ശഅ്ബാൻ: ആത്മീയ വസന്തത്തിന്റെ പടിവാതിൽ


ശഅ്ബാൻ പുണ്യമാസം

ആത്മീയ വസന്തമാകുന്ന റമളാനിന്റെ കവാടമാണ് ശഅ്ബാൻ.
നബി(സ)യും അനുചരന്മാരും പ്രത്യേകം പ്രാധാന്യം കല്‍പ്പിച്ചിരുന്ന മാസമാണ് ശഅ്ബാന്‍. ഈ മാസത്തില്‍ നബി(സ) ധാരാളം നോമ്പനുഷ്ഠിച്ചതായി നബി പത്‌നി ആഇശ(റ) റിപ്പോര്‍ട്ടു ചെയ്യുന്നു. നബിയുടെ ഭാര്യമാരും ശഅ്ബാനില്‍ ധാരാളമായി നോമ്പനുഷ്ഠിച്ചിരുന്നു. റമദാന്റെ തൊട്ടുമുമ്പുള്ള മാസമായതിനാല്‍ ശഅ്ബാനിന് പ്രത്യേകം പരിഗണന ലഭിക്കുന്നുണ്ട് മുസ്‌ലിം സമൂഹത്തില്‍.

ശാഖ എന്നര്‍ത്ഥം വരുന്ന ശഅബ് എന്ന മൂലപദത്തില്‍ നിന്നാണ് ശഅ്ബാന്‍ എന്ന നാമം രൂപപ്പെടുന്നത്. അടുത്തുവരുന്ന റമളാന്‍ കാലത്തെ സത്കര്‍മപൂരിതമാക്കാനായി നന്മകൊണ്ടു പരിശീലനമൊരുക്കുക എന്ന അടിസ്ഥാന ദൗത്യമാണ് ശഅ്ബാന്‍ എന്ന ശാഖക്കുള്ളത് (ഗാലിയ 1/782, ഗുന്‍യ 1/187).

റജബ്, റമളാന്‍ എന്നീ രണ്ടു വിശുദ്ധ മാസങ്ങള്‍ക്കിടയില്‍ ഇടം പിടിച്ചതിനാല്‍, പലരും അലസഭാവത്തോടെ തള്ളിക്കളയുന്ന ദിനങ്ങളാണ് ശഅ്ബാനിന്‍റേത്. എന്നാല്‍ തിരുനബി(സ്വ)യും അവിടുത്തെ അനുചര ശ്രേഷ്ഠരുമൊന്നടങ്കം അതിപ്രാധാന്യത്തോടെ സമീപിച്ചിരുന്ന മാസമാണ് ശഅ്ബാന്‍. ഇതറിയിക്കുന്ന ഒട്ടനവധി സംഭവങ്ങള്‍ ഹദീസുകളില്‍ കാണാം.

സത്കര്‍മങ്ങളില്‍ മുഴുകിയ ശഅ്ബാനിലൂടെ റമളാനിനെ സ്വീകരിക്കുന്ന പതിവായിരുന്നു നബി(സ്വ)ക്കുണ്ടായിരുന്നതെന്ന് പ്രിയതമ ആയിശ(റ)യില്‍ നിന്നുദ്ധരിക്കുന്ന ഹദീസ് വ്യക്തമാക്കുന്നു (ലത്വാഇഫ് 1/253, ഗുന്‍യ 1/187). മാത്രമല്ല, ജനങ്ങള്‍ അലസമായി തള്ളിക്കളയുന്ന ഇക്കാലയളവിലെ ആരാധനകള്‍ക്ക് പ്രത്യേക പദവിയും പ്രതിഫലവും നല്‍കുമെന്ന് ലത്വാഇഫ് പറയുന്നു.

