ഖുർആൻ പാരായണത്തിന്റെ പുണ്യം
മാനവ ചരിത്രത്തില്‍ വിശുദ്ധഖുര്‍ആനിനെപോലെ ദൈവികവും അമൂല്യവുമായ മറ്റൊരു ഗ്രന്ഥം ലോകത്ത് നിലനില്‍ക്കുന്നില്ല. തത്ത്വജ്ഞാനികള്‍, കവികള്‍, ചരിത്രകാരന്മാര്‍ തുടങ്ങിയ പല ഉന്നത വ്യക്തിത്വങ്ങളും ഖുര്‍ആനിന്റെ സവിശേഷ ശ്രേഷ്ഠതകളെ സംബന്ധിച്ച് സംവദിച്ചിട്ടുണ്ട്.
14 നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നും സര്‍വകാലികമായി വിശുദ്ധഗ്രന്ഥം പ്രശോഭിച്ചു നിലനില്‍ക്കുന്നു. ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും അച്ചടിക്കപ്പെടുകയും ചെയ്യുന്ന ഗ്രന്ഥം വിശുദ്ധഖുര്‍ആന്‍ തന്നെ.
വിശുദ്ധഖുര്‍ആനിനോടുള്ള നമ്മുടെ കടമ പഠിക്കലും പാരായണം ചെയ്യലുമാണ്.
വിശുദ്ധഖുര്‍ആനിന്റെ അര്‍ഥങ്ങളുടെയും ആശയങ്ങളുടെയും ആഴങ്ങള്‍ പഠിക്കുന്നതില്‍ വ്യാപൃതരാവാന്‍ കഴിയുന്നില്ലെങ്കില്‍ പാരായണം ചെയ്യാനുള്ള സന്മനസെങ്കിലും വിശ്വാസിസമൂഹം കാണിക്കേണ്ടിയിരിക്കുന്നു. ഖുര്‍ആന്‍ പാരായണം ശ്രദ്ധാപൂര്‍വം കേള്‍ക്കുക, ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ മൗനം അവലംബിക്കുക തുടങ്ങിയ കാര്യങ്ങള്‍വരെ പുണ്യമുള്ളവയാണെന്ന വസ്തുത ഖുര്‍ആനിന്റെ മഹത്വമാണ് നമുക്ക് മനസ്സിലാക്കിത്തരുന്നത്.
സൃഷ്ടിയും സ്രഷ്ടാവും തമ്മില്‍ കൂടുതല്‍ അടുപ്പമുണ്ടാവാന്‍ നാവുകൊണ്ട് എടുക്കുന്ന ഇബാദത്തുകളില്‍ വിശുദ്ധഖുര്‍ആന്‍ പാരായണത്തോളം ഉപകാരപ്പെട്ട മറ്റൊരു ‘അമല്‍’ ഇല്ലെന്ന് മഹാന്മാര്‍ രേഖപ്പെടുത്തിയതായി കാണാം.
ഹസ്‌റത്ത് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന ഒരു സംഭവം ഇതിന് ഉദാഹരണമായി പറയപ്പെടുന്നു, ‘ഞാന്‍ പലപ്പോഴായി അല്ലാഹുവിനെ സ്വപ്നത്തില്‍ കാണാറുണ്ട്, ഇനി കാണുമ്പോള്‍ സൃഷ്ടിയും സ്രഷ്ടാവും തമ്മില്‍ അടുക്കാന്‍ ഏറ്റവും ഉപകരിക്കുന്ന ഒരു ‘അമലിനെ’ സംബന്ധിച്ച് ചോദിക്കണമെന്നു ഞാന്‍ കരുതി.
പിന്നീട് അല്ലാഹുവിനെ സ്വപ്നത്തില്‍ കണ്ടപ്പോള്‍ മേല്‍ചോദ്യം ഞാന്‍ ചോദിക്കുകയുണ്ടായി. അല്ലാഹുവിന്റെ മറുപടി ഓ അഹ്മദ് എന്റെ കലാമുകൊണ്ടുതന്നെ.
