പ്രവാചക സ്നേഹം: 10 സംഭവങ്ങൾ





1. എന്റെ തിരുദൂതർക്ക് എന്തുപറ്റി?

ഉഹ്ദ് യുദ്ധം കഴിഞ്ഞ് മുസ്‌ലിംകള്‍ മടങ്ങുകയാണ്. അതാ, അവരെ കാത്ത് വഴിവക്കില്‍ ഒരു സ്ത്രീ. ബനൂദീനാര്‍ ഗോത്രക്കാരി. കടുത്ത ആശങ്കയുള്ള മുഖഭാവം. അവളുടെ പല ബന്ധുക്കളും യുദ്ധത്തിനു പോയിരുന്നു. ഭര്‍ത്താവും പിതാവും സഹോദരനും കൂട്ടത്തിലുണ്ട്. അവര്‍ക്കെന്തെങ്കിലും സംഭവിച്ചോ?. ജീവിച്ചിരിപ്പുണ്ടോ അതോ രക്തസാക്ഷികളായോ?

വളരെ ദുഖകരമായ വാര്‍ത്തയാണ് അവര്‍ കേള്‍ക്കാനിരിക്കുന്നത്. ഉറ്റവരായ മൂന്നുപേരും രക്തസാക്ഷികളായിരിക്കുന്നു.

ഈ കനത്ത സങ്കടം സഹിക്കാന്‍ അവര്‍ക്ക്  കഴിയുമോ? ഹൃദയം തകര്‍ക്കുന്ന ഈ വാര്‍ത്ത എങ്ങനെ അറിയിക്കും? യോദ്ധാക്കള്‍ ആലോചിച്ചു.

മൂന്നുപേരും നഷ്ടപ്പെട്ട വിവരം ഒന്നിച്ച് അറിയേണ്ട. ഓരോന്നായി അറിയിക്കാം. 'സഹോദരീ, നിങ്ങളുടെ ഭര്‍്ത്താവ് രക്തസാക്ഷിയായിരിക്കുന്നു.'

' പ്രിയങ്കരനായ പ്രിയതമന്‍ നഷ്ടപ്പെട്ടെന്നോ! അവരൊന്ന് ഞെട്ടി. ദുഖം കടിച്ചമര്‍ത്തി അവര്‍ ചോദിച്ചു: 'നമ്മുടെ നബിയുടെ സ്ഥിതി എന്ത്? അദ്ദേഹത്തിന് വല്ലതും സംഭവിച്ചോ?''

'സഹോദരീ, നിങ്ങളുടെ ബാപ്പയും രക്തസാക്ഷിയായിരിക്കുന്നു.'' സ്‌നേഹവത്സലനായ പിതാവും നഷ്ടപ്പെട്ടുവോ! നെഞ്ച് പിളരുന്നതുപോലെ അവര്‍ക്കു തോന്നി. 'നബിക്ക് ഒന്നും പറ്റിയില്ലല്ലോ'' അവര്‍ ചോദിച്ചു.

'പെങ്ങളേ, നിങ്ങളുടെ സഹോദരനും വധിക്കപ്പെട്ടിരിക്കുന്നു.''

'ഞാന്‍ ചോദിച്ചതിന് നിങ്ങള്‍ മറുപടി പറഞ്ഞില്ലല്ലോ. എന്റെ നബിയുടെ സ്ഥിതിയെന്ത്? അദ്ദേഹം സുരക്ഷിതനല്ലേ?''

'സോദരീ, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നമ്മുടെ നബി സുരക്ഷിതനാണ്. സുഖത്തോടെയിരിക്കുന്നു. അദ്ദേഹത്തിന് യാതൊന്നും സംഭവിച്ചിട്ടില്ല'.

'ഇല്ല. അദ്ദേഹത്തെ കണ്ടാലേ എനിക്ക് സമാധാനമാകൂ. എനിക്ക് അദ്ദേഹത്തെ കാണിച്ചുതരുമോ?''

അവര്‍ തിരുനബിയെ അവര്‍ക്ക് കാണിച്ചുകൊടുത്തു. നബിയെ അവര്‍ കണ്‍കുളിര്‍ക്കെ കണ്ടു. ഉറ്റവര്‍ നഷ്ടപ്പെട്ടതിന്റെ സങ്കടംകൊണ്ട് തുളുമ്പുന്ന കണ്ണുകളോടെ തിരുനബിയെ തിരിച്ചുകിട്ടിയതില്‍ സന്തോഷാശ്രു പൊഴിച്ചുകൊണ്ട്  അവര്‍ പറഞ്ഞു: 'ഇല്ല റസൂലേ, ഇല്ല. അങ്ങ് സുരക്ഷിതനാണെങ്കില്‍ ഈയുള്ളവള്‍ക്ക്  യാതൊന്നും പ്രശ്‌നമല്ല. എല്ലാ ദുരന്തവും നിസ്സാരമാണ്.'' (ഇബ്‌നുഹിശാം, അസ്സീറത്തുന്നബവിയ്യ 3:105)

*****

2. സ്വന്തം മകനെ സമ്മാനമാക്കി.!!

തിരുനബി(സ) മക്കയില്‍ നിന്ന് പലായനംചെയ്ത് മദീനയിലെത്തിയ സന്ദര്‍ഭം . മദീനക്കാരുടെ ആനന്ദത്തിന് അതിരില്ല. വില മതിക്കാനാവാത്ത സൗഭാഗ്യമാണ് കൈവന്നത്. നബിക്ക് സമ്മാനങ്ങള്‍ നല്കാനും  സൗകര്യങ്ങളൊരുക്കി സല്ക്കരിക്കാനും അവര്‍ മത്സരിച്ചു. പലരും പലവിധത്തിലുള്ള സമ്മാനങ്ങളുമായി നബിക്കരികിലെത്തി.

പാവം ഉമ്മുസുലൈം. നബിക്കൊരു സമ്മാനം നല്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. പക്ഷേ, നല്കാനൊന്നുമില്ല. അവള്‍ ഒറ്റക്കിരുന്ന് ആലോചിച്ചു. സങ്കടപ്പെട്ടു. അവസാനം ഒരു മാര്‍ഗം കണ്ടെത്തി; കൊള്ളാം. അതുതന്നെ ചെയ്യാം!

ഒട്ടും വൈകിയില്ല. അവള്‍ നബിക്കരികിലേക്ക് പുറപ്പെട്ടു. പത്തു വയസ്സുകാരന്‍ പുത്രനെയും കൂടെക്കൂട്ടി.

