ഫൈസിമാർ പണിത ഗുരുമന്ദിരം

 മൂന്ന് പതിറ്റാണ്ടിലേറെ കാലം മത-ഭൗതിക സമന്വയ വിദ്യഭ്യാസ രംഗത്ത് കൈവരിച്ച ഒട്ടനവദി നേട്ടങ്ങളുടെ അഭിമാനകരമായ ഒരായിരം ഓർമ്മകൾ പുതുക്കി ആത്മീയ ചൈതന്യത്തിലൂടെ വിപ്ലവങ്ങൾ ശ്രഷ്ടിച്ചു കൊണ്ട് ഉത്തുംഗതയിലേക്കുള്ള പ്രയാണത്തിൽ കോട്ടുമല അബൂബക്കർ മുസ്ലിയാർ സ്മാരക ഇസ്ലാമിക് കോംപ്ലക്സ് എന്ന നമ്മുടെ ഉത്തമ കലാലയം മുപ്പത്തിമൂന്ന് വയസ്സ് പിന്നിടുകയാണ്. കർമ്മ പഥത്തിൽ പുതിയ ചുവടുവെപ്പുകളുമായി കാലൂന്നാനിരിക്കുന്ന ഈ മഹത്തായ കലാലയത്തേ നമുക്കൊന്ന് പരിചയപ്പെട്ട് നോക്കാം.

 കോട്ടുമല ഉസ്താദ്
മുസ്ലിം കേരളത്തിൻ്റെ പണ്ഡിത നിരയിൽ ഒരു കാലത്ത് തിളങ്ങി നിന്ന് പ്രവർത്തിച്ചിരുന്ന മഹാ മനീഷിയായിരുന്നു കോട്ടുമല അബൂബക്കർ മുസ്ലിയാർ (ന: മ ) ' വേലൂർ ബാഖിയാത്തിൽ നിന്നും ഒന്നാം റാങ്കോടെ പുറത്തിറങ്ങിയ ശൈഖുനാ നീണ്ട കാലം ഊരകം കോട്ടുമലയിലും പരപ്പനങ്ങാടി പനയത്തേ പള്ളിയിലും ദർസ് നടത്തുക വഴി പിൽകാലത്ത് പ്രകൽപരായി തീർന്ന അനേകം ശിഷ്യഗണങ്ങളെ വാർത്തെടുക്കുകയുണ്ടായി. ശൈഖുനാ കാളംബാടി ഉസ്‌താദ് , EK ഹസ്സൻ മുസ്ലിയാർ, MM ബഷീർ മുസ്ലിയാർ തുടങ്ങിയവർ അവരിൽ ചിലർ മാത്രം.
പകൽ പൂർണമായും ദർസായിരുന്നങ്കിൽ രാത്രി കാലങ്ങളിൽ അഹ് ലുസുന്നത്തി വൽ ജമാഅ: യുടെ ആദർശ വേദികളിൽ ഉസ്താദ് നിറഞ്ഞു കത്തി. പുത്തൻ വാദികൾ, വ്യാജ ത്വരീഖത്തുകാർ തുടങ്ങി മതത്തിനകത്തേ മുഴുവൻ വ്യാജൻമാർക്കെതിരേയും സന്ധിയില്ലാ സമരം നയിച്ച മഹാനവർകളെ വകവരുത്താൻ പോലും ബിദഇകൾ പാഴ്ശ്രമം നടത്തിയത് പോയ കാല ചരിത്രത്തിലെ ചില ഏടുകളാണ്.
1963ൽ പട്ടിക്കാട് ജാമിഅ: നൂരിയ്യ :അറബിയ്യ: സ്ഥാപിതമായത് മുതൽ വഫാത് വരേ നീണ്ട ഇരുപത്തിനാല് വർഷം അവിടെ മുദരിസായും പ്രിൻസിപ്പാളായും തുടർന്നു.
അതിനിടയിൽ സമസ്ത ഫത് വാ കമ്മിറ്റി കൺവീനർ , വിദ്യഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി, സമസ്ത ഉപാദ്ധ്യക്ഷൻ തുടങ്ങി ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച് ഉമ്മത്തിൻ്റെ ഈമാൻ സംരക്ഷിക്കുക എന്ന കടമ നിർവഹിക്കാൻ തൻ്റെ ജീവിതം തന്നെ ദീനിന് വേണ്ടി സമർപ്പിച്ചു മഹാൻ .
ഒടുവിൽ 1987 ജൂലൈ 30 ദുൽഹിജ അഞ്ചിന് ഒരു വെള്ളിയാഴ്ച്ച രാവിൽ മഹാഗുരു അല്ലാഹു വിൻ്റെ വിളിക്ക് ഉത്തരം നൽകി... തൻ്റെ അഭിവന്ദ്യ ഗുരുവര്യർ ഉസ്താദുൽ അസാതീദ് കോമു മുസ്ലിയാരുടെ ചാരത്ത് കാളംബാടി ജുമുഅത്ത് പള്ളി മഖാമിൽ ശൈഖുനാ അന്തിയുറങ്ങുന്നു.
 