ഞാന്‍ ചോദിച്ചു, രക്ഷിതാവേ അര്‍ഥമറിഞ്ഞുകൊണ്ട് പാരായണം ചെയ്താലോ, അല്ലാഹുവിന്റെ മറുപടി, അര്‍ഥമറിയട്ടെ അറിയാതിരിക്കട്ടെ”.
അല്ലാഹുവിന്റെ പ്രീതിക്കും കടാക്ഷത്തിനും വിശുദ്ധഖുര്‍ആന്‍ പാരായണം അനിവാര്യമാണ്.
അനസ്(റ) നിവേദനം ചെയ്യുന്നു, നബി(സ്വ) എന്നോട് ഇപ്രകാരം പറഞ്ഞു: ”എന്റെ പൊന്നുമോനെ, പ്രഭാതത്തിലും പ്രദോഷത്തിലും ഖുര്‍ആന്‍പാരായണത്തില്‍ നീ അശ്രദ്ധ കാണിക്കരുത്. നിശ്ചയം ഖുര്‍ആന്‍ നിര്‍ജീവമായ മനസ്സിനെ സജീവമാക്കുകയും തെറ്റുകളില്‍ നിന്നും അശ്ലീലങ്ങളില്‍ നിന്നും നിരോധിക്കുകയും ചെയ്യുന്നു”. ഹസ്‌റത് ഇമാം അലി(റ) പറയുന്നു, ”ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വ്യക്തി നരകത്തില്‍ കടക്കുന്നുവെങ്കില്‍ അദ്ദേഹം പരിഹാസ്യപൂര്‍വം അതു പാരായണം ചെയ്തതുകൊണ്ടാവാനെ തരമുള്ളൂ”. തുരുമ്പു പിടിച്ച ഇരുമ്പിനെ ഉല ഉപയോഗിച്ച് ശുദ്ധിയാക്കും പ്രകാരം മനുഷ്യഹൃദയത്തിലെ കറകളെ വിശുദ്ധഖുര്‍ആനിനെ പാരായണം ചെയ്തു കൊണ്ട് ശുദ്ധീകരിക്കാന്‍ കഴിയുമെന്നത് പ്രവാചകാധ്യാപനമാണ്.
നിന്നുകൊണ്ടുള്ള നിസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണത്തിന് ഒരു ‘ഹര്‍ഫി’ ന് നൂറു വീതം നന്മകളാണ് പ്രതിഫലം നല്‍കപ്പെടുന്നത്. ഇരുന്നുകൊണ്ടുള്ള നിസ്‌കാരത്തിലെ ഓത്താെണങ്കില്‍ ഓരോ ഹര്‍ഫിനും 50 വീതം നന്മകളും സാധാരണ വുളൂഅ് ചെയ്തുകൊണ്ടുള്ള ഓത്തിന് 25 നന്മകളും വുളൂഅ് ഇല്ലാതെ ഓതിയാല്‍ ഒരു ഹര്‍ഫിന് 10 നന്മവീതവും നല്‍കപ്പെടും.
വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുന്ന മുഅ്മിന്‍, പാരായണം ചെയ്യാത്ത മുഅ്മിന്‍ എന്നിവരുടെ ഉപമകള്‍ യഥാക്രമം നല്ല വാസനയുള്ള മധുരനാരങ്ങ പോലെയും ഈത്തപ്പഴം പോലെയുമാണ്. ഖുര്‍ആന്‍ ഓതുന്ന കപടവിശ്വാസിയുടെയും ഓതാത്ത കപടവിശ്വാസിയുടെയും ഉദാഹരണം റൈഹാന്‍ പുഷ്പം പോലെയും ആട്ടങ്ങപോലെയുമാണ്. ഒന്നിന് വാസനയുണ്ട് രുചി കൈപ്പുമാണ്, മറ്റേത് മണമില്ല, മാത്രമല്ല രുചി അതീവ കൈപ്പുമാണ്. ഇതെല്ലാം നബി(സ്വ) യുടെ ഉദ്‌ബോധനങ്ങള്‍ തന്നെ.
