പ്രവാചകർ(സ) തങ്ങളെ കുറിച്ച് പ്രമുഖർ.
സ്വാമി അഗ്നിവേശ്
ഉള്ളില്‍ നിറയെ കരുണ. ഭൂമിയോളം ക്ഷമ. നന്മയോടുള്ള അതിരറ്റ പ്രതിബദ്ധത ഇതൊക്കെയാണ് എന്റെ മനസില്‍ പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചുള്ള ചിത്രം. സാമൂഹിക വിപ്ളവത്തിന്റെ യഥാര്‍ഥ സൂര്യതേജസ് തന്നെയായിരുന്നു ആ മഹാനുഭാവന്‍. ആ മഹിത ജീവിതത്തില്‍നിന്ന് എത്രയോ അനുഭവ പാഠങ്ങളാണ് ലോകത്തിന് ലഭിച്ചത്. സാമൂഹിക ജീവിതത്തില്‍ നാം കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെ കുറിച്ച്, നാം സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ച്, നാം പുലര്‍ത്തേണ്ട മര്യാദകളെക്കുറിച്ച് പ്രവാചകന്‍ നമ്മെ ഓര്‍മിപ്പിച്ചു. ആ ജീവിതത്തില്‍നിന്നുള്ള എത്രയോ സംഭവങ്ങള്‍ നമുക്കറിയാം. തികച്ചും ആദരവോടും അത്ഭുതത്തോടും കൂടിയല്ലാതെ അതൊന്നും സ്മരിക്കാനാവില്ല. അടിമവേലക്കും ബാലവേലക്കുമെതിരെ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തി വരുന്ന പോരാട്ടത്തിന്റെ പ്രചോദനം പോലും പ്രവാചകന്‍ ഉള്‍പ്പെടെയുള്ളവര്‍ കാണിച്ചുതന്ന മാതൃകകളാണ്.
നിത്യ ചൈതന്യയതി
'മുഹമ്മദ് മുസ്തഫാ റസൂല്‍കരീം (സ:അ) മലയാളികളുടെ മനസ്സില്‍ അനുസ്മരിക്കപ്പെടുന്നത് മുഹമ്മദ് നബിയായിട്ടാണ്. ഞാന്‍ എന്റെ ഹൃദയത്തിന്റെ രഹസ്സില്‍ ഇരുന്നുകൊണ്ട് പ്രവാചകനോട് സംവദിക്കുമ്പോള്‍ സംബോധന ചെയ്യാറുള്ളതും സ്നേഹധനനായ മുത്തുനബി എന്നാണ്. മുത്തുനബിയില്‍ നിന്നും എനിക്ക് ലഭിച്ചിട്ടുള്ള രണ്ട് സ്വാധീനങ്ങളുണ്ട്.
|ഒന്ന്, ഞാന്‍ വിശ്വസിക്കാത്തത് വിശ്വസിക്കുന്നു എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക. അതുകൊണ്ട് ലോകത്തില്‍ പകുതി ആളുകളെങ്കിലും എന്നെ കൈവെടിയുമെന്ന് എനിക്കറിയാം. അത് ലോകവാഴ് വില്‍ കഷ്ടതയുണ്ടാക്കുന്ന ഒരനുഭവമാണ്. അതിനെ ഞാന്‍ നേരിടുന്നത് എന്റെ കഷ്ടനഷ്ടങ്ങളില്‍ നിര്‍ഭയനായ മുത്തുനബികൂടി എനിക്ക് എപ്പോഴും കൂട്ടുണ്ട് എന്നുള്ള വിശ്വാസത്തെ ഉള്ളിന്റെയുള്ളില്‍ ഒരു ഭദ്രദീപം പോലെ സൂക്ഷിച്ച് വെക്കുകയാലാണ്.
രണ്ട്, ഒരാള്‍ക്ക് ന്യായമായി ലഭിക്കേണ്ടുന്നതായ വിഭവത്തെ നീതിയില്ലാതെ പരിഗ്രഹിക്കാതിരിക്കുകയും അവര്‍ക്കത് എത്തിച്ചുകൊടുക്കാന്‍ എനിക്ക് നിവൃത്തിയുണ്ടെങ്കില്‍ അതില്‍ വിമുഖത കാണിക്കാതിരിക്കുകയും ചെയ്യുക എന്നത് നിലനിര്‍ത്താന്‍ മുത്തുനബി നല്‍കുന്ന ധര്‍മബോധമാണ്.'