നോമ്പ്, ഖുര്‍ആന്‍ പാരായണം, നബി(സ്വ)യുടെ മേലിലുള്ള സ്വലാത്ത് തുടങ്ങിയ പ്രത്യേക ആരാധനകളിലൂടെയാണ് ഈ മാസത്തെ മഹാരഥന്മാര്‍ പരിഗണിച്ചുപോന്നത്.

ശഅ്ബാൻ ആദ്യരാത്രിയിൽ

"ശഅ്ബാൻ ആദ്യരാത്രിയിൽ  ചെയ്യേണ്ടത്
وعن بعض العارفين من أهل اليمن ان من قرأ من أول سورة الدخان الى قوله تعالى (رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ) خمس عشرة مرة في أول ليلة من شعبان ثم ذكر الله وأثنى عليه ثم صلى علي النبي صلى الله عليه وسلم مرارا ثم سأل الله ما أحب واختار من خير الدنيا والآخرة فإنه سريع الإجابة اه‍
(نهاية الأمل- ٢٨٠)
യമനിലെ ആരിഫീങ്ങളിൽ പെട്ട ഒരു മഹാൻ പറയുന്നു: ശഅ്ബാൻ ആദ്യരാത്രിയിൽ ഒരാൾ സൂറത്തു ദ്ദുഖാനിലെ ആദ്യത്തെ എട്ട് ആയത്തുകൾ പതിനഞ്ച് തവണ പാരായണം ചെയ്യുകയും ശേഷം  ദിക്റുകളും സനാഉം (തസ്ബീഹുകൾ പോലുള്ളവ) ചൊല്ലി
നബി ﷺയുടെ മേൽ നിരവധി തവണ സ്വലാത്തുകളും ചൊല്ലി ദുനിയാവിലും ആഖിരത്തിലും ഖൈർ ലഭിക്കുന്ന അവൻ ഇഷ്ടപ്പെടുന്ന ഏത് കാര്യം അല്ലാഹുവിനോട് ചോദിച്ചാലും പെട്ടെന്ന് ഉത്തരം ലഭിക്കുന്നതാണ്.
(നിഹാതുൽ അമൽ- 280)


നോമ്പിന് മഹത്വമേറെ.

റമളാനൊഴികെയുള്ള മാസങ്ങളില്‍ നബി(സ്വ) ഏറ്റവും കൂടുതല്‍ നോമ്പനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലായിരുന്നു. സൂക്ഷ്മതയോടെയും ബാധ്യതാ ബോധത്തോടെയും ചെയ്തുതീര്‍ക്കുന്ന അവിടുത്തെ നോമ്പ് കണ്ടു പത്നി ആയിശ(റ) ചോദിച്ചു: മറ്റു മാസങ്ങളില്‍ തങ്ങളനുഷ്ഠിക്കുന്ന നോമ്പുകളേക്കാള്‍ ഈ മാസം അനുഷ്ഠിച്ചു കാണുന്നുണ്ടല്ലോ? അവിടുന്ന് പറഞ്ഞു: മരണത്തിന്റെ മലക്ക് ജനങ്ങളുടെ ആത്മാവ് പിടിക്കാന്‍ സമയം രേഖപ്പെടുത്തുന്നത് ഈ മാസത്തിലാണ്. എന്റെ ആത്മാവ് ഞാന്‍ നോമ്പുകാരനായിരിക്കെ നിര്‍ണയം നടത്താനാണെനിക്കിഷ്ടം (ഹൈതമി, മജ്മഉസ്സവാഇദ് 3/192, അബൂയഅ്ല 8/312).

ഈ ഹദീസും മറ്റു ഹദീസുകളും ഉദ്ധരിച്ച്, ഇബ്നുല്‍ ജൗസി പോലും തന്റെ തബ്സ്വിറയില്‍ ശഅ്ബാന്‍ നോമ്പ് സുന്നത്താണെന്ന് പറയുന്നുണ്ട്. ശഅ്ബാന്‍ പൂര്‍ണമായും തങ്ങള്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു (ബുഖാരി) എന്ന ഹദീസ് വിശദീകരിക്കുന്ന പണ്ഡിതന്മാര്‍ യൗമുശക്ക് (റമളാനാണോ എന്ന സംശയദിവസം) നോമ്പ് സുന്നത്തുണ്ടോ എന്ന വിഷയത്തില്‍ മാത്രമാണ് അഭിപ്രായ ഭിന്നത പുലര്‍ത്തുന്നത് (ഗാലിയ 1/783).

