കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍


വിനയത്തിന്റെയും പാണ്ഡിത്വത്തിന്റെയും തേജാരൂപമായിരുന്ന കോട്ട അബ്ദല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ക്രിസ്താബ്ദം 1939 നവംബര്‍ 17 (ഹി. 1358 ശവ്വാല്‍ 6) വെള്ളിയാഴ്ച സീമേ കോട്ട മമ്മു (മുഹമ്മദ് ക്ക) ന്റെയും ഖദീജയുടെയും മകനായി കാസറഗോഡ് ജില്ലയില്‍ ജനിച്ചു. മൊഗ്രാല്‍, കുമ്പള ഹൈസ്‌കൂള്‍ എന്നിവടങ്ങളില്‍ വെച്ച് പ്രാഥമിക പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഒളവട്ടൂര്‍, കരുവന്‍തിരുത്തി, പടന്ന, തൃക്കരിപ്പൂര്‍, ഇച്ചലങ്ങോട് എന്നിവടങ്ങളില്‍ ദര്‍സ് പഠനം നടത്തി. തുടര്‍ന്ന് ഉപരി പഠനത്തിനായി ദയൂബന്ത് (1964), ഡല്‍ഹി എന്നിവടങ്ങളില്‍ ചെന്നു.

       വെളിമുക്ക് കെ.ടി മുഹമ്മദ് മുസ്‌ലിയാര്‍, പറപ്പോട് എ അബ്ദുല്ല മുസ്‌ലിയാര്‍, പാനൂര്‍ സയ്യിദ് ഇസ്മാഈല്‍ പൂക്കോയ തങ്ങള്‍, വെല്ലൂര്‍ പി.വി മുഹമ്മദ് മുസ്‌ലിയാര്‍, ശൈഖുല്‍ ഹദീസ് സയ്യിദ് ഫഖ്‌റുദ്ദീന്‍ അഹ്മദ് മുസ്‌ലിയാര്‍, ചാലിയം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, ഫഖ്‌റുല്‍ ഹസന്‍, ഇബ്‌റാഹിം ഹസ്‌റത്ത് ബല്‍യാവി എന്നിവര്‍ പ്രധാന ഗുരുനാഥന്മാരാണ്. കുമ്പടാജെ ഖാസിയായിരുന്ന അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാരുടെ മകള്‍ റുഖിയ്യയെ ആയിരുന്നു കല്ല്യാണം കഴിച്ചിരുന്നത്.
എം.ഐ.സി അര്‍ശദുല്‍ ഉലൂം മുത്വവ്വല്‍ കോളേജ് – മാഹിനാബാദ്-ചട്ടഞ്ചാല്‍, കര്‍ണ്ണാടകയിലെ മുല്‍ക്കി ശാഫി മസ്ജിദ് (13 വര്‍ഷം), തായിലങ്ങാടി ഖിളര്‍ പള്ളി, തിരുത്തി ജുമാ മസ്ജിദ്, പറങ്കിപ്പേട്ട് ജുമാ മസ്ജിദ് (കര്‍ണ്ണാടക), നെല്ലിക്കുന്ന് ജുമാ മസ്ജിദ്, ഇച്ചിലങ്കോട് ജുമാ മസ്ജിദ്, ചെറുവത്തൂര്‍ ജുമാ മസ്ജിദ്, പുതിയങ്ങാടി ജുമാ മസ്ജിദ്, ഉമ്മത്തൂര്‍ കോളേജ് എന്നിവടങ്ങളില്‍ ദര്‍സ് നടത്തിയ കോട്ട അബ്ദുല്‍ ഖാദിര്‍  മുസ്‌ലിയാര്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജോയിന്റ് സെക്രട്ടറി, മംഗലാപുരം ഖാസി (1990 ഖാസി സ്ഥാനം ഏറ്റെടുത്ത് തുടര്‍ച്ചയായ 18 വര്‍ഷം നീണ്ടു നിന്നു), സമസ്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡംഗം, സമസ്ത കാസര്‍ഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട്, മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് വൈസ് പ്രസിഡണ്ട്, ഉമ്മത്തൂര്‍ അറബിക് കോളേജ് പ്രിന്‍സിപ്പാള്‍, എം.ഐ.സി അര്‍ശദുല്‍ ഉലൂം മുത്വവ്വല്‍ കോളേജ് പ്രിന്‍സിപ്പാള്‍, ചളിയങ്കോട് പള്ളി മദ്‌റസ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