- നിത്യ ചൈതന്യയതി
(ദൈവം പ്രവാചകനും പിന്നെ ഞാനും, ഇംപ്രിന്റ് ബുക്സ്, 1994, പുറം: 11)
എം.ഗോവിന്ദന്‍
'യേശുക്രിസ്തുവിന്റെ ആശയാദര്‍ശങ്ങള്‍ നസ്റത്തിലും റോമിലെമ്പാടും ഒട്ടധികം ഒച്ചപ്പാടുണ്ടാക്കിയെങ്കിലും രാഷ്ട്രീയമായ ഒരു പ്രത്യക്ഷ വിപ്ളവം സൃഷ്ടിച്ചില്ല. ദൈവത്തിന്റെ കുഞ്ഞാട് മുടിയില്‍ മുള്‍ക്കിരീടം ചൂടിയതിന് ശേഷം മാത്രമേ അദ്ദേഹം ബീജാവാപം ചെയ്ത അഭിപ്രായങ്ങള്‍ മുളച്ച് ഇല വിരിഞ്ഞ് കായും കനിയും ആയിത്തീര്‍ന്നുള്ളൂ. ഇസ്ലാം മത സ്ഥാപകന്റെ കഥ അങ്ങനെയല്ല. ക്രിസ്തു എത്രമാത്രം ആദര്‍ശവാദിയായിരുന്നുവോ, അത്രത്തോളം കര്‍മപടുവും പ്രായോഗിക കര്‍മജ്ഞനുമായിരുന്നു നബി. ദൈവത്തിനവകാശപ്പെട്ടത് ദൈവത്തിന് നല്‍കപ്പെടുകതന്നെ വേണമെന്ന ശാഠ്യക്കാരനായിരുന്നു അദ്ദേഹവും. പക്ഷേ, സീസറിന്റെ ഭാഗം സ്വയം ഏറ്റെടുക്കാനാണ് മുഹമ്മദ് ഇഷ്ടപ്പെട്ടത്. തന്റെ ആയുഷ്കാലത്ത് തന്നെ അദ്ദേഹം ഒരു നവീന രാഷ്ട്രം സ്ഥാപിച്ചു. ആദ്യത്തെ ഭരണാധികാരിയായി. പ്രായോഗിക തന്ത്രജ്ഞന്‍, കര്‍മധീരന്‍, നവീന രാഷ്ട്ര ശില്‍പി എന്ന നിലയില്‍ ചരിത്രത്തില്‍ നബിയോട് കിടനില്‍ക്കുന്ന മറ്റൊരു വ്യക്തി ലെനില്‍ മാത്രമേയുള്ളൂ.'
-എം.ഗോവിന്ദന്‍
(എം.ഗോവിന്ദന്റെ ഉപന്യാസങ്ങള്‍, എന്‍.ബി.എസ്. പുറം: 81,82)
സി. രാധാകൃഷ്ണന്‍
ചരിത്രത്തിന്റെ വഴി തിരുത്തിക്കുറിച്ച വരവായിരുന്നു പ്രവാചകന്റേത്. ദൈവനീതിയുടെ വിട്ടുവീഴ്ചയില്ലായ്മ സംശയാതീതമായി പ്രഖ്യാപിക്കുകയും അതിനെ ധിക്കരിക്കുന്നവര്‍ക്കുള്ള താക്കീതുകള്‍ നല്‍കുകയും ചെയ്തു. ചുരുക്കത്തില്‍, ഹിറാമലയിലെ വെളിപാടുകള്‍ ലഭിച്ചില്ലായിരുന്നെങ്കില്‍ ലോകം ഇന്നു കാണുമ്പോലെ ആകുമായിരുന്നില്ല എന്ന് നിശ്ചയം. മരുഭൂമികളില്‍ ആ അറിവിന്റെ ഉറവ മരുപ്പച്ചകള്‍ സൃഷ്ടിക്കുന്നു, ഇപ്പോഴും.
(പ്രമുഖ സാഹിത്യകാരനും നോവലിസ്റും)
ജോണ്‍ എല്‍. എസ്‌പോസിറ്റോ
അനുയായികളെ സൃഷ്ടിക്കുന്നതിലും അറേബ്യയൊന്നടങ്കം ആധിപത്യം നേടിയ ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിലും മുഹമ്മദിനുണ്ടായ അത്യപൂര്‍വമായ വിജയം രണ്ടു സൂചനകള്‍ നല്‍കുന്നുണ്ട്. ഒന്ന്, അദ്ദേഹം അസാധാരണ ബുദ്ധികൂര്‍മതയുള്ള ഒരു സൈനിക തന്ത്രജ്ഞനാണെന്ന്, രണ്ടാമത്തെത്, പീഢനങ്ങളും അടിച്ചമര്‍ത്തലുകളുമൊക്കെ സഹിച്ചുകൊണ്ട് വിധേയത്വം കാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൂടെ ഉറച്ചുനില്‍ക്കാന്‍ അനുയായികളെ പ്രേരിപ്പിക്കുന്ന അപൂര്‍വമായ വ്യക്തിത്വം അദ്ദേഹത്തിനുമുണ്ടായിരുന്നുവെന്ന്. ഏറ്റവും മാതൃകായോഗ്യനായ മതരാഷ്ട്രീയ നേതാവും മാതൃകായോഗ്യനായ ഭര്‍ത്താവും പിതാവുമാണദ്ദേഹം. അതിനാലാണ് മുസ്ലിംകള്‍ എല്ലാ കാര്യത്തിലും മുഹമ്മദ് ചെയ്തുവെന്ന് അവര്‍ മനസ്സിലാക്കിയത് പോലെത്തന്നെ ചെയ്യാന്‍ ശ്രമിക്കുന്നത്. പ്രവാചക ചര്യ വ്യക്തി ജീവിതത്തിലെ വൃത്തി, വസ്ത്രധാരണം, ഭക്ഷണം കഴിക്കല്‍, വിവാഹം, ഭാര്യമാരോടുളള പെരുമാറ്റം, നയതന്ത്രം, യുദ്ധം തുടങ്ങിയ എല്ലാ കാര്യങ്ങളിലും മാര്‍ഗദര്‍ശനം നല്‍കുന്നു.