'പ്രവാചകരേ, അങ്ങേക്ക് പലരും പല ഉപഹാരങ്ങളും തരുന്നുണ്ടല്ലോ. എനിക്കുമുണ്ട് അതിയായ മോഹം. പക്ഷേ, എന്റെയടുത്ത് യാതൊന്നുമില്ല. ഇവനെന്റെ പൊന്നുമോന്‍ അനസ്. എന്റെ സമ്പാദ്യം. എന്റെ ജീവന്റെ ജീവന്‍! ഇവനെ അങ്ങ് സ്വീകരിക്കണം. അങ്ങയുടെ സേവകനായി, ഭൃത്യനായി കൂടെ നില്ക്കട്ടെ. വേണ്ടെന്നു പറയരുത്. തീര്‍ച്ചയായും സ്വീകരിക്കണം. ഇവനു വേണ്ടി പ്രാര്‍ഥിക്കണേ റസൂലേ.''

തിരുനബി ആ സമ്മാനം സ്‌നേഹപൂര്‍വം സ്വീകരിച്ചു. അവനു വേണ്ടി പ്രാര്‍ഥിച്ചു. ആ ദിവസം മുതല്‍ തിരുനബിയുടെ ജീവിതാന്ത്യം വരെ അവന്‍ കൂടെ നിന്നു. വിഖ്യാത പണ്ഡിതനായി, തലമുറകള്‍ക്ക്  തിരുചര്യ പഠിപ്പിച്ച ഗുരുനാഥനായി; അനസ്ബ്‌നു മാലിക്(റ). (അല്‍ഇസ്വാബ 4:442)

*****
3. പാന പാത്രം നിറഞ്ഞ സ്നേഹം

തിരുമേനിയും അബൂബക്കറും മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം. അബൂബക്കറിന് ശക്തമായി ദാഹിക്കുന്നുണ്ട്. ഒരു കപ്പ് പാല്‍ അദ്ദേഹത്തിന്റെ അടുക്കല്‍ കൊണ്ടുവരപ്പെട്ടു.എന്നാല്‍ അബൂബക്കര്‍ അത് തിരുമേനിക്ക് കുടിക്കാന്‍ നല്‍കി. അബൂബക്കര്‍ പറയുന്നു: തിരുമേനി (സ) ആ കപ്പിലെ പാല്‍ മുഴുവന്‍ കുടിച്ചു. ഇതാണ് അബൂബക്കറിന്റെ പ്രവാചകനോടുള്ള സ്‌നേഹം ദാഹിച്ചു വലഞ്ഞിട്ടും ഒരു തുള്ളി പോലും സ്വയം കുടിക്കാതെ പ്രവാചകതിരുമേനിക്ക് പാല്‍ മുഴുവന്‍ കുടിക്കാന്‍ നല്‍കുന്ന അബൂബക്കിറിന്റെ സ്‌നേഹത്തോടുപമിക്കാന്‍ മറ്റാരുടെ സ്‌നേഹമുണ്ട് ?
*****

4. ഏവരെയും അത്ഭുതപ്പെടുത്തിയ
സവാദ്(റ) ന്റെ പ്രവാചക സ്നേഹം

ഒരു യുദ്ധത്തില്‍ തിരുമേനി തന്റെ സൈന്യത്തെ യുദ്ധസജ്ജരാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. അണിയായി നിര്‍ത്തിയ സൈന്യത്തിന്റെ അണികള്‍ സജ്ജീകരിക്കുന്നതിനിടയില്‍ സവാദുബ്‌നു ഇസ്സിയ്യ എന്ന സഹാബി അണിയില്‍ നിന്ന് തെറ്റി നില്‍ക്കുന്നത് തിരുമേനിയുടെ ശ്രദ്ധയില്‍പ്പെട്ടു. തിരുമേനി പറഞ്ഞു: സവാദ് അണിയായി നില്‍ക്കൂ. ശരി റസൂലേ എന്ന് പറഞ്ഞു സവാദ് അണിയായി നിന്നു. എന്നാല്‍ സവാദ് വീണ്ടും അണി തെറ്റിയാണ് നിന്നത്. ഇതു കണ്ട തിരുമേനി (സ) തന്റെ കൈയ്യിലെ വടിവച്ച് സവാദിന്റെ വയറില്‍ തൊട്ട് അണിയിലേക്ക് ചേര്‍ത്തു നിര്‍ത്തിയിട്ട് പറഞ്ഞു: നേരെ നില്‍ക്കൂ സവാദേ. സവാദ് പറഞ്ഞു: താങ്കളെ അല്ലാഹു സത്യവുമായി അയച്ചിരിക്കേ താങ്കള്‍ എന്നെ വേദനിപ്പിച്ചു പ്രവാചകരേ. സവാദിനെ വേനപ്പിച്ചതില്‍ സങ്കടം തോന്നിയ പ്രവാചക തിരുമേനി സവാദിനോട് തന്നെയും അതു പാലെ പകരം കാണിക്കാന്‍ ആവശ്യപ്പെട്ടു. വയറ് പുറത്തു കാണിച്ചു നിന്ന പ്രവാചകന്റെയടുക്കല്‍ സവാദ് വന്നു. പ്രവാചകനോടു പകരം വീട്ടാനൊരുങ്ങുന്ന സവാദിനെ കണ്ട് മറ്റ് സഹാബികള്‍ പരിഭ്രമചിത്തരായി. എന്നാല്‍ തിരുമേനിയുടെ അടുത്തു വന്ന സവാദ് തിരുമേനിയെ ചേര്‍ത്തു പിടിച്ച് തിരുമേനിയുടെ വയറില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു. ഇതാണ് ഞാന്‍ ഉദ്ദേശിച്ച പ്രതികാരം. ഇന്നേ ദിവസം ഞാന്‍ രക്തസാക്ഷിത്വം കൊതിക്കുന്നു തിരുമേനിയേ, എന്റെ ജീവിതത്തില്‍ അവസാനമായി എന്റെ ശരീരം സ്പര്‍ശിക്കേണ്ടത് താങ്കളുടെ ശരീരത്തിലായിരിക്കണം എന്നാണെന്റെ ആഗ്രഹം. ഇതായിരുന്നു പ്രവാചകനോടുള്ള സവാദിന്റെ സ്‌നേഹം

