മദ്രസാധ്യാപകർക്ക് സർക്കാർ ശമ്പളമോ ? വ്യാജപ്രചരണം കരുതിയിരിക്കുക..

ഡോക്ടർ ബഹാഉദ്ദീൻ മുഹമ്മദ് ഫൈസി നദ്‌വി എഴുതുന്നു..

കൃത്യമായ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട്, മത വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുടെ മതിലുകള്‍ പണിയാനുള്ള ശ്രമം തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

അതില്‍ ഏറ്റവും ഒടുവിലത്തേതാണ് മദ്‌റസാ അധ്യാപകര്‍ക്കും പള്ളി മുക്രിമാര്‍ക്കും സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും നല്‍കുന്നു എന്ന വ്യാജ പ്രചരണം.
ഏറെ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഈ അപവാദം ചിലര്‍ ഏറ്റുപിടിക്കുമ്പോള്‍,  തിരുത്താനോ സത്യാവസ്ഥ ബോധ്യപ്പെടുത്താനോ ശ്രമിക്കാതെ, എല്ലാം ചെയ്യുന്നുണ്ടെന്നു ധ്വനിപ്പിക്കുന്ന മട്ടില്‍ മൗനം ഭജിക്കുന്ന അധികാരികളുടെ സമീപനം അപലപനീയമാണ്. 

മദ്‌റസാ അധ്യാപകര്‍ക്കും മുക്രിമാര്‍ക്കും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നയാപൈസ പോലും ശമ്പളമായി നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മദ്‌റസാ വിദ്യാഭ്യാസം തുടര്‍പഠനയോഗ്യതയായി പരിഗണിക്കണമെന്നു  പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.  ഇതുസംബന്ധമായ ആലോനകളോ അനുകൂല സമീപനമോ നമ്മുടെ സംസ്ഥാനത്തുണ്ടായിട്ടില്ല എന്നതാണ് വസ്തുത.
കേരളത്തിനു പുറത്ത്,  ചില സംസ്ഥാനങ്ങളില്‍ സര്‍ക്കാറിനു കീഴില്‍ മദ്‌റസാ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അങ്ങനെയൊന്നില്ല. അവിടങ്ങളില്‍ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളെ സര്‍ക്കാര്‍ സ്ഥാപനമായി പരിഗണിക്കുന്നു; അധ്യാപകര്‍ക്ക് സര്‍ക്കാര്‍ അധ്യാപക പരിഗണണനയും. 

കേരളത്തില്‍ മദ്‌റസാ അധ്യാപക ക്ഷേമനിധി ബോര്‍ഡാണ് നിലവിലുള്ളത്. അറുപത് വയസ്സ് തികഞ്ഞ മുഅല്ലിമുകള്‍ക്ക് 1500 രൂപ വീതം പെന്‍ഷന്‍ തുക നല്‍കുന്നുണ്ട്. അഞ്ച് വര്‍ഷം ക്ഷേമനിധിയില്‍ 100 രൂപ വീതം അടച്ചവര്‍ക്കാണ് ബോര്‍ഡിന്റെ ആനുകൂല്യമുള്ളത്.

തുച്ഛമായ ശമ്പളത്തിന് മതാധ്യാപന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണേേല്ലാ മദ്‌റസാ അധ്യാപകര്‍. പളളിയില്‍ അഞ്ച് നേരം ബാങ്ക് വിളിക്കുന്നവരും തഥൈവ. എന്നാല്‍ മതത്തില്‍ ഏറെ പവിത്രതയും പുണ്യവുമുള്ള ശ്രേഷ്ഠ വൃത്തിയായതിനാല്‍ മുസ്‌ലിം സമൂഹം അവരെ ആദരോവടെ കാണുകയും സംരക്ഷിക്കുകയും ചെയ്യുന്നു.

മദ്‌റസാധ്യാപകരുടെ നാനോന്മുഖ ക്ഷേമം ലക്ഷ്യമിട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്കു കീഴില്‍  1959 ല്‍ തന്നെ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്ന പോഷക ഘടകം രൂപീകരിച്ചിട്ടുണ്ട്. മദ്‌റസാ മുഅല്ലിമുകള്‍ക്ക് ശാസ്ത്രീയമായ അധ്യാപനരീതികളില്‍ പരിശീലനം കൊടുക്കുന്നതോടൊപ്പം അവരുടെ അക്കാദമിക- സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടി  സംഘടന വിവിധ പദ്ധതികളാണ് സംഘടനക്കു കീഴില്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. അവശ സഹായം, സര്‍വീസ് ആനുകൂല്യം, പെന്‍ഷന്‍, മരണാനന്തര ക്രിയാസഹായം, പ്രവര്‍ത്തക അലവന്‍സ്, മോഡല്‍ ക്ലാസ് അലവന്‍സ്, മദ്‌റസാ ഗ്രാന്റുകള്‍, വിവിധ അവാര്‍ഡുകള്‍, മുഅല്ലിം നിക്ഷേപ പദ്ധതി തുടങ്ങി ഒട്ടനവധി പദ്ധതികളാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇതിനകം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.  ഇതിനായി സംഘടന ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍  അഞ്ച് കോടിയിലധികം (5,17,87,890) രൂപയാണ് ചെലവഴിച്ചത്.
സര്‍ക്കാറിനോ മറ്റു സാമൂദായിക സംഘടനകള്‍ക്കോ ആലോചിക്കാവുന്നതിനപ്പുറമുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളുമാണ് മദ്‌റസാ അധ്യാപകര്‍ക്കായി സമസ്തക്കു കീഴില്‍ പ്രയോഗവത്കരിച്ചുകൊണ്ടിരിക്കുന്നത്. 

ചുരുക്കത്തില്‍, ഒരു വിഭാഗത്തിനു നേരെ ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു മുന്‍പ് സത്യാവസ്ഥ അന്വേഷിക്കുകയാണ് വേണ്ടത്. യാഥാര്‍ഥ്യം സമൂഹ സമക്ഷം ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ മനസ്സു കാണിക്കുകയും വേണം.