കസേര നിസ്കാരം: ശരിയും തെറ്റും




ജാമിഅഃ സമ്മേളനത്തോടനുബന്ധിച്ച് ആലത്തൂർ പടി ദർസ് സ്റ്റുഡൻസ് പുറത്തിറക്കിയ “അദ്ദർസ്” അറബി സപ്ലിമെന്റിൽ
(مجلة الدرس ملحق خاص بمناسبة الاحتفال السنوي ٥٥ للجامعة النورية العربية)

അബ്ദുസ്സലാം ഫൈസി ചോളോട് എഴുതിയ 
കസേര നിസ്കാരം
(الصلاة جالسا علي الكراسي)

എന്ന ലേഖനത്തിന്റെ മലയാള വിവർത്തനം
വിവർത്തനം: അബൂത്വഹിർ ഫൈസി  മാനന്തവാടി 
••••••••••••••••••••••••••••••••••••••••••••••••••••••




••••••••••••••••••••••••••••••••••••••••••••••••••••••
بســــــــم اللــــه الرحـــــــمن الرحــــــــــــيم
വളരെ പ്രധാനപ്പെട്ടതും ജനങ്ങൾക്കിടയിൽ സംശയം ജനിപ്പിച്ചിരിക്കുന്നതുമായ ഒരു മസ്അലയെ കുറിച്ചാണ് നാമിവിടെ ചർച്ച ചെയ്യുന്നത്.
ശരിയിലേക്ക് അല്ലാഹു നമ്മെ ചേർക്കുകയും നമ്മുടെ സംശയങ്ങളെ അല്ലാഹു പര്യാവസാനിപ്പിക്കുകയും ചെയ്യുമാറാവട്ടെ. ആമീൻ.

 കഴിവുള്ളവൻ നിൽക്കണമെന്നത് നിസ്കാരത്തിന്റെ ഒരു നിബന്ധനയാണെന്ന് നമുക്കറിയാം.

 ഇബ്നു ഹജർ(റ) പറയുന്നു:
റുക്നുകളിൽ മൂന്നാമത്തേത് ഫർള് നിസ്കാരത്തിൽ കഴിവുള്ളവൻ നിൽക്കുക എന്നതാണ്.
  മൂലക്കുരു ബാധിച്ചിരുന്ന ഇംറാനുബ്നു ഹുസൈൻ(റ) എന്നവരോട് നബി(സ) പറഞ്ഞു: നിങ്ങൾ നിന്ന് നിസ്കരിക്കുക. അതിന് സാധിക്കുന്നില്ലെങ്കിൽ ഇരുന്ന് നിസ്കരിക്കുക. അതിനും കഴിവില്ലെങ്കിൽ ചെരിഞ്ഞ് കിടന്നും അതിനും കഴിയുന്നില്ലെങ്കിൽ മലർന്ന് കിടന്നും നിസ്കരിക്കുക. അല്ലാഹു ഓരോ ശരീരത്തിനോടും സാധിക്കുന്നത് മാത്രമേ കീർത്തിക്കുകയുള്ളൂ.(ബുഖാരി,നസാഈ)(തുഹ്ഫ-2/20)

കൽയൂബി പറയുന്നു;
നിൽക്കൽ നിർബന്ധമാണ് എന്നത് വടി പോലുള്ള വസ്ഥുവിന്റെ സഹായം കൊണ്ടു നിൽക്കലിനേയും ഉൾകൊള്ളിച്ചു. അത് എഴുന്നേൽക്കാൻ വേണ്ടിയോ എഴുന്നേറ്റ ശേഷം നിർത്തത്തെ സ്ഥിരപ്പെടുത്താൻ വേണ്ടിയോ രണ്ടിനും കൂടിയോ ആയാലും ശരി. ഇതാണ് പ്രബലം.(കൽയൂബി-1/145)

“മൂന്ന്: നിൽക്കുക. അത് അവന്റെയും അവന്റെ ആശ്രിതരുടേയും ചിലവ് കഴിച്ചുള്ള  കൂലി കൊടുത്ത സഹായിയെ കൊണ്ടായാലും”(മുഗ്നി, ശർവാനി)

