ചെലവിന് ഭാര്യ അർഹയാകുന്നത്

‎‎‎‎‎‎‎‎ 
       ഭാര്യയ്ക്ക് അവകാശമായ നിർബന്ധ ചെലവ് നൽകാതിരുന്നാൽ അത് കടബാധ്യതയായി നിലനിൽക്കുന്നതാണ്. എന്നാൽ വീട്, പരിചാരിക എന്നിവ നൽകാത്തത് കടമായി നിലനിൽക്കില്ല. അതിന്റെ സമയം കഴിയുന്നതോടെ അതിന്റെ ബാധ്യത ഒഴിവായി. കാരണം അവൻ അവൾക്കുടമയായില്ല.
  (തുഹ്ഫ 8/314) 

 ഇത്രയുമായി പറയപ്പെട്ട ചെലവുകളൊക്കെ ഭാര്യയ്ക്ക് ഭർത്താവ് നൽകൽ നിർബന്ധമാണ്. എന്നാൽ എപ്പോഴും പ്രസ്തുത ചെലവുകൾക്ക് അവൾ അർഹയായിക്കൊള്ളണമെന്നില്ല. ചില കാരണങ്ങൾമൂലം അവൾക്ക് ചെലവിനുള്ള അർഹത നഷ്ടപ്പെട്ടേക്കാം അക്കാര്യങ്ങളാണ് ഇനി വിവരിക്കുന്നത്... 

 ഇണങ്ങിക്കഴിയുന്ന ഭാര്യയ്ക്കാണ് ചെലവും വസ്ത്രവുമൊക്കെ നൽകേണ്ട ബാധ്യത ഭർത്താവിനുള്ളത്. പിണങ്ങിക്കഴിയുന്നവൾക്കു ചെലവിനു നൽകൽ നിർബന്ധമില്ല. ന്യായമായ കാരണം കൂടാതെ ഭർത്താവുമായി ബന്ധപ്പെടാൻ വിസമ്മതിക്കുക, അവന്റെ അനുവാദം കൂടാതെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുക, യാത്ര ചെയ്യുക, ഭർത്താവിന്റെ വീട്ടിലേക്കു മാറിത്താമസിക്കാൻ ആവശ്യപ്പെട്ടാൽ അവൾ വിസമ്മതിക്കുകയും അതുകാരണം അവളുമായി അവൻ ബന്ധപ്പെടാതിരിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ പിണക്കമായി കണക്കാക്കപ്പെടും.

 ഭർത്താവിനെ അനുസരിക്കാതിരിക്കുക, ആർത്തവം, ലിംഗം വലുതാവുക തുടങ്ങിയ കാരണങ്ങൾ കൂടാതെ സുഖാസ്വാദനത്തിൽ നിന്ന് ഭർത്താവിനെ വിലക്കുക, അവന്റെ സമ്മതമോ തൃപ്തിയോ കൂടാതെ അവന്റെ വീട്ടിൽ നിന്ന് പുറപ്പെടുക എന്നിവ കൊണ്ടെല്ലാം പിണക്കമുണ്ടാവും.
  (തുഹ്ഫ 8/327) 

 ഭർത്താവിന്റെ വീട്ടിലേക്കു വിളിച്ചാൽ പോവാതിരിക്കൽ പിണക്കമാണെന്ന് പറഞ്ഞുവല്ലോ എന്നാൽ അവൾ രോഗം മുതലായ പ്രതിബന്ധമുള്ളവളോ മാന്യതയും ശക്തിയായ  ലജ്ജയുള്ളവളുമായതിനാൽ പുറത്തിറങ്ങി ശീലമില്ലാത്തവളോ ആണെങ്കിൽ ഭർത്താവിന്റെ വീട്ടിലേക്കുള്ള ക്ഷണം സ്വീകരിക്കൽ നിർബന്ധമില്ല.
  (ഫത്ഹുൽ മുഈൻ) 

 പ്രസ്തുത സന്ദർഭങ്ങളിൽ ഭാര്യയ്ക്ക് ചെലവും വസ്ത്രവും നൽകൽ ഭർത്താവിന് നിർബന്ധമില്ല.

 'ഭാര്യ ഭർത്താവിനോടു പിണങ്ങിയാൽ, അതായത് അവനു വഴിപ്പെടാതിരുന്നാൽ അവളുടെ എല്ലാ ചെലവുകളും  ഭർത്താവിന്റെ ബാധ്യതയിൽ നിന്നൊഴിവാകുമെന്ന് പണ്ഡിതർ ഏകോപിച്ചു പറഞ്ഞിട്ടുണ്ട്. ഒരു നിമിഷം മാത്രമേ പിണങ്ങി നിന്നിട്ടുള്ളൂവെങ്കിലും ആ ദിവസത്തെ ചെലവും ആ ആറു മാസത്തെ (ഫസ്വ് ല്) വസ്ത്രവും പിണങ്ങി നിന്നതും വഴിപ്പെട്ടതുമായ സമയത്തിന് ആനുപാതികമായി ചെലവും വസ്ത്രവും വിഹിതപ്പെടില്ല. പിണക്കം മൂലം ചെലവ് ഒഴിവാകുമെന്ന വസ്തുത അറിയാതെ ചെലവ് കൊടുത്താൽ അതു തിരിച്ചു വാങ്ങാം. ഭർത്താവ് ആ വക കാര്യങ്ങൾ വ്യക്തമായി അറിയാത്തവരുടെ കൂട്ടത്തിൽ പെട്ടവനാണെങ്കിൽ മാത്രം'
  (ഫത്ഹുൽ മുഈൻ) 

