പള്ളി ദർസുകൾ; പൈതൃക പ്രകാശ ഗോപുരങ്ങൾ

                   
പള്ളി ദർസുകൾ.
പ്രവാചകർ (സ) തങ്ങൾ തുടക്കം കുറിച്ച വിഞ്ജാന പ്രസരണ മാർഗം, സ്വഹാബത്തും താബിഉകളും പണ്ഡിത സൂരികളളും വെളിച്ചം പകർന്ന അനുഗ്രഹീത സരണി. ആത്മീയ ശിക്ഷണവും തർബിയ്യത്തും വഴി ലക്ഷോപ ലക്ഷങ്ങൾക്ക് വിഞ്ജാത്തിന്റെ പ്രഭവ കേന്ദ്രമായി ജ്വലിച്ച് നിൽക്കുന്നു ഈ പൈതൃക ഗോപുരം.

മതകലാലയങ്ങളിലേക്ക് മക്കളെ പറഞ്ഞയക്കുന്ന സമയമാണിത്. മികച്ച പഠന സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുള്ള സ്ഥാപനമേതെന്ന് കണ്ടെത്തി തന്റെ മക്കളെ അവിടെ ചേർക്കുന്ന രക്ഷിതാക്കളുടെ നിലപാട് ഏറെ അഭിനന്ദനാർഹമാണ്. സമൂഹം ഇത്രയേറെ മലീമസമായിട്ടും സ്വന്തം മക്കളുടെ കാര്യത്തിൽ അൽപ്പംപോലും ബോധമില്ലാത്ത രക്ഷിതാക്കളുടെ അവസ്ഥയാണ് കഷ്ടം !.      

സ്വന്തം മക്കളെ പണ്ഡിതന്മാരാക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ ഏറിവരുന്ന കാലമാണിത്. പണ്ഡിതനായില്ലെങ്കിലും മതബോധത്തോടെ ജീവിക്കുന്ന മകനാകണമെന്ന ലക്ഷ്യത്തോടെ മക്കളെ മതപഠനത്തിന് പറഞ്ഞയക്കുന്നവരുമുണ്ട്. എങ്കിൽ ചില കാര്യങ്ങൾ നാം മനസ്സിലാക്കേണ്ടതുണ്ട്. വിവിധ സിലബസുകളിലായി ധാരാളം അറബിക് കോളേജുകളും പള്ളിദർസുകളും നമ്മുടെ നാടിനെ സമ്പന്നമാക്കിയിട്ടുണ്ട്. ഓരോ സ്ഥാപനങ്ങളും അതിന്റെതായ ധർമ്മം നിർവ്വഹിക്കുന്നുമുണ്ട്. എല്ലാം നമ്മുടെ സമൂഹത്തിനാവശ്യം. എങ്കിലും, കൂട്ടത്തിൽ മതപഠനത്തിന് ഏറെ ഉചിതമേതെന്ന് ചിലരെങ്കിലും ആലോചിച്ചിട്ടുണ്ടാകും. പള്ളിദർസുകൾ നമുക്ക് നേടിത്തന്ന ആത്മീയ ചൈതന്യം തിരിച്ചറിയുമ്പോൾ ഈ ആലോചനക്ക് ഉത്തരം കണ്ടെത്താൻ നമുക്ക് സാധിക്കും.

ഇതര വിദ്യാഭ്യാസ സംവിധാനങ്ങളിൽ നിന്ന് ഏറെ വ്യത്യസ്ഥമാണ് പള്ളിദർസുകൾ. മറ്റൊരു സ്ഥാപനത്തിനുമില്ലാത്ത പല സവിശേഷതകളും അതിനുണ്ട്. അശ്രദ്ധമൂലം നമുക്കത് നഷ്ടപ്പെട്ടു കൂടാ.                

നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും ചര്യയാണിത്.
മദീനാ പള്ളിയിൽ പ്രവാചകരും സ്വഹാബത്തും തുടക്കം കുറിച്ചതാണ് ആദ്യത്തെ ദർസ്. പള്ളിദർസിൽ പഠിക്കുന്നതിലൂടെ തിരുചര്യയെ ഹയാത്താക്കിയെന്ന പുണ്യം നമുക്ക് ലഭിക്കുന്നു. നബി(സ) ഇതിനെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരുവചനങ്ങളിൽ കാണാം: ആരെങ്കിലും നമ്മുടെ ഈ പള്ളിയിൽ ഇൽമ് പഠിക്കാനോ പഠിപ്പിക്കാനോ വന്നാൽ അവൻ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെപ്പോലെയാണ് (അഹ്മദ്). മദീനാ പള്ളിയിൽ പ്രവാചകരും അനുയായികളും ആരംഭം കുറിച്ച പള്ളിദർസിന്റെ പതിപ്പാണ് ഇന്നും നമ്മുടെ നാടുകളിലുള്ളത്. കാലാന്തരത്തിന്റെ മാറ്റങ്ങൾ സ്വാഭാവികം.        

