റമ്മി എന്ന ചൂതാട്ടം കളിക്കുന്ന യുവാക്കളോട്


ഇന്ന് നമ്മുടെ നാട്ടിലെ യുവാക്കളിൽ നല്ലൊരു ശതമാനവും റമ്മി എന്ന ചൂതാട്ടത്തിന്റെ അടിമകളായി മാറുകയാണ്. ഇത് ഹറാമോ ഹലാലോ എന്നൊന്നും ആരും ചിന്തിക്കുന്നില്ല.
ആരുമറിയാതെ ഓൺലൈനിൽ പണം ഉണ്ടാക്കാം എന്നാണ് ചിലരുടെ ധാരണ. ഇതൊരു വൻ ചതിക്കുകയാണ്. അതിനുപുറമെ
ഇത് കടുത്ത ചൂതാട്ടവും നിഷിദ്ധവുമാണ് എന്ന് വ്യക്തം.

ചെറിയ തുകക്ക് റമ്മി കളിച്ച് ജയിക്കുമ്പോൾ ഹരം കയറി വലിയ തുകയിലേക്ക് നീങ്ങും. അത് പിന്നെ വളർന്നു വളർന്ന് വൻ കടക്കെണിയിൽ അവസാനിക്കും. റമ്മിയിൽ പലപ്പോഴും എതിർഭാഗത്ത് കളിക്കുന്നത് മനുഷ്യരല്ല; നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷനുകളാണെന്ന കാര്യം പ്രസക്തമാണ്.കളിക്ക് അഡിക്റ്റായാൽ കടംവാങ്ങിയും വിറ്റു പെറുക്കിയും ലക്ഷങ്ങളിറക്കി കടക്കെണിയിലേക്ക് തള്ളപ്പെടുകയും വായ്പ ആപ്പുകളെ ആശ്രയിക്കുകയും ചെയ്യുകയാണ് പതിവ്.


30 ദശലക്ഷം പേർ ഒരു സമയത്ത് കളിക്കുന്നു എന്നതാണ് കമ്പനികളുടെ തന്നെ അവകാശവാദം. തമിഴ്നാട്ടിൽ 17 പേർ ഇതു കാരണത്താൽ ആത്മഹത്യ ചെയ്തു. കേരളത്തിലും നിരവധി ആത്മഹത്യകൾ ഉണ്ടായിട്ടുണ്ട്. കോവിഡ് കാലത്താണ് ഓൺലൈൻ ചൂതാട്ടം സജീവമായത്. 

1960 ലെ ഗെയിമിംഗ് ആക്ട് പ്രകാരം പണം വച്ചുള്ള വാതുവെപ്പും കളികളും നിരോധിച്ചിട്ടുണ്ട്. ഇതിൻ്റെ പരിധിയിൽ കഴിവും ബുദ്ധിയും വൈദഗ്ധ്യവും ആവശ്യമായ ഗെയിമുകൾ വരില്ലെന്നാണ് സുപ്രീം കോടതി ഉത്തരവ്. വൈദഗ്ധ്യമുള്ള കളികളുടെ ഗണത്തിലാണ് റമ്മികളി. അതിനാൽ ഓൺലൈൻ ചൂതാട്ടത്തിൽ കേസിന് വകുപ്പില്ലന്നാണ് പോലീസ് നിലപാട്. കമ്പനികൾ നിയമാവലിയിൽ പണമിടപാടുണ്ടാകുമെന്ന് പറയുന്നുമില്ല; ഇ-വാലറ്റിൽ പണം വേണമെന്ന നിബന്ധന മാത്രം! മാനഹാനി ഭയന്ന് പരാതിക്കാർ രംഗത്ത് വരുന്നില്ല എന്നതും പൊലീസിന് കേസെടുക്കാൻ സാധ്യമാകാതെ പോകുന്നതിൻ്റെ പ്രധാന കാരണമാണ്.

സാധാരണ നാട്ടിൻ പ്രദേശങ്ങളിൽ നടക്കാറുള്ള ചീട്ടുകളി നിയമവിരുദ്ധവും ഓൺലൈനിൽ ലക്ഷങ്ങളുടെ ചൂതാട്ടം നിയമവിധേയവുമാകുന്ന വിചിത്രമായ നിലപാടിൽ സർക്കാർ വ്യക്തത വരുത്തണം.