5. പിരിയാനാവാത്ത സ്നേഹം

തിരുമേനി (സ)യുടെ ഭൃത്യനായിരുന്നു സൗബാന്‍ (റ). ഒരു ദിവസം നബി പുറത്തു പോയി വരാന്‍ വളരെ വൈകി. ദീര്‍ഘ നേരമായി തിരുമേനിയെ കാണാതായ സൗബാന്‍ സങ്കടം വന്നു. ഏറെ നേരത്തിന് ശേഷം മടങ്ങിയെത്തിയ പ്രവാചകനെ കണ്ടപാടെ സൗബാന്റെ സങ്കടം അണപൊട്ടിയൊഴുകി. കരയുന്നതെന്തിന് എന്ന് തിരുമേനി ആരാഞ്ഞു. സൗബാന്‍ പറഞ്ഞു: പ്രവാചകരേ, സ്വര്‍ഗത്തില്‍ അങ്ങയുടെ സ്ഥാനവും എന്റെ സ്ഥാനവും എവിടെയായിരിക്കുമെന്നോര്‍ത്ത് കരഞ്ഞതാണു ഞാന്‍. ഈ ജീവിതത്തില്‍ അല്‍പം സമയം അങ്ങയെ പിരിഞ്ഞിരിക്കാന്‍ ആവാത്ത എനിക്ക് ആഖിറത്തില്‍ എങ്ങനെ അങ്ങയെ പിരിഞ്ഞിരിക്കാനാവും എന്ന് ഓര്‍ത്തു പോയതാണ്. സ്വര്‍ഗത്തില്‍ അങ്ങ് അത്യുന്നതിയിലും ഞാന്‍ വളരെ താഴ്ന്ന പടിയിലുമായിരിക്കുമല്ലോ ? സൗബാന്റെ ഈ ചോദ്യത്തിനു മറുപടിയായാണ് വി. ഖുര്‍ആനിലെ ഈ സൂക്തം അവതരിച്ചത്: അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നവര്‍ അല്ലാഹുവിന്റെ അനുഗ്രഹഭാജനമായവരുടെ കൂടെ, അഥവാ പ്രവാചകന്‍മാരുടെയും സത്യവാന്‍മാരുടെയും രക്തസാക്ഷികളുടെയും സച്ചരിതരുടെയും കൂടെയാകുന്നു. എത്ര ഉല്‍കൃഷ്ടരായ സഖാക്കള്‍ ഇതാകുന്നു അല്ലാഹുവിങ്കല്‍ നിന്നു ലഭിക്കുന്ന യഥാര്‍ഥ അനുഗ്രഹം. (അന്നിസാഅ് 69)
*****

6. പിരിയാനാവാതെ മിമ്പർ കരഞ്ഞു 

തിരുമേനി (സ) മദീനയിലെ പള്ളിയില്‍ ഖുതുബ നിര്‍വഹിച്ചുകൊണ്ടിരുന്നത് ഈന്തപ്പനയുടെ തടിയില്‍ നിന്നുകൊണ്ടായിരുന്നു. എന്നാല്‍ പ്രവാചകന് ഖുതുബ നിര്‍വഹിക്കാന്‍ വേണ്ടി അവര്‍ ഒരു മിമ്പര്‍ നിര്‍മ്മിച്ചു നല്‍കി. മിമ്പര്‍ നിര്‍മ്മിച്ചു നല്‍കിയപ്പോള്‍ തിരുമേനി (സ) ഖുതുബ നര്‍വഹിച്ചിരുന്ന പഴയ ഈന്തപ്പഴത്തിന്റെ തടി ഉപേക്ഷിച്ചു. പ്രവാചകനെ പിരിയേണ്ടിവന്ന ഈന്തപ്പനയുടെ തടിയുടെ വേദനയും ദുഖവും മൂലമുള്ള ശബ്ദം തിരുമേനി കേട്ടു. മിന്‍ബറില്‍ നിന്ന് തിരിച്ചിറങ്ങി പഴയ ഈന്തപ്പഴത്തിന്റെ തടിയില്‍ തന്നെ തിരുമേനി കയറിനിന്നാണ് ഖുതുബ തുടര്‍ന്നത്.
*****

7. പ്രവാചകർക്ക് പരിച തീർത്ത ശരീരങ്ങൾ 

ഉഹ്ദ് യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തില്‍ മുസ് ലിംകള്‍ക്ക് പരാജയത്തിന്റെ കയ്പുനീര്‍ അനുഭവിക്കേണ്ടിവന്നു. ശത്രുക്കള്‍ പ്രവാചകനു നേരെ പാഞ്ഞടുക്കുമ്പോള്‍ തിരുമേനിയെ പ്രതിരോധിക്കാന്‍ പ്രവാചക അനുചരന്‍മാരില്‍ ഒമ്പതു പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. നബിയുടെ നേര്‍ക്ക് അക്രമണമഴിച്ചുവിട്ട ശത്രുക്കളുടെ ശരങ്ങളെ തടുത്ത ഏഴു പേരും രക്തസാക്ഷികളായി. ആ ധീരരക്തസാക്ഷികളില്‍ അവസാനമായി മരിച്ചുവീണത് അമ്മാര്‍ ബ്‌നു യസീദ് എന്ന സ്വഹാബിയായിരുന്നു. ശരീരം മുഴുവനും മുറിവുകളായിരുന്നു അദ്ദേഹം മരിച്ചുവീഴുമ്പോള്‍. നബി തിരുമേനിയോടുള്ള അടങ്ങാത്ത സ്‌നേഹവും സ്വര്‍ഗപ്രവേശമെന്ന ലക്ഷ്യവുമാണ് തന്റെ ജീവന്‍ ഇഞ്ചിഞ്ചായി ബലി നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
പിന്നീട് റസൂലിന് പരിചയായി തിരുമേനിയുടെ ജീവന്‍ സംരക്ഷിക്കാനുണ്ടായിരുന്നത് ത്വല്‍ഹത്തുബ്‌നു ഉബൈദുല്ലയും സഅ്ദ്ബ്‌നു അബീവഖാസുമായിരുന്നു. തിരുമേനിയെ വധിക്കുവാന്‍ അവര്‍ക്ക് ലഭിച്ച ഏറ്റവും നല്ല അവസരമായിരുന്നു അത്. അവര്‍ തിരുമേനിയുടെ അടുക്കലേക്ക് പാഞ്ഞ് വന്നു നബിയെ വളഞ്ഞു. ഉത്ബതുബ്‌നു അബീവഖാസ് തിരുമേനിയെ കല്ലെടുത്തെറിഞ്ഞു. കല്ലേറ് കൊണ്ട് നബിയുടെ തോളെല്ല് പൊട്ടി ചോരവാര്‍ന്നു. കീഴ്ചുണ്ട് മുറിഞ്ഞു. ശത്രുക്കളില്‍പെട്ട അബ്ദുദ്ദാറും അബ്ദുല്ലാഹ്ബ്‌നു ഖുനയും തിരുമേനിക്ക് ശക്തമായ പ്രഹരമേല്‍പ്പിക്കാനായി മുന്നോട്ടുവന്നു. എന്നാല്‍ അവരുടെ പ്രഹരങ്ങളെല്ലാം ഏറ്റവാങ്ങിയത് പ്രവാചകന്റെ അനുചരന്‍മാരായ ത്വല്‍ഹയും സഅ്ദുമായിരുന്നു. നബിതിരുമേനിക്ക് ഇരുപുറവും നിന്നുകൊണ്ട് അവര്‍ ശത്രുക്കളുടെ ആക്രമങ്ങളെ സ്വയം ഏറ്റുവാങ്ങിയും പ്രതിരോധിക്കുകയും ചെയ്തുകൊണ്ടിരുന്നു. അറബികള്‍ക്കിടയില്‍ അറിയപ്പെട്ട വില്ലാളികളായിരുന്ന അവര്‍ ശത്രുക്കളെ ആട്ടിയോടിച്ചു. സഅ്ദിനോട് തിരുമേനി പറഞ്ഞു: എന്റെ മാതാപിതാക്കളാണെ, അവര്‍ക്കെതിരെ കുന്തമെറിയൂ സഈദ്.
ഈ സന്ദര്‍ഭത്തില്‍ മാത്രമാണ് തിരുമേനി (സ) ഉമ്മീ വ അബീ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചിട്ടുള്ളത്. പ്രവാചകന് അദ്ദേഹത്തോടുള്ള സ്‌നേഹത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ത്വല്‍ഹയോടും തിരുമേനിക്കു ഇതുപോലെ സ്‌നേഹമുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു വചനം ത്വല്‍ഹയെക്കുറിച്ച് തിരുമേനി പറഞ്ഞു: ഭൂമുഖത്തു കൂടി നടക്കുന്ന ഒരു രക്തസാക്ഷിയെ നിങ്ങള്‍ക്ക് കാണണമെങ്കില്‍ നിങ്ങള്‍ ത്വല്‍ഹത്ത് ബ്‌നു അബ്ദുല്ലയെ നോക്കൂ.
തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി പ്രവാചകന്റെ ജീവന്‍ രക്ഷിച്ച അനുചരന്‍മാരോടുള്ള തിരുമേനിയുടെ സ്‌നേഹം വ്യക്തമാക്കുന്നതാണ് പ്രസ്തുത സംഭവം.
*****

