കല്ല്യാണത്തുംപള്ളിക്കൽ ശൈഖ് ശാഹുൽ മുർത്തള(റ)


കല്ല്യാണത്തുംപള്ളിക്കൽ, വയനാട് ജില്ലയിലെ സുപ്രസിദ്ധ സിയാറത്ത് കേന്ദ്രമാണ്. നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടിയും അനുഗ്രഹം തേടിയും നിരവധി തീർത്ഥാടകർ ഈ മഖാമിലെത്തുന്നത് നിത്യകാഴ്ചയാണ്.
നിരവധി കറാമത്തുകളുടെ ഉടമയായ ശൈഖ് ശാഹുൽ മുർത്തള(റ) ആണ് ഈ മണ്ണിൽ നിദ്രതൂകുന്നത്.
മാമലകളുടെ പച്ചവസന്തവും ആകാശനീലിമയുടെ നിറവർണവും കഥപറയുന്ന വയനാടിന്റെ ചരിത്രം രചിച്ചവരെല്ലാം കല്ല്യാണത്തുപള്ളിയെക്കുറിച്ച് പറയുന്നുണ്ട്. 
ചില ചരിത്രകാരന്മാർ കല്ല്യാണത്തുംപള്ളിയിലെ, അന്ത്യനിദ്രയിലും ആയിരങ്ങൾക്ക് ആശ്രയ കവചമായി നിലകൊള്ളുന്ന വലിയുള്ളാഹി ശൈഖ് ശാഹുൽ മുർത്തള(റ) അവറുകളെ കുറിച്ച് എഴുതിയ വരികൾ വായിക്കാം.

''പെരിഞ്ചോല വനത്തില്‍ സഞ്ചരിക്കുകയായിരുന്ന കുറിച്ച്യന്‍ അരുവിക്കരയിലുള്ള പാരപ്പുറത്ത് ഇരുവശത്തും രണ്ടു കടുവകളേയും കൊണ്ടിരിക്കുന്ന ഒരു മുസ്ലിം സംന്യാസിയെ കണ്ടു. അസാധാരണമായ ഈ കാഴ്ചയെപ്പറ്റി ദേശപതിയായ ആലഞ്ചേരി മൂപ്പില്‍ നമ്പ്യാരെ കുറിച്ച്യന്‍ അറിയിച്ചു. നമ്പ്യാരും സംഘവും സംന്യാസിയെ ദര്‍ശിക്കുവാന്‍ വന്നെങ്കിലും അദ്ദേഹം അപ്രത്യക്ഷനായിരുന്നു. പിറ്റേന്ന് ഒരു കുന്നിന്‍ മുകളില്‍ വെച്ച് നമ്പ്യാര്‍ സംന്യാസിയെ കണ്ടുമുട്ടി. ഷെയ്ക്കില്‍ ദിവ്യത്വം ദര്‍ശിച്ച് മൂപ്പില്‍ നമ്പ്യാര്‍, ആറു വര്‍ഷമായി രോഗാതുരയും അന്ധയുമായ ഒരു സ്ത്രീ തന്റെ ഭവനത്തില്‍ ഉണ്ടെന്നും അവരെ സുഖപ്പെടുത്തുവാന്‍ എന്തെങ്കിലും ചെയ്യണമെന്നും അദ്ദേഹത്തോട് അപേക്ഷിച്ചു. ഷെയ്ക്ക് ആവശ്യപ്പെട്ട പ്രകാരം മൂപ്പില്‍ നമ്പ്യാര്‍ കൊണ്ടുവന്ന പാല്‍ മന്ത്ര പ്രയോഗത്തിനു ശേഷം രോഗിക്കു നല്‍കി രോഗിയെ സുഖപ്പെടുത്തി. ഷെയ്ക്കിന്റെ സഹായത്തിന് പ്രത്യുപകാരമായി തന്നില്‍ നിന്ന് എന്തെങ്കിലും സ്വീകരിക്കണമെന്ന് നമ്പ്യാര്‍ ആവശ്യപ്പെട്ടു. ഒരു പളളി പണിയുവാന്‍ വേണ്ടത്ര സ്ഥലമാണ് പ്രതിഫലമായി ഷെയ്ക്ക് ആവശ്യപ്പെട്ടത്. ദിവ്യന്‍ ചൂണ്ടിക്കാണിച്ച സ്ഥലം നാട്ടു പ്രമാണിമാരായ എടച്ചന നായര്‍, ആലഞ്ചേരി നായര്‍, പടിക്കൊല്ല നമ്പ്യാര്‍, മേച്ചിലാതന്‍ നായര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ദാനം ചെയ്യപ്പെട്ടു. ദാനം നടന്നയുടന്‍ സിദ്ധന്‍ അപ്രത്യക്ഷനായി.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം സിദ്ധന്‍ ഏതാനും ഫക്കീറന്മാരെയും കൂട്ടി വീണ്ടും വന്നു. തദ്ദേശവാസികളായ നായന്മാരുടെ സഹായത്തോടെ പള്ളി പണികഴിപ്പിച്ചു. ഉദ്ദിഷ്ടകാര്യ സാധ്യത്തിനായി കുറേയേറെ ഭൂമി പള്ളിയുടെ പേരില്‍ കൊടുക്കുവാനും ദേശപതികളായ നായന്മാര്‍ തയ്യാറായി. ഷെയ്ക്കിന്റേയും ഫക്കീറന്മാരുടേയും മരണശേഷം പള്ളിയും ഭൂസ്വത്തുക്കളും സമീപസ്ഥയായ കാക്കപ്പാത്തു എന്ന മുസ്ലിം വനിതക്കും കുടുംബത്തിനും ലഭിച്ചു. അവരില്‍ നിന്ന് എടക്കോടന്‍ തുറുവായി എന്നയാള്‍ക്ക് പള്ളി സ്വത്തിന്റെ ഉടമാവകാശം ലഭിച്ചു. അയാളാണ് കല്ല്യാണത്തു പള്ളി എന്നറിയപ്പെടുന്ന പള്ളിക്കല്‍ പള്ളി പുനര്‍നിര്‍മ്മിച്ചത്. പള്ളി പണിയുന്നതിന് ഭൂമി വിട്ടുകൊടുത്ത ദിവസം ആലഞ്ചേരി നമ്പ്യാരുടെ വീട്ടില്‍ ഒരു കല്ല്യാണം നടന്നിരുന്നുവെന്നും അതുകൊണ്ട് പള്ളിക്ക് കല്ല്യാണത്തു പള്ളി എന്ന പേരുണ്ടായി.