പള്ളിയിലെ ഇഅതികാഫിന്റെ പുണ്യം.
ഇൽമ് പഠിക്കുന്നതോടൊപ്പം ഇഅതികാഫിന്റെ പ്രതിഫലവും പള്ളിദർസിലെ മുതഅല്ലിമുകൾക്ക് ലഭിക്കുന്നു. മറ്റ് സ്ഥാപനങ്ങളിൽ പഠിക്കുന്നതിലൂടെ ഈ പുണ്യം നഷ്ടപ്പെടുന്നു. വർഷങ്ങളോളം പള്ളിയിൽ വസിക്കുന്നതിലൂടെ യാതൊരു പരിശ്രമവും കൂടാതെത്തന്നെ ഈ മഹത്വം നേടിയെടുക്കാൻ സാധിക്കും.    

പളളികളുടെ പരിപാലനം.  
പള്ളികളെ സദാസമയം ഹയാത്താക്കുന്നതിന്റെ പുണ്യം അവിടത്തെ ഉസ്താദിനും മുതഅല്ലിമുകൾക്കും വിശിഷ്യാ നാട്ടുകാർക്കും ലഭിക്കുന്നു.(ദർസുകളില്ലാത്ത പള്ളികൾ നിസ്ക്കാര സമയത്ത് മാത്രമാണ് സജീവമാകുന്നത്. മറ്റ് സമയങ്ങളിൽ പൂട്ടിയിടലാണ് പതിവ്). അല്ലാഹുവിന്റെ ഭവനമായ വിശുദ്ധ ഗേഹങ്ങൾ ഹയാത്താക്കുന്നത് അല്ലാഹുവിന്റെ പ്രീതി നേടാൻ ഏറെ സഹായകരവുമാകും. ഭൂമിയിൽ അല്ലാഹുവിന് കൂടുതൽ പ്രിയം പള്ളികളാണെന്നിരിക്കെ മതപഠനത്തിലൂടെ പള്ളിയെ സജീവമാക്കിക്കൊണ്ടു പോകുന്നതിന്റെ മഹത്വം വിവരണാതീതമാണ്.

തന്റെ ഗുരുവിന്റെ ആത്മീയ ജീവിതം പകർത്താൻ വിദ്യാർത്ഥിക്ക് കൂടുതൽ സാധ്യമാകുന്നത് പള്ളിദർസിലൂടെയാണ്. തന്റെ വിദ്യാർത്ഥികളെ സംസ്കരിച്ചെടുക്കാൻ ഒരു ഗുരുവിന് ഏറെ സൗകര്യപ്പെടുന്നതും ഈ രീതിയിലാണ്.

ഓരോ നാട്ടിലെയും ഇസ്ലാമിക ചൈതന്യമാണ് ദർസുകൾ. മുതഅല്ലിമുകൾ ദിവസവും വീടുകളിലേക്ക് ഭക്ഷണത്തിന് പോകുന്നത് മുത്ത് നബി(സ്വ)യുടെ ചര്യയാണ്. ഓരോ വീടിന്റെയും ബറകത്താണത്. വീട്ടുകാർക്കൊരു ഐശ്വര്യവും. വിശിഷ്യാ സുന്നത്ത് ജമാഅത്തിന്റെ പ്രതിരൂപമാണ് ഓരോ ദർസുകളും. ധാരാളം മത സ്ഥാപനങ്ങൾ നടത്തുന്ന പുത്തൻ വാദികളാരും പള്ളിദർസുകൾ നടത്തുന്നതായി കാണപ്പെട്ടിട്ടില്ല.

ക്വാളിറ്റി കൂടിയവനും കുറഞ്ഞവനും തുല്യമാണിവിടെ.
ബുദ്ധിയും വിവേകവും മികച്ചവരെ മാത്രം തെരഞ്ഞെടുക്കുന്ന രീതി പള്ളിദർസുകൾക്കില്ല. ഒരു പ്രവാചകനും തന്റെ സമീപം ഇൽമ് തേടിയെത്തിയവരെ തിരിച്ചയച്ചിട്ടില്ല. തന്റെ മുമ്പിൽ അറിവന്വേഷിച്ച് വരുന്നവർക്ക് അവരുടെ പക്വതക്കനുസരിച്ചായിരുന്നു അവർ അധ്യാപനം നടത്തിയിരുന്നത്. അവർക്ക് മുമ്പിൽ എല്ലാവരും സമൻമാരായിരുന്നു.

ഇങ്ങനെ, പറഞ്ഞാൽ തീരാത്തതാണ് പളളിദർസിന്റെ സവിശേഷതയും മഹത്വവും. മതവിദ്യാഭ്യാസത്തിന്റെ പ്രസക്തിയും പള്ളിദർസിന്റെ മഹത്വവും മനസ്സിലാക്കിയിട്ടാകണം നമ്മുടെ മക്കൾ വളരേണ്ടതും അവരെ വളർത്തേണ്ടതും...