8. മുഹമ്മദ് (സ) എന്ന പേര് ഉച്ചരിക്കാൻ കഴിയാതെ ബോധരഹിതനായ ബിലാൽ (റ)

നബി (സ്വ) തങ്ങള്‍ വഫാതായ ശേഷം ഒരിക്കല്‍ പോലും ബിലാല്‍ (റ) ബാങ്ക് വിളിക്കുകയുണ്ടായില്ല. പ്രവാചകര്‍ (സ്വ) ഇല്ലെങ്കില്‍ പിന്നെ ഞാന്‍ ആര്‍ക്കു വേണ്ടി ബാങ്ക് വിളിക്കാനാണ്. ബിലാല്‍ (റ) പിന്നീടൊരിക്കലും ബാങ്ക് വിളിക്കാന്‍ മസ്ജിദു നബവിയിലെ പീഡത്തില്‍ കയറുകയുണ്ടായില്ല.
നബി (സ്വ) യുടെ വഫാതിനു ശേഷം ബിലാല്‍ (റ), അബൂബക്കര്‍ സിദ്ദീഖ് (റ) ന്‍റെ അടുത്ത് വന്നു. കണ്ണുകളില്‍ ദുഃഖം ചുവപ്പു വരകള്‍ വീഴ്ത്തിയിരുന്നു. ദുഖഭാരം മുഖത്ത് അവശത വരുത്തിയിരുന്നു.
"ഏറ്റവും നല്ല സല്‍കര്‍മ്മം ജിഹാദ് ആണെന്ന് നബി (സ്വ) പറയുന്നത് ഞ്ഞാന്‍ കേട്ടിട്ടുണ്ട്. " -ബിലാലിന്റെ കണ്ണുകള്‍ ചാലിട്ടൊഴുകി.
"താങ്കള്‍ എന്ത് ചെയ്യാന്‍ പോവുന്നു ?, ബിലാല്‍" -ആശ്ചര്യ ഭാവത്തില്‍ അബൂബക്കര്‍ (റ) ചോദിച്ചു.
"ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ശഹീദ് ആവുന്നത് വരെ യുദ്ധം ചെയ്യാനാഗ്രഹിക്കുന്നു."
"അപ്പൊ ഞങ്ങള്‍ക്ക് ആര് ബാങ്ക് വിളിക്കും?"- സിദ്ദീഖ് (റ) ചോദിച്ചു.
"റസൂല്‍ (സ്വ) നു അല്ലാതെ മറ്റു ആര്‍ക്കും വേണ്ടി ഞാന്‍ ബാങ്ക് വിളിക്കില്ല" -ബിലാലിന്റെ കണ്ണുകളില്‍ കണ്ണീര്‍ തുള്ളികള്‍ പ്രളയം തീര്‍ത്തു, കവിളിലൂടെ അതു ഒഴുകി കൊണ്ടിരുന്നു.
"ക്ഷമിക്കൂ ബിലാല്‍, ഞങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ബാങ്ക് വിളിക്കൂ" -സിദീഖ് (റ) വിന്റെ വാക്കുകള്‍ക്കും ദുഖത്തിന്റെ ഭാരമുണ്ടായിരുന്നു.
"നിങ്ങള്‍ നിങ്ങള്ക്ക് വേണ്ടിയാണ് എന്നെ സ്വതന്ത്രനാകിയതെങ്കില്‍ നിങ്ങള്ക്ക് എന്ത് വേണമെങ്കിലും ആവാം, അതല്ല അല്ലാഹുവിനു വേണ്ടിയാണെങ്കില്‍ എന്നെ വിട്ടേക്കുക"
" അല്ലാഹുവിനു വേണ്ടിയാണ് ഞാന്‍ നിങ്ങളെ സ്വതന്ത്രനാക്കിയത്‌"- സിദ്ദീഖ് (റ) അദ്ധേഹത്തെ ഇഷ്ടപ്രകാരം പോവാന്‍ അനുവദിച്ചു.
സൈന്യത്തോടൊപ്പം ബിലാലും (റ) ശാമിലേക്ക് തിരിച്ചു. അല്ലാഹുവിന്റെ റസൂലില്ലാത്ത മദീന ..... ബിലാലിന് (റ) അത് ചിന്തിക്കാന്‍ പോലുമാവുമായിരുന്നില്ല.