ശഅ്ബാനില്‍ നബി(സ്വ)യും അവിടുത്തെ അനുചരരും നോമ്പനുഷ്ഠിച്ചത് പരാമര്‍ശിക്കുന്ന ഒട്ടനവധി ഹദീസുകളുണ്ട് (ലത്വാഇഫുല്‍ മആരിഫ് 1/256,257, മജ്മഉസ്സവാഇദ് 3/192 കാണുക).

ഖുര്‍ആന്‍ പാരായണത്തിന്റെ മാസം

ഖുര്‍ആനിന്റെ മാസമായ വിശുദ്ധ റമളാനിന് സ്വീകരണമൊരുക്കേണ്ടത് ഖുര്‍ആന്‍ പാരായണത്തിലൂടെയാണ്. അനസ്(റ) ഉദ്ധരിക്കുന്നു. ശഅ്ബാന്‍ പ്രവേശിച്ചാല്‍ ജനങ്ങള്‍ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുമായിരുന്നു. ഖുര്‍ആനില്‍ മുഖം കുത്തിവീഴുമായിരുന്നു എന്നര്‍ത്ഥം വരുന്ന അകബ്ബ എന്ന പദമാണ് അനസ്(റ) ഉപയോഗിച്ചിട്ടുള്ളത് (തഹ്ദീബുല്‍ കമാല്‍ 11/313, ലത്വാഇഫ്/258). സലമതുബ്നു കുഹൈല്‍ ഉദ്ധരിക്കുന്നു: ശഅ്ബാന്‍ മാസം ഖുര്‍ആന്‍ പാരായണക്കാരുടെ മാസമാണ് (സിയറു അഅ്ലാമിന്നുബല 5/295).

പ്രമുഖ പണ്ഡിതനും സ്വൂഫിവര്യനുമായിരുന്ന അംറുബ്നു ഖൈസില്‍ മുല്ലാസി(റ) ശഅ്ബാന്‍ പ്രവേശിച്ചാല്‍, തന്റെ സ്വകാര്യ ആരാധനാലയത്തില്‍ പ്രവേശിച്ച് വാതിലടച്ച് ഏറെ സമയം ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുമായിരുന്നു (ഹല്‍യതുല്‍ ഔലിയാഅ് 5/100, സിയറ് 6/250).

സ്വലാത്തിന്റെ മാസം

അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: “നബി(സ്വ) പറഞ്ഞു: ശഅ്ബാന്‍ എന്റെ മാസമാണ്.’ ഈ ഹദീസിന്റെ വിശാലാര്‍ത്ഥത്തില്‍ സ്വലാത്ത് വര്‍ധിപ്പിക്കല്‍ കൂടി ഉള്‍പ്പെടുമെന്ന് പണ്ഡിതര്‍ വിശദീകരിക്കുന്നു.

ശഅ്ബാനിലെ സ്വലാത്തിന്റെ പ്രത്യേകത പണ്ഡിതന്മാര്‍ വളരെയധികം വിശദീകരിക്കുന്നുണ്ട്. അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) ഗുന്‍യയില്‍ ഈ വിഷയം പ്രത്യേകമായി ചര്‍ച്ച ചെയ്യുന്നുണ്ട് (1/187,188).

