സകാത്ത്-കുറി,കടം,അഡ്വാൻസ്,പി.എഫ്,സെക്യൂരിറ്റി


കടം

കിട്ടാനുള്ള കടത്തിനും സകാത്ത് നിര്‍ബന്ധമാണ്. കടമായി കിട്ടാനുള്ള സംഖ്യ  വെള്ളിയുടെ മൂല്യത്തിന്(595 ഗ്രാം) തുല്യമോ അതില്‍ കൂടുതലോ ആവുകയും കടം നല്‍കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍, പ്രസ്തുത സംഖ്യക്ക് സകത്ത് നല്‍കേണ്ടതാണ്. കിട്ടുമെന്ന് ഉറപ്പില്ലാത്തത് ലഭിച്ചാല്‍ കിട്ടിയതിന് ശേഷം കഴിഞ്ഞ ഓരോ വര്‍ഷങ്ങള്‍ക്കുമുള്ളത് കൊടുക്കണം. നഷ്ടപ്പെട്ടതോ പിടിച്ചുപറിക്കപ്പെട്ടതോ കളവ് പോയതോ ആയവ ലഭിച്ചാല്‍ മിനിമം കണക്കുണ്ടെങ്കില്‍ ഓരോ വര്‍ഷത്തിനും കൊടുക്കണം.

കുറി

ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന കുറികള്‍ക്കും സകാത്ത് നിര്‍ബന്ധമായേക്കാം. ഉദാഹരണം: മാസം 5000 രൂപ വീതം നല്‍കുന്ന രണ്ടു ലക്ഷത്തിന്റെ കുറിയാണെന്ന് സങ്കല്‍പിക്കാം. നാല്‍പത് മാസമായിരിക്കും കുറിയുടെ കാലാവധി. ഇതില്‍ ചേര്‍ന്ന ഒരാള്‍ എട്ട് മാസം കഴിയുന്നതോടെ 25,000 രൂപയുടെ ഉടമസ്ഥനായിത്തീരുന്നു. അവിടം മുതല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അയാള്‍ക്ക് കുറി ലഭിച്ചിട്ടില്ലെങ്കില്‍ അയാള്‍ പ്രസ്തുത തുകയ്ക്ക് സകാത്ത് നല്‍കേണ്ടതാണ്. സകാത് നര്‍ബന്ധമാവുന്ന കണക്ക് (595ഗ്രാം വെള്ളിയുടെ മൂല്യം) എത്തിയ ശേഷം ഒരു വര്‍ഷം കഴിയുമ്പോള്‍, കുറി ലഭിയ്ക്കാതെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണ്. കുറി ലഭിയ്ക്കുകയും വര്‍ഷം പൂര്‍ത്തിയാവും മുമ്പേ അത് ചെലവഴിക്കുകയും ചെയ്താല്‍ അവിടെ സകാത്ത് ബാധകമാവില്ല.

അഡ്വാന്‍സ്

കടകള്‍ക്കോ മറ്റോ നല്‍കുന്ന അഡ്വാന്‍സ് തുകയും സകാത്തിന്റെ പരിധിയില്‍ പെടുന്നതാണ്. പ്രസ്തുത തുക നല്‍കുന്നവന്റെ ഉടമസ്ഥതയില്‍ തന്നെയായതിനാല്‍, സകാത്തിന്റെ കണക്ക് ഉണ്ടെങ്കില്‍ വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ നാല്‍പതിലൊന്ന് സകാത് നല്‍കേണ്ടതാണ്.

സെക്യൂരിറ്റി

ഇന്ന് പലജോലികള്‍ക്കുമെന്ന പോലെ കോഴ്‌സുകള്‍ക്ക് വരെ വന്‍തുക സെക്യൂരിറ്റി നല്‍കേി വരുന്നു.ണ്ട ഇങ്ങനെ നല്‍കുന്ന സെക്യൂരിറ്റി തുകകള്‍ ജോലിയില്‍ നിന്ന് രാജിവച്ചോ കോഴ്‌സ് പൂര്‍ത്തിയാക്കിയോ പോരുമ്പോഴാണ് ലഭിക്കുന്നത്. ഇത്തരം സെക്യൂരിറ്റി തുകകള്‍ക്കും സകാത്തിന്റെ നിശ്ചിത കണക്ക് ഉണ്ടെങ്കില്‍ വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സകാത്ത് നല്‍കേണ്ടതാണ്.

പ്രോവിഡന്റ് ഫണ്ട്

സര്‍ക്കാര്‍ ജോലിക്കാര്‍ക്കും സ്വകാര്യ കമ്പനിത്തൊഴിലാളികള്‍ക്കും തൊഴില്‍ദായകര്‍ നല്‍കുന്നതാണ് പ്രോവിഡന്റ് ഫണ്ട്. ശമ്പളത്തിന്റെ നിശ്ചിത വിഹിതം മാസം തോറും പിടിച്ചുവച്ച് സേവനം അവസാനിപ്പിക്കുമ്പോഴോ ആവശ്യപ്പെടുമ്പോഴോ നല്‍കുകയാണ് ഇതിന്റെ രീതി. ഇവിടെയും സകാത്ത് നിര്‍ബന്ധമാകുന്നതാണ്. തനിക്ക് ലഭിക്കുന്ന തുകയുടെ വിഹിതം സകാത്തിന്റെ പരിധിയായ 595 ഗ്രാം വെള്ളിയുടെ അളവ് (ഇന്നത്തെ മാര്‍ക്കറ്റ് ഉദാ: 24,395 രൂപ) എത്തിക്കഴിഞ്ഞാല്‍ അതിന് സകാത്ത് നല്‍കണം. ശേഷം അയാളുടെ പി.എഫിലേക്ക് വരുന്ന എല്ലാ സംഖ്യക്കും ഇത് ബാധകവുമാണ്.