വീടിന് സ്ഥാനം നോക്കുന്നത് തെറ്റാണോ.?



വീടിനു സ്ഥാനം നിർണയിക്കുന്നതിന് ഇസ്ലാമിൽ അടിസ്ഥാനമുണ്ട്.
ഇബ്‌നു ഉമര്‍ (റ) വില്‍ നിന്ന്‌ നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസ്‌ നബി(സ്വ) പറഞ്ഞു. തീ, വീട്‌, കുതിര എന്നിവയിലാണ്‌ അവലക്ഷണം.

മറ്റൊരു റിപ്പോര്‍ട്ടില്‍ അവലക്ഷണം സ്‌ത്രീ, താമസസ്ഥലം, മൃഗം എന്നിവയിലാണ്‌ എന്നും കാണാം. അവലക്ഷണമുണ്ടെങ്കില്‍ വീട്‌, സ്‌ത്രീ, കുതിര എന്നിവയിലാണത്‌ എന്നും വന്നിട്ടുണ്ട്‌. (ബുഖാരി, കിതാബുന്നികാഹ്‌, മുസ്‌ലിം, കിതാബുസ്സലാം)

പ്രയാസത്തിലും ദുരിതത്തിലും ഇവ മൂന്നും എല്ലാ സമയത്തും ബന്ധപ്പെടുന്നതിനാല്‍ അവയില്‍ ഗുണമുള്ളത്‌ തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

സ്ഥലം സംബന്ധിച്ച്‌ സാധാരണ ജനങ്ങളില്‍ അറിയപ്പെടുന്നതായി പലതും പ്രചാരത്തിലുണ്ട്‌. ഉദാ: തെക്ക്‌ ഭാഗത്തേക്ക്‌ നില്‍ക്കുന്ന ഭൂമിയെക്കാള്‍ നല്ലത്‌ വടക്ക്‌ ഭാഗത്തേക്ക്‌ ചെരിഞ്ഞു കിടക്കുന്നതാണ്‌. കാരണം സൂര്യതാപം ഏല്‍ക്കല്‍ കുറവായതിനാല്‍ വടക്കു ഭാഗത്തേക്ക്‌ ചെരിഞ്ഞു കിടക്കുന്ന വീടും കൃഷിയും ഗുണമാണെന്ന്‌ ജനങ്ങള്‍ മനസ്സിലാക്കുന്നു.

ഇങ്ങനെ അതിന്റെ ഗുണദോഷങ്ങള്‍ ഭൂമിശാസ്‌ത്ര പണ്‌ഡിതന്മാര്‍ ഗവേഷണത്തിലൂടെ തെളിയിച്ചിട്ടുണ്ട്‌. ഇതു മനസ്സിലാക്കി സ്ഥലം നോക്കുന്നതില്‍ പന്തികേടൊന്നുമില്ല.

മാത്രമല്ല ഇബ്‌നു മാജ (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഒരു യാത്രാ മധ്യേ നബി (സ്വ) യും അനുയായികളും ഒരു താഴ്‌വരയില്‍ അന്തിയുറങ്ങി. വിളിച്ചുണര്‍ത്താന്‍ ബിലാല്‍ (റ) നോട്‌ നബി (സ്വ) കല്‍പിച്ചിരുന്നു. ബിലാല്‍ (റ) ദീര്‍ഘനേരം ഉറങ്ങാതിരുന്നെങ്കിലും അദ്ദേഹവും ഉറങ്ങിപ്പോയി.
അതിനാല്‍ അവര്‍ക്ക്‌ സുബഹി നിസ്‌കാരം നഷ്‌ടപ്പെട്ടു. സൂര്യന്‍ ഉദിച്ച ശേഷമാണ്‌ അവര്‍ ഉണരുന്നത്‌. ഉടനെ അവര്‍ നിസ്‌കാരത്തിനുള്ള തയ്യാറെടുപ്പിലായപ്പോള്‍ നബി(സ്വ) പറഞ്ഞു. ഈ താഴ്‌വരയില്‍ പിശാചുണ്ട്‌. അവിടെ നിന്ന്‌ പോയതിന്‌ ശേഷമാണ്‌ അവര്‍ നഷ്‌ടപ്പെട്ട നിസ്‌കാരം ഖളാഅ്‌ വീട്ടിയത്‌ എന്ന്‌ കാണാം. (മിശ്‌കാത്ത്‌- മിര്‍ഖാത്ത്‌ 1/439)

ഇതില്‍ നിന്നും പൈശാചികബാധയുള്ള സ്ഥലവും സ്ഥലങ്ങളുടെ കൂട്ടത്തിലുണ്ടെന്ന്‌ ഗ്രഹിക്കാം. മാത്രമല്ല ഇബ്‌നു മാജ (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റൊരു ഹദീസില്‍ നബി (സ്വ) വിടുവെക്കാന്‍ സ്ഥലം നിരീക്ഷിച്ചിരുന്നു. എന്നു കാണാം(ഇബ്‌നു മാജ 5).

ഇതിനാല്‍ ഇത്തരം കാര്യങ്ങള്‍ അറിയുന്ന പണ്‌ഡിതന്മാരെയോ മറ്റോ സമീപിച്ചു അവരുടെ സഹായം തേടാം.അതിൽ മതപരമായി തെറ്റില്ല. മാത്രവുമല്ല ്ത് ഗുണകരവുമാണ്.

എന്നാൽ
 ഈ രംഗത്ത്‌ ധാരാളം അന്ധവിശ്വാസങ്ങള്‍ നടക്കുന്നുണ്ട്‌. ജനങ്ങളെ ചൂഷണം ചെയ്യാന്‍ മുതിരുന്ന പലരുമുണ്ട്‌. എന്നത് പറയാതെ വയ്യ.
പിശാച്‌ ബാധ നീക്കം ചെയ്യാന്‍ എന്ന വ്യാജേന അന്യ മതാചാരപ്രകാരം പൂജയും ഹോമവുമെല്ലാം നടത്തുന്നത്‌ ഇസ്‌ലാമിക വിരുദ്ധമാണ്.