നബി(സ്വ) സമുദായത്തിന്റെ പ്രകാശമാണ്. അവിടുത്തെ ഇഷ്ടവും മോഹവും സമുദായത്തിന്റെ കൂടി താല്‍പര്യമാണ്. ഇതുകൊണ്ട് തന്നെ അവിടുത്തേക്ക് ലഭിച്ച ഒരു പ്രത്യേക മാസം തങ്ങളുടെ പ്രീതിക്കുവേണ്ടി നീക്കിവെക്കാനാണ് പൂര്‍വികര്‍ ഉദ്ഘോഷിക്കുന്നത് (ഗ്വാലിയ 1/784).

ശഅ്ബാനിലെ ചരിത്ര സംഭവം

മുസ്‌ലിംകള്‍ അഞ്ചുനേരം നമസ്‌കരിക്കുമ്പോള്‍ തിരിഞ്ഞ് നില്‍ക്കുന്ന ഖിബ്‌ല കഅ്ബയായി നിശ്ചയിക്കപ്പെട്ടത് ശഅ്ബാനിലാണ്. ഇത് ശഅ്ബാനില്‍ നടന്ന വലിയൊരു ചരിത്ര സംഭവമാണ്. ഇബ്‌നു സഅദ് റിപ്പോര്‍ട്ടു ചെയ്യുന്നു: 'ഹിജ്‌റ രണ്ടാം വര്‍ഷം റജബിലോ ശഅ്ബാനിലോ നബി(സ) ബിശ്‌റുബ്‌നു ബറാഉബ്‌നു മഅ്മൂറിന്റെ വീട്ടില്‍ ഒരു സല്‍ക്കാരത്തിന് പോയപ്പോള്‍ അവിടെവെച്ച് ളുഹ്‌റ് നമസ്‌കാരത്തിനു സമയമായി. തിരുമേനി ജനങ്ങള്‍ക്കു ഇമാമായി നമസ്‌കരിക്കാന്‍ നിന്നു. രണ്ടു റക്അത്തു കഴിഞ്ഞ് മൂന്നാം റക്അത്തില്‍ നിന്നപ്പോള്‍ പെട്ടെന്ന് വഹ്‌യ് മുഖേന 'നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേരെ തിരിക്കുക, നിങ്ങള്‍ എവിടെയാണെങ്കിലും (നമസ്‌കാരത്തില്‍) അതിന്റെ നേരെ മുഖം തിരിക്കുക' എന്ന ഖുര്‍ആന്‍ വാക്യം അവതരിച്ചു. അപ്പോള്‍ തന്നെ തിരുമേനിയും പിന്നില്‍ നമസ്‌കരിക്കുന്നവരുമെല്ലാം ഒന്നായി ബൈത്തുല്‍ മുഖദ്ദിസിന്റെ ഭാഗത്തുനിന്ന് കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞു. പിന്നീട് മദീനയിലും പരിസര പ്രദേശങ്ങളിലും അത് വിളംബരം ചെയ്യപ്പെട്ടു. ബനൂ സലമ ഗോത്രത്തില്‍ പ്രസ്തുത വാര്‍ത്ത രണ്ടാം ദിവസം സ്വുബ്ഹ് നമസ്‌കാരവേളയിലാണ് ലഭിച്ചത്. ജനങ്ങള്‍ ഒരു റക്അത്ത് നമസ്‌കരിച്ചിട്ടുണ്ടായിരുന്നു. അപ്പോള്‍ തന്നെ ജമാഅത്തൊന്നായി കഅ്ബയുടെ ഭാഗത്തേക്കു തിരിഞ്ഞു. ബറാഉബ്‌നു ആസിബില്‍ നിന്നും ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം ഹിജ്‌റക്കുശേഷം നബി(സ) പതിനാറോ പതിനേഴോ മാസക്കാലം മസ്ജിദുല്‍ അഖ്‌സയിലേക്കാണു തിരിഞ്ഞു നമസ്‌കരിച്ചത്. റജബിലോ ശഅ്ബാനിലോ ഒരു ളുഹ്‌റിലോ അസ്വ്‌റിലോ ആണ് ഖിബ്‌ല മാറ്റത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