(അറിയപ്പെടാത്ത വയനാട്,  196, 197,
 വയനാട് ജനങ്ങളും പാരമ്പര്യവും 112, 113,
 വയനാട് രേഖകള്‍ 56, 57:).

എന്നാൽ ഈ പള്ളിക്ക് ഈ പേര് വന്നതിന് പിന്നിൽ വേറെയും കഥകൾ പ്രചാത്തിലുണ്ട്.
1986 ൽ നടന്ന സമസ്ത വയനാട് ജില്ലാ സമ്മേളന സുവനീറിൽ ഇങ്ങനെ കാണാം.
“ജുമുഅത്തു പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് മറപെട്ട് കിടക്കുന്ന ബഹു. സയ്യിദ് ശാഹുല്‍ മുര്‍തളാ തങ്ങള്‍ നിരവധി കറാമത്തിന്റെ ഉടമയാണ്. ഈ നാടിന്റെ മാഹാത്മ്യത്തിന് മകുടം ചാര്‍ത്തുന്നത് മഹാന്മാരുടെ അന്ത്യ വിശ്രമമാണ്. എടവക നായര്‍ തറവാട്ടുകാരുടെ വക ഒരു കല്ല്യാണ മണ്ഡപം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പിന്നീടുയര്‍ന്ന പള്ളിയാണ് ഈ നാടിന് മേപ്പടി നാമം നല്‍കിയത്. കല്ല്യാണി എന്നൊരുനായര്‍ വനിതയുടെ രോഗ മുക്തിയെ തുടര്‍ന്നുണ്ടായ പേരാണെന്നും അഭിപ്രായമുണ്ട്. ”

(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വയനാട് ജില്ലാ സമ്മേളന സോവനീര്‍, 1986)


നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വയനാട്ടിലേക്ക് മുസ്ലിംകള്‍ സംഘടിതമായി കുടിയേറിയതിന് രേഖകള്‍ ഇല്ലെങ്കിലും, മത പ്രബോധകന്മാരായ സൂഫികള്‍ ഈ പ്രദേശത്ത് എത്തിയിരുന്നു എന്നതിന് തെളിവുകള്‍ ഒട്ടേറെയുണ്ട്. ഔലിയാക്കന്മാര്‍ എകാന്ത വിജനമായ പ്രദേശങ്ങള്‍ ആരാധനക്കായി തെരഞ്ഞെടുക്കുന്ന പതിവ് ലോകത്തിലെങ്ങുമുള്ളതാണ്. അത്തരം പ്രദേശങ്ങളിലെ ജനതയില്‍ മഹാന്മാരായ സൂഫികളുടെ സ്വാധീനം ഉണ്ടാവുക സ്വാഭാവികമാണ്. സൂഫികള്‍ മതപ്രബോധനകന്മാര്‍ കൂടിയായിരുന്നു എന്ന വസ്തുത ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. വയനാട്ടിലെ അസംഖ്യം മഖ്ബറകളില്‍ അന്തിയുറങ്ങുന്ന ഔലിയാക്കന്മാരില്‍ പകുതിയില്‍ ഏറെ പേരും ഇത്തരത്തില്‍ പ്രബോധകന്മാരായി എത്തിയവരാണ്. അവരെ കുറിച്ച് എഴുതപ്പെട്ട അപദാനങ്ങളില്‍ അതിന് തെളിവുണ്ട്. കല്ല്യാണത്തു പള്ളിയില്‍ അന്ത്യവിശ്രമം കൊളളുന്ന ശാഹുല്‍ മുര്‍തള അത്തരമൊരു പ്രബോധകനായിരുന്നു. 'മലമ്പാമ്പും മലമ്പനിയുമുള്ള' വയനാടന്‍ പ്രദേശത്തേക്ക് പ്രബോധകനായി എത്തിയതിനെകുറിച്ച് അദ്ദേഹത്തെകുറുച്ചുള്ള മൗലിദില്‍ (അപദാന കീര്‍ത്തനം) പറയുന്നുണ്ട്. അവരുടെ വ്യക്തി പ്രഭാവത്തില്‍ ആകൃഷ്ടരായി ഇസ്ലാം മതം സ്വീകരിച്ചവര്‍ നിരവധിയാണ്. ഇന്നും മഹാനുഭാവന്റെ മഖ്ബറയിലേക്ക് നാനാജാതി മതസ്തരും എത്തുന്നു.

കല്ല്യാണത്തുപള്ളിക്കല്‍ (ശാഹുല്‍ മുര്‍തള) കോറോം (സയ്യിദ് ശിഹാബുദ്ദീന്‍) വാരാമ്പറ്റ (സയ്യിദ് അലി അക്ബര്‍ ദില്ലിക്കോയ) ബാവലി (ബാവ അലി) കാട്ടിച്ചിറക്കല്‍ (സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി) പക്രന്തളം (ഫഖ്‌റുദ്ദീന്‍ വലിയ്യ്) കലപ്പറ്റ (അബ്ദുല്‍ ഹനീഫു സ്സിജിസ്താനി) ഒണ്ടയങ്ങാടി (അബ്ദുല്ലാ ഖൈര്‍ ബലുചിസ്താനി) തവിഞ്ഞാല്‍ (വലിയ്യ് മക്കോലശൈഖ്) ഉള്ളിശ്ശേരി (അഹ്മദുല്‍ മഅ്ബരി) ഉള്ളിശ്ശേരി (വലിയ്യ് മുഹമ്മദ് ഔലിയ മസ്താന്‍) എന്നിടങ്ങളില്‍ മറമാടപ്പെട്ട ഔലിയാക്കന്മാര്‍ ഇബാദത്തിനും പ്രബോധനത്തിനും വേണ്ടി എത്തിപ്പെട്ടവരാണ്. ഇവരില്‍ പലരും മലയാളികളല്ല. ഇന്ത്യക്കാര്‍ പോലുമല്ല. വിദൂര ദേശങ്ങളില്‍ നിന്ന് നിരവധി നാടുകളും കാടുകളും താണ്ടിയെത്തിയവരാണ്. സ്വജീവിതത്തെ മാതൃകയാക്കി പ്രബോധനം നടത്തിയവരാണ്. അതിനാല്‍ വയനാട്ടിലേക്ക് ഇസ്ലാം എത്തിയതിന്റെ ഒരുവഴി, സൂഫികളിലൂടെയാണെന്ന് നിസ്സംശയം പറയാം. ജാതി, മതഭേദമന്യേ അവര്‍ തദ്ദേശവാസികള്‍ക്ക് സ്വീകാര്യരായിരുന്നു. ഇന്നും അവരുടെ മഖ്ബരങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ എല്ലാ ജാതി മതസ്ഥരം ഉള്‍പ്പെടുന്നു.
 അല്ലാഹു അവരുടെ ദറജ ഉയർത്തട്ടെ. ആമീൻ
📮📮📮📮📮📮📮📮📮📮📮📮📮📮📮📮📮
ഇഫ്ശാഉസ്സുന്നയുടെ പ്രധാന പേജിലേക്ക് പോവാൻ ഈ പിച്ചറിൽ തൊടുക👇

💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
ഇഫ്ശാഉസ്സുന്നയുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ ലേഖനങ്ങൾ നിങ്ങളെ തേടിയെത്തും തൊടുക👇