വിശുദ്ധഖുര്‍ആന്‍പാരായണം മറ നല്‍കുന്നു
വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വ്യക്തിക്ക് അല്ലാഹു നല്‍കുന്ന അനുഗ്രഹങ്ങളില്‍ ഒന്നാണത്രെ, ശത്രുവിന്റെ നയനങ്ങളില്‍ നിന്നും മറ നല്‍കുക എന്നത്. സൂറതുല്‍ ഇസ്‌റാഈലില്‍ അല്ലാഹു പറയുന്നു, ”നീ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ നിന്റെയും പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെയും ഇടയില്‍ ദൃശ്യമല്ലാത്ത ഒരു മറ നാം സൃഷ്ടിക്കുന്നതാണ്.”
വിശുദ്ധഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു, ‘ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസികളുടെയും അവിശ്വാസികളായ ശത്രുക്കളുടെയും ഇടയില്‍ യഥാര്‍ഥ മറ സൃഷ്ടിക്കുമെന്നും ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുന്ന വിശ്വാസിയെ ശത്രുവിന്റെ കണ്ണിനു കാണാനുള്ള കഴിവില്ലാതാക്കി മറ സൃഷ്ടിക്കുമെന്നും ചരിത്രത്തില്‍ കാണാവുന്നതാണ്.’
മഹതി അസ്മാഅ് ബിന്‍ത് അബൂബക്കര്‍(റ) പറയുന്നു, സൂറതുല്‍ മസദ്(തബ്ബത് യദാ അബീലഹബ്) ഇറങ്ങിയപ്പോള്‍ അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍ കോപാകുലയായി. രോഷാഗ്നിയില്‍ ജ്വലിക്കുന്ന അവള്‍ പ്രതികാരബുദ്ധിയോടെ റസൂല്‍(സ്വ) യുടെ സദസ്സിലേക്ക് പുറപ്പെട്ടു. മഹാനായ അബൂബക്കര്‍(റ) അടക്കം നിരവധി പ്രമുഖര്‍ അവിടെയുണ്ടായിരുന്നു. ഉമ്മുജമീലിന്റെ വരവ് സുഖകരമല്ലെന്നു തിരിച്ചറിഞ്ഞ്, ”നബിയേ അവളുടെ വരവ് പ്രതികാരവാജ്ഞയോടെയാണല്ലോ, താങ്കളെ കാണുമല്ലോ” എന്ന് സിദ്ദീഖ്(റ) പറഞ്ഞപ്പോള്‍ നബി(സ്വ) മറുപടി നല്‍കി, അവള്‍ക്ക് എന്നെ കാണാന്‍ കഴിയുകയില്ല. ഉടന്‍ തന്നെ നബി(സ്വ) ഖുര്‍ആന്‍ പാരായണം ആരംഭിച്ചു. ഖുര്‍ആനിന്റെ പ്രഖ്യാപനം സാക്ഷാത്കരിച്ചു. അവര്‍ റസൂല്‍(സ്വ) യെ കാണാതെ തിരിച്ചുപോയി. തഫ്‌സീര്‍ ഖുര്‍തുബിയില്‍ ഈ സംഭവം കാണാന്‍ സാധിക്കും.
മഹാനായ കഅ്ബ്(റ) പറയുന്നു, എതിരാളികളില്‍ നിന്നും മറയിടാന്‍വേണ്ടി നബി(സ്വ) മൂന്ന് ആയത്തുകള്‍ ഓതുമായിരുന്നു. ഒന്ന് കഹ്ഫ് സൂറത്തിലെ അഞ്ചാമത്തെ ആയത്ത്, രണ്ട് സൂറതുന്നഹ്‌ലിലെ 107ാമത്തെ ആയത്ത്, മൂന്ന് സൂറതുല്‍ ജാസിയയിലെ 23ാമത്തെ ആയത്ത്.
