ഹിജ്റ വർഷത്തിന്റെ ഉത്ഭവ ചരിത്രം


ഒരു പുതു വര്‍ഷം കൂടി നമ്മളിലേക്ക് കടന്നു വരികയാണ്.  ഓരോ ഹിജ്‌റ വര്‍ഷ പിറവിയും വിശ്വാസികളുടെ മനസ്സില്‍ കുളിരും അര്‍പ്പണ ബോധവുമുണ്ടാക്കുന്നു. മുസ്ലിംകളുടെ ആരാധന, ആചാര അനുഷ്ടാനങ്ങള്‍, ആഘോഷങ്ങള്‍ എല്ലാം ഹിജ്‌റ വര്‍ഷവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. അതിനാല്‍ മറ്റ്‌ എല്ലാ വര്‍ഷങ്ങളിലെക്കാളും പ്രാധാന്യം ഹിജ്‌റ വര്‍ഷ പിറവിക്ക്‌ തന്നെ...

അറഫയില്‍വെച്ചു നടന്ന നബി(ﷺ) തങ്ങളുടെ വിശ്വപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ അവിടുന്ന് പറഞ്ഞു: ആകാശ ഭൂമികളുടെ സൃഷ്ടിപ്പ്ദിനം മുതല്‍ കാലം പന്ത്രണ്ട് മാസങ്ങളായി ചാക്രികമായി ചലിച്ചുകൊണ്ടേയിരിക്കുന്നു. അതില്‍ നാലു മാസങ്ങള്‍ വിശുദ്ധമാണ്. ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹറം എന്നീ തുടര്‍ന്നുവരുന്ന മാസങ്ങളും റബജുമാണവ. വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുത്തൗബയിലെ മുപ്പത്തിആറാം സൂക്തത്തിലും ഇതേ കാര്യം പ്രതിപാദിക്കുന്നുണ്ട്.

എന്ത് കൊണ്ട്  ‘ഹിജറ’യെ തെരഞ്ഞെടുത്തു?

ഇസ്‌ലാമിലെ ആരാധനകളും കാലഗണനകളുമെല്ലാം ചന്ദ്രമാസത്തെ ആസ്പദമാക്കിയുള്ള ഹിജ്‌റകലണ്ടര്‍ അനുസരിച്ചാണ് നടക്കുന്നത്...  

ഖലീഫ ഉമ(റ) ഭരണം നടത്തുന്ന കാലത്ത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അവധി സംബന്ധമായ തര്‍ക്കം ഖലീഫയുടെ മുന്നിലെത്തി. അപ്പോഴാണ് ഒരു നിര്‍ണിതമായ കാലഗണനയുടെ ആവശ്യകതയെക്കുറിച്ച് ഖലീഫ ചിന്തിച്ചത്. അതിനു മുമ്പ് നബി (ﷺ) തങ്ങളുടെ ജനനവര്‍ഷം നടന്ന ആനക്കലഹ സംഭവത്തെ ആസ്പദമാക്കിയും അറേബ്യന്‍ ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ നടന്ന രക്തരൂക്ഷിതമായ ഫിജാര്‍ യുദ്ധത്തെ ആസ്പദമാക്കിയും അനൗദ്യോഗിക കാലഗണനകള്‍ അറബികള്‍ക്കിടയില്‍ നിലനിന്നിരുന്നു. യമനിലെ രാജാവായിരുന്ന അബ്‌റഹത്ത് നിരവധി ആനകളോടു കൂടി മക്കയിലെ കഅബ പൊളിക്കാന്‍ വരികയും അല്ലാഹു അവരെ അബാബീല്‍ പക്ഷികളെ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്ത സംഭവമാണ് ആനക്കലഹം. ഇത് കഴിഞ്ഞ് അമ്പത് ദിവസങ്ങള്‍ക്കു ശേഷമാണ് നബി (ﷺ) തങ്ങള്‍ ജനിക്കുന്നത്. ഇതുമുതല്‍ എണ്ണുന്ന വര്‍ഷത്തെ ഗജവത്സരം (ആമുല്‍ ഫീല്‍) എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ അവയൊന്നും വ്യാപകമായ ജനാംഗീകാരം നേടിയിരുന്നില്ല...