വര്‍ഷങ്ങള്‍ പിന്നെയും കടന്നു പോയി. ഒരിക്കല്‍ ബിലാല്‍ (റ) ഉറങ്ങുകയായിരുന്നു. നബി (സ്വ) സ്വപ്നത്തില്‍ വന്നു അദ്ധേഹത്തൊടു ചോദിച്ചു.
"ബിലാല്‍, എന്തിനാണ് നമ്മോട് ഈ പിണക്കം. എന്നെ സന്ദര്‍ശിക്കാന്‍ ഇനിയുംസമയമായില്ലേ?"
ബിലാല്‍ (റ) ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുനേറ്റു. വിടര്‍ന്ന നെറ്റിതടത്തില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു. നെഞ്ചില്‍ മദീനയിലെത്താനുള്ള മോഹം തുടി കൊട്ടി. അദ്ദേഹം മദീനയിലേക്ക് യാത്ര പുറപ്പെട്ടു.
മദീനയിലെത്തിയ ബിലാല്‍ (റ) പ്രവാചകരുടെ (സ്വ) ഖബറിനടുത്തെത്തി. ഖബറിനരികിലിരുന്നു. കാലുകള്‍ വിറക്കാന്‍ തുടങ്ങി. ഹൃദയമിടിപ്പ്‌ കൂടി കൂടി വന്നു. മദീനയില്‍, പ്രവാചക സന്നിധിയില്‍ കാലങ്ങള്‍ക്ക് ശേഷം വീണ്ടും. കണ്ണുകളില്‍ കാഴ്ച മങ്ങി തുടങ്ങി. താടിയെള്ളിലൂടെ കണ്ണീര്‍ കണങ്ങള്‍ ചാലിട്ടൊഴുകി.
നബി (സ്വ) യുടെ പേരക്കുട്ടികള്‍, ഹസ്സന്‍ ഹുസൈന്‍ (റ) അവിടേക്ക് കടന്നു വന്നു. ബിലാലിനെ കണ്ടതും അവര്‍ ഒരിക്കല്‍ കൂടി ബാങ്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു. പ്രവാചക പൌത്രന്മാരുടെ വാക്കുകള്‍ ബിലാലിനു (റ) എങ്ങനെ അനുസരിക്കാതിരിക്കാനാവും. എന്റെ ഹബീബിന്റെ പേരക്കുട്ടികളെ ഞാന്‍ എങ്ങനെ നിരാശരാക്കും. ബിലാല്‍ മസ്ജിദു നബവിയിലെ തന്റെ പീഡത്തില്‍ കയറി.

അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍............."
മദീന വീണ്ടും ഉറക്കമുണര്‍ന്നു. ബിലാലിന്റെ (റ) ശബ്ദം വീണ്ടും മദീനയെ പുളകം കൊള്ളിച്ചു. നബിയുടെ സ്വഹബത് മുഴുവന്‍ പള്ളിയിലേക്കോടി.വീടുകളില്‍ നിന്നും കുട്ടികളും സ്ത്രീകളും ഇറങ്ങി
"പ്രവാചകന്‍ (സ്വ) തിരിച്ചു വന്നിരിക്കുന്നു " - അവര്‍ സന്തോഷത്താല്‍ വിളിച്ചു പറഞ്ഞു.
"അശ്ഹദു അന്ന മുഹമ്മദന്‍ ............."
ബിലാലിന് (റ) വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി നിന്നു. കണ്ണുകളില്‍ ഇരുട്ട് കയറി. വാക്കുകള്‍ ഇടറി. നബി (സ്വ) യുടെ ഓര്‍മ്മകള്‍ ബിലാലിന്റെ(റ) മനസ്സില്‍ ഘോഷയാത്ര തീര്‍ത്തു. അദ്ധേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ മദീന വിറങ്ങലിച്ചു നിന്നു. പ്രവാചകരുടെ മരണ ദിവസം കഴിഞ്ഞാല്‍ മദീന ഇത്രമാത്രം കണ്ണീരൊഴുക്കിയ ദിവസം ഉണ്ടായിട്ടില്ലെന്ന് ചരിത്രം
*****

9. തൂക്കുമരത്തിൽ തൂങ്ങിയാടാത്ത സ്നേഹം

നബി(സ്വ) മദീനയില്‍, അവിടുത്തെ പള്ളിയില്‍ അനുചരന്‍മാര്‍ക്ക്മതം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്വഹാബാക്കള്‍അവരുടെ സംശയങ്ങള്‍ ഉന്നയിക്കുകയും നബി(സ്വ) മറുപടിയിലൂടെ അവര്‍ക്ക് വിജ്ഞാന കവാടങ്ങള്‍ തുറന്നുകൊടുക്കുകയും ചെയ്യുന്നു. അപ്പോഴാണ് ചില ആളുകള്‍ അങ്ങോട്ട് കടന്നുവന്നത്. ഞങ്ങള്‍ അള്‌റ്, ഖര്‍റാത്ത് എന്നീ പ്രദേശത്തുനിന്നുള്ളവരാണ്-അവര്‍ സ്വയം പരിചയപ്പെടുത്തി. ഞങ്ങള്‍ക്ക് മതം പഠിപ്പിക്കാന്‍ വേണ്ടി ഇവിടെ നിന്ന് അല്‍പം ആളുകളെ ഞങ്ങളോടൊപ്പം പറഞ്ഞുവിടണം എന്ന് അറിയിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ വന്നത്.

ആഗതരുടെ സദുദ്ദേശ്യം വ്യക്തമാക്കിയപ്പോള്‍ നബി(സ്വ) പ്രമുഖരായ പത്ത് ആളുകളെ അവര്‍ക്കൊപ്പം അയക്കുകയും അവരുടെ നേതാവായി ആസ്വിമുബ്‌നു സാബിത്തിനെ നിശ്ചയിക്കുകയും ചെയ്തു. പകല്‍ സമയങ്ങളില്‍ ഒളിച്ചിരുന്നും രാത്രിയില്‍ സഞ്ചരിച്ചും അവര്‍ റബീഅ് എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. അപ്പോഴാണ് മുസ്‌ലിംകളെ കൂട്ടിക്കൊണ്ട് വന്ന സംഘം തനിസ്വഭാവം പുറത്തുകാണിച്ചത്. മുമ്പ് ഒരു യുദ്ധത്തില്‍ സുഫ്‌യാനുബ്‌നു ഖാലിദ് എന്ന അവിശ്വാസിയെ അബ്ദുല്ലാഹിബ്‌നു ഉനൈസ്(റ) വധിച്ചിരുന്നു. വധിക്കപ്പെട്ട മുശ്‌രിക്കിന്റെ ഗോത്രക്കാര്‍ക്ക് മുസ്‌ലിം സംഘത്തെ കുറിച്ച് വിവരം നല്‍കുക വഴി അവര്‍ മുസ്‌ലിംകളെ വഞ്ചിച്ചു. 