ഖിബ്‌ല മാറ്റം സംഭവിച്ചത് ഹിജ്‌റ രണ്ടാം വര്‍ഷം ശഅ്ബാന്‍ പതിനഞ്ചിനാണെന്നാണ് പൊതുവെ മനസ്സിലാക്കപ്പെടുന്നത്. നൂറ്റാണ്ടുകളോളം പ്രവാചകന്മാരുടെ അനുയായികളും ലോകനേതാക്കളുമായിരുന്ന ഇസ്രാഈല്യര്‍ തങ്ങളുടെ ചുമതല വിസ്മരിക്കുകയും സന്മാര്‍ഗദര്‍ശികള്‍ എന്ന തങ്ങളുടെ സ്ഥാനത്തിന് അനര്‍ഹരാവുകയും ചെയ്തപ്പോള്‍ ലോകനേതൃത്വം അല്ലാഹു അവരില്‍ നിന്ന് എടുത്ത് മാറ്റിയതിന്റെ പ്രതീകാത്മക പ്രവൃത്തിയാണ് ഖിബ്‌ല മാറ്റം എന്ന് പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇസ്രാഈല്യരുടെ തന്നെ സഹോദരനായ ഇസ്മാഈല്‍ നബിയുടെ വംശത്തിലൂടെ തുടക്കം കുറിക്കുന്ന മുസ്‌ലിം സമൂഹത്തിലേക്ക് നേതൃപദവി അല്ലാഹു നീക്കുന്നു എന്നു കുറിക്കുന്നുണ്ട് ബൈത്തുല്‍ മുഖദ്ദിസിലേക്ക് തിരിഞ്ഞവര്‍ കഅ്ബയിലേക്ക് തിരിഞ്ഞതിലൂടെ.

നനച്ച്കുളി

മലയാളക്കരയില്‍ പൊതുവെ ശഅ്ബാന്‍ മാസമായാല്‍ മുസ്‌ലിം വീടുകളില്‍ തകൃതിയായ ശുചീകരണത്തിരക്കുകള്‍ കാണാം. ഈ സമയത്ത് സ്ത്രീകള്‍ വീടും പരിസരവും ഉപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം വൃത്തിയാക്കുന്നു. പൊതു ഇടങ്ങളായ പള്ളികളും മറ്റും വെള്ളപൂശി നന്നാക്കുന്നതും ഈ സമയത്തുതന്നെ. നനച്ചുകുളി എന്ന് വ്യവഹരിക്കപ്പെട്ടുവരുന്ന ഈ യജ്ഞം റമസാനില്‍ ഉണ്ടാകുന്ന സാമൂഹ്യ ശാന്തതയെ സാരമായി സ്വാധീനിക്കുന്നു എന്നത് ശരിയാണെങ്കിലും ഇത് ശരിയായ അര്‍ഥത്തില്‍ പുലരേണ്ട തും ഉണ്ടാവേണ്ടതും ഇതിനേക്കാള്‍ വിശാലമായ ഒരു ഭൂമികയിലാണ്. അഥവാ റമസാനിനു വേണ്ടിയുള്ള ഒരുക്കങ്ങളും സജ്ജീകരണങ്ങളും ഓരോ വ്യക്തിയുടേയും മനസ്സില്‍ നിന്ന് ആരംഭിക്കേണ്ടതും അവന്റെ സകല ജീവിത ഘടകങ്ങളിലൂടെയും കടന്നുപോകേണ്ടതുമാണ്.
റമസാനുവേണ്ടിയുള്ള മുന്നൊരുക്കങ്ങളുടെ സാംഗത്യവും പ്രാധാന്യവും തിരിച്ചറിയാന്‍ നാം ആദ്യം റമസാനെ തിരിച്ചറിയുകയാണ് വേണ്ടത്. റമസാന്‍ എത്ര വലിയ അനുഗ്രഹമാണ് എന്ന് തിരിച്ചറിയുമ്പോള്‍ അതിനുവേണ്ടിയുള്ള ഒരുക്കങ്ങളുടെ പ്രാധാന്യം ബോധ്യമാകും.
കാര്യത്തിന്റെ ഗൗരവവും പ്രാധാന്യവുമാണ് പലപ്പോഴും അതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ അര്‍ഥമാക്കുക. നന്നായി ഒരുങ്ങുമ്പോള്‍ നന്നായി പരിഗണിക്കുന്നു എന്നുവരും. തീരെ ഒരുങ്ങാതിരിക്കുമ്പോള്‍ തീരെ പരിഗണിച്ചില്ല, കണക്കിലെടുത്തില്ല എന്നും വരും. അങ്ങനെ ചെയ്താല്‍ അത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളോടുള്ള അനാദരവായിരിക്കും.
റമസാനിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങേണ്ടത് മനസ്സില്‍ നിന്ന് തന്നെയാണ്. മനസ്സാണ് മനുഷ്യന്റെ കേന്ദ്രം. അവിടെയാണ് എല്ലാ പ്രവര്‍ത്തനങ്ങളും ജനിക്കുന്നത്. മനസ്സാണ് എല്ലാ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്നത്. മനസ്സില്‍ ഏറെ കുമിഞ്ഞ്കൂടുന്നത് പാപങ്ങളുടെ കൂമ്പാരങ്ങളാണ്. അവയെ ശുദ്ധീകരിക്കാന്‍ ആദ്യം വേണ്ടത് തൗബയാണ്. തൗബ പാപങ്ങളുടെ മാലിന്യങ്ങള്‍ കഴുകി ശുദ്ധീകരിക്കുന്നു. മാത്രമല്ല അത് മാനസികാരോഗ്യത്തെ വീണ്ടെടുത്തുതരികയും ചെയ്യുന്നു.

