റബീഉല്‍ ആഖിര്‍ മാസം ആഗതമാകുമ്പോൾ
പുണ്യനബി മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ ജന്മദിനം കൊണ്ടനുഗ്രഹീതമായ പുണ്യ റബീഉല്‍ അവ്വല്‍ മാസം നമ്മോടു വിടപറയുകയായി,രണ്ടാം വസന്തമെന്ന പേരിൽ പുകൾപെറ്റ റബീഉല്‍ ആഖിര്‍ മാസം നമ്മളിലേക്ക് വന്നെത്തുകയായി. റബീഉല്‍ ആഖിര്‍ മാസം ആഗതമാകുന്നതോടെ വിശ്വാസികളുടെ മാനസങ്ങളില്‍ ആദ്യം ഓടിയെത്തുന്നത് ഖുതുബുല്‍ അഖ്ത്വാബ് ഗൌസുല്‍ അഅ്ളം ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനീ (ഖു:സി) തങ്ങളുടെ സ്മരണയാണ്.

ഇരുളടഞ്ഞ ലോകത്തിന് ആത്മീയതയുടെ മഹദ്കിരീടം ചാര്ത്തിയ വഴികാട്ടി. അസംഖ്യം പേര്ക്ക് ഇസ്ലാമിന്റെ ശീതളതീരം കനിഞ്ഞേകിയ പുണ്യവാന്‍, ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ പ്രസരണത്തില്‍ ശ്രദ്ധ ചെലുത്തിയ പണ്ഡിതകേസരി, നൂറ്റാണ്ടുകള്ക്ക് പുനര്ജീവന്‍ നല്കിയ ഖുതുബുസ്സമാന്‍ ശൈഖ് മുഹ്‌യുദ്ധീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി തങ്ങള്‍ വിടപറഞ്ഞ ദിനം വിശ്വാസികള്‍ ജീലാനി ദിനമായി ആചരിക്കുന്നു, പ്രമുഖ സൂഫിവര്യരായ ഖാജാ നിസാമുദ്ദീന്‍ ഔലിയ, ജ്ഞാന പ്രപഞ്ചത്തിലെ ചക്രവര്ത്തി റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ, ആബാലവൃദ്ധം ജനഹൃദയങ്ങളില്‍ നിത്യാദരണീയത നിലനിര്ത്തിയ മഹാ പണ്‌ഡിതവര്യനായ ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാര്‍, തുടങ്ങിയ മഹാന്മാരുുടെ വിടവാങ്ങലിന് സാക്ഷ്യം വഹിച്ച മാസം കൂടിയാണ്.
റബീഉല്‍ ആഖിര്‍ 2-ന് കണ്ണിയത്ത് ഉസ്‌താദും 4-ന് ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാരും 11-ന് മുഹ്‌യിദ്ധീന്‍ ശൈഖും, ഇഹലോക വാസം വെടിഞ്ഞു
ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി
റബീഉല്‍ ആഖിര്‍ 11 ഖുതുബുല്‍ അഖ്ത്വാബ് ഗൌസുല്‍ അഅ്ളം ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനീ (ഖു:സി) തങ്ങളുടെ വഫാത്തായദിനം മുസ്ലിംലോകം ജീലാനി ദിനമായി ആചരിക്കുകയാണ്. പ്രവാചകര്‍ (സ്വ)ക്കും സ്വഹാബത്തിനും ഉത്തമ നൂറ്റാണ്ടില്‍ തന്നെ ജീവിച്ച നാലു മദ്ഹബിന്റെ ഇമാമുകള്ക്കും ശേഷം ഇസ്ലാമികലോകം കണ്ട മഹോന്നതനായ വ്യക്തിയെന്ന നിലക്ക് ശൈഖ് ജീലാനി(റ)യെ നാം ആദരിക്കുന്നു. പക്ഷേ, ഈ ആദരവ് വിവിധ രൂപങ്ങളില്‍ ദൂര്‍വ്യഖ്യാനിക്കപ്പെട്ടിരിക്കുകയാണ്. മതപരമായ, വിശ്വാസപരമായ ഒരു ബാധ്യതയെന്നോണം മുസ്ലിംലോകം ഒന്നടങ്കം ഔലിയാഇനെ അര്‍ഹമായ ആദരവുകളോടെ വീക്ഷിക്കുമ്പോള്‍ ആദരവിന് ആരാധനയെന്ന വിവക്ഷ നല്‍കി ശിര്‍ക്കിന്റെ ലേബലൊട്ടിക്കുന്നു ചിലര്. അതേസമയം, ഔലിയാഇനോടുള്ള സ്നേഹാദരവ് എന്ന പേരില്‍ കര്‍മ്മങ്ങളിലൊതുങ്ങുന്ന ചടങ്ങുകള്‍ മാത്രം നിര്‍വ്വഹിക്കുകയും ഔലിയാഇന്റെ പാതയോട് പൂര്‍ണ്ണമായിതന്നെ വിമുഖത കാട്ടുകയും ചെയ്യുന്നവരുണ്ടണ്ട്.