വളരെ ഗൗരവത്തിൽ പരിഗണിക്കേണ്ട പരാമർശങ്ങളാണിത്, കാരണം
വടി,ചുവര്,അപരൻ(കൂലിക്കായാൽപോലും) എന്നിവയുടെ സഹായത്താൽ നിൽക്കാൻ കഴിയുന്ന ഒരാൾക്കും ഇരുന്ന് നിസ്കരിക്കൽ അനുവദനീയമേ അല്ല. അപ്പോൾ നിൽക്കാൻ പറ്റാത്ത അശക്തത വളരെ അത്യപൂർവ്വമായി സംഭവിക്കുന്നത് മാത്രമാണ്.

 എന്നാൽ ഇന്ന് ധാരാളം കസേര നിസ്കാരക്കാരെ നാം കാണുന്നു. അവർ അശക്തരാണെന്നാണ് അവരുടെ ഭാവം. പക്ഷെ യഥാർത്ഥത്തിൽ അവർ ഇരിക്കാൻ അർഹതപ്പെട്ടവരല്ല.

ഉപരിസൂചിത വകുപ്പുകൾ പ്രകാരം പതിവിലും സഹിക്കവെയ്യാത്ത പ്രയാസം കാരണം ഇരിക്കാൻ കഴിയാത്തവന്ന് ഇരുന്ന് നിസ്കരിക്കാം.
മിൻഹാജ് പറയുന്നത് കാണുക.
നിൽക്കാൻ കഴിയാത്തവൻ “ഉദ്ധേശിച്ചത് പോലെ ഇരിക്കട്ടെ”

“ഉദ്ധേശിച്ചത് പോലെ ഇരിക്കട്ടെ”
----------—-----------------------
ഇമാം ശർവാനി പറയുന്നു:
(അവനുദ്ധേശിച്ചത് പോലെ ഇരിക്കട്ടെ) അതായത് അവൻ ഉദ്ധേശിച്ച രൂപത്തിൽ അവന്ന്  ഇരിക്കാവുന്നതാണ്. ഇഫ്തിറാശോ, കാൽ നീട്ടിയോ അത് പോലെ വേറേത് രൂപത്തിലോ ആവാം (ശർവാനി-2/24)

കസേര ഇരുത്തവും “കൈഫ ശാഅ” യിൽ പ്രവേശിച്ച ഇരുത്തമാണ്.
കസേര ഇരുത്തം ഇരുത്തമായി പരിഗണിക്കില്ലെന്ന് ചിലർ പറയുന്നത് ശരിയല്ല.

രണ്ട് ഖുത്വുബകൾക്കിടയിൽ ഖതീബ് ഇരിക്കൽ നിബന്ധനയാണല്ലോ. അവിടെ കസേര ഇരത്തവും സാധുവല്ലേ.?
കാരണം മിമ്പറിൽ ഇരിക്കുന്നതും കസേര ഇരുത്തവും ഒരു പോലെ തന്നെയാണ്.

ഇപ്രകാരം ഒരു രോഗി  നിലത്തേക്ക് കാല് തൂക്കിയിട്ട്  കട്ടിലിൽ ഇരുന്ന് നിസ്കരിച്ചാൽ അത് സാധുവാണ്. പിന്നെ എങ്ങനെ മേൽ പറഞ്ഞവരുടെ വാദം ശരിയാകും.?

കസാര ഇരുത്തത്തിന്റെ വിവിധ ഇനങ്ങൾ
-------------------------------------------
കസേരയിലിരുന്ന് നിസ്കരിക്കുന്നവർ വിവിധ വിധക്കാരാണ്.
ചില രൂപങ്ങളിൽ നിസ്കാരം സാധുവാകുമ്പോൾ ചിലരുടേത് അസാധുവാകുന്നു.