ചുരുക്കത്തില്‍ പതിവു പോലെ വീടും വീട്ടുപകരണങ്ങളും കഴുകി വൃത്തിയാക്കുന്നതല്ല, മനസ്സിനേയും ശരീരത്തേയും ജീവിത ശൈലിയേയും വൃത്തിയാക്കി റമസാനിനു വേണ്ടി ഒരുക്കുന്നതാണ് ശരിയായ നനച്ചുകുളി.

പ്രാർത്ഥനയിൽ മാറ്റം വേണ്ട.

റജബ് പ്രവേശിച്ചാൽ നബി തങ്ങൾ നടത്തിയിരുനന  പ്രാർത്ഥന യുടെ വചനം
اللهم بارك لنا في رجب وشعبان وبلغنا رمضان
 എന്നാണ്.
എന്നാൽ ശഅ്ബാനിൽ പ്രാർത്ഥിച്ച വചനം നിവേദനത്തിലെവിടെയും കാണുന്നില്ല.
അതിനാൽ വ്രസ്ഥുത വചനം തന്നെ ശഅ്ബാനിലും ഉപയോഗിക്കുന്നതാണ് കരണീയം.


ബറാഅത്ത് രാവ്

സൂറത്തു ദുഖാനിലെ മൂന്ന്, നാല് ആയത്തുകള്‍ പരാമര്‍ശിക്കുന്ന, ഖുര്‍ആന്റെ പ്രത്യേക കൈമാറ്റവും വിധിവിസ്താരവും നടക്കുന്ന രാത്രി ശഅ്ബാന്‍ പതിനഞ്ച് രാത്രി (ബറാഅത്ത്)യാണെന്ന അഭിപ്രായം ഒട്ടനവധി മുഫസ്സിറുകള്‍ ഉദ്ധരിക്കുന്നുണ്ട് (റൂഹുല്‍ മആനി, ഖുര്‍തുബി കാണുക).