          കേരളം അപൂര്‍വ്വമയാ മാത്രം പിരചയപ്പെട്ട ജ്ഞാനികളില്‍ ഒരാളായിരുന്ന കോട്ട ഉസ്താദ്. മലയാളം, അറബി, ഉറുദു, ഇംഗ്ലീഷ്, കന്നട, ഫാരിസി ഭാഷകളില്‍ പരിജ്ഞാനം നേടിയ ഉസ്താദ് ശാന്തതയിലൂടെയും മൗനത്തിലൂടെയും ജ്ഞാനവിപ്ലവങ്ങള്‍ സൃഷ്ടിച്ച ഒരു അക്ഷര സ്‌നേഹി കൂടിയായിരുന്നു. പണ്ഡിത ലോകത്തിന് മാതൃകയായിരുന്നു ഉസ്താദ്. തന്റെ ജീവത പാതയില്‍ അദ്ദേഹം വരച്ചിട്ട ജ്ഞാനധാര ചിന്തോദ്ധീപകമാണ്. ആ തൂലികകളും ധിഷണയും കേരളക്കരക്ക് അമൂല്യങ്ങളായ സംഭാവനകളര്‍പ്പിച്ചു.
ഉത്തര മലബാറിന്റെ മതവൈജ്ഞാനിക രംഗത്ത് ഉസ്താദ് തീര്‍ത്ത ചരിത്ര പാത ശ്രദ്ധേയമാണ്. വിദ്യാര്‍ത്ഥി, അദ്ധ്യാപകന്‍, ഗവേഷകന്‍, ജ്ഞാന ദാഹി, ജിജ്ഞാസു, സംഘാടകന്‍, ഖാസി, എഴുത്തുകാരന്‍, പ്രഭാഷകന്‍, ഭാഷാ പണ്ഡിതന്‍ എന്നിങ്ങനെ ഉസ്താദിന്റെ ജീവിത വഴിത്താര ധന്യമായിരന്നു. 
          ഏകാകിയായി കടന്നു ചെന്ന് സര്‍വ്വ രംഗങ്ങളിലും നിറഞ്ഞു നില്‍ക്കാന്‍ ഉസ്താദിന് സാധിച്ചു. സമസ്തയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം വരെ കരസ്ഥമാക്കി. ഉസ്താദിന്റെ പാണ്ഡിത്യത്തിനുള്ള ഒരു അംഗീകാരം കൂടിയായിരുന്ന അത്. മംഗലാപുരത്തെ ഖാസി സ്ഥാനം ആ അറിവിന്റെ വിഭവങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ ഒരു ഹേതുവായിത്തീര്‍ന്നു.

ഗോള ശാസ്ത്രത്തില്‍ പ്രാമുഖ്യം നേടിയ കോട്ട അബ്ദല്‍ ഖാദിര്‍ മുസ്‌ലിയാര്‍ 2008 സെപ്റ്റംബര്‍ 3 (1429 റമദാര്‍ 3) ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ ഇഹോലകവസം വെടിഞ്ഞു. മൊഗ്രാല്‍ കടപ്പുറം വലിയ ജുമുഅത്ത് പള്ളിയില്‍ ഇന്ന് ഉസ്താദ് അന്ത്യ വിശ്രമം കൊള്ളുന്നു.
കടപ്പാട്