സൗകര്യപ്പെട്ട ഒറ്റയില്‍ ഒതുക്കുക. ഈത്തപ്പഴക്കുരുവും പഴവും ഒരേ പാത്രത്തില്‍ ഇടുന്നത് ഒഴിവാക്കണം. കുരു കൈവെള്ളയിലും ഒരുമിച്ച് കൂട്ടരുത്. മറിച്ച് വായയില്‍ നിന്ന് കൈപത്തിയുടെ പുറംഭാഗത്തേക്കെടുത്ത് പുറത്തെറിയുകയാണ് വേണ്ടത്.
“കുരു ഉള്ള എല്ലാ പഴങ്ങള്‍ക്കും ഈ ഭക്ഷണ രീതി തന്നെ പഥ്യം. ഭക്ഷണത്തിന്റെ ഉഛിഷ്ടങ്ങള്‍ അതേ പാത്രത്തില്‍ തന്നെ ഇടുന്നത് ഒഴിവാക്കണം. പുറത്ത് ഉപേക്ഷിക്കാതിരുന്നാല്‍ തിരിച്ചറിയാതെ വീണ്ടുമാരെങ്കിലും തിന്നാന്‍ മതി” (ഇഹ്യാഅ്: 2/5).
13. ഭക്ഷണം കഴിക്കുന്നിടെ ജലപാനം അധികരിപ്പിക്കരുത്.
തൊണ്ടയില്‍ കെട്ടുകയോ ദാഹം തോന്നുകയോ ചെയ്താല്‍ കുടിക്കാം (കയശറ: 2/5).
14. വയര്‍ നിറയുന്നതിന് മുമ്പ് തന്നെ തീറ്റ അവസാനിപ്പിക്കുക.
📑നബി (ﷺ) പറഞ്ഞു: ”വിശ്വാസി ആമാശയത്തിന്റെ ഒരു ഭാഗം നിറക്കുമ്പോള്‍ അവിശ്വാസി ഏഴ് ഭാഗവും നിറക്കുന്നതാണ്” (ബുഖാരി).
15. തിന്നുകഴിഞ്ഞാല്‍ വിരലുകള്‍ നന്നായി ഈമ്പുക.
നബി (ﷺ) പറഞ്ഞു: ”നിങ്ങള്‍ വിരല്‍ ഈമ്പുവീന്‍. ഏത് അന്നത്തിലാണ് ബറകത് എന്ന് പറയാന്‍ പറ്റില്ല” (മുസ്‌ലിം).
16. പൊഴിഞ്ഞുവീണ ഭക്ഷണഭാഗങ്ങള്‍ എടുത്ത് വൃത്തിയാക്കി തിന്നുക.
നബി (ﷺ) പറഞ്ഞു: സുപ്രയില്‍ വീണുപോയത് തിന്നുന്നവന്‍ സുഭിക്ഷതയില്‍ ജീവിക്കുന്നതും അവന്റെ സന്തതികള്‍ക്ക് ആരോഗ്യമേകപ്പെടുന്നതുമാണ് (അബുശ്ശൈഖ്).
മറ്റൊരു നിവേദനത്തില്‍ ദാരിദ്ര്യം, വെള്ളപ്പാണ്ട്, കുഷ്ഠം എന്നിവയില്‍നിന്ന് മുക്തിയും മക്കള്‍ക്ക് അവിവേക മോചനവും കിട്ടുന്നതാണെന്ന് കാണാം (അല്‍ മുഗ്നി അന്‍ഹം ലില്‍ അസ്ഫാര്‍: 2/6).
17. പാത്രം തുടച്ച് വൃത്തിയാക്കി ആ വെള്ളം കുടിക്കുക.
ഇമാം ഗസ്സാലി(റ) കുറിക്കുന്നു: പാത്രം തുടച്ച് കഴുകി ആ ജലം കുടിക്കുന്നത് അടിമ മോചനത്തിന് സമമാകുന്നു. അതുപോലെ ഭക്ഷണത്തില്‍ നിന്ന് വീണുപോയവ എടുക്കുന്നത് സ്വര്‍ഗഹൂറികള്‍ക്കുള്ള വിവാഹമൂല്യവുമാകുന്നു (ഇഹ്യാഅ്: 2/6).
18. തിന്നാന്‍ കിട്ടിയതിന് ഖല്‍ബില്‍ നന്ദി പറയുക (ഇഹ്യാഅ്: 2/6).
19. തിന്ന് തീര്‍ന്നപാടെ ഖുല്‍ഹുവല്ലാഹു സൂറതും ലി ഈലാഫിയും ഓതുക (കയശറ: 2/6).
20. താഴെ പറയുന്ന നന്ദി വാചകം ഉരുവിടുക.
الحمد لله الذي أطعمني هذا الطعام ورزقنيه من غير حول مني ولا قوة
നബി (ﷺ) പറഞ്ഞു: ഇങ്ങനെ ഭക്ഷണം കഴിച്ചതിന് ശേഷം ഒരാള്‍ പറഞ്ഞാല്‍ അവന്‍ മുമ്പ് ചെയ്ത പാപങ്ങളത്രയും പൊറുക്കുന്നതാണ് (തിര്‍മുദി).
Post a Comment