"ജയ് ശ്രീ രാം" വിളിപ്പിച്ച് കൊല്ലുന്നവരറിയൂ...



വളരെ വലിയ സൽക്കാരപ്രിയനായിരുന്നു പ്രവാചകനായ ഇബ്റാഹീം(അ).  ഒരിക്കൽ വൃദ്ധനായ ഒരു മജൂസി (അഗ്നി ആരാധകൻ) അദ്ധേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചു. ഭക്ഷണം കഴിക്കാൻ നേരം ഇബ്റാഹീം (അ) നിർദേശിച്ചു: 'ആദ്യം താങ്കൾ അല്ലാഹുവിന്റെ നാമം ചൊല്ലുക.' മജൂസി നിരാകരിച്ചു.

വിശ്വാസകാര്യത്തിൽ കർക്കശനായതുകൊണ്ട് ഇബ്റാഹീം (അ) തന്റെ അതിഥിയെ പറഞ്ഞുവിട്ടു. ഉടനെ അല്ലാഹുവിന്റെ സന്ദേശം വന്നു: "അല്ല ഇബ്റാഹീം, എന്തിനാണ് എന്റെ നാമം ചൊല്ലാൻ വിസമ്മതിച്ചതിന്റെ പേരിൽ താങ്കൾ അതിഥിയെ പറഞ്ഞു വിട്ടത്? ഒരിക്കലെങ്കിലും  എന്റെ പേര്  പറയാത്ത  അയാൾക്ക് ഇത്രയും കാലം ഞാൻ ഭക്ഷണം കൊടുത്തല്ലോ!"

ഇബ്റാഹീമി(അ)ന് തെറ്റ് മനസ്സിലായി. വേഗംചെന്ന് അതിഥിയെ തിരിച്ച് വിളിച്ചു. സൽക്കാരത്തിനിടക്ക്  അല്ലാഹുവിൽ നിന്ന് ലഭിച്ച സന്ദേശം അയാളുമായി പങ്കുവെച്ചു.  ഉടനടി അയാൾ പ്രഖ്യാപിച്ചു: 'ഇത്രയും വലിയ കരുണയാണോ നിങ്ങൾ പരിചയപ്പെടുത്തുന്ന അല്ലാഹുവിനുള്ളത്?! എന്നാൽ ഞാനിതാ, അവനിൽ  വിശ്വസിക്കുന്നു'.

പറഞ്ഞു വരുന്നതെന്താണെന്നോ?  ഒരാളെകൊണ്ട് നിർബന്ധിച്ച്  പേര് പറയിച്ചതിന്റെ പേരിൽ ഒരു ദൈവത്തിന്റെയും വയർ നിറയാൻ പോവുന്നില്ല. ദൈവം അത് ആഗ്രഹിക്കുന്നുമില്ല.

ഏതൊരാളും ദൈവനാമം ജപിക്കുന്നത് മന:സംതൃപ്തിക്ക് വേണ്ടിയാണ്. നിർബന്ധിക്കപ്പെട്ട്  വിളിച്ചാൽ  അത് കിട്ടണമെന്നില്ല.
വിശ്വാസത്തിന്റെ ബാലപാഠങ്ങളായ ഇത്തരം കാര്യങ്ങൾ പോലും മനസ്സിലാക്കാൻ സാധിക്കാത്ത ആളുകൾ യഥാർഥത്തിൽ ശ്രീരാമന് അന്ത:സ്സല്ല, അപമാനമാണ് ഉണ്ടാക്കുന്നത്.