മദീനയുടെ പച്ചഖുബ്ബ
മദീനയുടെ പച്ചഖുബ്ബ വിശ്രുതമാണ്. ഓരോ വിശ്വാസിയുടെയും മനസിന്റെ കുളിര്‍മയാണത്. പ്രവാചക പ്രകീര്‍ത്തനങ്ങളിലുടനീളം നമുക്കത് കാണാനാകും. കുഞ്ഞുനാള്‍ മുതലേ നാം കണ്ടു വളര്‍ന്ന ചിത്രങ്ങളില്‍ ഒന്നു കഅ്ബയും മറ്റൊന്നു റൗളയുടെ പച്ചഖുബ്ബയുമാണ്. ഇളം മനസ്സുകളുടെ ധാരണ തന്നെ മക്കയെന്നാല്‍ കഅ്ബയും മദീനയെന്നാല്‍ റൗളയുടെ പച്ച ഖുബ്ബയുമാണെന്നാണ്.
മസ്ജുദുന്നബവിയുടെ തെക്ക് കിഴക്ക് മൂലയിലാണ് ഖുബ്ബതുല്‍ ഖള്‌റാഅ് എന്ന വിഖ്യതമായ പച്ചഖുബ്ബ നിലകൊള്ളുന്നത്. ഖുലഫാഉ റാഷിദുകളുടെ കാലം തൊട്ടേ അതു നിലവുലുണ്ടായിരുന്നെങ്കിലും ഇന്ന് കാണുന്ന രൂപത്തിന് സമാനമായി ആദ്യമായി നിര്‍മിക്കപ്പെട്ടത് എ.ഡി 1279 ലാണ്. അന്നു തിരുനബിയുടെ ഖബര്‍ ശരീഫിന് മുകളിലായി ഉണ്ടാക്കിയ ഖുബ്ബ ചായം തേക്കാത്ത, മരം കൊണ്ടു നിര്‍മിതിയായിരുന്നു. മംലൂക്ക് രാജവംശത്തിലെ സുല്‍ത്താന്‍ മന്‍സൂര്‍ അല്‍-ഖലാവുന്‍ ആണ് അത് പണി കഴിപ്പിച്ചത്.
1818ല്‍ ഉസ്മാനിയ്യ കാലഘട്ടത്തിലെ സുല്‍ത്താന്‍ മഹ്മൂദ് രണ്ടാമനാണ് ഇന്നു കാണുന്ന അതേ രൂപത്തിലുള്ള ഖുബ്ബ പണി കഴിപ്പിച്ചത്. കാലപ്പഴക്കം കൊണ്ടും കാലാവസ്ഥ വ്യതിയാനങ്ങള്‍ കൊണ്ടും കേടുപാടുകള്‍ വരാതെ സൂക്ഷിക്കാന്‍ മരത്തിനു ചുറ്റും ഈയ്യത്തിന്റെ ആവരണങ്ങള്‍ നല്‍കുകയും ചെയ്തു.
1837ലാണ് ആദ്യമായി ഈ ഖുബ്ബക്ക് പച്ചനിറം നല്‍കപ്പെട്ടത്. അതിനു മുമ്പുള്ള കാലങ്ങളില്‍ വെള്ള, നീല തുടങ്ങി പല ചായങ്ങളും കൊടുത്തിരുന്നു. 1805-ല്‍ സഊദു ബിന്‍ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ മക്കയും മദീനയും പിടിച്ചടക്കപ്പെടുകയും ഒരുപാട് മഖ്ബറകളും മിനാരങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തപ്പോഴും റൗളയുടെ ഖുബ്ബ അതേപടി നിലനിര്‍ത്തി. പിന്നീട് 1925-ലെ സൈനിക വിന്യാസങ്ങളുടെ ഘട്ടങ്ങളിലും തിരുറൗളയുടെ ഖുബ്ബയില്‍ കൈവെക്കാന്‍ ആരും ധൈര്യം കാണിച്ചില്ല.
1837ല്‍ പച്ച നിറം നല്‍കപ്പെട്ടതിനു ശേഷം കാലാന്തരങ്ങളായി അതേ പോലെ നില നില്‍ക്കുന്നു. പ്രവാചക സ്‌നേഹ ഗീതങ്ങളിലും പ്രഭാഷണങ്ങളിലും പച്ചഖുബ്ബ എന്ന സങ്കല്‍പ്പം പല രീതിയില്‍ വിന്യസിക്കപ്പെടുന്നത് ലോകത്തിലെ എല്ലാ സാഹിത്യങ്ങളിലും കാണാനാകും. ലോക മുസ്‌ലിം ജനതയുടെ മാനസിക തലങ്ങളില്‍ റൗളയുടെ പച്ചഖുബ്ബക്ക് അദമ്യമായ ശ്രേഷ്ഠസ്ഥാനം കല്‍പിക്കുന്നു. അതില്‍ ദിവ്യത്വമോ ഇസ്‌ലാമിക വിശ്വാസത്തിലെ ഏകദൈവ സങ്കല്‍പ്പത്തിന് നിരക്കാത്തതായോ ഒന്നുമില്ല എന്നത് സുവിദിതമാണ്. പ്രവാചക സ്‌നേഹത്തില്‍ നിന്നു ഉത്ഭവിച്ച ഒരു വികാരം മാത്രം.
തിരു നബിയുടെ കാലഘട്ടത്തില്‍നിന്നും എറെ കാതം ദൂരെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ അന്തരംഗങ്ങളില്‍ തിരുനബിയുടെ ചരിത്രവും തപ്തസ്മരണകളും അവാച്യമായ പ്രവാചകാനുരാഗവും നിലനിര്‍ത്തുന്ന ഒരു പ്രതീകമാണത്. 2006-ല്‍ പച്ചഖുബ്ബയുടെ നിറത്തിന് മാറ്റം വരുത്താന്‍ അധികൃതര്‍ ശ്രമിച്ചുവത്രെ. ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള മുസ്‌ലിം ഭരണാധികരികളുടെയും പ്രവാചക സ്‌നേഹികളുടെയും വിയോജിപ്പ് കണക്കിലെടുത്ത് ആ നീക്കത്തില്‍ നിന്നും സഊദി ഭരണകൂടം പിന്‍മാറുകയായിരുന്നു.
Post a Comment