ഹൈദറലി തങ്ങളും കൊടപ്പനക്കൽ തറവാടും
സൂര്യന്‍ പോലും ഉറങ്ങാന്‍ കിടക്കുമ്പോള്‍ എല്ലാര്‍ക്കും വേണ്ടി,
വരായി ഒന്നും പ്രതീക്ഷിക്കാതെ,
ഇരുട്ടില്‍ മാസം മുഴുക്കയും കൊല്ലം നിറക്കെയും സദാ തെളിഞ്ഞു പുഞ്ചിരി തൂകി നിൽക്കുന്ന ഒരു ചന്ദ്രിക.
നിയമവ്യവസ്ഥയുടെയും ആധുനീക വൈദ്യശാസ്ത്രത്തിന്റെയും സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഒരു ചെറു പ്രഭ പകരുന്ന അമ്പിളി ബിംബം. അതാണ് കൊടപ്പനക്കൽ തറവാട്.
തോണിക്കടവുകള്‍ക്കും പ്രസിദ്ധമാണ് കടലുണ്ടിപ്പുഴയുടെ തീരങ്ങള്‍. ഏത് യാത്രികര്‍ക്കും തണുപ്പും തണലുമാകുന്ന തണ്ണീര്‍പ്പന്തലുകള്‍ ആ പച്ചപ്പിനിടയിലുണ്ട്. ഓരോ കടവും ഓരോ ആശ്വാസമാണ്. പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട് കടലുണ്ടിപ്പുഴയുടെ തീരത്തുതന്നെയായത് യാദൃച്ഛികമല്ല. പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഒരുജന്മം നീണ്ട തന്റെ മനുഷ്യസ്നേഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് അവിടെ വെച്ചാണ്. ഒരേ സമയം അദ്ദേഹം സാന്ത്വനവാഹിയായ പുഴയായി, ആശ്വാസദായകമായ പച്ചപ്പായി. കദനങ്ങളില്‍ നിന്ന് കൈപ്പിടിച്ചിരിക്കുന്ന കടവുമായി. കക്ഷിരാഷ്ട്രീയവും മതവും സമൂഹസേവനവും ഒരു വ്യക്തിയില്‍ സംഗമിച്ച അപൂര്‍വ പ്രതിഭാസമായിരുന്നു അവിടുത്തെ മൂത്ത മകൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. പരമ്പരയായി പകര്‍ന്നുകിട്ടിയതാണ് ഈ മൂന്ന് കര്‍മ്മമേഖലകളെങ്കിലും പാണക്കാട് സയ്യിദന്മാരാണ് ആധുനികകാലത്തില്‍ അതിനെ പൊരുത്തക്കേടുകളില്ലാതെ സമന്വയിപ്പിച്ചത്. ചൊവ്വാഴ്ചയോ ശനിയാഴ്ചയോ കൊടപ്പനക്കല്‍ തറവാട്ടില്‍ ഒന്ന് സന്ദര്‍ശിച്ചാല്‍ ഇത് നേരിട്ട് ബോധ്യമാവും.
പൂക്കോയ തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങളും തുറന്നിട്ട വഴിയില്‍ കാലത്തിനൊപ്പം ഈ വീടും ചലിച്ചു. രാഷ്ട്രീയവും മതപരവുമായ ചര്‍ച്ചകള്‍ക്ക് വേദിയായി. കുടുംബ പ്രശ്നങ്ങളും സ്വത്തുതര്‍ക്കവും പരിഹരിക്കുന്ന കോടതിയായി. ഉറച്ച തിരുമാനങ്ങള്‍ക്ക് സാക്ഷിയായി. ചിലര്‍ക്ക് ആശ്വാസവും മറ്റു ചിലര്‍ക്ക് വിശ്വാസവുമായി.
പിതാവിന്റെ ജേഷ്ടന്റേയും ആശീർവാദങ്ങളിൽ പതറാത്ത പാദവും ചിതറാത്ത ചിത്തവുമായ് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങെളെന്ന റാന്തലിൻ കാന്തി കേരളക്കരയിൽ ഇന്നും പ്രഭപരത്തുകയാണ്.