സംഘം അസ്ഫാനും മക്കക്കുമിടയിലുള്ള ഒരു സ്ഥലത്തെത്തിയപ്പോള്‍ ഹുദൈല്‍ ഗോത്രത്തിന്റെ ഒരു ശാഖയായ ബനൂ ഹയ്യാന്‍ കുടുംബം വിവരമറിഞ്ഞ് നൂറു വില്ലാളികളെ മുസ്‌ലിംകളെ പിടിക്കാന്‍ ചുമതലപ്പെടുത്തി. ശത്രുക്കളില്‍ ഒരാള്‍ നിലത്തുവീണു കിടക്കുന്ന ഈത്തപ്പഴക്കുരു കണ്ടു കൊണ്ട് ഇത് മദീനയിലെ ഈത്തപ്പഴത്തിന്റേതാണെന്നു തിരിച്ചറിയുകയും പിന്നാലെ പിന്തുടര്‍ന്നു മുസ്‌ലിംകളുടെ സ്ഥാനം തിരിച്ചറിയുകയും ചെയ്തു. ശത്രുക്കളെ കണ്ട മാത്രയില്‍ മലമുകളില്‍ കയറി രക്ഷപ്പെടാന്‍ സംഘത്തലവനായ ആസ്വിം നിര്‍ദ്ദേശം നല്‍കി. പക്ഷെ, രക്ഷപ്പെടാന്‍ ഒരു പഴുതുമില്ലാത്ത നിലയില്‍ നൂറ് വില്ലാളി വീരന്മാര്‍ മല വലയം ചെയ്തു. ദേഹോപദ്രവം ചെയ്യില്ലെന്ന ഉറപ്പിന്റെ മേല്‍ കീഴടങ്ങാന്‍ ശത്രുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ ആസ്വിം ഇപ്രകാരം പ്രതികരിച്ചു. 'എന്നെ സംബന്ധിച്ചെടുത്തോളം മുശ്‌രിക്കിന്റെ സംരക്ഷണത്തിന് വഴങ്ങുന്ന പ്രശ്‌നമില്ല, അല്ലാഹുവേ! ഞങ്ങളുടെ വിവരം പ്രവാചകന് എത്തിക്കേണമേ!'.

പരിഭ്രാന്തരായ മുസ്‌ലിംകള്‍ക്ക് അടുത്തുള്ള ഒരു മലയില്‍ അഭയം പ്രാപിക്കേണ്ടിവന്നു.

ശത്രുപക്ഷം വിളിച്ചുപറഞ്ഞു: ”നിങ്ങള്‍ ഇറങ്ങിവരിക. ഞങ്ങള്‍ നിങ്ങളെ വധിക്കില്ലെന്ന് ഉറപ്പ് തരുന്നു.” അവര്‍ നല്‍കിയ ഉറപ്പില്‍ വഞ്ചിതരായ മൂന്നു പേര്‍ ഇറങ്ങിവന്നു. എന്നാല്‍, ആസിം(റ) അടക്കമുള്ള ബാക്കി ഏഴുപേര്‍ മുശ്‌രിക്കുകളുടെ സംരക്ഷണ ഉത്തരവാദിത്തത്തില്‍ തിരിച്ചുവരുന്നതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും അവരോട് യുദ്ധം ചെയ്യുകയും ചെയ്തു. യുദ്ധത്തില്‍ പങ്കെടുക്കാതിരുന്ന മൂന്നുപേര്‍ക്കും പിന്നീട് ചതി മനസ്സിലായി. മുശ്‌രിക്കുകള്‍ അവരെ അടിമകളാക്കി. അവരില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഒരാളെ അവര്‍ കൊന്നുകളഞ്ഞു. അവശേഷിച്ച രണ്ടു പേരെ മക്കയില്‍ കൊണ്ടുപോയി മുസ്‌ലിംകളോട് പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു ചിലര്‍ക്കു വിറ്റു. ഖുബൈബുബ്‌നു അദിയ്യ്(റ) ആയിരുന്നു ആ രണ്ടു പേരില്‍ ഒരാള്‍.

പ്രവാചക കവിയായ ഹസ്സാനു ബിന്‍ സാബിത്തിന്റെ വിവരണത്തില്‍ ഹൃദയ ശുദ്ധിയും വിശ്വാസദാര്‍ഢ്യവും നിര്‍മല മനസ്സാക്ഷിയും ഒത്തിണങ്ങിയ ധീരയോദ്ധാവാണ് അന്‍സാരിയും ഔസ് ഗോത്രക്കാരനുമായ ഖുബൈബു ബ്‌നു അദിയ്യ്. ബദര്‍ യുദ്ധത്തില്‍ തിരുമേനിയോടൊപ്പം കരുത്തോടെ നിലകൊണ്ട ഖുബൈബ്(റ) ആയിരുന്നു മുശ്‌രിക്കുകളില്‍ പ്രമുഖനായിരുന്ന ഹാരിസ് ബ്‌നു ആമിര്‍ ബിനു നൗഫലിന്റെ കഥകഴിച്ചത്. 

പ്രവാചകരോട് അതിരില്ലാത്ത സ്‌നേഹമായിരുന്നു ഖുബൈബ്(റ)വിന്. ബദ്‌റിലും ഉഹ്ദിലും ഐതിഹാസികമായ പ്രകടനം അദ്ദേഹം കാഴ്ചവച്ചിരുന്നു. ഖുബൈബ്(റ)വിനെ മക്കയില്‍ വച്ച് വാങ്ങിയത് ഹാരിസിന്റെ മകളാണ്. ഖുബൈബിന്റെ പേര് എല്ലാ കാതുകളിലും എത്തി. ഉടന്‍ തന്നെ ബദറില്‍ കൊല്ലപ്പെട്ട ഹാരിസ് ബിനു ആമിറിന്റെ മക്കള്‍ പ്രതികാര ദാഹം തീര്‍ക്കാമെന്ന ഉറപ്പിന്മേല്‍ ഖുബൈബിനെ കൈവശപ്പെടുത്തി. ഇതേ ലക്ഷ്യത്തോടെ സഹോദരന്‍ സൈദുബ്‌നു ദുസന്നയെ മറ്റൊരാളും വാങ്ങി. 

