വെള്ളിയും ജുമുഅയും: ഒരു സൂക്ഷ്മതക്കുറിപ്പ്



വെള്ളിയാഴ്ച വിശ്വാസികള്‍ക്ക് പെരുന്നാളാണ്. ആരാധനകള്‍ ആഘോഷമാകുന്ന പെരുന്നാള്‍. ഈ സമുദായത്തിനു ലഭിച്ച സൗഭാഗ്യവുമാണ് വെള്ളിയാഴ്ച. ആരാധനാ സമ്മേളനത്തിനൊരു ദിനം തെരഞ്ഞെടുക്കാന്‍ മുന്‍വേദക്കാരോട് പടച്ച തമ്പുരാന്‍ പറഞ്ഞപ്പോള്‍ ശനിയും ഞായറുമാണ് ജൂത, ക്രിസ്ത്യാനികള്‍ തെരഞ്ഞെടുത്തത്. എന്നാല്‍, ഈ ഉമ്മത്ത് തെരഞ്ഞെടുത്ത വെള്ളിയാഴ്ചയെ കുറിച്ച് തിരുനബി (സ്വ) പറഞ്ഞത് സൂര്യനുദിച്ചവയില്‍വച്ച് ഏറ്റവും ഉത്തമ ദിനം എന്നാണ്. മനുഷ്യന്റെ സൃഷ്ടിപ്പ് നടന്ന ദിവസമാണത്. ജൂത, ക്രിസ്ത്യാനികള്‍ അവരുടെ തെരഞ്ഞെടുപ്പിന് ആധാരമാക്കിയത് ആകാശ ഭൂമികളുടെ സൃഷ്ടിപ്പിന്റെ തുടക്കമോ ഒടുക്കമോ ആയിരുന്നു. പക്ഷേ, അവയുടെയെല്ലാം സൃഷ്ടിപ്പ് മനുഷ്യനു വേണ്ടിയായിരുന്നു എന്നതുകൊണ്ട്, മര്‍മസ്ഥാനിയായ മനുഷ്യന്റെ സൃഷ്ടിപ്പു ദിനം തന്നെയാണ് പ്രധാനം. എന്നാല്‍ മനുഷ്യനെ പടച്ചതിന്റെ ലക്ഷ്യമോ, ദൈവാരാധനയും. അപ്പോള്‍ വെള്ളിയാഴ്ച ആരാധനകളുടെ ആഘോഷമാകേണ്ടത് പ്രകൃതിയുടെ തേട്ടമായി മാറുന്നു.


ദിനങ്ങളുടെ നായകത്വം വെള്ളിക്കാണെന്നും സകല ദിനങ്ങളെക്കാളും, ചെറിയ വലിയ പെരുന്നാളുകളേക്കാള്‍ പോലും, അല്ലാഹുവിന്റെയടുത്ത് മഹത്വം ഈ ദിനത്തിനാണെന്നും നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആശങ്കയുടെ ദിവസം കൂടിയാണ് വെള്ളിയാഴ്ച. വെള്ളിയാഴ്ചകളില്‍, ആകാശ ഭൂമികളും കടലും കാറ്റും മാമലകളും അല്ലാഹുവിന്റെ ഇഷ്ട മാലാഖമാര്‍ പോലും അരുണോദയം വരെ ആകുലരായിരിക്കും. വാന, ഭുവന വാസികളെല്ലാം ചലനമറ്റു വീഴുന്ന സ്വൂര്‍ കാഹള മുഴക്കം, കൊടുംപിടുത്തം, പുനരുത്ഥാനം തുടങ്ങി കുഞ്ഞുങ്ങള്‍ പോലും നരച്ചുപോകുന്ന ലോകാവസാനത്തിന്റെ പല വിഹ്വലതകളും വെള്ളിയിലാണ് സംഭവിക്കുക. അതാണവരുടെ ആകുലതയുടെ ഹേതു. എന്നാല്‍, സകല ജീവികളും ഭയചകിതരായി നില്‍ക്കുമ്പോഴും ജിന്നും മനുഷ്യനും മാത്രം ആശങ്കയേതുമേശാതെ അന്തക്കേടിന്റെ മയക്കത്തിലായിരിക്കും.


പ്രപഞ്ച നാശത്തിന്റെ മേല്‍പറഞ്ഞ അടയാളങ്ങള്‍ പറയുന്നത് സൂറതു സുമറിലെ 69ാം സൂക്തത്തിലാണ്. അതിനു തൊട്ടുമുമ്പുള്ള സൂക്തം ശ്രദ്ധിക്കൂ: ‘അല്ലാഹുവിനെ അവര്‍ വേണ്ടവിധം പരിഗണിച്ചില്ല! അന്ത്യനാളില്‍ ഭുവനമഖിലവും അവന്റെ മുഷ്ടിയിലൊതുങ്ങുന്നതും ആകാശങ്ങള്‍ അവന്റെ കൈയില്‍ ചുരുളുകളായി ചുരുങ്ങുന്നതുമാണ്. അവര്‍ പുലര്‍ത്തുന്ന ദൈവബഹുത്വത്തില്‍നിന്ന് അല്ലാഹു എത്രയോ വിശുദ്ധനും സമുന്നതുമാകുന്നു’. ഈ സൂക്തം തുടങ്ങുന്നത് അവര്‍ അല്ലാഹുവിനെ കണക്കിലെടുത്തില്ല എന്ന ഗൗരവമുള്ളൊരു മുഖവുരയോടെയാണ്. വിശ്വാസികളെ ഏറെ ചിന്തിപ്പിക്കേണ്ടതാണ് ആ മുഖവുര. സ്‌തോഭജനകമായ അന്ത്യാടയാള ദുരന്തങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള വെള്ളിയാഴ്ചയും ആത്മീയ ജാഗ്രത പുലര്‍ത്തുന്നില്ലെങ്കില്‍ അത് അല്ലാഹുവിനെ അല്‍പവും മാനിക്കാത്തതിനു തുല്യമായിരിക്കും. അതുകൊണ്ട്, അല്ലാഹുവിനെ വേണ്ടവിധം കണക്കിലെടുക്കുന്നുണ്ടോ എന്ന ചോദ്യം പേര്‍ത്തും പേര്‍ത്തും സ്വയം ചോദിക്കുകയും ജുമുഅയുടെ കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തുകയും വേണം നാം.


വെള്ളിയാഴ്ചയിലെ ഏറ്റവും ശ്രേഷ്ഠ കര്‍മം ജുമുഅ തന്നെയാണെന്നതില്‍ തര്‍ക്കമില്ല. അതിന്റെ പുണ്യങ്ങള്‍ പ്രമാണങ്ങളില്‍ സമൃദ്ധമാണ്. ഒരു ജുമുഅ മുന്‍വാരത്തെ ജുമുഅ മുതലുള്ള പാപങ്ങളുടെ മോചനത്തിനു കാരണമാണെന്നു നബി (സ്വ). ജനങ്ങള്‍ ജുമുഅ കഴിഞ്ഞു പിരിഞ്ഞുപോകുന്ന സമയം വരെ, യാതൊരു കണ്ണും കണ്ടിട്ടില്ലാത്ത, കാതു കേട്ടിട്ടില്ലാത്ത, സങ്കല്‍പസാധ്യത പോലുമില്ലാത്ത വിഭവങ്ങളുടെ ഭണ്ഡാരങ്ങള്‍ സ്വര്‍ഗസ്ഥര്‍ക്കു തുറന്നു കൊടുക്കുമെന്നും ദിവ്യദര്‍ശനമടക്കമുള്ള സൗഭാഗ്യങ്ങള്‍ വര്‍ധിത തോതില്‍ വര്‍ഷിക്കപ്പെടുമെന്നും, അതുകൊണ്ടുതന്നെ വെള്ളിയാഴ്ചയോളം വേണ്ടപ്പെട്ടതായി അവര്‍ക്കു മറ്റൊന്നുമുണ്ടാകില്ലെന്നും ഹദീസില്‍ പറയുന്നുണ്ട്.


വെള്ളിയാഴ്ചയൊരു മുഹൂര്‍ത്തമുണ്ടെന്നും അപ്പോള്‍ ചെയ്യുന്ന പ്രാര്‍ഥനക്കു ഉത്തരം സുനിശ്ചിതമാണെന്നും നബിവചനം. ഖത്വീബ് മിമ്പറില്‍ കയറിയതു മുതല്‍ ജനങ്ങള്‍ പിരിഞ്ഞു പോകുന്നതു വരെയാണ് ആ സമയം എന്നാണ് ഒരഭിപ്രായം. മറ്റു അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും എല്ലാ സാധ്യതകളും ശ്രമിച്ചുനോക്കുക എന്നതാണ് സൂക്ഷ്മത. ചുരുങ്ങിയത്, ഈ ജുമുഅ സമയത്ത്, കൊറോണ മഹാമാരിയില്‍നിന്നു മാനവരാശിക്കു മോചനം ലഭിക്കാന്‍ വേണ്ടിയും, ഇതിന്റെ മറപിടിച്ചു നടക്കുന്ന ഭരണകൂട ഭീകരതക്കും ക്രൂര പീഡനങ്ങള്‍ക്കും അറുതിയുണ്ടാകാന്‍ വേണ്ടിയും ഒന്നിച്ചിരുന്നൊന്ന് കരയുകയെങ്കിലും ആവാമല്ലോ. മേല്‍വരികളെല്ലാം പള്ളി പ്രഭാഷണങ്ങളില്‍ കേട്ടുകേട്ടു ക്ലാവു പിടിച്ച പാഴ്‌വചനങ്ങളായി മാറിയിട്ടില്ലെങ്കില്‍, പകരം അതെല്ലാം ദിവ്യപ്രോക്തമായ അധ്യാപനങ്ങളാണെന്ന ഉത്തമ ബോധ്യമുണ്ടെങ്കില്‍ ഈ ദിവസത്തെ വിശ്വാസികള്‍ ഗൗരവം സമീപിക്കേണ്ടതാണ്. ജുമുഅ ഉപേക്ഷിക്കാനുണ്ടായിരുന്ന നിയമപരമായ കാരണം ഇല്ലാതായിരിക്കുന്നു. ഇനിയുള്ളത് വൈയക്തികമാണ്. അപ്പോള്‍ വ്യക്തികളാണ് അവരവരുടെ ജുമുഅയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.


ജുമുഅ ഉപേക്ഷിക്കാന്‍ പൊതുജന സമക്ഷം നമുക്കു കൊറോണയെ കാരണം പറയാം. പക്ഷേ, നമ്മുടെ മുങ്ങല്‍ പരിപാടിയെ റബ്ബിന്റെ മുന്നില്‍ നീതീകരിക്കാന്‍ ഈ കൊറോണ മറ ഇപ്പോഴും പര്യാപ്തമാണോ എന്നതാണ് പ്രസക്തമാകുന്ന പ്രശ്‌നം. സാമൂഹിക അകലവും ശുചിത്വവും പാലിക്കാത്ത, നിയന്ത്രണങ്ങളുടെ നൂല്‍ പൊട്ടിയ അങ്ങാടികളും കല്യാണ വീടുകളുമെല്ലാം നിര്‍ബാധം സന്ദര്‍ശിക്കുന്ന നമുക്ക്, അകലം പാലിച്ചു മുസല്ലയിടുന്ന, നിയന്ത്രണങ്ങള്‍ ജാഗ്രതയോടെ പാലിക്കുന്ന ജുമുഅയോടു മാത്രം ചതുര്‍ത്ഥി തോന്നുന്നത് എന്തുകൊണ്ടായിരിക്കാം? സര്‍വജ്ഞനായ അല്ലാഹുവിനു നാം എന്തു വിലയാണ് കല്‍പിച്ചു നല്‍കിയിട്ടുള്ളത്.


മൂന്നു ജുമുഅകള്‍ അകാരണമായി ഉപേക്ഷിച്ചാല്‍ ഹൃദയം കല്ലിച്ചുപോകാന്‍ ഇടയാകുമെന്ന് നബി (സ്വ). നന്മ തിന്മകള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം മനസ്സടഞ്ഞു പോകുന്നതിനെ കുറിച്ചാണ് നബി (സ്വ) താക്കീതു നല്‍കിയതെന്നു വിശദീകരിച്ചതിനു ശേഷം, ഇബ്‌നു അബ്ദില്‍ ബറ്ര്‍ (റ) ഒരു ചോദ്യം ചോദിക്കുന്നുണ്ട്. ‘മനുഷ്യന് ഇതിനേക്കാള്‍ വലിയൊരു പതനമുണ്ടോ?’. ഉമ്മ പെങ്ങന്മാരെ തിരിച്ചറിയാത്ത കാലത്ത് ഈ ചോദ്യത്തിനു പ്രസക്തി ഏറെയാണ്. ജുമുഅ ഉപേക്ഷിക്കുന്നവന്‍ ‘ഇസ്‌ലാമിനെ പുറകിലെറിഞ്ഞു’ എന്നും ‘തിരുത്താന്‍ കഴിയാത്ത വിധം കപട വിശ്വാസിയായി രേഖപ്പെടും’ എന്നുമെല്ലാം വിവിധ നിവേദനങ്ങള്‍ കാണാം. സര്‍വദോഷങ്ങളും പൊറുക്കപ്പെട്ട ബദ്‌രീങ്ങളില്‍ ചിലര്‍ അന്ധത ബാധിച്ചിട്ടു പോലും ജുമുഅ ഒഴിവാക്കിയിരുന്നില്ല എന്നതുകൊണ്ട് ജുമുഅയില്‍ ഉപേക്ഷവരുത്താന്‍ വകുപ്പ് കാണുന്നില്ല എന്ന് ഇമാം സുഹ്‌രി (റ). അകാരണമായി ജുമുഅ ഉപേക്ഷിച്ചാല്‍ അതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരുമെന്ന് ഇമാം ശാഫിഇ (റ) വ്യക്തമാക്കി.

✍🏼അബ്ദുസ്സലാം ബാഖവിവ വടക്കേകാട്