(അമേരിക്കയിലെ ജോര്‍ജ് ടൌണ്‍ സര്‍വകലാശാലയില്‍ ഇന്റര്‍നാഷണല്‍ അഫയേഴ്സിന്റെയും ഇസ്ളാമിക് സ്റഡീസിന്റെയും പ്രൊഫസര്‍)
കാരന്‍ ആംസ്‌ട്രോങ്ങ്
രാഷ്ട്രീയവും ആത്മീയതയും എല്ലായ്പ്പോഴും ഒരുമിച്ച് പോകുകയില്ലെങ്കിലും , അസാധാരണമായ രാഷ്ട്രീയ ചാതുര്യവും ആത്മീയ പ്രഭാവവും മുഹമ്മദിന്റെ സവിശേഷതയായിരുന്നു. അതുകൊണ്ട് തന്നെ നീതിപൂര്‍ണമായ ഒരു നല്ല സമൂഹം സൃഷ്ടിക്കുന്നതിന് എല്ലാ മതവിശ്വാസികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹം ചില സമയങ്ങളില്‍ ഇരുണ്ട ക്രോധവും പ്രീണനത്തിന് വഴങ്ങാത്ത നിഷ്പക്ഷതയും പ്രകടിപ്പിച്ചു. അതേ സമയം സൌമ്യനും ഹൃദയാലുവും ആര്‍ദ്രചിത്തനും ആയിരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ചിരിക്കുന്ന ക്രിസ്തുവിനെ പറ്റി നാം വായിച്ചിട്ടില്ല. എന്നാല്‍, പുഞ്ചിരിക്കുകയും അടുപ്പമുള്ളവരോട് കുസൃതി പറയുകയും ചെയ്യുന്ന മുഹമ്മദിനെ നമുക്ക് കാണാന്‍ കഴിയും. അദ്ദേഹം കുട്ടികള്‍ക്കൊപ്പം കളിചിരിതമാശകള്‍ക്ക് സന്നദ്ധനായി. മറ്റു ചിലപ്പോള്‍ ഭാര്യമാരോട് ദേഷ്യപ്പെട്ടു. പ്രിയപ്പെട്ട സുഹൃത്തിന്റെ മരണത്തില്‍ തേങ്ങിക്കരഞ്ഞു. കുഞ്ഞുണ്ടായപ്പോള്‍ മറ്റേതൊരു ആഹ്ളാദവാനായ പിതാവിനെയും പോലെ കുട്ടിയെ കൈകളിലെടുത്ത് അദ്ദേഹം സന്ദര്‍ശകര്‍ക്ക് കാട്ടിക്കൊടുത്തു. ചരിത്രത്തിലെ മറ്റു മഹാപുരുഷന്മാരെ വീക്ഷിക്കുന്നതുപോലെ നാം മുഹമ്മദിനെയും വീക്ഷിക്കുകയാണെങ്കില്‍, ലോകം കണ്ടിട്ടുള്ള മഹാപ്രതിഭാശാലികളില്‍ ഒരാളായി അദ്ദേഹത്തെ തീര്‍ച്ചയായും പരിഗണിക്കേണ്ടിവരും. മഹത്തായ ഒരു സാഹിത്യകൃതി, മഹത്തായ ഒരു മതം, പുതിയ ഒരു ലോകശക്തി എന്നീ നേട്ടങ്ങള്‍ അത്ര നിസ്സാരമല്ലല്ലോ.
(പ്രശസ്ത എഴുത്തുകാരിയും ഗവേഷകയും റോമന്‍ കാത്തലിക് സന്യാസിനിയുമായിരുന്നു)
ഫിലിപ്പ് കെ. ഹിറ്റി
പേരെടുത്ത ഓറിയന്റലിസ്റും അറബി ചരിത്രരചയിതാവുമാണ് ഹിറ്റി. ഇസ്ലാമിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ വികലവും പക്ഷപാതപരവുമാണ്. ഒരു ചരിത്രകാരനുണ്ടാവേണ്ട തുറന്ന മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നോ എന്നുതന്നെ സംശയമാണ്. എന്നാല്‍ അദ്ദേഹത്തിന് തന്നെ പറയേണ്ടിവരുന്ന ചില കാര്യങ്ങളുണ്ട്. 'ഇസ്ലാം ഒരു ജീവിതമാര്‍ഗം' എന്ന ഗ്രന്ഥത്തില്‍നിന്നുള്ള ഒരു ഭാഗമാണ് ചുവടെ:
മധ്യകാലഘട്ടത്തിലെ ക്രിസ്ത്യാനികള്‍ മുഹമ്മദിനെ തെറ്റിദ്ധരിക്കുകയും കൊള്ളരുതാത്തവനായി ഗണിക്കുകയും ചെയ്തു. അതിനുള്ള കാരണങ്ങള്‍ കൂടുതലും ചരിത്രപരം-സാമ്പത്തികവും രാഷ്ട്രീയവും- ആയിരുന്നു; ആദര്‍ശപരമല്ല. ഒമ്പതാം നൂറ്റാണ്ടുകാരനായ ഒരു ഗ്രീക്ക് ചരിത്രകാരന്‍ വരച്ചുവെച്ച വ്യാജപ്രവാചകനും കപടനുമെന്ന ചിത്രം പിന്നീട് പൊടിപ്പും തൊങ്ങലും വെച്ച് പലരും മുഴപ്പിച്ചു. വിഷയാസക്തിയുടെയും ദുര്‍നടപ്പിന്റെയും രക്തദാഹത്തിന്റെയും കൊള്ളശീലത്തിന്റെയുമൊക്കെ കടുഞ്ചായങ്ങള്‍ കൊണ്ട് അവരതിന് പകിട്ടു നല്‍കി. പാതിരിമാര്‍ക്കിടയില്‍ മുഹമ്മദ് ഒരു അന്തിക്രിസ്തുവായി. അദ്ദേഹത്തിന്റെ മൃതശരീരം ഭൂമിക്കും സ്വര്‍ഗത്തിനുമിടയിലെവിടെയോ തൂക്കിയിട്ടിരിക്കയാണെന്നവര്‍ വിശ്വസിച്ചു; ദാന്തയാകട്ടെ അദ്ദേഹത്തിന്റെ ശരീരം രണ്ടായി മുറിച്ചു. അഭിശപ്തരെയും മതത്തില്‍ ഛിദ്രതയുണ്ടാക്കുന്നവരെയും ഇടുന്ന ഒമ്പതാം നരകത്തിലേക്കയച്ചു.
ഇ വി രാമസ്വാമി നായ്ക്കര്‍
പ്രവാചകന്‍ അവസാനമായി വെളിപ്പെടുത്തി. ' ഞാനാണ് അവസാനത്തെ നബി. എനിക്ക് ശേഷം നബികള്‍(മാര്‍ഗദര്‍ശികള്‍) അവതരിക്കുകയില്ല. ഇതിനെക്കുറിച്ച് നിങ്ങള്‍ എന്തു വിചാരിച്ചാലും , ഏതു നിഗമനത്തിലെത്തിച്ചേര്‍ന്നാലും ഒരു കാര്യം വ്യക്തമാണ്. അദ്ദേഹത്തിന് ശേഷം അദ്ദേഹം പ്രസ്താവിച്ച ലക്ഷ്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഉപരിയായി എന്തെങ്കിലും പറയുന്നതിന് ഇന്നുവരേക്കും ആരും അവതരിച്ചിട്ടില്ല. ആ നിലയില്‍ മനുഷ്യസമുദായത്തിന്റെ ജീവിത തുറകളിലെ എല്ലാ കാര്യങ്ങളെ കുറിച്ചും ഉയര്‍ന്ന തത്വങ്ങള്‍ ഉള്‍ക്കൊണ്ട ലക്ഷ്യങ്ങള്‍ നബി പ്രസ്താവിച്ചു കഴിഞ്ഞിട്ടുണ്ട്.
(ദ്രാവിഡ സംസ്കാരത്തിന്റെ പ്രചാരകനും പ്രമുഖ യുക്തിവാദി നേതാവും)
ലാലാ ലജ്പത് റായി
'ഇസ്ലാമിന്റെ പ്രവാചകനെ ഞാന്‍ മുക്തകണ്ഠം ബഹുമാനിക്കുന്നു എന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കാന്‍ എനിക്ക് അല്‍പവും സങ്കോചമില്ല. ഇതര മത പ്രവാചകന്മരിലും മതാചാര്യന്മരിലും വെച്ച് ഏറ്റവും പ്രമുഖ സ്ഥാനം എന്റെ അഭിപ്രായത്തില്‍ പ്രവാചകന്‍ മുഹമ്മദിനാണ്.'
ഡോ. എം.ജി.എസ് നാരായണന്‍
മരുഭൂമിയിലെ നീരുറവയാണ് മുഹമ്മദ്. അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതാന്‍ ധൈര്യപ്പെട്ടവര്‍ ഓരോരുത്തരും ഓരോ സിദ്ധാന്തത്തിന്റെ ജനയിതാക്കളാണ്. ഒരു ബാധോപദ്രവക്കാരനായും സാമൂഹിക പരിഷ്കര്‍ത്താവായും ഋഷിയായും മന്ത്രവാദിയായും മുഹമ്മദ് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വ്യാഖ്യാനങ്ങളെല്ലാം കഴിച്ചാലും അദ്ദേഹത്തിന്റെ ജീവിത വിജയത്തെപ്പറ്റിയുള്ള അത്ഭുതരഹസ്യം ബാക്കിയാവുന്നു. അനാചാരങ്ങളുടെ നേര്‍ക്കുള്ള ഒരെതിര്‍പ്പാണ് മുഹമ്മദ് കൊണ്ടുവന്ന മതമെന്ന് ഒരു കോണില്‍ കൂടി നോക്കിയാല്‍ കാണാം. അദ്ദേഹത്തിന്റെ ആവേശഭരിതമായ ദിവ്യഭാഷണങ്ങളില്‍ പലതിലും പുതിയൊരു സാമൂഹിക നീതി എത്തിപ്പിടിക്കാനുള്ള വെമ്പല്‍ പ്രകടമായിരുന്നു. പക്ഷേ, ഒന്നുണ്ട്, അതൊരു വിപ്ളവാഹ്വാനത്തിന്റെ വഴിക്കല്ല, മതപരമായ മാര്‍ഗത്തിലാണ് തിരിഞ്ഞത്. ജൂത മതത്തിലെ സെമിറ്റിക് പ്രവാചകന്മരുടെ പ്രചോദനം കൊണ്ടാവാം, ചില മൌലികബോധങ്ങള്‍ അദ്ദേഹത്തില്‍ കടന്നുകൂടിയിരുന്നു. ദൈവനീതിയിലും താന്‍ ദൈവത്തിന്റെ തെരഞ്ഞെടുത്ത ദൂതനാണെന്നുള്ള ഉറച്ച വിശ്വാസത്തിലും അധിഷ്ഠിതമായ ഒരു പരിഷ്കരണ പ്രസ്ഥാനമായിരുന്നു മുഹമ്മദിന്റേത്. ഹൃദയപരിവര്‍ത്തനവും ക്ഷമാ യാചനവും അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു നവജീവിതത്തിന്റെ നാന്ദിയായി.
ക്രിസ്തുമത ചരിത്രത്തില്‍ ആത്മീയവും രാഷ്ട്രീയവും പരസ്പരാശ്രയമുണ്ടെങ്കിലും രണ്ട് വ്യത്യസ്ത ഘടകങ്ങളായിട്ടാണ് ആദ്യം മുതല്‍ക്കേ നിലനിന്നത്. ഒരു പുതിയ സാമൂഹികആത്മീയരാഷ്ട്രീയ വ്യവസ്ഥയുടെ മുഴുരൂപമാണ് മുഹമ്മദ് മദീനയില്‍ അവതരിപ്പിച്ചത്. അതിലദ്ദേഹം നിയമനിര്‍മാതാവും സൈനിക തലവനുമായി.
അദ്ദേഹം തന്റെ പഞ്ചശീലങ്ങള്‍ എല്ലാ അറേബ്യക്കാര്‍ക്കുമായി വിളംബരപ്പെടുത്തി: അല്ലാഹുവിലും അവന്റെ പ്രവാചകനായ മുഹമ്മദിലും വിശ്വസിക്കുക. അഞ്ചുതവണ പ്രാര്‍ഥിക്കുക. സാധുക്കളോട് അലിവുണ്ടായി ധര്‍മം കൊടുക്കുക. നോമ്പു കാലങ്ങളില്‍ അതാചരിക്കുക. വര്‍ഷത്തിലൊരിക്കല്‍ വിശുദ്ധ പട്ടണമായ മക്കയിലേക്ക് തീര്‍ഥ യാത്ര ചെയ്യുക.''ഈ അവസാന നിയമം അദ്ദേഹത്തിന്റെ സാമുദായിക ദീര്‍ഘ ദര്‍ശിത്വത്തിനും പ്രായോഗിക ബുദ്ധിക്കും ഉത്തമോദാഹരണമാണ്. ഇന്നും ഭൂമുഖത്തിന്റെ പല ഭാഗത്തും ചിതറിക്കിടക്കുന്ന മുസ്ലിം സഹോദരങ്ങളെ അടുപ്പിച്ചു നിര്‍ത്തുന്ന ഒരദൃശ്യവലയത്തിന്റെ കേന്ദ്രം മക്കയാണല്ലോ.