 കോംപ്ലക്സിൻ്റെ പിറവി
 അനേകം പണ്ഡിത പ്രമുഖർക്ക്ജന്മം നൽകിയ മലപ്പുറം ജില്ലയുടെ ഹ്രദയ ഭാഗത്ത് ഒരു ഉന്നത കലാലയത്തിൻ്റെ അഭാവം ഏറെ ശ്രദ്ദിക്കപ്പെട്ടു. സ്ഥലകാല സാഹചര്യങ്ങളുടെ ഉൾവിളി മലപ്പുറത്ത്  ഉന്നതമായ ഒരു സ്ഥാപനത്തിൻ്റെ അനിവാര്യത ബോധ്യപ്പെടുത്തുകയായിരുന്നു. കോട്ടുമല ഉസ്താദടക്കമുള്ള പല പണ്ഡിതരും നേതാക്കളും ഈ വിടവ് നികത്താൻ മലപ്പുറത്തൊരു സ്ഥാപനം വരണമെന്നാഗ്രഹിക്കുകയും അതിനായി ശ്രമങ്ങൾ നടത്തുകയും ചൈതിരുന്നു.പക്ഷെ സ്വപ്നം പൂവണിയും മുമ്പേ മഹാനവർകൾ നമ്മേ വിട്ട് പിരിഞ്ഞു.അതേ തുടർന്ന് ഒത്തു കൂടിയ ഫൈസി മാരായ അവിടുത്തെ ആയിരക്കണക്കിന് ശിഷ്യൻമാർ മുന്നിട്ടിറങ്ങി പ്രവർത്തിച്ചതിൻ്റെ ഫലമായി ഉണ്ടായതാണ് ഈ ഉത്തമ കലാലയം.
ലക്ഷ്യം, മുന്നേറ്റം
ശൈഖുനാ കോട്ടുമല ഉസ്താദിൻ്റെ പാത പിൻപറ്റി കാലത്തിൻ്റേ ചുവരെഴുത്തുകൾ വായിക്കാൻ കെൽപ്പുള്ള പണ്ഡിത വ്യൂഹത്തെ സ്രഷ്ടിച്ചെടുക്കലാണ് സ്ഥാപനത്തിൻ്റെ സ്ഥാപിത ലക്ഷ്യം. അതിനായി മത വിദ്യഭ്യാസത്തിന് ഊന്നൽ നൽകി ഭൗതിക സാങ്കേതിക വിദ്യ കൂടി കരഗതമാക്കാൻ കഴിയും വിധത്തിലുള്ള സിലബസാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. അതിൻ്റെ ഭാഗമായി കോളേജിന് പുറമേ ഇംഗ്ലീഷ് മീഡിയം റഫറൻസ് ഡിജിറ്റൽ ലൈബ്രറി, അതിവിശാലമായ കമ്പ്യൂട്ടർ ലാബ് എന്നിവ ഇവിടെ പ്രവർത്തിച്ചു വരുന്നു. അറുപതിൽപരം ജാമിഅ: ജൂനിയർ കോളേജുകളിൽ പ്രഥമ സ്ഥാനത്തുള്ള നമ്മുടെ സ്ഥാപനത്തിൽ കോഡിനേഷൻ നിയമങ്ങൾക്കനുസ്രതമായി സെക്കണ്ടറി വിഭാഗത്തിലുള്ള കുട്ടികൾക്കാണിപ്പോൾ പ്രവേശനം നൽകുന്നത്. എട്ട വർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നവരെ മൗലവി ആലിംസിദ്ദീഖി ബിരുദവും കേരളാ ഗവൺമെൻ്റ് അംഗീകൃത SSLC ,+2 BAഡിഗ്രി എന്നിവയും കരസ്ഥമാക്കി ദ്വി വർഷ ഫൈസി മുത്വവ്വൽ കോഴ്സിന് കുടി പ്രാപ്തരാക്കിയാണ് ഇവിടെ നിന്നും പുറത്തിറക്കുന്നത്. മറ്റു നാനോന്മുഖ പുരോഗതിക്കായി വ്യത്യസ്തമായ പദ്ദതികളുമായി വിദ്യാർഥി സംഘടനയും സജീവമായി പ്രവർത്തിക്കുന്നുണ്ട്.
കോംപ്ലക്സിൽ നിന്നും ഇതിനകം പഠനം പൂർത്തിയാക്കി ഇറങ്ങിയവർ വിവിധ മേഖലകളിലായി നിറഞ്ഞ് നിൽക്കുന്നു.
മുസ്ലിം കേരളത്തിൻ്റെ അറിവിൻ്റെ തറവാട്ടു മുറ്റമായ പട്ടിക്കാട് ജാമിഅ: നൂരിയ്യയിൽ ഉസ്താദുമാരായും ഡോക്ടറേറ്റ് നേടിയവരും ഉന്നത ദർസുകൾക്ക് നേത്രത്വം നൽകുന്നവരും സംഘടനാ രംഗങ്ങളിൽ അമര ശിഖിരത്തിരിക്കുന്നവരും തുടങ്ങി ഉമ്മത്തിന് വേണ്ടിടത്തല്ലാം സിദ്ദീഖി സാന്നിധ്യങ്ങൾ ദിശ നിർണ്ണയിച്ച് കൊണ്ടിരിക്കുന്നു.
 