ലാഭം മാത്രം
വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുന്ന സത്യവിശ്വാസിയുടെ ഹൃദയത്തിലേക്ക് സന്തോഷം പകര്‍ന്നുകൊണ്ട് അല്ലാഹു പറയുന്നു, നിശ്ചയമായും അല്ലാഹുവിന്റെ വേദം ഓതുകയും നിസ്‌കാരം മുറപോലെ അനുഷ്ഠിക്കുകയും അവര്‍ക്ക് നാം നല്‍കിയതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ ഒട്ടും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാണ് ആഗ്രഹിച്ചുകൊണ്ടിക്കുന്നത്. അവരുടെ പ്രതിഫലവും അവന്റെ ഔദാര്യത്തില്‍ നിന്നുള്ള വര്‍ദ്ധനവും അവര്‍ക്ക് പൂര്‍ണമായും നല്‍കുന്നതാണ്. നിശ്ചയം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു. (സൂറഃ ഫാത്വിര്‍)
ഇമാം ഖുറൈശി(റ) ഈ ആയത്തിന്റെ വിശദീകരണത്തില്‍ പറയുന്നു, ”ഖുര്‍ആന്‍ പാരായണത്തിലും ദൈവിക സ്മരണയിലും സമയം ചെലവഴിക്കുന്നവന്‍ അല്ലാഹുവിന്റെ ഏറ്റവും പ്രിയപ്പെട്ട സ്വന്തക്കാരനാണ്. വിപരീത ജീവിതം നയിക്കുന്നവന്‍ അല്ലാഹുവിന്റെ നീചനായ ശത്രുവുമാണ്.”
നബി(സ്വ) പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍
ഖുര്‍ആന്‍ പാരായണം ചെയ്യുന്ന മുഅ്മിനിന് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ നബി(സ്വ) ഒരു പിശുക്കും കാണിച്ചിട്ടില്ല. അന്ത്യനാളില്‍ ഖുര്‍ആന്‍ ശിപാര്‍ശകനായി വരും. അന്ത്യനാളിന്റെ ഭീകരമുഖം അനാവരണം ചെയ്യുന്ന ഖുര്‍ആന്‍ വചനങ്ങളും ഹദീസ് പാഠങ്ങളും നാം പഠിക്കുകയും കേള്‍ക്കുകയും ചെയ്തവരാണല്ലോ. സൂര്യന്‍ ഒരു ചാണ്‍ മാത്രമകലെ കത്തിജ്വലിച്ചു നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഒരു തുള്ളി ദാഹജലത്തിനും അല്‍പം തണലിനും വേണ്ടി കേഴുമ്പോള്‍ വിശുദ്ധഖുര്‍ആന്‍ ശിപാര്‍ശകനായി വന്നുകൊണ്ട് പറയുമത്രെ, അദ്ദേഹം എന്നെ പാരായണം ചെയ്തിട്ടുണ്ട്. അതിനാല്‍ അവന് വെള്ളവും തണലും നല്‍കി അനുഗ്രഹിക്കണേ എന്ന്. അത്തരക്കാരില്‍ നാം ഉള്‍പ്പെടണമെങ്കില്‍ ആഖിറത്തിന്റെ വിളനിലമായ ഭൗതിക ലോകത്തുവെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യണം. സ്വന്തം കുടുംബത്തിലെ നരകം നിര്‍ബന്ധമായ പത്തുപേര്‍ക്കുവേണ്ടി ശിപാര്‍ശചെയ്യാനുള്ള അധികാരവും ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സത്യവിശ്വാസിക്ക് അല്ലാഹുനല്‍കുമെന്നും ഇരുലോകത്തും ഐശ്വര്യവും ബറകത്തും ലഭിക്കുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്.
അബൂദര്‍റ്(റ) പറയുന്നു, ഞാന്‍ നബി(സ്വ) യോട് ചോദിച്ചു: പ്രവാചകരേ, എന്നോട് വസ്വിയ്യത്ത് ചെയ്താലും. നബി(സ്വ) പറഞ്ഞു, നീ അല്ലാഹുവിനെ സൂക്ഷിക്കുക, അതാണ് എല്ലാ കാര്യങ്ങളുടെയും അടിസ്ഥാനം. ഇതുകേട്ട അബൂദര്‍റ്(റ) പറഞ്ഞു: ഇനിയും എന്നോട് വസ്വിയ്യത്ത് കൂടുതലാക്കിയാലും. നബി(സ്വ) പറഞ്ഞു: നീ ഖുര്‍ആന്‍ പാരായണം ചെയ്യുക. അത് ഭൂമിയില്‍ നിനക്ക് വെളിച്ചവും പരലോകത്ത് സൂക്ഷിപ്പുസ്വത്തുമാണ്.
