ശൈഖുനാ കെ ടി ഹംസ മുസ്ലിയാർ: വയനാടിന്റെ പണ്ഡിത പ്രതിഭ

മലപ്പുറം ജില്ലയിലെ ചാപ്പനങ്ങാടിയിലാണ് ശൈഖുനാ കെ ടി ഹംസ മുസ്ലിയാർ ജനിക്കുന്നത്.ചെറു പ്രായത്തിലേ പിതാവ് മരണപ്പെട്ടതിനാൽ ഉമ്മയുടെയും പെങ്ങന്മാരുടെയും കൂടെ വയനാട്ടിലുള്ള അമ്മാവന്മാരുടെ അടുക്കലേക്ക് താമസം മാറ്റി.

പ്രാഥമിക പഠന ശേഷം കോട്ടക്കലിനടുത്ത കൂരിയാട്ട് വാളക്കുളം സി കെ ബീരാൻ കുട്ടി മുസ്ലിയാരുടെ ദർസിൽ ചേർന്ന് നീണ്ട കാലത്തെ പഠനം.

അവിടെ നിന്ന് ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ചേർന്നു.വെല്ലൂർ അബൂബക്കർ ഹസ്റത്ത്,കണ്ണിയത്ത് ഉസ്താദ്,ശംസുൽ ഉലമ,കോട്ടുമല ഉസ്താദ്,കെ സി ജമാലുദ്ധീൻ മുസ്ലിയാർ എന്നിവരായിരുന്ന ജാമിഅയിലെ ഉസ്താദുമാർ.എ വി അബ്ദുറഹിമാൻ മുസ്ലിയാർ,ഇബ്രാഹിം പുത്തൂർ ഫൈസി ,ജലീൽ ഫൈസി പുല്ലങ്ങോട് എന്നിവർ ഉസ്താദിന്റെ ജാമിഅയിലെ ശരീഖുമാരായിരുന്നു .ജാമിഅയിൽ പഠിക്കുമ്പോൾ കെ പി ഉസ്മാൻ സാഹിബിന്റെ സഹായത്തോടെ ഉറുദു,ഇംഗ്ലീഷ് ഭാഷകളിലും പ്രാവീണ്യം നേടി.

1971 ൽ ജാമിഅയിൽ നിന്നും ബിരുദം നേടി ഇറങ്ങിയ ശേഷം മാനന്തവാടിക്കടുത്ത പാലാമുക്കിൽ പത്ത് വർഷത്തോളം മുദരിസും ഖതീബും സദ് ർ ആയും സേവനം ചെയ്തു.അക്കാലത്ത് തന്നെ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനിലും താലൂക്ക് സമസ്ത യിലും മറ്റും ഉസ്താദ് പ്രവർത്തിച്ച് തുടങ്ങിയിരുന്നു.ശേഷം പിണങ്ങോട് ജുമുഅത്ത് പള്ളി യിൽ ഖതീബായും മുദരിസായും ജോലിയിൽ പ്രവേശിച്ച ഉസ്താദ് ഒരു കാര്യത്തിന് വേണ്ടി കമ്മിറ്റി ഭാരവാഹികളുടെ കൂടെ ശംസുൽ ഉലമയെ കാണാൻ നന്തി ദാറുസ്സലാമിൽ ചെന്നു.ആ സമയത്ത് ശംസുൽ ഉലമ കെ ടി ഉസ്താദിനെ പ്രത്യേകം റൂമിലേക്ക് വിളിച്ചു വരുത്തി നിന്നെ സമസ്ത മുശാവറയിലേക്ക് എടുക്കുക ആണെന്ന് പറഞ്ഞു.അന്ന് കെ ടി ഉസ്താദിന് നാൽപതിൽ താഴെ ആയിരുന്നു വയസ്സ്.ഇപ്പോഴെ മുശാവറയിൽ പ്രവർത്തിക്കാനുള്ള പാണ്ഡിത്യമൊന്നും എനിക്ക് ഇല്ല എന്ന് കെ ടി ഉസ്താദ് ശംസുൽ ഉലമയോട് പറഞ്ഞപ്പോൾ ശംസുൽ ഉലമ പറഞ്ഞത് നിന്റെ ഇൽമ് എനിക്കറിയാം.സുന്നത്ത് ജമാഅത്തിനും സമസ്ത ക്കുമായി പ്രവർത്തിക്കണം.കത്ത് കിട്ടിയാൽ മുശാവറ യോഗത്തിന് വരണം

അങ്ങനെ1986 ൽ കേരളത്തിലെ തലയെടുപ്പുള്ള ആലിമീങ്ങളായ കണ്ണിയത്ത് ഉസ്താദ്,ശംസുൽ ഉലമ,കോട്ടുമല ഉസ്താദ്,കെ കെ ഹസ്റത്ത്,കെ വി ഉസ്താദ്,കെ സി ജമാലുദ്ധീൻ മുസ്ലിയാർ എന്നിവർ അടങ്ങുന്ന സമസ്ത യുടെ കേന്ദ്ര മുശാവറയിലേക്ക് ചെറുപ്പക്കാരനായ വയനാട്ടിലെ കെ ടി ഹംസ മുസ്ലിയാർ തിരഞ്ഞെടുക്കപ്പെട്ടു.

ആത്മീയ ചികിത്സ രംഗത്തും ആയുർവേദ ചികിത്സ രംഗത്തും വയനാട് ജില്ലയിൽ ഉസ്താദിന്റെ നാമം ശ്രദ്ധേയമാണ്.ദിനേന നൂറുകണക്കിന് ആളുകളാണ് ഉസ്താദിന്റെ വീട്ടിൽ എത്തുന്നത്.

ഇപ്പോൾ വയനാട്ടിലെ സുൽത്താൻ ബത്തേരി ദാറുൽ ഉലൂം അറബിക് കോളേജിലും സേവനം ചെയ്യുന്ന കെ ടി ഉസ്താദ് സമസ്ത യെ വയനാട് ജില്ലയിൽ കെട്ടിപ്പടുക്കുന്നതിലും മഹല്ല് ജമാഅത്തുകൾ സമസ്ത യുടെ കീഴിൽ ഉറപ്പിച്ച് നിർത്തുന്നതിലും വഹിച്ച പങ്ക് നിസ്തുലമാണ്.

ശൈഖുന ശംസുൽ ഉലമ ,കണ്ണിയത്ത് ഉസ്താദ്,ചാപ്പനങ്ങാടി ഉസ്താദ്,ഇ കെ ഉമറുൽ ഖിദിരി,സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ എന്നിവരുടെ ഇജാസിയത്ത് കഴിയും വിധം ജീവിതത്തിൽ കൊണ്ട് നടക്കുന്ന ഉസ്താദ് മൂന്നര പതിറ്റാണ്ടായി സമസ്ത കേന്ദ്ര മുശാവറയിലെ ശ്രദ്ധേയ സാന്നിധ്യം ആണ്.അര നൂറ്റാണ്ടോളമായി വയനാട്ടിലെ വിജ്ഞാന വീഥിയിൽ വെളിച്ചം വിതറുന്ന സമസ്ത യുടെ ഈ പണ്ഡിത കാരണവർക്ക് നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ..