സക്കാത്തിൻ്റെ_മനോഹാരിത


സകാത്ത് വിഹിതം ഗവൺമെൻ്റ് ഫണ്ടിലേക്ക് കൊടുക്കാമോ ?

ധനികൻ സമ്പത്തിന്റെ രണ്ടര ശതമാനം പ്രതിവർഷം പാവപ്പെട്ടവർക്ക് നൽകണമെന്ന് നിഷ്കർഷിക്കുന്ന പ്രത്യേക ഇബാദത്താണ് (ആരാധനയാണ്) സക്കാത്ത്. കാർഷികവിളകളിലും ആട്, മാട്, ഒട്ടകങ്ങളിലും സകാത്ത് വിഹിതം ഇതിനേക്കാൾ കൂടുതലാണ്.

 1.സകാത്ത് കൃത്യമായി നടപ്പിലാക്കുന്ന നാട്ടിലൊരു ദരിദ്രൻ പോലുമുണ്ടാകില്ല ഉദാ: ആദ്യകാല ഇസ്ലാമിക രാജ്യങ്ങൾ.
 അലി(റ)വിൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: "നിശ്ചയം മുസ്ലിം സമ്പന്നരുടെ സമ്പത്തിൽ അവരിലെ പാവപ്പെട്ടവരുടെ പ്രയാസം ദൂരീകരിക്കാൻ പര്യാപ്തമായ അത്ര വിഹിതം അള്ളാഹു സക്കാത്തായി ചുമത്തിയിരുന്നു. ദരിദ്രൻ ഭക്ഷണം കിട്ടാതെ, വസ്ത്രം കിട്ടാതെ വിഷമിക്കുന്നെങ്കിൽ അവരിലെ സമ്പന്നരുടെ ചെയ്തി കൊണ്ട് മാത്രമാണ്. അറിയുക നിശ്ചയം അല്ലാഹു അവരെ വിചാരണക്കും കടുത്ത ശിക്ഷയും വിധേയമാക്കുക തന്നെ ചെയ്യും".

 2. നിർബന്ധമായ സക്കാത്തിന് പുറമേ അർഹർക്ക് ഐശ്ചിക ദാനം നൽകൽ ഇസ്‌ലാം വളരെ കൂടുതൽ പ്രോത്സാഹിപ്പിച്ചു. അതുകൊണ്ട് തന്നെ വ്യക്തികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത് ഏറ്റവും കൂടുതൽ മുസ്ലിംകൾക്കിടയിൽ ആണ്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ബൈത്തുറഹ്മ ഭവന നിർമ്മാണ പദ്ധതി,കെ.എം.സി.സി നടത്തുന്ന സി.എച്ച് സെൻറർ, എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തിലുള്ള സഹചാരി റിലീഫ് സെൽ ഉദാഹരണങ്ങൾ മാത്രം.

 3.സമ്പത്ത് സമ്പന്നരിൽ കുന്ന് കൂടി കിടക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. വിശുദ്ധ ഖുർആൻ പറയുന്നു: " ധനം സമ്പന്നരിൽ മാത്രം ക്രയവിക്രയം ചെയ്യപ്പെടുന്നതാകരുത്"(ഹശ്ർ). 

4.സകാത്ത് അർഹരായ അവകാശികൾക്ക് മാത്രമാണ് നൽകേണ്ടത്. എത്ര പുണ്യം ഉള്ളതാണെങ്കിലും ഇതര ആവശ്യങ്ങൾക്ക് വേണ്ടി അത് വിനിയോഗിച്ചുകൂടാ.പള്ളി,മതസ്ഥാപനങ്ങൾ, റോഡ്,പാലം  തുടങ്ങിയവക്കൊന്നും സക്കാത്ത് നൽകിക്കൂടാ.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദാനധർമങ്ങൾ ചെയ്യാം. രോഗികളെ സഹായിക്കാനും ദുരിതബാധിതരെ രക്ഷിക്കാനും രൂപീകരിക്കുന്ന ഇത്തരം ഫണ്ടുകളിലേക്ക് മുഖ്യമന്ത്രി ആവശ്യപ്പെട്ട പോലെ നാം ഉദാരമായി സംഭാവന ചെയ്യേണ്ടതാണ്. പക്ഷേ അത്  സകാത്ത് ഫണ്ടിൽ നിന്നായിക്കൂടാ.

5. പലിശ ഇസ്ലാം സമ്പൂർണമായി നിരോധിച്ചു. നബി ( സ ) തങ്ങൾ പറഞ്ഞു :  "അറിഞ്ഞുകൊണ്ട് ഒരു ദിർഹം പലിശ തിന്നൽ 36 തവണ വ്യഭിചരിക്കുന്ന തിനേക്കാൾ വലിയ തെറ്റാണ്.(അഹ്മദ്)

6. കടം നൽകൽ ഇസ്ലാം വളരെയധികം പ്രോത്സാഹിപ്പിച്ചു. നബി(സ) പറഞ്ഞു: "ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന് രണ്ടുതവണ കടം കൊടുത്താൽ ഒരു തവണ ദാനം ചെയ്തത് പോലെയായി" (ഇബ്നുമാജ).

ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ആണിക്കല്ലുകളിൽ ചിലതാണ് മുകളിൽ പറഞ്ഞത്. ഏറ്റവും നൂതനമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് സാമ്പത്തിക വ്യവസ്ഥ പോലും
 പരാജയപ്പെട്ട പശ്ചാത്തലത്തിൽ ഇന്നും ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ മനോഹരമായി നിലനിൽക്കുന്നു.

 #സക്കാത്ത്_നൽകുന്നവരുടെ_ശ്രദ്ധക്ക്

 1. കോവിഡ്‌ 19 ന്റെ പശ്ചാത്തലത്തിൽ എല്ലാവർക്കും ക്ഷീണം ഉണ്ട്. പക്ഷേ സക്കാത്ത് വിഹിതം നൽകേണ്ടവരും ദാനധർമ്മങ്ങൾ പതിവാക്കിയവരും നീട്ടിവെക്കുകയോ മാറ്റിവെക്കുകയോ മടി കണിക്കുകയോ ചെയ്യരുത്. കാരണം നബി (സ്വ) പറഞ്ഞു: "നിശ്ചയം നിങ്ങൾ മടി കാണിക്കുന്നത് വരെ അള്ളാഹു മടി കാണിക്കുകയില്ല"
( ബുഖാരി).

2. വളരെ പാവപ്പെട്ടവർക്ക് പലരും ചിലതൊക്കെ ചെയ്യുന്നു. മാന്യമായി നടക്കുന്ന ചിലരുണ്ട്. കണ്ടാൽ യാതൊരു കുറവും ഇല്ല. അവർ ആരോടും ഒന്നും ചോദിക്കില്ല. ലോക്ക് ഡൗണ് പശ്ചാത്തലത്തിൽ ജോലി ചെയ്തിട്ട് കുറേ ആയി. കിട്ടാവുന്ന കടമൊക്കെ വാങ്ങി. ഇനിയെന്ത് എന്ന് ചിന്തിക്കുന്ന മധ്യനിരയിലുള്ളവർ. ഇവരെ പ്രത്യേകം പരിഗണിക്കണം.

3. ഖത്തീബ്, മുദരിസ്,മുഅല്ലിം, മുഅദ്ദിൻ മറ്റു ഉസ്താദുമാർ തുടങ്ങിയ മത രംഗത്ത് പ്രവർത്തിക്കുന്നവർ ഇന്നേറെ വിഷമത്തിലാണ്. അവരെയും പ്രത്യേകം പരിഗണിക്കണം.

 4. സംഘടനകളെ സക്കാത്ത് ഏൽപ്പിക്കരുത്. കാരണം സക്കാത്ത് ഒരു ഇബാദത്താണ്. അതിന്റെ നിബന്ധനകൾക്കെതിരാണ് സംഘടനകളെ ഏൽപ്പിക്കൽ.

 5. സക്കാത്ത് പണത്തിന് മാത്രമല്ല റിയൽഎസ്റ്റേറ്റ് ഉൾപ്പെടെ എല്ലാ കച്ചവടങ്ങൾക്കും ഉണ്ട്. വിൽപ്പന ഉദ്ദേശിച്ച് വാങ്ങിവെച്ച ബിൽഡിങ്ങുകൾ, ഭൂമി തുടങ്ങിയവയൊക്കെ വർഷാവസാനം വില കണക്കാക്കി മൊത്തംവിലയുടെ രണ്ടര ശതമാനം സകാത്ത് നൽകണം.

അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്