അബൂ സഈദ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം, നബി(സ്വ) പറഞ്ഞു: അല്ലാഹു പറയുകയാണ്, ഖുര്‍ആന്‍പാരായണത്തിലും എന്റെ ദിക്‌റിലുമായി ഒരാള്‍ സമയം കഴിക്കുകയും അതുകാരണം തന്റെ ജീവിതാവശ്യങ്ങള്‍ അല്ലാഹുവിനോട് ചോദിക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ ആവശ്യങ്ങള്‍ ചോദിക്കുന്നവരെക്കാള്‍ ശ്രേഷ്ഠമായ കാര്യങ്ങള്‍ ഞാന്‍ അവര്‍ക്ക് നല്‍കുന്നതാണ്.
വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുകവഴി നാലുകാര്യങ്ങള്‍ സാധ്യമാകുമെന്ന് നബി(സ്വ) പറയുന്നു, ആരെങ്കിലും അല്ലാഹുവിന്റെ ഭവനങ്ങളില്‍നിന്നും ഒരു ഭവനത്തില്‍വെച്ച് ഖുര്‍ആന്‍ പഠിക്കുന്നവരായും ഓതുന്നവരായും ഒരുമിച്ചുകൂടിയാല്‍ അവരുടെമേലില്‍ ശാന്തിയും സമാധാനവും കാരുണ്യവും ഇറക്കപ്പെടുകയും മാലാഖമാരുടെ സംരക്ഷണവലയവും അല്ലാഹുവിന്റെ സമീപസ്തരുടെ അടുത്തുവെച്ച് അല്ലാഹുവിന്റെ പ്രശംസയും നല്‍കപ്പെടുന്നതാണ്.
ഒരു വ്യക്തിക്ക് താന്‍ ചെയ്ത ജോലിക്ക് ഇരട്ടി പ്രതിഫലം ലഭിക്കുക എന്നത് ഏറെ സന്തോഷകരവും ആഹ്ലാദകരവുമാണല്ലോ? എന്നാല്‍ ഇതിലും എത്രയോ ഇരട്ടി കൂലിയാണ് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സത്യവിശ്വാസിക്ക് നല്‍കപ്പെടുന്നത്. അപ്പോള്‍ അവന്റെ ഹൃദയത്തിലുണ്ടാകുന്ന സന്തോഷത്തിന് വല്ല അതിരുമുണ്ടാകുമോ. ഖുര്‍ആന്‍ പാരായണം ചെയ്യുന്നവന്‍ അല്ലാഹുവിന്റെ സ്വന്തക്കാരും പ്രത്യേക പരിഗണനക്ക് അര്‍ഹരുമാണെന്ന സത്യംകൂടി നാം ഇതോടൊപ്പം കൂട്ടിവായിക്കണം.
ഖത്മുല്‍ ഖുര്‍ആന്‍
പരിശുദ്ധഖുര്‍ആനിന്റെ അവതരണംകൊണ്ട് അനുഗൃഹീതമായ റംസാന്‍ മാസത്തില്‍ ഖുര്‍ആന്‍ പാരായണത്തിന് പ്രത്യേകം ശ്രേഷ്ഠതയുണ്ടെന്നത് ആര്‍ക്കും അജ്ഞാതമല്ല. ഈ പാഠം ഉപയോഗിച്ച് മാതൃക കാണിച്ച ചില മാതൃകകള്‍ കുറിക്കാം.
ഇമാം മാലിക് ബിന്‍ അനസ്(റ) തന്റെ ഹദീസ്‌ക്ലാസും മറ്റു ഇല്‍മീമജ്‌ലിസുകളും നിര്‍ത്തിവെച്ച് ഖുര്‍ആന്‍പാരായണത്തിന് മുന്നിട്ടിരുന്നു. ഇമാം അബൂഹനീഫ(റ), ഇമാം ശഹബി(റ) എന്നിവര്‍ റംസാനില്‍ അറുപതു വീതം ഖത്മ് തീര്‍ത്തിരുന്നു. ഇമാം സുഫ്‌യാനുസ്സൗരി(റ) റംസാന്‍ ആഗതമായാല്‍ മറ്റു ഇബാദത്തുകളേക്കാള്‍ ഖുര്‍ആന്‍പാരായണത്തിന് സമയം വിനിയോഗിച്ചിരുന്നു.