ഞാനുമായി ആര് ഒരു ചാണ്‍ അടുക്കുന്നുവോ, അവരുമായി ഞാന്‍ ഒരുമുഴം അടുക്കുമെന്നും, അവന്റെ കൈയും കാലും കണ്ണും ഞാന്‍ ആയിത്തീരുമെന്നും(അവക്കെല്ലാം പ്രത്യേക കഴിവുകള്‍ അല്ലാഹു നല്‍കുമെന്ന്) ഖുദ്സിയ്യായ ഹദീസിലൂടെ ലോകനാഥന്‍ വാഗ്ദത്തം ചെയതിട്ടുണ്ടണ്ട്. ഈ വാഗ്ദാനത്തിന്റെ പ്രവൃത്തിരൂപമത്രെ ഔലിയാഇന്റെ കറാമത്ത്. പ്രവാചകരുടെ അമാനുഷീകതകള്‍പോലെ ഒലിയാഇന്റെ അസാധാരണത്വങ്ങളും പിരിധികളില്ലാതെ സംഭവിച്ചുകൊണ്ടണ്ടിരുന്നതിന് ചരിത്രം സാക്ഷിയാണ്. അനുഭവങ്ങളും ഒട്ടേറെ
തൊണ്ണൂറ്റി ഒന്നാം വയസ്സില്‍ ഹിജ്‌റാബ്ദം 561 റബീഉല്‍ ആഖിര്‍ 11ന് രാത്രി ശൈഖു ജീലാനി(റ) മരണപ്പെട്ടു. രാത്രിതന്നെ മറമാടപ്പെടുകയും ചെയ്തു. മരണരോഗം ഉണ്ടായി ഒരുദിവസമേ കിടപ്പായിട്ടുള്ളൂ. അതിനു മുമ്പ് കാര്യമായ രോഗങ്ങളൊന്നും ബാധിച്ചിരുന്നില്ല. ശൈഖുജീലാനി(റ)യുടെ മേല്നോാട്ടത്തില്‍ നടന്നിരുന്ന സ്ഥാപനത്തിന്റെ ചാരത്തുതന്നെയാണ് മഖ്ബറ.
ത്വരീഖത്തുകളില്‍ ഏറ്റവും പ്രചാരപ്പെട്ട ഖാദിരീ ത്വരീഖത്തിന്റെ മശാഇഖുമാര്‍ പ്രസ്തുത ത്വരീഖത്ത് ഇന്നും സംരക്ഷിച്ചുപോരുന്നു. അവരുടെയെല്ലാം പരമ്പര ചെന്നെത്തുന്നത് ശൈഖ് ജീലാനി(റ)യിലേക്കാണ്. അവിടെന്നു നബി(സ) തങ്ങളിലേക്കും. മുറബ്ബിയായ മശാഇഖുമാരാണു ഇന്നും ഈ ത്വരീഖത്തിന്റെ ശൈഖുമാര്‍. അന്ത്യനാള്‍ വരെ ഈ ത്വരീഖത് നിലനില്ക്കും . ഈ വസ്തുതയാണ് ശൈഖ് താജുല്‍ ആരിഫീന്‍ അബുല്‍ വഫാ(റ) ഒരിക്കല്‍ ശൈഖു ജീലാനി(റ)യോടു പറഞ്ഞത്. ”ഓ അബ്ദുല്‍ ഖാദിര്‍, എല്ലാ കോഴിയും കൂവിയടങ്ങും. നിങ്ങളുടേത് ഒഴികെ. അത് അന്ത്യനാള്‍ വരെ കൂവുന്നതാണ്.” (ബഹ്ജ പേജ് 144)

ഖാജാ നിസാമുദ്ദീന്‍ ഔലിയ
ഇന്ത്യയുടെ തലസ്ഥാന നഗരത്തിന് അനുഗ്രഹം പകര്‍ന്നുകൊണ്ടിരിക്കുന്ന പുണ്യകേന്ദ്രമാണ് ഹസ്‌റത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗ. ചിശ്‌തിയ്യ ത്വരീഖത്തിന്റെ പ്രമുഖ സൂഫിവര്യരായ ഖാജാ നിസാമുദ്ദീന്‍ സുല്‍ത്താന്‍ മഹ്‌ബൂബെ ഇലാഹിയാണ് ഇവിടെ അന്ത്യവിശ്രമംകൊള്ളുന്നത്. 