ആർത്തിക്ക് വലയെറിഞ്ഞ് കുറുക്കുവഴിയിൽ കാശുണ്ടാക്കുന്ന പ്ലാറ്റ്ഫോമുകൾ ഓഫ് ലൈനിലായാലും ഓൺലൈനിലായാലും നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തട്ടിപ്പിൻ്റെ കെണിയിൽപെട്ട് ധാരാളം ജീവനുകൾ നഷ്ടപ്പെട്ട ശേഷമല്ല നിയമനിർമ്മാണവും പ്രായോഗിക നടപടികളും ഉണ്ടാവേണ്ടത്. പ്രകടന പത്രിക തയ്യാറാക്കുന്ന ഈ ഘട്ടത്തിൽ ഇരുമുന്നണികളും സാമ്പത്തിക തട്ടിപ്പിന് അറുതി വരുത്താനുള്ള ക്രിയാത്മക ചുവടുവെപ്പുകൾ കൂടി ഉൾപ്പെടുത്തണം.

വിശുദ്ധ ഖുർആനിൻ്റെ അനുയായികൾ ചൂതാട്ടത്തിലേക്ക് കടന്ന് വരുന്നത് അതീവ ഗൗരവമായ കാര്യമാണ്. 'മൈസിര്‍' എന്ന പദമാണ് ചൂതാട്ടത്തെ കുറിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്. 'എളുപ്പം, അനായാസം, സമൃദ്ധി' എന്നിവയാണതിന്റെ മൂലാര്‍ഥങ്ങള്‍. അധ്വാനമില്ലാതെ, പ്രയാസപ്പെടാതെ എളുപ്പത്തില്‍ കൂടുതല്‍ സമ്പത്ത് നേടാനുള്ള ഏര്‍പ്പാടെന്ന നിലക്കാണ് ചൂതാട്ടത്തിന് 'മൈസിര്‍' എന്ന് ഉപയോഗിച്ചിട്ടുള്ളത്. എല്ലാതരം പന്തയകളികളെയും ഉള്‍ക്കൊള്ളുന്നതാണ് 'മൈസിര്‍' എന്ന ഖുര്‍ആന്‍ പ്രയോഗമെന്ന് ഖുർആൻ വ്യാഖ്യാതാക്കളായ പണ്ഡിതൻമാർ ഐക്യകണ്ഠ്യേന അഭിപ്രായപ്പെട്ടിട്ടുണ്ട്.

ചൂതാട്ടത്തെ എന്തിനോടാണ് ഖുർആൻ ചേർത്ത് പറഞ്ഞതെന്ന് നോക്കൂ:
"വിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നാസ്ത്രങ്ങളും എല്ലാം പൈശാചിക വൃത്തികളില്‍ പെട്ട മാലിന്യങ്ങളാകുന്നു. അവയെ വര്‍ജിക്കുക, നിങ്ങള്‍ക്ക് വിജയ സൗഭാഗ്യം പ്രതീക്ഷിക്കാം. ചെകുത്താന്‍ മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വൈരവും വിദ്വേഷവും ഉണ്ടാക്കുന്നതിനും ദൈവസ്മരണയില്‍ നിന്നും നമസ്കാരത്തില്‍നിന്നും നിങ്ങളെ തടയാനുമാണ് ശ്രമിക്കുന്നത്. ഇനിയെങ്കിലും നിങ്ങള്‍ അവയില്‍ നിന്ന് വിരമിക്കുമോ?'' (അല്‍മാഇദ 90,91).

"മദ്യത്തെയും ചൂതാട്ടത്തെയും കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക, അവ രണ്ടിലും വലിയ പാപവും മനുഷ്യര്‍ക്ക് അല്‍പം ഗുണങ്ങളുമുണ്ട്. എന്നാല്‍ അവയുടെ ഗുണത്തേക്കാള്‍ വളരെ ഭയങ്കരമാകുന്നു അവയുടെ പാപം.'' (അല്‍ബഖറ 219).
Copy paste from Facebook