കലന്ദര്‍ ബാദുശാഹ് ദാദാഹയാത് (റ),
കോഴിക്കോട്ടുനിന്ന് നേരെ വടകര, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് വഴി മഞ്ചേശ്വരം നന്ദി പറയുന്ന കേരളം. സ്വാഗതമോതുന്ന കർണാടക. ബോർഡ് ഉണ്ടെങ്കിലും ചോദിച്ച് ചോദിച്ച് പോകാം. മംഗലാപുരം ടൗൺ ടച്ച് ചെയ്യാതെതന്നെ വഴിയുണ്ടാവുമല്ലോ. അതേ, പമ്പ് വെൽ ജങ്‌നിലേക്ക് പി ടിച്ചാൽ മതി. അവിടെനിന്ന് നേരെ വലത്തോട്ട് വിശാലമായ നാലുവരി പാതയിൽ. മംഗളൂരു-ബൊംഗളൂരു നാലുവരി പാതയാണിത്. ബട്‌വാൾ കഴിഞ്ഞു. പിന്നെ ചുരം തുടങ്ങുകയായി. റോഡ് വലിയ കുഴപ്പമില്ല. മുകളിലേക്ക് കയറുംതോറും കാഴ്ചയുടെ സുന്ദരഭൂമികൾ തെളിയാൻ തുടങ്ങും. കോട മൂടിയും തെളിഞ്ഞും പച്ചപ്പുകൾ പ്രത്യക്ഷപ്പെടും. ഹെയർപിൻ വളവുകളേക്കാൾ എസ് വളവുകളാണ്. സൊമ്മൻകാടെത്തുമ്പോൾ ചുരം ഏതാണ്ട് തീരും. പാൽക്കടലായി നിറഞ്ഞുകിടക്കുന്ന താഴ്‌വര. കോടമഞ്ഞിനുള്ളിൽ നിന്നുയരുന്ന കാട്ടരുവികളുടെ സംഗീതം കേൾക്കാം. മുടിഗിരിയിലെത്തിയാൽ പിന്നെ ചുരമല്ല. ബാബാബുധൻഗിരിയിലേക്ക് അവിടെനിന്ന് ഏതാണ്ട് അമ്പത് കിലോമീറ്ററുണ്ടാവും. ആദ്യം ചിക്മഗളൂരെത്തണം. അവിടേക്ക് 36 കിലോമീറ്ററാണ്.
കർണാടകയിലെ പ്രസിദ്ധമായ സിയാറത്ത് കേന്ദ്രമാണ് ദാദാഹയാത്ത്.
പ്രകൃതി രമണീയമായ ഈ പ്രദേശത്തേക്ക് തീർത്ഥാടകരുടെ ഒഴുക്കാണ് ഏത് സമയവും.
കോടമഞ്ഞിനുള്ളില്‍ നിന്നുയരുന്ന കാട്ടരുവികളുടെ സംഗീതം വഴിയോരങ്ങളെ ശബ്ദമുഖരിതമാക്കികൊണ്ടിരിക്കും. ബാബാ ബുധന്‍ ഗിരിയിലേക്കുള്ള പാതയില്‍ പലയിടത്തും ചെറുവെള്ളച്ചാട്ടങ്ങള്‍ കാണാം. പാറയിടുക്കില്‍ നിന്ന് പ്രവഹിക്കുന്ന വെള്ളത്തിന്റെ കുളിരു കൊള്ളാനും അവിടെ നിന്ന് ഫോട്ടോ എടുക്കാനുമായി പലരും വാഹനങ്ങള്‍ സൈഡിലൊതുക്കി നില്‍പ്പുണ്ടാവും.
കാഴ്ചകളില്‍ മതിമറന്ന് പോവുന്നതിനിടെ ബാബാ ബുധന്‍ ഗിരിയുടെ കവാടം കണാം.
വിസ്മയക്കാഴ്ചകളൊരുക്കുന്ന ബുധന്‍ഗിരി മലക്ക് മുകളില്‍ എത്തിയാൽ മലവെള്ളപ്പാച്ചില്‍ പോലെ സഞ്ചാരികളുടെ ഒഴുക്കായിരിക്കും അവിടെ.