ഇമാം നവവി(റ) തന്റെ ‘അല്‍-അദ്കാര്‍’ എന്ന കിതാബില്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു. ഖത്മ് തീര്‍ക്കുന്ന വിഷയത്തില്‍ നമ്മുടെ മുന്‍ഗാമികളുടെ നടപടിക്രമം താഴെ വിവരിക്കുന്നതുപോലെയായിരുന്നു.
ചിലര്‍ മാസത്തില്‍ ഒരിക്കലും മറ്റുചിലര്‍ 10 ദിവസം കൊണ്ടും വേറെ ചിലര്‍ മൂന്നു ദിവസം കൊണ്ടും ഒരു ദിവസം കൊണ്ടും ഒരു ദിവസത്തില്‍തന്നെ രണ്ടു ഖത്മ് വീതവും തീര്‍ത്തിരുന്നു. പ്രസിദ്ധ പണ്ഡിതന്‍ മുജാഹിദ്(റ) റംസാനില്‍ ഇശാ-മഗ്‌രിബിന്റെ ഇടയില്‍ ഒരു ഖത്മ് തീര്‍ക്കാറുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹസ്രത് ഖലീഫ ഉസ്മാന്‍(റ), സഈദ് ബിന്‍ ജുബൈര്‍ തമീമുദ്ദാരി(റ) തുടങ്ങിയ സ്വഹാബാക്കള്‍ ഒരു റക്അത്തില്‍ ഒരു ഖത്മ് തീര്‍ത്തവരായിരുന്നുവെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഖത്മ് ദുആയില്‍ ജനങ്ങള്‍ ഒത്തുകൂടി ദുആ ചെയ്യല്‍ പുണ്യം നിറഞ്ഞ കാര്യമാണ്. ദുആക്ക് ഉത്തരം ലഭിക്കുന്ന സമയം കൂടിയാണിത്. അല്ലാഹുവിന്റെ ബറകത്തും നിഅ്മത്തും അവിടെ ഇറങ്ങുമെന്നതില്‍ സന്ദേഹമില്ല.
പാരായണ സമയങ്ങളും നിയമങ്ങളും
വിശുദ്ധ ഖുര്‍ആന്‍പാരായണം ഏറ്റവും ശ്രേഷ്ഠതയുള്ളത് നിസ്‌കാരത്തിലും അതുകഴിഞ്ഞാല്‍ രാത്രിയിലും രാത്രിതന്നെ അവസാന പകുതിയിലുമാണ്. ഇശാ-മഗ്‌രിബിന്റെ ഇടയിലും നല്ലതുതന്നെ. പകല്‍ സമയങ്ങളില്‍ ഏറ്റവും ശ്രേഷ്ഠതയുള്ളത് സുബ്ഹ് നിസ്‌കാരത്തിന്റെ ശേഷമാണ്. ഖുര്‍ആന്‍ പാരായണം ‘കറാഹത്ത്’ ആയ ഒരു സമയമില്ല. നിസ്‌കാരം കറാഹത്തായ സമയത്തുപോലും ഖുര്‍ആന്‍ ഓതല്‍ കറാഹത്തില്ല.
വിശുദ്ധഖുര്‍ആന്‍ നിറുത്തിനിറുത്തി സാവകാശത്തില്‍ ഓതുകയെന്നത് ഖുര്‍ആനിന്റെ കല്‍പനയാണ്. അക്ഷരങ്ങള്‍ വ്യക്തമായും വാക്കുകള്‍ മുറിച്ചും സാവകാശം നന്നായി വായിക്കുക എന്നത് നാം ഖുര്‍ആന്‍ ഓതുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. അങ്ങനെ ഓതിയാലേ ഓതുന്നവനും കേള്‍ക്കുന്നവനും അതിന്റെ അര്‍ഥവും ആശയവും സൂചനകളുമെല്ലാം ഓര്‍മിക്കുവാനും അവ മനസ്സില്‍ പതിയുവാനും സൗകര്യപ്പെടുകയുള്ളൂ. ‘ഇല്‍മുത്തജ്‌വീദ്’ പഠിക്കല്‍ അനിവാര്യമായത് ഇതുകൊണ്ടുതന്നെയാണ്.