ഒരിക്കലും മായാത്ത പുഞ്ചിരിയും പ്രസന്നതയും. സൌമ്യഭാവം. പതിഞ്ഞ ശബ്ദം. ഹ്രസ്വമായ പ്രാര്‍ഥനയും പ്രസംഗവും. ആര്‍ക്കു മുന്നിലും അടച്ചിടാത്ത ഹൃദയവാതില്‍. ഏതു സാധാരണക്കാരനു വേണ്ടിയും സ്വന്തം സമയം വീതിച്ചുനല്‍കുന്ന നേതാവ് ഇതാണ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍. സമൂഹത്തിന് ആത്മീയ രംഗത്തും രാഷ്ട്രീയ രംഗത്തും ഒരേ സമയം നേതൃത്വം നല്‍കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം പേരിലൊരാളാണ് പാണക്കാട് ശിഹാബ് തങ്ങള്‍. തന്റെ പിതാവിനും ജേഷ്ടനും പിന്‍ഗാമിയായി കേരള മുസ്‌ലിംകള്‍ക്ക് ആത്മീയ രാഷ്ട്രീയ നേതൃസ്ഥാനത്ത് വര്‍ഷങ്ങൾ പിന്നിടുകയാണ് ഹൈദരലി ശിഹാബ് തങ്ങള്‍. ഉറവ വറ്റാത്ത സ്നേഹവും നിലയ്ക്കാത്ത ശാന്തിമന്ത്രവും തെറ്റാത്ത നീതിശാസ്‌ത്രവുമാണ് ശിഹാബ് തങ്ങളുടെ മുഖമുദ്രകള്‍. അതുകൊണ്ടാണ് അഷ്ടദിക്കില്‍നിന്നും ആളുകള്‍ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തുന്നത്. അനേകകാലം പരസ്പരം പോരാടി വസ്‌തുതര്‍ക്കങ്ങളും കേസുകളുമെല്ലാം ശിഹാബ് തങ്ങളുടെ മധ്യസ്ഥതയില്‍, അദ്ദേഹത്തിന്റെ വിധിയില്‍ തീര്‍പ്പാകുന്നത് പതിവാണ്. രോഗശാന്തിയും മനഃശാന്തിയും തേടി നിരവധി പേര്‍ തങ്ങള്‍ക്കരികിലെത്തുന്നു. തങ്ങളുടെ സാമീപ്യവും പ്രാര്‍ഥനയും അനുഗ്രഹവുമാണ് അവര്‍ക്കുള്ള മരുന്നുകള്‍. കേരളത്തിലെ നിരവധി മഹല്ലുകളുടെ ഖാസിയാണ് ശിഹാബ് തങ്ങള്‍. പുറമെ, കേരളത്തിലെ ആദ്യ ഉന്നത ഇസ്‌ലാമിക കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളജ് മുതല്‍ അനേകം മത സ്ഥാപനങ്ങളുടെ പ്രസിഡന്റും അമരക്കാരനും തങ്ങളാണ്. മെട്രോ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെയുള്ള വലുതും ചെറുതുമായ സ്ഥാപനങ്ങള്‍ ഇതില്‍പ്പെടും. പള്ളി, മദ്‌റസാ കമ്മിറ്റികളും യത്തീംഖാനകളും കോളജുകളുമെല്ലാം. അനുഗ്രഹത്തിനും നന്‍മയ്ക്കും വേണ്ടി തങ്ങളെ നേതൃസ്ഥാനത്ത് നിര്‍ബന്ധിച്ചിരുത്തുന്നതാണ് പലതും. ആ പൊരുത്തവും അനുഗ്രഹവും മാത്രമാണ് പലരുടെയു ലക്ഷ്യം.
ആ നിറ പുഞ്ചിരി അല്ലാഹു നിലനിർത്തിത്തരട്ടെ, ആമീൻ
ഇഫ്ശാഉസ്സുന്നയുടെ പ്രധാന പേജിലേക്ക്
ഇതിൽ തൊടുക👇
Post a Comment