ഇനി പറയാനുള്ളത് ....
പട്ടിക്കാട് ജാമിഅ: നൂരിയ്യയുടെ പൂർവ്വ വിദ്യാർഥി കൂട്ടായ്മയായ ഓസ്ഫജ്നയാണ് ഈ സ്ഥാപനം പടുത്തുയർത്തിയത്. അന്ന് തൊട്ടേ ഫൈളീ കുടുംബത്തിൻ്റെ കാരണവർ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളാണ് ഇതിൻ്റെ നേത്ര സ്ഥാനമലങ്കരിക്കുന്നത്.
ഉമ്മത്തിൻ്റെ നവ മുന്നേറ്റത്തിനുള്ള വെളിച്ചം തെളിച്ച് കടന്നു പോയ കോട്ടുമല ബാപ്പു ഉസ്താ ദെന്ന കർമ്മസൂര്യൻ്റെ കാര്യകർത്റ്ത്വമാണ് കാൽ നൂറ്റാണ്ട് കാലം കോംപ്ലക്സിനെ വഴി നടത്തിയത്. മർഹും ഹാജി കെ മമ്മദ് ഫൈസി, പി പി മുഹമ്മദ് ഫൈസി തുടങ്ങിയ ഇഖ്ലാസിൻ്റെ മനുഷ്യ രൂപങ്ങളുടെ നിസ്വോർത്ത കർമ്മ ഫലം കൂടിയാണ് കോംപ്ലക്സ്.അവരല്ലാം ചേർന്ന് മലപ്പുറം ജില്ലയിലെ ആയിരത്തി അഞ്ഞൂറോളം മഹല്ല് കളിലേക്ക് ചെന്ന് വർഷത്തിലൊരിക്കൽ കോട്ടുമല ഉസ്താദിൻ്റെ സ്ഥാപനത്തിനെ സഹായിക്കണമെന്നപേക്ഷിച്ച് തുടക്കം കുറിച്ച ഏക വരുമാന മാർഗത്തിലായിരുന്നു കോംപ്ലക്സിൻ്റെ ഇക്കാലമത്രയുമുള്ള ഗമനങ്ങളത്രയും. കേവലം 35 വിദ്യാർഥികളും രണ്ട് ഉസ്താദുമാരുമായി തുടക്കം കുറിച്ച സ്ഥാപനം ഇന്ന്  നിരവധി വിദ്യാർത്ഥികളും അദ്യാപകരുമായി വളർന്ന് പന്തലിച്ച് കഴിഞ്ഞു. അതിനിടയിൽ കോംപ്ലക്സിന് തുണയായി നിന്ന മേൽ പറഞ്ഞ തണൽ മരങ്ങളുടെ അപ്രതീക്ഷിത വിട പറച്ചിലുകളിൽ പകച്ച് പോയ കലാലയം മഹാമാരിയെ തുടർന്ന് ഏക വരുമാന മാർഗമായ ജില്ലയിലെ മഹല്ല് കലക്ഷനും നിലച്ചതോടെ പ്രതിസന്ധി നിറഞ്ഞ വഴിയിലൂടെ കടന്നു പോയി കൊണ്ടിരിക്കുകയാണ്.