1238 ബദിയൂനിലാണ് മഹാനവര്‍കള്‍ ജനിച്ചത്. അഞ്ചാം വയസ്സില്‍ തന്നെ പിതാവ് മരണപ്പെട്ടു. പതിനാറാം വയസ്സില്‍ ഉമ്മയോടും സഹോരദിമാരോടുമൊപ്പം ഡല്‍ഹിയില്‍ താമസമാക്കി. ശൈഖ് ഫരീദുദ്ദീന്‍ ഗഞ്ചിശക്കര്‍, ശൈഖ് ബഹാഉദ്ദീന്‍ സകരിയ്യ തുടങ്ങിയ പണ്‌ഡിതന്‍മാരുമായി മഹാന് അഗാധ ബന്ധമുണ്ടായിരുന്നു. ജമാഅത്ത് ഖാന എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കീഴില്‍ നടന്നിരുന്ന പഠന ക്ലാസുകളില്‍ രാജകുടുംബാംഗങ്ങളടക്കമുള്ളവരുടെ നിറ സാന്നിധ്യമുണണ്ടായിരുന്നു. ജനങ്ങളുടെ ദുഖ:ങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിച്ചിരുന്ന മഹാന്‍ ലളിത ജീവിതം നയിക്കുകയും തനിക്ക് ലഭിക്കുന്ന ഹദ്‌യകള്‍ അപ്പോള്‍ തന്നെ പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്‌തു പോരുകയും ചെയ്‌തു. അക്കാലത്തെ ഭരണാധികാരികള്‍ അദ്ദേഹത്തിന് വലിയ ആദരവും ബഹുമാനവും നല്‍കിയിരുന്നു. 1325 ഏപ്രില്‍ മൂന്നിനാണ് മഹാനവര്‍കള്‍ ഈ ലോകത്തോട് വിടപറഞ്ഞത്. എഴുനൂറോളം കൊല്ലമായി ഇന്ത്യക്കകത്തും പുറത്തുനിന്നുമായി പതിനായിരങ്ങള്‍ മഹാന്റെ സാമീപ്യം തേടി അവിടുത്തെ ഹള്‌റത്തിലിലേക്ക് ഒഴുകികൊണ്ടിരിക്കുന്നു.
കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ
വിജ്ഞാന സാഗരത്തിലെ അമൂല്യ നിധിയായിരുന്നു കണ്ണിയത്ത് അഹ്‌മ്മദ് മുസ്‌ല്യാര്‍. ദീര്‍ഘമായ ഒരു പുരുഷായുസ്സ് മുഴുവന്‍ തന്നെയും ദീനീ വിജ്ഞാനം സ്വായത്തമാക്കുന്നതിനും അവ പകര്‍ന്നു നല്‍കുന്നതിനും വേണ്ടി സമര്‍പ്പിച്ച ഉസ്‌താദിന്റെ ജീവിതം സംഭവബഹുലവും പൂര്‍ണ്ണമായും മാതൃകാപരവുമാണ്. ജീവിതത്തില്‍ മഹാനവര്‍കള്‍ കാണിച്ച സൂക്ഷ്‌മത ആരെയും വിസ്‌മയപ്പെടുത്തുന്നതായിരുന്നു. പൂര്‍ണ്ണമായും സത്യദീനിന്റെ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ട് ജീവിത യാത്രയില്‍ ഒരു തെറ്റുപോലും ഉണ്ടായിക്കൂടാ എന്ന നിര്‍ബന്ധ ബുദ്ധി ഉസ്‌താദിനെ ആത്മീയ ലോകത്തിന്റെ നെറുകയിലാണെത്തിച്ചത്. ജീവിതത്തിലെ ഈ വിശുദ്ധിയും സമര്‍പ്പണവും അല്ലാഹുവിന്റെ ഔലിയാക്കളുടെ ശ്രേണിയിലേക്ക് നടന്നുകയറുവാന്‍ മഹാനെ പ്രാപ്‌തനാക്കി.പ്രയാസവും വേവലാതിയുമായി തന്റെ മുന്നിലെത്തുന്നവര്‍ക്ക് വേണ്ടി മനസ്സറിഞ്ഞ് ഉസ്‌താദ് നടത്തിയ പ്രാര്‍ത്ഥന സാന്ത്വനത്തിന്റെ തുരുത്തായി മാറി. ഉപദേശം തേടിയെത്തിയവര്‍ക്ക് വിനയത്തില്‍ പൊതിഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൈമാറിയപ്പോള്‍ തേടിയത് കൈവെള്ളയിലണഞ്ഞ സംതൃപ്‌തിയാണ് ആഗതരിലുണ്ടാക്കിയത്. അല്‍പം പോലും പിശുക്ക് കാണിക്കാതെ വിജ്ഞാന കലവറ തുറന്നുവെച്ചപ്പോള്‍ പതിനായിരങ്ങളാണ് ഓടിയെത്തി വിശപ്പും ദാഹവും