പാരായണ അദബുകള്‍
വിശുദ്ധ ഖുര്‍ആന്‍പാരായണം ചില മര്യാദകള്‍ പാലിച്ചുകൊണ്ട് നിര്‍വഹിക്കണം. മിസ്‌വാക് ചെയ്യുക, ശുദ്ധിവരുത്തുക, അടക്കവും ഒതുക്കവുണ്ടാവുക, പാരായണ സമയത്ത് കണ്ണുനീര്‍ വാര്‍ക്കുക എന്നിവയെല്ലാം പാരായണമര്യാദകളില്‍ പെട്ടവയാണ്.
ഇബാദത്തുകളുടെ മജ്ജയായ ഇഖ്‌ലാസ് ഖുര്‍ആന്‍പാരായണത്തിലും കൈമോശം വരാന്‍ പാടില്ല. അല്ലാഹുവിന്റെ തൃപ്തിക്കപ്പുറം ഭൗതിക ലാഭേഛകള്‍ കടന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലാഹുവിന്റെ കലാമാണ് ഞാന്‍ ഓതുന്നത് എന്ന നിയ്യത്തോടെയും ഹൃദയസാന്നിധ്യത്തോടെയും പാരായണം നിര്‍വഹിക്കാന്‍ നമുക്ക് കഴിയണം അല്ലാഹുവിന്റെ ഗ്രന്ഥത്തെ ഓതുമ്പോള്‍ അല്ലാഹുവിനെ നാം ദര്‍ശിക്കുന്നുണ്ടെന്ന മനസ്സോടെ ഓതണം. നാം അവനെ കാണുന്നില്ലെങ്കിലും അവന്‍ നമ്മെ കാണുന്നുണ്ട്.
മറവിയെ ഭയക്കണം
വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പഠിക്കുകയും ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കുകയും ചെയ്തവര്‍ അത് മറന്നുപോകുന്നത് അത്യധികം സൂക്ഷിക്കണം. കുറ്റകരമായ അനാസ്ഥയാണതെന്ന് ഓര്‍ക്കണം. മറന്നു പോകുന്നതിന്റെ ഗൗരവം മനസ്സിലാക്കാന്‍ നബി(സ്വ) യുടെ ചില തിരുവചനങ്ങളുടെ പൊരുള്‍ ഇവിടെ കുറിക്കാം. ഇബ്‌നുഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു, നബി(സ്വ) പറഞ്ഞു: ഖുര്‍ആന്‍ ഓതാന്‍പഠിക്കുകയും മനഃപാഠമാക്കുകയും ചെയ്തവന്റെ ഉപമ കയറില്‍ ബന്ധിപ്പിക്കപ്പെട്ട ഒട്ടകത്തിന്റെ ഉപമ പോലെയാകുന്നു. നാം സൂക്ഷിക്കുകയാണെങ്കില്‍ അതിനെ അവന് പിടിച്ചുവെക്കാം. കെട്ടഴിച്ചുവിട്ടാല്‍ അത് സ്ഥലം വിടുന്നതുമാണ്.
അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു, ”നബി(സ്വ) പറഞ്ഞു: തന്റെ ഉമ്മത്തിന്റെ ദോഷങ്ങള്‍ എനിക്ക് പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ അതില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ തെറ്റ് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഒരു സൂറത്ത് അല്ലെങ്കില്‍ ഒരു ആയത്ത് ഒരാള്‍ മനഃപാഠമാക്കുകയും അത് മറന്നുപോവുകയും ചെയ്യുന്നതാണ്”.