ജവഹര്‍ലാല്‍ നെഹ്‌റു
അതേവരെ ചരിത്രത്തില്‍ ഗണ്യമായ ഒരു പങ്ക് വഹിച്ചിട്ടില്ലാത്തവരും അറേബ്യയിലെ മണല്‍ക്കാടുകള്‍ ജന്മഗേഹമായിട്ടുള്ളവരുമായ ഒരു ജനതയുടെ ഈ ജൈത്രയാത്ര ഏറ്റവും വിസ്മയകരമായിരിക്കുന്നു. തങ്ങളുടെ പ്രവാചകന്റെയും അദ്ദേഹം നല്‍കിയ മനുഷ്യസാഹോദര്യമാവുന്ന സന്ദേശത്തിന്റെയും അദമ്യവും വിപ്ളവകരവുമായ സ്വഭാവത്തില്‍ നിന്നാവണം അവര്‍ക്ക് ഈ വമ്പിച്ച ചൈതന്യമത്രയും കിട്ടിയത്.'
- ജവഹര്‍ലാല്‍ നെഹ്റു
(ഇന്ത്യയെ കണ്ടെത്തല്‍, മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ളിഷിംഗ് കമ്പനി, കോഴിക്കോട്, 1971, പുറം: 270)
മോണ്ട്ഗാമറി വാട്ട്
വിഗ്രഹങ്ങളെ ആരാധിച്ചുകൊണ്ടിരുന്ന ഒരു അറബ് ഗോത്രത്തിലാണ് എഡി. 570ല്‍ മുഹമ്മദ് ജനിച്ചത്. അനാഥനായി ജനിച്ച അദ്ദേഹം സമൂഹത്തിലെ അധഃസ്ഥിതരെയും അടിമകളെയും വിധവകളെയും അനാഥരെയും അഗതികളെയും ആര്‍ദ്രതയോടെ സമീപിച്ചു. ഇരുപതാമത്തെ വയസ്സില്‍ സമ്പന്ന വിധവയായ ഖദീജയുടെ വാണിജ്യഒട്ടകസംഘത്തെ നയിക്കുന്ന കച്ചവടക്കാരനായി. ഖദീജ തന്റെ കീഴിലെ 25 വയസ്സുമാത്രമുള്ള ആ തൊഴിലാളിയുടെ മഹത്വമറിഞ്ഞ് അദ്ദേഹത്തോട് വിവാഹ അഭ്യര്‍ത്ഥന നടത്തി. തന്നെക്കാള്‍ 15 വയസ്സ് പ്രായം കൂടുതലുണ്ടെന്നറിഞ്ഞിട്ടും അവരെ വിവാഹം കഴിച്ച് അര്‍പ്പണ മനോഭാവമുള്ള ഭര്‍ത്താവായി മുഹമ്മദ് വര്‍ത്തിച്ചു.
അദ്ദേഹത്തിന്റെ മുന്‍ഗാമികളായ പ്രവാചകന്മരെപ്പോലെതന്നെ മുഹമ്മദും ദൈവത്തിന്റെ വചനങ്ങളെ ഏറ്റെടുക്കാന്‍ തന്റെ കുറവുമനസ്സിലാക്കിയിട്ടോ എന്തോ മടിച്ചു. പക്ഷേ, മാലാഖ അദ്ദേഹത്തോട് വായിക്കാന്‍ ആജ്ഞാപിച്ചു. നാം അറിയുന്ന മുഹമ്മദ് എഴുത്തും വായനയും വശമില്ലാത്തവനാണ്. പക്ഷേ, ഒട്ടുമേവൈകാതെ ആഗോളജനസഞ്ചയത്തെ ഒന്നായി ഇളക്കി മറിച്ച ആ വാക്കുകള്‍ അദ്ദേഹം ഉച്ചരിക്കാന്‍ തുടങ്ങി: ' ദൈവം ഒന്നേയുള്ളൂ'
എല്ലാ സംഗതികളിലും മുഹമ്മദ് തികഞ്ഞ പ്രായോഗമതിയായിരുന്നു.അദ്ദേഹത്തിന്റെ മകന്‍ ഇബ് റാഹീം മരണപ്പെട്ട ദിനത്തില്‍ യാദൃശ്ചികമായി സൂര്യഗ്രഹണമുണ്ടായി . ദൈവം അനുശോചനം രേഖപ്പെടുത്തിയതാണെന്ന് ചിലര്‍ അടക്കം പറഞ്ഞു. അപ്പോള്‍ തന്നെ മുഹമ്മദ് പ്രഖ്യാപിച്ചു: 'ഗ്രഹണം എന്നത് പ്രകൃതി പ്രതിഭാസമാണ്. ഏതെങ്കിലും മനുഷ്യന്റെ ജനന മൃതികളുമായി അതിനെ ബന്ധിപ്പിക്കുന്നത് തികഞ്ഞ അസംബന്ധമത്രെ'.