തീര്‍ത്തത്. കേരളീയ മുസ്‌ലിം സമൂഹത്തെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്‌തമാക്കിയതിലെ പ്രധാനഘടകം മതവിദ്യാഭ്യാസം നേടുന്നതില്‍ കാണിച്ച നിഷ്‌ക്കര്‍ഷയാണ്. ദീനീബോധത്തിന്റെ അടിത്തറയിലാണ് മറ്റെല്ലാം കെട്ടിപ്പടുത്തത്. പൗരാണിക കാലം മുതല്‍ തന്നെ മതപരമായ പ്രബുദ്ധത ഉണ്ടാക്കിയതുകൊണ്ട് ആത്മീയവും ഭൗതികവുമായ എല്ലാ തലങ്ങളിലും മുന്നേറാന്‍ സാധിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. ഈ രംഗത്ത് ധിഷണശാലികളും സ്വയം സമര്‍പ്പിതരുമായ പണ്‌ഡിത നേതൃത്വം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്…
ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാര്‍
കണ്ണിയത്ത് ഉസ്‌താദിന്റെ പ്രിയ ശിഷ്യനായിരുന്ന ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍ വിജ്ഞാന മേഖലയിലെ ജ്യോതിസ്സും ധീരവും പക്വവുമായ നേതൃത്വവുമായിരുന്നു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നാല് പതിറ്റാണ്ട് കാലത്തെ കാര്യദര്‍ശിയായി പ്രശോഭിച്ച അദ്ദേഹം അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ഇസ്‌ലാമിക വിജ്ഞാന മേഖലയില്‍ ഇത്രമേല്‍ അഗാധമായ പാണ്‌ഡിത്യം നേടിയ വ്യക്തിത്വങ്ങള്‍ ചരിത്രത്തില്‍ അമൂല്യമായേ കണ്ടിട്ടുള്ളൂ. മതപരമായ വിഷയങ്ങളില്‍ അവസാന വാക്കെന്ന് തീര്‍ത്ത് പറയാവുന്ന തരത്തില്‍ എല്ലാ മേഖലകളിലും അദ്ദേഹം മികച്ചുനിന്നു. അതുകൊണ്ടാണ് മാതാപിതാക്കള്‍ നല്‍കിയ പേരിനപ്പുറം വിശേഷ നാമമായ ശംസുല്‍ ഉലമ എന്നത് പ്രഥമ നാമമായി മാറിയത്..
1996 ആഗസ്‌ത് 19 ന് പുലര്‍ച്ചെ 5.05 ന് ആ ദീപം പൊലിയുകയായിരുന്നു. സുബഹി ബാങ്കിന്റെ ശബ്‌ദ വീചികള്‍ കര്‍ണ്ണപുടങ്ങളില്‍ അലയടിച്ചു കൊണ്ടിരിക്കെ മഹാനവര്‍കളുടെ നയനങ്ങള്‍ അടഞ്ഞു. പരസഹസ്രം ശിഷ്യ ഗണങ്ങളുടെയും അനുയായി വൃന്ദത്തിന്റെയും സാന്നിധ്യത്തില്‍ പുതിയങ്ങാടിയിലെ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ മഖാമിനടുത്ത് മഹാ ഗുരുവിനെ അടക്കം ചെയ്‌തു. മഹാനവര്‍കളുടെ ഒരു പിതാമഹനും വരക്കല്‍ തങ്ങളുടെ മഖാമിനടുത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽
അറിവൊഴുക്കിന്റെ നിത്യ-ദൃശ്യജാലകം
ഇഫ്ഷാഉസ്സുന്നയുടെ യൂറ്റൂബ് ചാനൽ
സബ്സ്ക്രൈബ് ചെയ്യുക..👇
www.youtube.com/onifshaussunna
Post a Comment