ക്ലോസറ്റ് കേക്കും മലം ക്രീമും: ലജ്ജ നശിച്ച സമൂഹം എങ്ങോട്ട്..
ക്ലോസെറ്റിന്റെയും മലത്തിന്റെയും മോഡലിൽ കേക്കുണ്ടാക്കി അതിൽ നിന്ന് വധൂവരന്മാർ എടുത്ത് കഴിക്കുന്ന ഒരു വിഡിയോ കണ്ടു. എത്ര മാത്രം അധ:പതിച്ച ഒരു മനോ നിലയാണ് ഇത് അടയാളപ്പെടുത്തുന്നത് ?
ഓണമ്പിള്ളി മുഹമ്മദ് ഫൈസി എഴുതുന്നു...
പവിത്രവും പരിശുദ്ധവുമായ മനസ്സോടെ പ്രാർത്ഥനാ നിർഭരമായി സമീപിക്കേണ്ട ഒന്നാണ് ഓരോ വ്യക്തിയുടെയും വിവാഹം. സ്വർഗത്തിലേക്കും കൂട്ടാവുന്ന, ജീവിതം സ്വർഗീയമാക്കാവുന്ന വൈവാഹിക ജീവിതത്തിന്റെ പ്രാരംഭത്തിൽ പ്രാർത്ഥനയും മതപരമായ നിഷ്ഠയും പരമ പ്രധാനമാണ്.
ദൗർഭാഗ്യവശാൽ പ്രാർത്ഥനകളും നിക്കാഹിനോട് അനുബന്ധിച്ച് നടക്കേണ്ട ചടങ്ങുകളും കഴിഞ്ഞാൽ ആഭാസങ്ങളുടെ ഒരു കുത്തൊഴുക്കാണ് ഓരോ വിവാഹവേദിയും. അത് വരെ വലിയ പണ്ഢിതരും സയ്യിദന്മാരും വന്നിരുന്ന സദസ്സ് നിമിഷവേഗം കൊണ്ട് പിശാചിന്റെ ആലയമായി മാറുന്നു. എന്തൊക്കെ വൃത്തികേടുകളാണ് നടക്കുന്നത്. രണ്ട് ദിവസം മുമ്പ് ഒരു സുഹൃത്ത് അയച്ച് തന്ന വീഡിയോ കണ്ടപ്പോൾ ലജ്ജയും അറപ്പും തോന്നി. എത്ര അധമ മനസ്സിന് ഉടമകളാണ് നാമെന്ന് തോന്നിപ്പോയി.
ലൂത്ത് നബി (അ) ന്റെ ജനതയുടെ പ്രത്യേകതകളിലൊന്ന് അവർ വളരെ സംസ്കാര ശൂന്യമായ തമാശകൾ പറഞ്ഞ് ചിരിക്കുമായിരുന്നു എന്നതാണ്. അധോവായു പോകുന്നത് കേട്ടു ചിരിക്കുകയും അതിൽ ഒരുമിച്ചു ഇരുന്നു ആനന്ദിക്കുകയും ചെയ്ത അധമ ജീവിതങ്ങൾ. പക്ഷേ ആ നശിപ്പിക്കപ്പെട്ട ജനതയേക്കാൾ ഹീനമായ രീതിയാണ് സമുദായത്തിലെ വിവാഹാഘോഷങ്ങൾ മാറുന്നത്.
ക്ലോസറ്റിന്റെയും മലത്തിന്റെയും മോഡലിൽ കേക്കുണ്ടാക്കി അതിൽ നിന്ന് വധൂവരന്മാർ എടുത്ത് കഴിക്കുന്ന ഒരു വിഡിയോ കണ്ടു. എത്ര മാത്രം അധ:പതിച്ച ഒരു മനോ നിലയാണ് ഇത് അടയാളപ്പെടുത്തുന്നത് ? മഹല്ലു നേതൃത്വങ്ങൾ, സമുദായ സംഘടനകൾ എല്ലാം ഉണരേണ്ടിയിരിക്കുന്നു.
ളിയാഹുദ്ദീൻ ഫൈസി മേൽമുറി എഴുതുന്നു..
അർഥവും അന്തസ്സുമുള്ള ജീവിതത്തിലേക്കുള്ള കാൽവെപ്പാണ് ഇസ് ലാമിൽ വിവാഹം. അങ്ങേയറ്റം പവിത്രതയും മഹത്വവുമുള്ള ബന്ധം. സംശുദ്ധവും ധാർമികവുമായ തലമുറയെ സൃഷ്ടിക്കാൻ അല്ലാഹു നൽകിയ വ്യവസ്ഥ. വധുവിനെ തൻ്റെ രക്ഷിതാവ് തന്നെ സാക്ഷികൾ മുഖേന പുരുഷന് ഏൽപ്പിച്ച് കൊടുക്കണം. പവിത്രമായ ഈ ബന്ധത്തെ വലിയൊരു വിഭാഗം മുസ്ലിം യുവാക്കൾ ആഭാസവും കൂത്താട്ടവുമാക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇപ്പോഴത് സർവ സീമകളും ലംഘിക്കാൻ തുടങ്ങിയിരിക്കുന്നു. മനസ്സിൽ മാലിന്യമുള്ളവനേ ഭക്ഷ്യവസ്തുവിനെ വിസർജ്യ രൂപത്തിൽ നിർമിക്കാനും ഭക്ഷിക്കാനും കഴിയൂ. നമ്മുടെ യുവതലമുറ പൊതുവിൽ നല്ലവരാണ്. ഇസ്ലാമിനോടുള്ള വെറുപ്പ് കൊണ്ടല്ല ഇത്തരം കോപ്രായങ്ങൾ. കേവലം തമാശ. പക്ഷേ, വിവാഹം തമാശയല്ല. പവിത്ര ബന്ധമാണ്. ഭാവി ജീവിതത്തിൻ്റെ ആദ്യ പ്രതീകം ക്ലോസറ്റാവരുത്. നമ്മുടെ കുട്ടികൾക്ക് കുറച്ച് കൂടി തിരിച്ചറിവുണ്ടാകട്ടെ. കാരണം, അവർ നശിപ്പിക്കുന്നത് സ്വന്തം ഭാവി തന്നെയാണ്. ചീത്തപ്പേരുണ്ടാക്കുന്നതാകട്ടെ ദീനിനും സമുദായത്തിനും.
Post a Comment