100 ഒട്ടകമാണ് മുശ്‌രിക്കുകള്‍ അദ്ദേഹത്തിന് വിലയിട്ടത്. ഖുബൈബ് ബദ്‌റില്‍ വച്ച് ഹാരിസിനെ വധിച്ചിരുന്നു. അതിനു പകരം വീട്ടാന്‍ മക്കള്‍ ഖുബൈബ്(റ)വിന്റെ കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച് ഒരു ഇരുട്ട് മുറിയില്‍ ബന്ധിയാക്കിവച്ചു. ബന്ധിയാക്കപ്പെട്ട അദ്ദേഹത്തെ ഹാരിസിന്റെ മക്കള്‍ പലവിധേനയും ദ്രോഹിച്ചിരുന്നു. വിശപ്പും ദാഹവും അകറ്റാന്‍ വെള്ളവും ഭക്ഷണവും നല്‍കിയില്ല. എന്നാല്‍, അല്ലാഹു ഉദ്ദേശിച്ചവരെ അവന്‍ അദൃശ്യവഴികളിലൂടെ പരിധിയും പരിമിതിയുമില്ലാതെ ഭക്ഷിപ്പിക്കുമെന്നാണല്ലോ! ഖുബൈബി(റ)നെ തടവിലാക്കിയ സമയത്ത് മക്കയില്‍ ലഭ്യമല്ലാത്ത പഴവര്‍ഗങ്ങള്‍ പലപ്പോഴും അദ്ദേഹം കഴിക്കാറുണ്ടായിരുന്നു എന്ന് ഹാരിസിന്റെ മകള്‍ പറഞ്ഞതായി ചരിത്രം വ്യക്തമാക്കുന്നു. (ബുഖാരി 2/585)

ഖുബൈബ് പതറിയില്ല. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ചു അചഞ്ചലമായ സ്ഥൈര്യത്തോടും ആത്മവീര്യത്തോടും കൂടി പ്രാര്‍ഥനയിലും ധ്യാനത്തിലുമായി കഴിഞ്ഞുകൂടി. കൂട്ടുകാരന്‍ സൈദുബ്‌നു ദുസന്നയെ കൊന്നവിവരം അദ്ദേഹത്തെ അറിയിക്കുകയും മുഹമ്മദിനെയും അദ്ദേഹത്തിന്റെ റബ്ബിനെയും തള്ളിപ്പറഞ്ഞാല്‍ രക്ഷപ്പെടുത്താമെന്ന ഓഫര്‍ നല്‍കുകയും ചെയ്തു.

തന്റെ ലൗകിക ജീവിതത്തിന് യവനിക വീഴാന്‍ പോകുന്നുവെന്ന് ഉറപ്പായപ്പോള്‍ തനിക്ക് ഏറ്റവും പ്രിയങ്കരമായ രണ്ട് റകഅത്ത് നമസ്‌കാരം നിര്‍വഹിക്കാന്‍ അനുമതി നല്‍കണമെന്ന് അദ്ദേഹമവരോട് ആവശ്യപ്പെടുകയും അന്ത്യാഭിലാഷമെന്ന നിലക്ക് അവരത് സമ്മതിക്കുകയും ചെയ്തു. തികഞ്ഞ മനസ്സാന്നിധ്യത്തോടെ രണ്ട് റകഅത്ത് നമസ്‌കരിച്ച അദ്ദേഹം കൊലയാളികളെ നോക്കി പറഞ്ഞു. 'എനിക്ക് മരണത്തെ ഭയമാണെന്ന് നിങ്ങള്‍ ധരിച്ചുകളയും. ഇല്ലെങ്കില്‍, അല്ലാഹു സത്യം, ഞാന്‍ ഇനിയും നമസ്‌കരിച്ചേനെ! തുടര്‍ന്ന് അദ്ദേഹം ഈ അര്‍ഥം വരുന്ന ഈരടി പാടി അദ്ദേഹം തൂക്കുമരത്തിലേക്ക് നടന്നു നീങ്ങി. 

മഹാനവര്‍കളെ തടവിലാക്കി ദിവസങ്ങള്‍ക്കകം തന്‍ഈമില്‍ കൊണ്ടുപോയി അവര്‍ അദ്ദേഹത്തെ തൂക്കികൊലപ്പെടുത്തി. കഴുമരത്തിലേറിയ ആദ്യസ്വഹാബിയാണ് ഖുബൈബ്(റ). അദ്ദേഹത്തെ തൂക്കിലേറ്റുന്ന സമയത്ത് അദ്ദേഹം ഖേദപൂര്‍വം പറഞ്ഞു: ”അല്ലാഹുവേ, എന്റെ അന്ത്യസലാം പ്രവാചകര്‍ക്ക് എത്തിക്കാന്‍ ഞാനിവിടെ ആരെയും കാണുന്നില്ല. അതിനാല്‍ നീ എന്റെ സലാം റസൂലുല്ലാഹിക്ക് എത്തിച്ചുകൊടുക്കേണമേ… തുടര്‍ന്ന് മുശ്‌രിക്കുകളുടെ ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ഉച്ചത്തില്‍ അദ്ദേഹം ചിലവരികള്‍ ആലപിച്ചു.

فلست أبالي حين أقتل مسلماً *** على أيّ جنبٍ, كان في الله مصرعي
 وذلك في ذات الإله وإن يشأ *** يبارك على أوصالِ شلو ممزّع

"മുസ്‌ലിമായി കൊല്ലപ്പെടുമ്പോള്‍ എനിക്കെന്തിനു പരിഭവം?
ഏതുഭാഗത്ത് മരിച്ചു വീണാലെന്ത്, അല്ലാഹുവിലേക്കാണതെല്ലാം
അവനുദ്ദേശിച്ചാല്‍ ശിഥിലീകരിക്കപ്പെടുന്ന ഈ ജഡത്തിന്റെ ഓരോ നുറുങ്ങുകളിലും അനുഗ്രഹം വര്‍ഷിച്ചിടും”