1 നിർത്തം,റുകൂഅ്,സുജൂദ് എന്നിവക്ക് കഴിവില്ലാത്തവൻ.
തുടക്കം മുതൽ കസേരയിൽ ഇരുന്ന് റുകൂഉം സുജൂദും ആംഗ്യത്തിൽ നിർവഹിച്ചാൽ ഇവന്റെ നിസ്കാരം സാധുവാണ്. കാരണം ഇവൻ ശരിയായ അശക്തനാണ്.

2 നിർത്തം,റുകൂഅ്,സൂജൂദ് എന്നിവ സാധ്യമാകാത്ത വെക്തി. പക്ഷെ നിലത്തിരുന്നാൽ റുകൂഉം സുജൂദും പൂർണമായി ചെയ്യാൻ ഇവന്ന് സാധിക്കുന്നു.
ഇയാൾ കസേരയിലിരുന്നാൽ നിസ്കാരം സാധുവാകില്ല. പൂർണമായ സൂജൂദിന് സാധിച്ചിരിക്കെ അത് ഉപേക്ഷിച്ചു എന്നതാണ് കാരണം.
നിലത്തിരുന്നാൽ പൂർണ്ണമായി റുകൂഉം സുജൂദും ചെയ്യാമെന്നിരിക്കെ
കസേരയിലിരുന്ന് സൂജൂദിനും റുകൂഇനും വേണ്ടി അവൻ ചെയ്യുന്ന ആംഗ്യങ്ങൾ പരിഗണനീയമല്ല.
അതിനാൽ അവൻ നിലത്തിരുന്ന് അവ രണ്ടും പൂർത്തിയാക്കി നിസ്കരിക്കുകയാണ് വേണ്ടത്.

3 നിൽക്കാൻ കഴിയും, പക്ഷെ റുകൂഇനും സുജൂദിനും നിരുപാധികം സാധിക്കാത്തവൻ.
അഥവാ നിന്നാലും ഇരുന്നാലും തഥൈവ.
ഇവൻ നിന്ന് നിസ്കരിക്കുകയും സൂജൂദ് റുകൂഇന്ന് വേണ്ടി സാധിക്കും പ്രകാരം ആംഗ്യം കാണിക്കുകയുമാണ് വേണ്ടത്.
തുഹ്ഫ പറയുന്നു:
ഒരാൾക്ക് നിൽക്കാൻ സാധിക്കുകയും റുകൂഅ് സുജൂദിന് സാധിക്കാതെ വരികയും ചെയ്താൽ നിർബന്ധമായും നിന്ന് നിസ്കരിച്ച് സാധ്യമാകും വിധം റുകൂഅ് സുജൂദ് ചെയ്യേണ്ടതാണ്.(തുഹ്ഫ- മിൻഹാജ്-2/23)

ഇയാൾ നിസ്കാരം മുഴുവൻ നിൽക്കുകയും ഫാതിഹ,സൂറത്ത് എന്നിവ ഓതിയ ശേഷം റുകൂഅ് സൂജൂദിന് വേണ്ടി ആംഗ്യം കാണിക്കുകയുമാണ് വേണ്ടത്. ശേഷം നിന്ന് കൊണ്ട് തന്നെ അത്തഹിയ്യാത്ത് ഓതി സലാം വീട്ടണം.
ആംഗ്യം കാണിക്കുമ്പോൾ സാധിക്കുമെങ്കിൽ റുകൂഇനെക്കാൾ അൽപ്പം താഴ്തിയാണ് സൂജൂദിന്റെ ആംഗ്യം നിർവ്വഹിക്കേണ്ടത്.

4 നിർത്തവും റുകൂഉം സാധിക്കും പക്ഷെ സൂജൂദ് ചെയ്യാൻ സാധിക്കാത്തവൻ. ധാരാളം നാടുകളിൽ നമ്മൾ കാണാറുള്ളത് ഇവരെയാണ്.
ഇവൻ തുടക്കം മുതൽ കസേരയിൽ ഇരുന്ന് നിസ്കരിച്ചാൽ സാധുവാകില്ല. അതേ പ്രകാരം കസേരയിൽ ഇരുന്ന് റുകൂഅ് ചെയ്താലും സാധുവാകില്ല. നിൽക്കാനും പൂർണ്ണ അവസ്ഥയിൽ റുകൂഅ് ചെയ്യാനും സാധിച്ചിരിക്കെ അത് ഉപേക്ഷിച്ചതാണ് കാരണം.

