ഭാര്യയുടെ ചികിത്സാച്ചെലവ്
ഭാര്യയുടെ ചികിത്സാച്ചെലവ് ഭർത്താവിന് നിർബന്ധമില്ല. 'ഭാര്യയ്ക്ക് രോഗം ബാധിച്ചാൽ മരുന്ന് വാങ്ങിക്കൊടുക്കലും അവളെ ചികിത്സിക്കുന്ന വൈദ്യന്ന് പ്രതിഫലം കൊടുക്കലും ഭർത്താവിന് നിർബന്ധമില്ല. രോഗഘട്ടത്തിലും അവൾക്ക് ഭക്ഷണം, കറി, വസ്ത്രം, ശുചീകരണസാധനങ്ങൾ മുതലായവ കൊടുക്കൽ നിർബന്ധമാണ്. അത് അവൾക്ക് ചികിത്സയ്ക്കും മറ്റും ഉപയോഗിക്കുകയും ചെയ്യാം'
(ഫത്ഹുൽ മുഈൻ)
'ചികിത്സ നിർബന്ധമില്ലെന്നതിന്റെ വിവക്ഷ, ഭാര്യയുടെ അവകാശമെന്ന നിലയിൽ ഭർത്താവിനെ അതിനു നിർബന്ധിക്കാൻ കോടതിക്കോ അതിന്റെ പേരിൽ അവകാശലംഘനത്തിന് ഭർത്താവിനെതിരെ നടപടി സ്വീകരിക്കാൻ ഭാര്യയ്ക്കോ അധികാരമില്ലെന്നതാണ്. മറിച്ച് ഭാര്യ,രോഗബാധിതയായാൽ അവളെ അവഗണിക്കണമെന്നോ അവളുടെ വീട്ടിലേക്കു പറഞ്ഞയക്കണമെന്നോ അല്ല. ഭാര്യമാരോട് നിങ്ങൾ നല്ല നിലയിൽ വർത്തിക്കണമെന്നാണ് ഖുർആനിക വിളംബരം.
ചികിത്സ ഭാര്യയുടെ മൗലികാവകാശമായി പ്രഖ്യാപിക്കാതിരുന്നതിൽ പല തത്വങ്ങളുമുണ്ട്. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇല്ലാത്ത രോഗങ്ങളുണ്ടെന്നു പറഞ്ഞ് ഭർത്താവിനെ ശല്യപ്പെടുത്താനും ഒരു വേള അതിന്റെ പേരിൽ കോടതി മുഖേന വിവാഹം ദുർബലപ്പെടുത്താനും സ്ത്രീ ഒരുമ്പെട്ടേക്കും. കാരണം രോഗങ്ങൾ പലതും പ്രത്യക്ഷത്തിൽ പ്രകടമാകുന്നതല്ല വിദഗ്ധപരിശോധനയിൽ പോലും കണ്ടെത്താൻ കഴിയാത്ത രോഗങ്ങളുണ്ട്. എന്നിരിക്കെ ഗോപ്യമായ രോഗം തനിക്കുണ്ടെന്ന് സ്ത്രീക്ക് എപ്പോഴും വാദിക്കാം. അങ്ങനെ പറഞ്ഞാൽ അതു വിശ്വസിക്കണമെന്നു പറയുന്നത് ന്യായവുമല്ല.
പിന്നെ രോഗം സാധാരണമല്ല വല്ലപ്പോഴുമൊക്കെ ഉണ്ടാവുന്നതാണ്. ഭർത്താവ് ചികിത്സിച്ചില്ലെങ്കിൽ തന്നെ അതുമൂലം സ്ത്രീ ക്ലേശിക്കേണ്ടി വരില്ല. കാരണം, ഇസ്ലാം അവൾക്കു സ്വത്തവകാശം നൽകിയിട്ടുണ്ട്. സമ്പാദിക്കാനും ക്രയവിക്രയം ചെയ്യാനുള്ള സ്വാതന്ത്ര്യവും.. അതേ അവസരം സ്ത്രീക്ക് ഇസ്ലാമിക ദൃഷ്ട്യാ സാമ്പത്തികബാധ്യകളൊന്നും ഇല്ലതാനും...
ഭാര്യയെ ചികിത്സിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് ഒരുത്തൻ വാദിക്കുന്നുവെങ്കിൽ മറ്റെല്ലാ ബാധ്യതകളും കണിശമായി പാലിച്ചവനായിരിക്കുമല്ലോ അവൻ അപ്പോൾ ദിനപ്രതി കൃത്യമായ അളവിൽ ഭക്ഷ്യധാന്യവും മറ്റവശ്യവസ്തുക്കളും അവൾക്കു ലഭിച്ചിരിക്കും. ഇസ്ലാം വ്യവസ്ത ചെയ്ത വിഹിതം പൂർണമായിക്കിട്ടിയാൽ സാധാരണഗതിയിൽ സ്ത്രീക്ക് അതിൽ നിന്നു തന്നെ മിച്ചം വെച്ച് സമ്പാദിക്കുവാൻ കഴിയുന്നതാണ്. ചികിത്സാർത്ഥം അതു വിനിയോഗിക്കുന്നതിന് വിരോധമില്ലതാനും...
(ഫത്ഹുൽ മുഈൻ)
ഭാര്യയുടെ ചികിത്സാച്ചെലവ് വഹിക്കുന്നത് പുണ്യാർഹമെന്നതു മറക്കരുത്.
'നിങ്ങൾ ഏതൊരു വസ്തു ചെലവഴിച്ചാലും അല്ലാഹു ﷻ പകരം നൽകും'
(ഖുർആൻ)
Post a Comment