മഞ്ഞ് കണങ്ങള്‍ പുകയായി ആ മലയോര പ്രദേശത്തെയാകെ മൂടിയിരിക്കും. അനുഭൂതി ദായകമായൊരു കുളിരാണ് അവിടമാകെ.
ആ ഒരു പ്രത്യേക കാലാവസ്ഥയാണ് ഇവിടെയെത്താന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്നതും. മലയിടുക്കിലെ ഗുഹക്കകത്തുള്ള ബാബയുടെ ഖബറിടമാണ് ഇവിടത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം. അത് കൊണ്ടാണ് പ്രദേശത്തിന് ഈ പേര് വന്നതും. ബാബയുടെ ശിഷ്യന്മാരുടെ ഖബറിടങ്ങളും സമീപത്തായുണ്ട്. എല്ലാം കൂറ്റന്‍ ഇരുമ്പ് വേലിക്കുള്ളിലാക്കി ബന്തവസാക്കി വെച്ചിരിക്കുകയാണ്.
ഹിന്ദുക്കളും മുസ്ലീംകളും പരസ്പരം അവകാശവാദമുന്നയിക്കുന്നതിനാല്‍ ഈ കേന്ദ്രം സംബന്ധിച്ച് കേസ് നിലനില്‍ക്കുന്നുണ്ട്.
പക്ഷെ തര്‍ക്കവും കേസുമൊക്കെ സഞ്ചാരികള്‍ക്ക് വിഷയമാവുന്നില്ല. അതിനാല്‍ തന്നെ കാഴ്ചകള്‍ കാണാനും അറിയാനുമായി ആയിരങ്ങളാണ് ദിനേന ഇവിടെ എത്തുന്നത്. ഒരാള്‍ക്ക് കടന്ന് പോകാനാവും വിധം ഒരുക്കിയ കമ്പിവേലിക്കുള്ളില്‍ ആളുകള്‍ തിങ്ങിക്കൂടി നില്‍ക്കുന്നത് കാണാം.
റോസാപൂക്കളും അഗര്‍ബത്തിയും നാണയത്തുട്ടുകളുമായാണ് പലരും നില്‍ക്കുക.
പതിനൊന്നാം നൂറ്റാണ്ടില്‍ മതപ്രചാരണാര്‍ത്ഥം എത്തിയ സൂഫിവര്യന്‍ അബ്ദുല്‍ അസീസ്മാക്കിയുടെ ആത്മീയ പാത പിന്തുടര്‍ന്നെത്തിയ ബാബാ ബുധന്റെ ഖബറിടമാണ് ഇതെന്നാണ് പറയപ്പെടുന്നത്.
എ.ഡി.1005 ല്‍ വെസ്റ്റ് ഏഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹസ്രത്ത് ദാദാ ഹയാത്ത് മീര്‍ കലന്ദർ എന്ന സൂഫീ വര്യന്റെ ശിഷ്യനായ ബാബ ബുധന്‍ ധ്യാനത്തിലിരുന്ന ഗുഹയാണിത്.
വിഷ്ണുവിന്റെ അവസാനത്തെ അവതാരമായ ദത്താത്രേയയുടെ അവതാരമാണ് ഇവിടത്തെ ബാബയെന്ന് ഹിന്ദു മതസ്തരില്‍ ഒരു വിഭാഗത്തിന്റെ വിശ്വസം.
ഒരു വിഭാഗം ഇവിടെ ഉറൂസ് ആചരിച്ചപ്പോള്‍ മറു വിഭാഗം ദത്ത ജയന്തി കൊണ്ടാടാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
പിന്നീട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമാധാന കമ്മിറ്റി ചേര്‍ന്ന് തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നുവത്രെ.
ഇതൊന്നിനും ചെവികൊടുക്കാതെ വേറിട്ട പ്രകൃതി ഭംഗി ആസ്വദിക്കാനും ഇവിടത്തെ മഹത്തുക്കള്‍ പ്രചരിപ്പിച്ച നല്ല സന്ദേശങ്ങള്‍ പഠിക്കാനുമാണ് വിവിധ ഭാഗങ്ങളിലുള്ളവര്‍ ഇവിടെയെത്തുന്നത്.
Post a Comment