നേരെ മറിച്ച് നിന്ന് ഫാതിഹയും സൂറത്തും ഓതി റുകൂഅും ഇഅ്തിദാലും കഴിഞ്ഞ ശേഷം കസേരയിലിരുന്ന് സൂജൂദിന് വേണ്ടി കുനിഞ്ഞ് ആംഗ്യം നിർവഹിച്ചാൽ ഇവന്റെ നിസ്കാരം സാധുവാണ്.

പക്ഷെ ഈ ഒരു സുജൂദിന്റെ ആംഗ്യത്തിന് മാത്രമായി ഇവൻ കസേരയിൽ ഇരിക്കൽ നിബന്ധമില്ല. അത് നിന്ന് കൊണ്ട് തന്നെ നിർവഹിച്ചാലും മതിയാകുന്നതാണ്.
ഇമാം ശർവാനി പറയുന്നു:
«ولا يلزم القعود للإيماء بالسجود ولكن ينبغي القعود للتشهد والسلام»(شرواني-٢/٢٣)
സൂജൂദിന് ആംഗ്യം കാണിക്കാൻ വേണ്ടി ഇരിക്കൽ നിർബന്ധമില്ല പക്ഷെ അത്തഹിയ്യാത്തിനും സലാമിനും വേണ്ടി ഇരിക്കൽ അനിവാര്യമാണ്.(ശർവാനി-2/23)

ഇവിടെ മറ്റൊരു രീതി കൂടി ഉണ്ട്.
റുകൂഇന് നിന്നും സുജൂദിന് ഇരുന്നും ആംഗ്യം നിർവഹിക്കണമെന്നാണത്.
അതിന്റെ ഉദ്ധരണി ഇപ്രകാരം കാണാം.

“ഒരാൾക്ക് നിൽക്കാനും ഇരിക്കാനും സാധിക്കും പക്ഷെ സുജൂദും റുകൂഉം അസാധ്യമായാൽ  നിർത്തത്തിന്റെ അവസരത്തിൽ നിൽക്കുകയും സൂജൂദിന്റെ അവസരത്തിൽ ഇരിക്കുകയും തല,പിരടി എന്നിവ കൊണ്ട് റുകൂഅ് സുജൂദുകൾക്ക് വേണ്ടി ആവും വിധം ആംഗ്യം കാണിക്കുകയും വേണം, അതോടൊപ്പം സൂജൂദ് ഇരുന്നും റുകൂഅ് നിന്നുമായിരിക്കണം.”
(റംലി-1/146)

പണ്ഡിതരുടെ ഈ വാക്കുകളിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത് ഇങ്ങനെ കുറിക്കാം.
സുജൂദിന്ന് വേണ്ടി ആംഗ്യം കാണിക്കുന്നത് ഇരുന്ന് തന്നെ ആവൽ നിർബന്ധമില്ലെങ്കിൽ പോലും നിന്ന് ചെയ്യുന്നതിനേക്കാൾ നല്ലതാണ്.

5 നിൽക്കാനും ഇരിക്കാനും കഴിയും, പക്ഷെ ഇരുന്നാൽ അടുത്ത റക്അത്തിലേക്ക് എഴുന്നേൽക്കാൻ കഴിയാത്തവൻ.
ഉദാഹരണമായി ഒരാൾ നിന്ന് ഖിറാഅത്ത് നിർവഹിച്ച ശേഷം റുകൂഅ്, സൂജൂദ് എന്നിവ ചെയ്തു പക്ഷെ അടുത്ത റക്അത്തിന് വേണ്ടി നിർത്തത്തിലേക്ക് ഉയരാൻ സാധിക്കുന്നില്ല.
ഇവൻ വടിയുടേയോ അപരന്റെയോ സഹായത്താൽ നിൽക്കാൻ സാധിച്ചാൽ അങ്ങനെ ചെയ്യുകയും അങ്ങനെ സാധിക്കാതെ വന്നാൽ ബാക്കി ഇരുന്ന് നിസ്ക്കരിക്കുകയും ചെയ്യണം.