മേല്‍ കാര്യം ചര്‍ച്ച ചെയ്യാന്‍ ഖലീഫ വിളിച്ചുചേര്‍ത്ത സ്വഹാബീ പ്രമുഖരുടെ കൂടിയാലോചനാ യോഗത്തിലാണ് ഹിജ്‌റ വര്‍ഷത്തിന് തുടക്കമായത്. നബിജീവിതത്തിലെ ജനനം, പ്രവാചകലബ്ധി, ഹിജ്‌റ, വഫാത്ത് തുടങ്ങി നിരവധി കാര്യങ്ങള്‍ അവലംബിക്കുവാന്‍ ചര്‍ച്ചകള്‍ വന്നെങ്കിലും നബിജീവിതത്തിലെ ഏറ്റവും സുപ്രധാന സംഭവവും ഇസ്‌ലാമിക പ്രബോധന പ്രചാരണരംഗത്ത് ഒരു വഴിത്തിരിവുമായ ഹിജ്‌റ തന്നെയാണ് അനുസ്മരിക്കാന്‍ ഏറ്റവും അഭികാമ്യമെന്ന നിലയിലാണ് അവര്‍ ഏകോപിതരായി ഹിജ്‌റയെ തിരഞ്ഞെടുത്തത്...

നബി(ﷺ) യും സ്വഹാബത്തും മക്കയില്‍ നിന്ന്‌ മദീനയിലേക്ക്‌ നടത്തിയ പാലായനത്തെ അനുസ്മരിപ്പിക്കുകയാണ് ഓരോ ഹിജ്‌റ വര്‍ഷവും. ഇസ്ലാമിക ചരിത്രത്തില്‍ വിശിഷ്യാ പ്രവാചകര്‍(ﷺ) യുടെ ജീവിത യാത്രയില്‍ ഒരു നാഴികക്കല്ലാണ്‌ ഹിജ്‌റ...

ഇസ്ലാമിക പ്രബോധന പ്രവര്‍ത്തന രംഗത്തുണ്ടായ ഒരു വഴിത്തിരിവു കൂടിയാണ്‌ ഹിജ്‌റ. ജനിച്ച്‌ വളര്‍ന്ന മക്കയോട്‌ യാത്ര പറഞ്ഞ്‌ നബി(ﷺ) യും സ്വഹാബത്തും 400 കിലോമീറ്റര്‍ അകലെയുള്ള യസ്‌രിബ്‌ (ഇന്നത്തെ മദീന) തിരഞ്ഞെടുത്തു. ഹിജ്‌റ ഒരു ഒളിച്ചോട്ട മല്ലായിരുന്നു. പ്രത്യുത അല്ലാഹുവിന്റെ കല്‍പനയായിരുന്നു. അങ്ങിനെ ഒരു പ്രവാസ ജീവിതത്തിന്റെ തുടക്കം കുറിക്കലായിരുന്നു ഹിജ്‌റ. സ്വന്തം നാടും വീടും ഉപേക്ഷിച്ച്‌ അന്യ നാട്ടിനെ സ്വീകരിക്കുമ്പോഴുണ്ടാവുന്ന മനോവേദനയും പ്രയാസവും ആര്‍ക്കും അസഹ്യമായിരിക്കും. അല്ലാഹുവിനോടുള്ള അനുസരണക്കും ഇസ്ലാമിക പുരോഗതിക്കും, വളര്‍ച്ചക്കും മുമ്പില്‍ എല്ലാം ക്ഷമിക്കുകയും സഹിക്കുക യുമായിരുന്നു നബിയും സ്വഹാബത്തും...

ഹിജ്‌റ വര്‍ഷത്തിലെ പ്രഥമ മാസമാണ് മുഹറം. പുതുവര്‍ഷാരംഭം അമിതമായ ആഹ്‌ളാദ പ്രകടനത്തിനല്ല നാം ഉപയോഗിക്കേണ്ടത്. മറിച്ച് മുന്‍വര്‍ഷങ്ങളിലെ ജയപരാജയങ്ങള്‍ വിലയിരുത്തുകയും അതിനെ ചവിട്ടുപടിയായി കണ്ട് വരുംവര്‍ഷത്തില്‍ വിജയത്തിലേക്ക് മുന്നേറുകയുമാണ് നാം ചെയ്യേണ്ടത്...