 'തന്നിൽ നിന്നു സുഖം ആസ്വദിക്കാൻ ഭാര്യ ഭർത്താവിനെ അനുവദിക്കാതിരിക്കൽ കൊണ്ട് പിണക്കം സ്ഥാപിതമാവും. തൊടാൻ അനുവദിക്കാതിരിക്കലും നിജപ്പെട്ട ഒരു സ്ഥലം കൊണ്ടുള്ള സുഖാസ്വദനം തടയലും പിണക്കം തന്നെ. പുരുഷലിംഗത്തിന്റെ ക്രമാതീതമായ വലിപ്പം, സംയോഗം വിഷമകരമായി ഭവിക്കുന്ന രോഗം, യോനിയിൽ മുറിവ്, ആർത്തവം മുതലായവ പ്രതിബന്ധങ്ങളുള്ളതു കൊണ്ടാണ് അവൾ അനുവദിക്കാതിരുന്നതെങ്കിൽ അതു പിണക്കമാവില്ല വരന്റെ ഇഖ്റാർ (സമ്മതിച്ചു പറയൽ) കൊണ്ടും ചേലാകർമവിഷയകമായി പരിജ്ഞാനമുള്ള പുരുഷന്മാരിൽ പെട്ട രണ്ടു പേർ സാക്ഷി നിൽക്കൽ കൊണ്ടും ലിംഗത്തിന്റെ വലിപ്പം സ്ഥിരപ്പെടും.'
  (ഫത്ഹുൽ മുഈൻ) 

 സമ്മതം കൂടാതെ പുറത്തു പോയാലും പിണക്കം സംഭവിക്കും. 'ഭർത്താവ് ഇഷ്ടപ്പെട്ട അവളെ താമസിപ്പിച്ച സ്ഥലത്തു നിന്ന് അവന്റെ സമ്മതമോ അവനിഷ്ടമായിരിക്കുമെന്ന ധാരണയോ കൂടാതെ അവൾ പുറത്തു പോയാൽ പിണക്കം സ്ഥാപിതമാവും. ഭർത്താവിന്റെ തൃപ്തി കൂടാതെ അവൾ പുറത്തു പോയത് സദ് വൃത്തനായ ഒരു വ്യക്തിയെ കാണുവാനോ, വിവാഹബന്ധം നിഷിദ്ധമല്ലാത്ത രോഗിയെ കാണുവാനോ, ദിക്റിന്റെ സദസ്സിൽ സംബന്ധിക്കാനോ ആയാലും അത് കുറ്റകരവും പിണക്കവുമാണ് ' 
  (ഫത്ഹുൽ മുഈൻ) 

 'ഭർത്താവിന്റെ സമ്മതമില്ലാതെ ഭാര്യ ഹജ്ജിനോ ഉംറയ്ക്കോ പോകലും പിണക്കമാണ്. പക്ഷേ അതുമൂലം അവൾ കുറ്റക്കാരിയാവില്ല. അവയുടെ കാര്യം അത്രയും വിലപ്പെട്ടതാണല്ലോ' 
  (തുഹ്ഫ 8/330, ശർവാനി 8/327) 

 'വീട് പൊളിഞ്ഞു വീഴാറാവുക, ദുർനടപ്പുകാരനോ മോഷ്ടാവോ തന്റെ ദേഹധനാദികളെ അക്രമിക്കുമെന്നു ഭയപ്പെടുക, ഭർത്താവിൽ നിന്നു ലഭിക്കേണ്ട അവകാശം കരസ്ഥമാക്കാൻ ഖാളിയുടെ അടുത്തേക്കു പോവുക, വിശ്വസ്തനായ ഭർത്താവോ അവളുമായി വിവാഹബന്ധം നിഷിദ്ധമായവരോ അവൾക്കാവശ്യമായ നിർബന്ധ വിജ്ഞാനം (പഠിപ്പിക്കൽ നിർബന്ധമായ കാര്യങ്ങൾ) പഠിപ്പിച്ചു കൊടുക്കാൻ പര്യാപ്തമല്ലെങ്കിൽ അത്തരം അറിവ് നേടാൻ പുറപ്പെടുക, ഭർത്താവ് ദരിദ്രനാണെങ്കിൽ കച്ചവടം ചെയ്തോ ജോലി ചെയ്തോ ചെലവ് വിഹിതം ഉണ്ടാക്കാൻ പോവുക എന്നിവയെല്ലാം വീടിനു പുറത്തു പോകാനുള്ള കാരണങ്ങളാണ് ' 
  (തുഹ്ഫ് 8/327)