മുഹമ്മദിന്റെ മരണവേളയില്‍ അദ്ദേഹത്തെ ദൈവതുല്യനായി കാണാനുള്ള ഒരു ശ്രമമുണ്ടായി. ആ സമയത്ത് അദ്ദേഹത്തിന്റെ പിന്‍ഗാമി മതചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടില്ലാത്ത ഉജ്ജ്വലഭാഷണത്തിലൂടെ ആ ചിത്തഭ്രമത്തെ അടക്കം ചെയ്തു. ' 'നിങ്ങളില്‍ ആരെങ്കിലും മുഹമ്മദിനെ ആരാധിച്ചിരുന്നുവെങ്കില്‍ മുഹമ്മദ് ഇതാ മരിച്ചിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കില്‍ അവനെന്നെന്നും നിലനില്‍ക്കുന്നവനാണ്'.
ഡോ. സുകുമാര്‍ അഴീക്കോട്
മുഹമ്മദ് നബി മരുഭൂമിയെ പുഷ്പവാടിയാക്കാന്‍ വന്നു. അത് എല്ലാ മഹാചാര്യന്‍മാരുടെയും കടമയാണ്. അവര്‍ക്കെല്ലാം ദിവ്യപരിവര്‍ത്തന ലക്ഷ്യമായ ഒരു ' അറേബ്യ' ഉണ്ടായിരിക്കും. അതിനാല്‍ തനിക്ക് ബൈബിളിലൂടെ പരിചിതമായ പ്രവാചകന്മരെഅബ്രഹാം, ഇസ്മായില്‍, ഇസ്ഹാഖ്, യാക്കോബ്, മോശ, യേശു എന്നിവരെയെല്ലാം ഒരേ തരത്തില്‍ നബിതിരുമേനി വിശ്വാസപാത്രങ്ങളായി കാണുന്നു. ദൈവത്തിന്റെ മറ്റ് പ്രവാചക•ാരേയും ഇതേമട്ടില്‍ വിശ്വാസമര്‍പ്പിക്കേണ്ടവരായി അദ്ദേഹം കരുതുന്നു. അതുകൊണ്ട് പ്രവാചകരെ ചൊല്ലി അധിക്ഷേപം മുഴക്കരുത്, കലഹിക്കരുത്അത് ദൈവ നിയോഗമാണ്. ഇല്ലെങ്കില്‍ എല്ലാ ജനവിഭാഗങ്ങളും അന്യോന്യം വിരോധംമൂലം അതത് ദൈവങ്ങളെ നിന്ദിക്കുന്ന സ്ഥിതി ലോകത്ത് വന്നുചേരും. അതും പാടില്ല.
ഇസ്ലാം ഭൌതിക സാമ്രാജ്യസ്ഥാപനത്തിന്റെ മതമാണെന്ന് മറ്റൊരു ധാരണയുണ്ട്. ചെങ്കിസ്ഖാന്‍ തൊട്ട് സദ്ദാം ഹുസൈന്‍ വരെയുള്ള ഭീകരചിത്രങ്ങള്‍ ഈ ധാരണയെ ശക്തിപ്പെടുത്തിയേക്കാം. പക്ഷെ, ഇസ്ലാമിനെ അന്വേഷിച്ചു പോകുന്നവര്‍ അവരിലേക്കല്ല പോകേണ്ടത്, മുഹമ്മദിലേക്കാണ്. അവിടെ നിന്ന് നിഫാരിയിലേക്കും, അല്‍ ഗസ്സാലിയിലേക്കും, റൂമിയിലേക്കും. അറബിക്കാറ്റ് ധീരവിശുദ്ധിയോടെ അവിടങ്ങളിലാണ്, ദിവ്യതരംഗങ്ങള്‍ ഇളക്കിവീശിക്കൊണ്ടിരിക്കുന്നത്. ആ കാറ്റ് ഇന്നത്തെ ഭീതികള്‍ക്കും ആശങ്കകള്‍ക്കും അപ്പുറത്ത്, ഒരു നവപ്രഭാതത്തെ ഇവിടെ തെളിയിച്ചു തരാന്‍ ലോകത്തോട് കടപ്പെട്ടിരിക്കുന്നു. മുഹമ്മദ് ഈ പ്രഭാതത്തിന്റെ പ്രതിപുരുഷനാണ്, മഹാ കവി വെള്ളത്തോള്‍ അതാണ് പാടിയത്:
'അഹര്‍മുഖപ്പൊന്‍കതിര്‍പോലെ പോന്നവന്‍
മുഹമ്മ,ദപ്പേരിനിതാ, നമശ്ശതം! '
പി സുരേന്ദ്രന്‍
ജീവിതം മഹായാത്രയായി മുഹമ്മദ് നബി കണ്ടു. തളരുമ്പോള്‍ വൃക്ഷത്തണലുകളില്‍ വിശ്രമിച്ച് പിന്നെയും യാത്ര തുടരണം. യാത്രികനു വൃക്ഷത്തണലിനോടുള്ള ബന്ധം മാത്രമേ ഇഹലോകത്തോടും വേണ്ടതുള്ളൂ.
രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഹുദൈബിയയില്‍ പ്രവാചകന്‍ മുഹമ്മദ് മഹാ തീര്‍ഥാടനം പോലും മാറ്റിവെച്ച് കരാറുണ്ടാക്കിയത്. ഉദാരത കീഴടങ്ങലല്ല. മുസല്‍മാന്മര്‍ പ്രതികാരദാഹികളുമല്ല. ദയയും സംയമനവുമായി ഹുദൈബിയ സന്ധി വാഴ്ത്തപ്പെടണം. ഇസ്ലാം ലോകമെമ്പാടും വ്യാപിക്കുന്ന കാലത്ത് ഈ സന്ധിയെച്ചൊല്ലി അഭിമാനിക്കണം. മാനവ സമൂഹത്തിലെ എല്ലാ തര്‍ക്കങ്ങള്‍ക്കും പരിഹാരമാതൃകയാവണമത് എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
(സാഹിത്യകാരന്‍, ആക്ടീവിസ്റ്)
ബര്‍ണാഡ് ഷാ
ലോകത്തെ ഏതെങ്കിലും ഒരു സ്വേഛാധിപതി മുഹമ്മദിനെപ്പോലെ ആയിത്തീരുമെങ്കില്‍ അയാള്‍ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് സമാധാനവും സന്തോഷവും കൈവരിക്കുന്നതില്‍ വിജയിക്കും. അന്തിക്രിസ്തു എന്ന നിലയ്ക്കല്ല, ഞാനദ്ദേഹത്തെ നിരീക്ഷിച്ചത്. അതുകൊണ്ടുതന്നെ മാനവരാശിയുടെ രക്ഷകനാണദ്ദേഹം. ഇന്നിന്റെ യൂറോപ് സ്വീകരിക്കുന്നതിനേക്കാള്‍ വര്‍ധിതാവേശത്തോടെ നാളെയുടെ യൂറോപ് മുഹമ്മദിന്റെ സന്ദേശങ്ങളെ സ്വീകരിക്കുമെന്നെനിക്കുറപ്പുണ്ട്.
സ്വാമി വിവേകാനന്ദന്‍
' അതാ വരുന്നു; സമത്വത്തിന്റെ സന്ദേശ വാഹകനായ മുഹമ്മദ്. നിങ്ങള്‍ ചോദിക്കുന്നു: ' അദ്ദേഹത്തിന്റെ മതത്തില്‍ എന്തു നന്മായാണുണ്ടാവുക?' നന്മായില്ലെങ്കില്‍ അതെങ്ങനെ ജീവിക്കുന്നു? നല്ലതേ പുലരൂ; അതു മാത്രമേ നിലനില്‍ക്കൂ. കാരണം നല്ലതിനേ കരുത്തുള്ളൂ. അതിനാലത് നിലനില്‍ക്കും. ഈ ജീവിതത്തില്‍ തന്നെ അസാന്മാര്‍ഗിയുടെ ജീവിതം എത്ര നാളേക്കുണ്ട്. പവിത്രത ബലമാണ്. നന്മാ ഉറപ്പാണ്. മുഹമ്മദീയ മതത്തില്‍ നല്ലതൊന്നും ഇല്ലായിരുന്നെങ്കില്‍ അതിനെങ്ങനെ ജീവിച്ചുപോരാന്‍ കഴിയും? നന്മ ധാരാളമുണ്ട്. സമത്വത്തിന്റെ, മാനവ സാഹോദര്യത്തിന്റെ, സര്‍വ മുസ്്ലിം സാഹോദര്യത്തിന്റെ പ്രവാചകനായിരുന്നു മുഹമ്മദ്.'
- സ്വാമി വിവേകാനന്ദന്‍
( വിവേകാനന്ദ സാഹിത്യ സര്‍വസ്വം, ഏഴാം ഭാഗം, ശ്രീരാമകൃഷ്ണമഠം. പുറനാട്ടുകര, തൃശൂര്‍, മൂന്നാം പതിപ്പ് 1990, പുറം: 58)
Post a Comment