ചില പ്രത്യേക സൂറകള്‍
വിശുദ്ധ ഖുര്‍ആനിലെ ചില സൂറത്തുകള്‍ക്ക് മറ്റു സൂറത്തുകളേക്കാള്‍ അല്ലാഹു മഹത്വം നല്‍കിയിട്ടുണ്ട്. ചില സൂറത്തുകള്‍ രാത്രിയും പകലുമെല്ലാം ഓതിയാല്‍ വളരെ പുണ്യമുണ്ടെന്ന് പ്രവാചകര്‍(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതില്‍പെട്ടതാണ് വിശുദ്ധ ഖുര്‍ആനിന്റെ ഖല്‍ബായ സൂറത്ത് യാസീന്‍. മൂന്നിലൊന്നായ സൂറതുല്‍ ഇഖ്‌ലാസ്(ഖുല്‍ഹുവല്ലാ), മുഅവ്വിദതൈനി, സൂറതുല്‍ വാഖിഅ, തബാറക, ദുഖാന്‍, സൂറത്ത് ഇദാ സുല്‍സില, കാഫിറൂന്‍ പോലുള്ള സൂറകള്‍.
ശബ്ദഭംഗി
ഒരു രാത്രി ആയിശ(റ) കിടപ്പറയിലേക്ക് അല്‍പം വൈകിയാണ് എത്തിയത്. നബി(സ്വ) ചോദിച്ചു എന്തേ അല്‍പം വൈകിയല്ലോ? ആയിശ(റ) വിന്റെ മറുപടി, ഞാനൊരാളുടെ ഖുര്‍ആന്‍പാരായണം ശ്രദ്ധിച്ചു. അതെന്നെ അല്‍ഭുതപ്പെടുത്തി. അത്രയധികം മെച്ചപ്പെട്ട ഒരു പാരായണം ഞാന്‍ ശ്രവിച്ചിട്ടില്ല. മറുപടി കേട്ട നബി(സ്വ) ഖുര്‍ആന്‍പാരായണം കേള്‍ക്കാന്‍ പോയി. ഓത്തിന്റെ ഭംഗിയില്‍ സമയം പോയത് നബി(സ്വ) യും അറിഞ്ഞില്ല. നബി(സ്വ) പറഞ്ഞു, ഹുദൈഫയുടെ അടിമ സാലിമിന്റെ ഖുര്‍ആന്‍പാരായണമാണ് നാം ശ്രവിച്ചത്. അദ്ദേഹത്തെപോലുള്ളവരെ സമുദായത്തിന് നല്‍കിയ അല്ലാഹുവിന് സ്തുതി.
ശബ്ദഭംഗിയോടെ ഖുര്‍ആന്‍പാരായണം നടത്താന്‍ കഴിയുന്നവര്‍ക്ക് ഏറെ സന്തോഷിക്കാനുള്ള അവസരമായി നബി(സ്വ) യുടെ ഈ പ്രാര്‍ഥനയെ നമുക്ക് വിലയിരുത്താം.
പിതാക്കള്‍ക്ക് കിരീടം
ഇമാം ദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു, ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്റെ പിതാവിന് അന്ത്യദിനത്തില്‍ കിരീടം അണിയിക്കപ്പെടുന്നതാണ്. ആ കിരീടത്തിന്റെ പ്രകാശം സൂര്യപ്രകാശത്തേക്കാള്‍ മെച്ചപ്പെട്ടതായിരിക്കും. ഖുര്‍ആന്‍ മനഃപാഠമാക്കാത്ത പിതാവിനു ലഭിക്കുന്ന പ്രതിഫലമിതാണെങ്കില്‍ ഖുര്‍ആന്‍ മനഃപാഠമാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മകന്റെ സ്ഥിതി എന്തായിരിക്കുമെന്നാണ് നിങ്ങളുടെ വിചാരം!
ചുരുക്കത്തില്‍, അല്ലാഹുവിന്റെ വിശുദ്ധ കലാം പാരായണം ചെയ്യുന്ന സത്യവിശ്വാസിസമൂഹത്തിന് ഇഹലോകത്തും പരലോകത്തും ഒരുപാട് നേട്ടങ്ങള്‍ ആസ്വദിക്കാനാകുമെന്ന് വിശുദ്ധ ഖുര്‍ആനിന്റെയും തിരുചര്യയുടെയും വെളിച്ചത്തില്‍ നമുക്ക് ഉറപ്പിക്കാം. വിശുദ്ധ ഖുര്‍ആനിനോട് വിശ്വാസിക്കുള്ള കടപ്പാട് നിര്‍വഹിച്ച് ഇരുലോകത്തും സായൂജ്യമടയാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ, ആമീന്‍.
Post a Comment