ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും തെറ്റിച്ച് മുതെലെടുക്കാൻ ഗൂഢ ശ്രമം
ക്രൈസ്തവ-മുസ് ലിം വിഭാഗങ്ങളിൽ നിന്ന് ഒരു പക്ഷത്തെ അടർത്തിമാറ്റി അധികാരത്തിലെത്താൻ സംഘ് പരിവാർ നടത്തുന്ന നാടകങ്ങൾ തിരിച്ചറിയാൻ നമുക്ക് സാധിക്കണം
സപന്തല്ലൂർ എഴുതുന്നു
ശത്രുക്കളല്ല, സഹോദരങ്ങൾ
അബ്രഹാമിക പാരമ്പര്യത്തിൽ നിന്നു വന്ന രണ്ട് ധാരാളാണല്ലോ ക്രൈസ്തവരും മുസ്‌ലിംകളും. ലോകത്തെ ഏറ്റവും വലിയ മതങ്ങളാണെങ്കിലും ഇന്ത്യയിലെ ന്യൂനപക്ഷം. കേരളത്തിൽ ഇരുവിഭാഗവും ചേർന്നാൽ മൊത്തം ജനസംഖ്യയുടെ പകുതിയോളമാകുന്നു. അതു കൊണ്ടു തന്നെ ഈ സംസ്ഥാനത്തെ ഒരു രാഷ്ട്രീയ കക്ഷിക്കും ഈ സമുദായങ്ങളെ അവഗണിക്കാനാവില്ല.
ഇത് മനസ്സിലാക്കിയ വർഗീയ ശക്തികൾ, അധികാരം പിടിക്കാൻ കണ്ടെത്തിയ കുറുക്കുവഴികളിലൊന്ന് ക്രിസ്ത്യാനികളെയും മുസ്ലിംകളെയും തമ്മിൽ തെറ്റിക്കുകയാണ്. അതിനായി ഫേക്ക് അക്കൗണ്ടുകൾ സ്ഥാപിച്ചു സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തുകയാണ്. അങ്ങനെയാണ് 'ഹലാൽ ഫുഡിനെതിരെ ക്രൈസ്തവ സഭകൾ' എന്ന വാർത്ത വരുന്നതും പാലാ നഗരത്തിൽ മുസ്ലിം പള്ളി വരുന്നത് വിവാദമാകുന്നതും. ക്രിസ്ത്യൻ ന്യൂനപക്ഷത്തിനു അവകാശപ്പെട്ട പല ആനുകൂല്യങ്ങളും മുസ്ലിംകൾ തട്ടിയെടുക്കുന്നു എന്നും ക്രിസ്ത്യൻ പെൺകുട്ടികളെ ലൗജിഹാദ് നടത്തി മതം മാറ്റി കടത്തികൊണ്ടു പോകുന്നു എന്നുമൊക്കെയുള്ള പ്രചരണങ്ങൾ ഇതിൻ്റെ ഭാഗമാണ്.
അസത്യങ്ങളും അർദ്ധസത്യങ്ങളും കൂട്ടിക്കലർത്തി രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണ് പലരും. തെറ്റിദ്ധാരണ പരത്തി കാര്യം സാധിക്കാൻ വർഗീയ വാദികൾ വഴി തേടുകയാണ്. അതിൽ ഇരുപക്ഷത്തുമുള്ള ചിലർ വീണുപോകുന്നു എന്നു മാത്രം. വാസ്തവത്തിൽ ഈ നാട്ടിൽ മുസ്‌ലിംകളും ക്രൈസ്തവരും തമ്മിൽ ഒരു പ്രശ്നവുമില്ല. എന്നിട്ടും തെറ്റിദ്ധാരണ പരത്തും വിധം വ്യാജ പ്രചരണങ്ങൾ നടന്നിട്ടും ഉത്തരവാദിത്തപ്പെട്ട സർക്കാർ പോലും വേണ്ട വിധം പ്രതികരിക്കുന്നില്ല. ഇത് ഇരു സമുദായവും തിരിച്ചറിയേണ്ടതുണ്ട്.
ക്രൈസ്തവ-മുസ് ലിം വിഭാഗങ്ങളിൽ നിന്ന് ഒരു പക്ഷത്തെ അടർത്തിമാറ്റി അധികാരത്തിലെത്താൻ സംഘ് പരിവാർ നടത്തുന്ന നാടകങ്ങൾ തിരിച്ചറിയാൻ നമുക്ക് സാധിക്കണം. ഗോൾവാൾക്കർ വിഭാവനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രത്തിൻ്റെ മൂന്നു ശത്രുക്കളിൽ ഒന്നാം സ്ഥാനത്ത് മുസ് ലിംകളും രണ്ടാം സ്ഥാനത്ത് ക്രിസ്ത്യാനികളുമാണ്. പരിവാർ ഫാഷിസം വെച്ചു നീട്ടുന്ന പച്ചിലകൾക്കു പിന്നാലെ പായുന്നവർ ഈ യാഥാർത്ഥ്യം തിരിച്ചറിയുന്നത് നന്ന്. അവരുടെ ഫേക്ക് ന്യൂസുകളിൽ വീണു, തമ്മിൽ തെറ്റാതെ നമുക്ക് കൈകോർത്തു നിൽക്കാം. നാം ശത്രുക്കളല്ല, സഹോദരങ്ങളാണ്.
Post a Comment