ഈ സന്ദർഭത്തിലാണ് തങ്ങളുടെ മഹാ ഗുരുവര്യരുടെ അമരസ്മരണകളുയർത്തുന്ന ഈ കലാലയത്തിന് ഓസ്ഫോജ്നയുടെ കര ങ്ങൾ തന്നെ ഇനിയും കരുത്തേകണമെന്ന് അഭിവന്ദ്യ സയ്യിദോരും ശൈഖുൽജാമിഅയും ശൈഖുനാ ഏലംകുളം ബാപ്പു ഉസ്താദുമടങ്ങുന്ന സ്ഥാപന സാരഥികൾ തീരുമാനിച്ചതും അതിനായി നമ്മോട് ആഹ്വോനം ചൈതതും. ചരിത്രം തലവെച്ചുറങ്ങുന്ന കാളബാടിയുടെ ഇട നെഞ്ചത്ത് റഈസുൽ ഉലമാ കാളബാടി ഉസ്താദടക്കമുള്ളവരുടെ അനുഗ്രഹാശിസ്സുകളനേകം ഏറ്റു വാങ്ങി അഭിമാനത്തോടേ മുന്നേറുന്ന നമ്മുടെ കോംപ്ലക്സ് തളരാതിരിക്കാൻ നമ്മൾ കൈ കോർത്ത് പിടിച്ചേ തീരൂ..... നമ്മുടെ ഗുരുവര്യന്മാർ അക്ഷീണ പ്രയത്നം നടത്തി കോട്ടമൊട്ടുമേൽക്കാതെ നമുക്ക് കൈമാറിയ ഈ സ്ഥാപനത്തിൻ്റെ സന്ദേശം അനേകരിലേക്ക് കൈമാറി ഈ മാസം 12 ന് വെള്ളിയാഴ്ച്ച കേരളത്തിനകത്തും പുറത്തുമായി നടക്കുന്ന നമ്മുടെ ഫണ്ട് കലക്ഷൻ വൻ വിജയമാക്കി തീർക്കാൻ കർമ്മരംഗത്തിറങ്ങണമെന്ന അപേക്ഷയോടെ പടച്ചവൻതുണക്കട്ടേ എന്ന പ്രാർഥനയോടെ അവസാനിപ്പിക്കുന്നു.

അല്ലാഹു നമ്മുടെ പ്രവർത്തനങ്ങൾ ഖബൂലാക്കട്ടേ -ആമീൻ

സഹകരണ പ്രതീക്ഷയോടെ


 ഓസ്ഫോജ്ന കോട്ടുമല കോംപ്ലക്സ് സപ്പോർട്ടിംഗ് സമിതി