6 തനിച്ചാണ് നിസ്കരിക്കുന്നതെങ്കിൽ നിൽക്കാൻ സാധിക്കുകയും, ജമാഅത്തായി നിസ്കരിക്കുമ്പോൾ ഇടയിൽ ഇരിക്കാതെ പൂർണ്ണമായി നിൽക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നവൻ..

ഇവനെ സംബന്ധിച്ച് തനിച്ച് നിസ്കരിക്കലാണ് ഏറ്റവും ശ്രേഷ്ടം. എങ്കിലും ഇവന്ന് ജമാഅത്തായും നിസ്കരിക്കാവുന്നതാണ്.
അത്തരുണത്തിൽ നിർത്തം സാധിക്കാതെ വരുമ്പോൾ മാത്രം ഇരിക്കുകയും നിൽക്കാനുള്ള ആവതാകുമ്പോൾ നിൽക്കുകയും ചെയ്യണം. ഇപ്രകാരം തുടർന്ന് പ്രവർത്തിക്കേണ്ടതാണ്...

7 ഫാതിഹ മാത്രമോതിയാൽ നിന്ന് തന്നെ നിസ്കാരം പൂർത്തീകരിക്കുകയും, സൂറത്തോതിയാൽ ഇരിക്കാതെ അതിന് സാധിക്കാതിരിക്കുകയും ചെയ്യുന്നവൻ.

നിസ്കാരം മുഴുവൻ നിന്ന് നിർവഹിക്കുന്നവനാൻ വേണ്ടി ഫാതിഹ മാത്രം ഓതി നിസ്കരിക്കലാണ് ഇവന്ന് ശ്രേഷ്ടമായത്.
അതോടൊപ്പം സൂറത്തോതി നിർത്തം അശക്തമാകുന്ന ഘട്ടങ്ങളിൽ മാത്രം അവന്ന് ഇരുന്നും നിസ്കരിക്കാവുന്നതാണ്.

ഇവന്റെ കാര്യത്തിൽ പണ്ഡിതന്മാർ പറഞ്ഞത് ഇപ്രകാരം വായിക്കാം.

അവൻ നിയ്യത്തിനും ഫാതിഹക്കും വേണ്ടി നിൽക്കണം, പിന്നെ സൂറത്തിന് വേണ്ടി ഇരിക്കണം. പിന്നെ റുകൂഇന് വേണ്ടി വീണ്ടും നിൽക്കണം ഇപ്രകാരം തുടരണം..(ശർവാനി,ഇബ്നു ഖാസിം-2/23)

രത്നച്ചുരുക്കം
-----------

•നിസ്കാരത്തിൽ നിൽക്കേണ്ട സന്ദർഭങ്ങളിൽ നിൽക്കാൻ കഴിവുള്ളവന്ന് നിർത്തം നിർബന്ധമാണ്.

•നിർത്തം അശക്തമാകുന്ന മാത്രയിൽ ഇരുത്തത്തിലേക്ക് മാറാം.

•കസേരകളിൽ ഇരിക്കുന്നതും ഒരു തരം ഇരുത്തം തന്നെയാണ്. ഇഫ്തിറാഷ്,തറബ്ബുഅ്, തവറുക്ക് എന്നിവയാണ് യഥാക്രമം ശ്രേഷ്ടമായ ഇരുത്തങ്ങൾ എങ്കിലും.

•നിൽക്കാൻ കഴിവുണ്ടായിരിക്കെ നിസ്കാര തുടക്കത്തിലേ ഇരിക്കൽ അനവദനീയമല്ല. കാരണം എളുപ്പമായത് പ്രയാസമായത് കൊണ്ട് ഒഴിവയിപ്പോകില്ല എന്നത് പൊതു നിയമമാണ്.
••••••••••••••••••••••••••••••••••••••••••••••••••••••