തൂക്കുമരത്തിലേറ്റിക്കൊല്ലുന്നത് ഒരു പക്ഷെ അറബികളുടെ ചരിത്രത്തില്‍ ആദ്യ അനുഭവമിതായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ സജ്ജമാക്കിയ ഈത്തപ്പനക്കുരിശില്‍ ഖുബൈബിനെ കയറ്റി വരിഞ്ഞുകെട്ടിക്കൊണ്ട് വില്ലാളികള്‍ ഒരുങ്ങിനിന്നു. ആഹ്ലാദാരവങ്ങളോടെ മുശ്‌രിക്കുകളും. പക്ഷെ, ഖുബൈബിന് ഒരു ഭാവപ്പകര്‍ച്ചയുമില്ല.. അമ്പുകള്‍ അദ്ദേഹത്തെ ലക്ഷ്യം വെച്ച് ചീറിപ്പാഞ്ഞു...അതിനിടയില്‍ ഒരു ഖുറൈശി നേതാവ് അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു: ഈ സ്ഥാനത്ത് മുഹമ്മദും നീ സുരക്ഷിതനായി വീട്ടിലും ഇരിക്കണമെന്ന് കരുതുന്നുണ്ടോ?.. അതുവരെ മൗനിയായി കാണപ്പെട്ട അദ്ദേഹം മൗനം ഭഞ്ജിച്ചുകൊണ്ട് ദൃഢസ്വരത്തില്‍ പ്രതികരിച്ചു: ' ഭാര്യാസന്താനങ്ങളുടെ കൂടെ ഞാന്‍ സുഖ ജീവിതം നയിച്ചുകൊണ്ട് നബിക്ക് ഒരു മുള്ള് തറക്കുന്നതുപോലും എനിക്ക് അസഹ്യമാണ്'. 

ഖുബൈബിന്റെ ധീരമായ പ്രഖ്യാപനം കേട്ട് അസ്വസ്ഥനായിരിക്കെ ശത്രുപക്ഷത്തായിരുന്ന അബൂസുഫയാന്‍ അറിയാതെ പറഞ്ഞുപോയി. 'ദൈവം സത്യം, മുഹമ്മദിന്റെ അനുയായികള്‍ മുഹമ്മദിനെ സ്നേഹിക്കുന്നതു പോലെ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല!'. 

*****

10. അണപ്പല്ലുകൾ കൊണ്ട് കടിച്ചുപിടിച്ച സ്നേഹം

റസൂല്‍(സ)ക്ക് കവിളില്‍ ഏറുകൊണ്ടത് കാരണം അവിടുന്ന് ശിരസിലണിഞ്ഞിരുന്ന ഇരുമ്പുതൊപ്പിയുടെ രണ്ടുവട്ടക്കണ്ണികള്‍ അവിടുത്തെ കവിളില്‍ താഴ്ന്നുപോയിരുന്നു. അത് പറിച്ചെടുക്കാന്‍ വേണ്ടി ഞാന്‍ മുതിര്‍ന്നപ്പോള്‍ അബുഉബൈദ് പറഞ്ഞു: "അല്ലാഹുവില്‍ ഞാന്‍ സത്യം ചെയ്യുന്നു, അബൂബക്കര്‍, അതെനിക്കു വിട്ടുതരണം: തുടര്‍ന്നദ്ദേഹം, വളരെ സാവധാനത്തില്‍, നബി(സ)ക്ക് വേദനയാകാതെ തന്റെ പല്ലുകള്‍കൊണ്ട് അവപറിച്ചെടുത്തു: അപ്പോഴേക്കും അദ്ദേഹത്തിന്റെ മുന്‍പല്ലു പൊഴിഞ്ഞുവീണു, അടുത്ത വട്ടക്കണ്ണി പറിച്ചെടുക്കാന്‍ ഞാന്‍ മുതിര്‍ന്നപ്പോള്‍ നേരത്തെ പറഞ്ഞതുപോലെ അബൂ ഉബൈദ വീണ്ടും പറയുകയും അടുത്തതും തിരുമേനിക്ക് വേദനയാകാതെ തന്റെ ദന്തങ്ങള്‍കൊണ്ട് പറിച്ചെടുക്കുകയും ചെയ്തു. അപ്പോഴേക്കും അടുത്തപല്ലും പൊഴിഞ്ഞു.
*****



പ്രവാചകസ്‌നേഹം ഹൃദയഭിത്തികളില്‍ കൊത്തിവെച്ച സച്ചരിതരുടെ ഓര്‍മകളാണിത്. തിരുദൂതരോടുള്ള തീവ്രാനുരാഗം അവരെ എന്തിനും സന്നദ്ധമാക്കിയിരുന്നു. അവര്‍ക്ക്  അദ്ദേഹം ജീവനേക്കാള്‍ ജീവനായിത്തീര്ന്നു . പ്രിയപ്പെട്ടവയെല്ലാം ആ പ്രിയപ്പെട്ടവനുവേണ്ടി അവര്‍ ത്യജിച്ചു. റസൂലിന്റെ വാക്കുകളും തീര്‍പ്പുകളും സന്ദേഹങ്ങളില്ലാതെ അവര്‍ സ്വീകരിച്ചു. സത്യവിശ്വാസത്തിന്റെ സമ്പൂര്‍ണതയ്ക്ക് അങ്ങനെ വേണമെന്ന് ഖുര്ആിന്‍ (4:65) ഉണര്‍ത്തു കയും ചെയ്തു. അല്ലാഹു ഉദ്ദേശിക്കുന്നതേ അദ്ദേഹം മൊഴിയൂവെന്നും (53:3,4) അവര്‍ ഉള്‍ക്കൊണ്ടു. അതിനു വിപരീതം പ്രവര്‍ത്തി ക്കുന്നതിന്റെ അപകടം അവര്‍ തിരിച്ചറിഞ്ഞു (24:63). ഞാന്‍ കൊണ്ടുവന്നതൊക്കെയും നിങ്ങളുടെ ഇഷ്ടമാകുന്നതുവരെ നിങ്ങള്‍ സത്യവിശ്വാസികളാവുകയില്ലെന്നും അല്ലാഹുവോടും റസൂലിനോടുമുള്ള ഇഷ്ടം മറ്റേതിനെക്കാളും പ്രിയങ്കരമാവുന്നവര്‍ക്കേ സത്യവിശ്വാസത്തിന്റെ മധുരാനുഭവം അറിയൂ എന്നും അവിടുന്ന് പറഞ്ഞു. ആ മധുരാനുഭവം അറിയേണ്ടവരാണ് നമ്മളും. നമ്മുടെ ഹൃദയത്തിന്റെ സൗന്ദര്യമാകട്ടെ ആ റസൂല്‍! കരളിന്റെ കുളിരായി അവിടുത്തെ വചനങ്ങള്‍ നമ്മില്‍ പുലരട്ടെ. ആ സന്ദേശങ്ങള്‍ നമ്മുടെ വഴിയില്‍ പടരട്ടെ. സ്‌നേഹറസൂല്‍ നമ്മുടെ മുന്നില്‍ വെളിച്ചമാണ്. ഇരുട്ടുകളെയെല്ലാം തകര്‍ത്ത് ആ വെളിച്ചത്തിനു പിറകില്‍ തന്നെ തുടരുക.


Related post